വരുന്നൂ കൂടുതൽ ബീജാധാനകേന്ദ്രങ്ങൾ; അറിയാം ആടുകളിലെ കൃത്രിമ ബീജാധാനം

HIGHLIGHTS
  • മദി തിരിച്ചറിയേണ്ടത് പ്രധാനം
  • കൃത്രിമബീജാധാനം എപ്പോൾ?
artificial-insemination-in-goats-3
picture courtesy: Livestock Development Board Kerala
SHARE

പ്രജനനത്തിന് (ബ്രീഡിങ് ) വേണ്ടി പ്രയോജനപ്പെടുത്താവുന്ന മേന്മയുള്ള  മുട്ടനാടുകളുടെ ലഭ്യതക്കുറവ് പല ആടു സംരംഭകരും നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനമാണ്. പരിമിതമായ സാഹചര്യങ്ങളിൽ ചുരുങ്ങിയ എണ്ണം ആടുകളെ മാത്രം വളർത്തുന്ന കർഷകർക്ക് പ്രജനനാവശ്യത്തിന് വേണ്ടി മാത്രമായി മുട്ടനാടുകളെ വളർത്തുക എന്നത് പലപ്പോഴും പ്രയോഗികവുമല്ല. പെണ്ണാടുകളെ ബ്രീഡ് ചെയ്യാൻ കർഷകർക്ക് പലപ്പോഴും  ഫാമുകളിലും മറ്റും പരിപാലിക്കുന്ന മുട്ടനാടുകളെ ആശ്രയിക്കേണ്ടി വരും. ഇതിന് ചെലവേറും. മേന്മയുള്ള പെണ്ണാടുകളെ മേന്മകുറഞ്ഞ മുട്ടനാടുകളുമായി ഇണചേർക്കുന്നത് ജനിതകശോഷണത്തിനും വഴിയൊരുക്കുന്നു. കുഞ്ഞുങ്ങളുടെ കൂടിയ മരണനിരക്കും രോഗങ്ങളും മൂലം  ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍  ക്രമേണ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കല്‍ അഥവാ അന്തര്‍പ്രജനനം.  ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും (രണ്ട് കിലോഗ്രാമിലും കുറവ്) വളർച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ പ്രധാന സൂചനകളാണ്. അന്തര്‍പ്രജനനം വഴിയുണ്ടാവുന്ന കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം കുറവായിരിക്കും. ജനിതക ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയുണ്ട്.  ആടുസംരംഭങ്ങളുടെ അന്തകനാവുന്ന അന്തർപ്രജനനത്തിന്റെ അടിസ്ഥാനകാരണവും മേൽത്തരം മുട്ടനാടുകളുടെ ലഭ്യതക്കുറവ് തന്നെ.

ആടുസംരംഭകരെ അലട്ടുന്ന ഇത്തരം വെല്ലുവിളികൾക്കെല്ലാം ഒരു പ്രായോഗിക പരിഹാരമാണ് ആടുകളിലെ കൃത്രിമ ബീജാധാന സൗകര്യം.  കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് (കെഎൽഡിബി)  സംസ്ഥാനത്തെ മൃഗാശുപത്രികൾ  വഴിയാണ് ഈ സേവനം കർഷകരിലേക്ക് എത്തിക്കുന്നത്. മേന്മയുള്ള മലബാറി ആടുകളുടെ ബീജമാണ് കൃത്രിമബീജാധാനത്തിനായി ലഭ്യമാക്കുന്നത്. സംസ്‌ഥാനത്ത് ഇതുവരെ 785 കേന്ദ്രങ്ങളിൽ മാത്രമായിരുന്നു  ആടുകളിലെ കൃത്രിമ ബീജാധാന സൗകര്യം ലഭ്യമായിരുന്നത്. 500 കേന്ദ്രങ്ങളിൽ കൂടി കൃത്രിമ ബീജാധാനസൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത് ഇക്കഴിഞ്ഞ ആഴ്ചയാണ്. ഒരു കോടി രൂപയാണ് സർക്കാർ ഇതിനായി വകയിരുത്തിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ പൂർത്തിയായി കഴിഞ്ഞു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണ ചേരുന്നത്  വഴിയുണ്ടാവുന്ന അന്തര്‍പ്രജനനം മാത്രമല്ല സാംക്രമിക, ജനിതകരോഗങ്ങളുടെ പകര്‍ച്ചയും  തടയാനും മികച്ച കുഞ്ഞുങ്ങളെ ലഭിക്കാനും കൃത്രിമബീജാധാനം സഹായിക്കും. മലബാറി ആടുകളുടെ മികച്ച ഒരു തലമുറയെ വളർത്തിയെടുക്കാനും കൃത്രിമബീജാധാനം തുണയാവും. മുട്ടനാടുകളെ പ്രജനനത്തിന് ലഭിക്കാത്ത സാഹചര്യത്തിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മാത്രമല്ല, മുട്ടനാടിനെ വളര്‍ത്തുന്ന ചെലവും അധ്വാനവും ഒഴിവാക്കുകയും ചെയ്യാം.

ആടുകളിലെ കൃത്രിമ ബീജാധാനം അറിയേണ്ട കാര്യങ്ങൾ

ഓരോ ആട് ഇനങ്ങളുടെയും ജനിതക പ്രത്യേകതകള്‍ അനുസരിച്ച് അവയുടെ മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതടക്കമുള്ള പ്രജനനസ്വഭാവങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ചെറിയ ജനുസുകളിൽപ്പെട്ട ആടുകൾ ചെറിയ പ്രായത്തിൽ തന്നെ പ്രത്യുൽപാദനശേഷി കൈവരിക്കുമ്പോൾ വലിയ ജനുസുകളില്‍ കാലതാമസം കൂടും. മലബാറി ഇനത്തിൽ പെട്ട ആടുകൾ 7-8 മാസം പ്രായമെത്തുമ്പോള്‍  തന്നെ മദിലക്ഷണങ്ങള്‍ (Heat signs)  കാണിച്ചു തുടങ്ങും. ആദ്യത്തെ രണ്ട് മദികളിൽ (ഈസ്‌ട്രസ്‌) ഇണചേർക്കുന്നതും കൃത്രിമ ബീജാധാനം നടത്തുന്നതും ഒഴിവാക്കുന്നതാണ് ഉചിതം . ആദ്യ രണ്ടു മദികളിൽ ഗർഭധാരണം നടക്കാൻ ആവശ്യമായ അണ്ഡോൽസർജനം നടക്കാൻ സാധ്യത കുറവായതാണ് പ്രധാന കാരണം.  മലബാറി ആടുകളിൽ  9 -10 മാസം പ്രായം ഇണചേർക്കാനും കൃത്രിമ ബീജാധാനം നടത്താനും ഉത്തമമായ സമയമാണ്. ഈ ഘട്ടത്തിൽ ആടുകൾ പൂർണ വളർച്ചയിൽ കൈവരിക്കുന്ന ശരീരതൂക്കത്തിന്റെ 60 ശതമാനം (മലബാറി ആടുകളിൽ 18 - 20 കിലോഗ്രാം ശരീരതൂക്കം, പൂർണവളർച്ചയിൽ മലബാറി പെണ്ണാടുകൾ 30 -35  കിലോഗ്രാം വരെ തൂക്കമെത്തും) എങ്കിലും എത്തിയിട്ടുണ്ട്‌ എന്നത് ഉറപ്പാക്കണം. മതിയായ ശരീരവളര്‍ച്ചയെത്തിയിട്ടില്ലാത്ത പെണ്ണാടുകളെ ഇണചേര്‍ത്താല്‍ പ്രസവതടസമടക്കമുള്ള സങ്കീര്‍ണതകള്‍ക്കും കുഞ്ഞിനെയും അമ്മയാടിനെയും നഷ്ടപ്പെടാനും സാധ്യതയേറെയാണ്.

മദി തിരിച്ചറിയേണ്ടത് പ്രധാനം

പൊതുവെ നല്ലരീതിയിൽ ലക്ഷണങ്ങൾ പ്രകടമാവുന്നതിനാൽ ആടുകളിൽ മദി (Heat) തിരിച്ചറിയാൻ എളുപ്പമാണ്. നല്ല പോഷകാഹാരം നൽകി വളർത്തി പ്രായപൂർത്തിയെത്തിയ പെണ്ണാടുകൾ സാധാരണഗതിയിൽ എല്ലാ 18-24  ദിവസം ഇടവേളയിൽ  മദിലക്ഷണങ്ങള്‍ കാണിക്കും. ശരാശരി ഇത് 21 ദിവസമാണ്. രോഗങ്ങൾ, കാലാവസ്ഥ,  തീറ്റയുടെ ഗുണമേന്മ, മുട്ടനാടിന്റെ സാമീപ്യം എന്നിവയെല്ലാം പെണ്ണാടുകളുടെ മദിചക്രത്തിന്റെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മുട്ടനാടുകളുടെ അരികിൽ ചെന്ന് നിൽക്കൽ, മറ്റ് പെണ്ണാടുകളുടെ പുറത്ത് ചാടിക്കയറാൻ ശ്രമിക്കൽ, മറ്റ് ആടുകൾക്ക് പുറത്ത് കയറാൻ പാകത്തിന് അനങ്ങാതെ നിന്നുകൊടുക്കൽ എന്നിവയാണ് ഏറ്റവും  പ്രധാനമായ  മദി (ഈസ്ട്രസ്)  ലക്ഷണങ്ങള്‍. സ്റ്റാൻഡിങ്  ഹീറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ലക്ഷണം ശ്രദ്ധയിൽ പെട്ടാൽ  മദി  ( ഈസ്ട്രസ് കാലം)  ആരംഭിച്ചെന്ന് മനസിലാക്കാം. വാല്‍ തുടരെത്തുടരെ  ഇരു വശങ്ങളിലേക്കും ചലിപ്പിക്കല്‍, തുടർച്ചയായി കരയുക, അസ്വസ്ഥത, വെപ്രാളം, യോനിയില്‍നിന്ന് തെളിഞ്ഞ  ശ്ലേഷ്മം ഒഴുകൽ, യോനീദ്വാരവും ഈറ്റവും ചുവന്ന് തുടുക്കൽ, തുടരെ തുടരെ കുറഞ്ഞ അളവിൽ മൂത്രമൊഴിക്കൽ, തീറ്റ കഴിക്കുന്നത് കുറയുക, കറവയാടുകളിൽ പാലുൽപാദനം കുറയുക തുടങ്ങിയവയാണ് അനുബന്ധ മദി (Secondary heat  signs) ലക്ഷണങ്ങള്‍. പെണ്ണാടുകൾ എല്ലാ ലക്ഷണങ്ങളും ഒരേസമയം പ്രകടിപ്പിക്കണം എന്നില്ല. പരിപാലനരീതികളും കാലാവസ്ഥയുമൊക്കെ അനുസരിച്ച് മദിലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഏറ്റക്കുറച്ചിലുകളുണ്ടാവാം. സാധാരണഗതിയിൽ  മദിയുടെ ദൈർഘ്യം 18  മുതൽ പരാമാവധി 36 മണിക്കൂർ വരെ നീണ്ടുനിൽക്കും. പ്രജനനസ്വഭാവമനുസരിച്ച് മദിക്കാലം 48 മണിക്കൂർ വരെ നീളാനും ഇടയുണ്ട് .

artificial-insemination-in-goats-1
പ്രത്യേകം തയാറാക്കിയ പ്ലാറ്റ്‌ഫോമിൽ ആടിനെ കയറ്റി പിൻഭാഗം ഉയർത്തി നിർത്തുന്നു

കൃത്രിമബീജാധാനം എപ്പോൾ?

മുൻപ് സൂചിപ്പിച്ച  ഏറ്റവും സുപ്രധാന മദി ലക്ഷണമായ സ്റ്റാൻഡിങ്  ഹീറ്റ്  തുടങ്ങി  18  മണിക്കൂറിനും 24  മണിക്കൂറിനും ഇടയിൽ  അഥവാ മദിയുടെ രണ്ടാം പകുതിയിൽ  കൃത്രിമ ബീജാധാനം നടത്താം. ഈ സമയത്ത് മേൽപ്പറഞ്ഞ അനുബന്ധ മദി ലക്ഷണങ്ങൾ കൂടുതൽ പ്രകടമായിരിക്കും. ഇണചേർക്കൽ രീതിയാണ് സ്വീകരിക്കുന്നതെങ്കിലും അതിന് പറ്റിയ സമയവും ഇതുതന്നെ. എങ്കിൽ മാത്രമേ അണ്ഡോൽസർജനം നടക്കുന്ന സമയത്ത് ഗർഭനാളത്തിൽ ഗർഭധാരണത്തിന് തയാറായ ബീജമാത്രകളുടെ സാന്നിധ്യം ഉറപ്പാക്കാൻ കഴിയുകയുള്ളു. അണ്ഡം പുറത്തുവരുന്നതും കാത്ത്  ഗര്‍ഭാശയത്തിലും ഗർഭനാളിയിലുമായി  24 മണിക്കൂറിലധികം  പ്രസരിപ്പോടെ നിലനിൽക്കാൻ ബീജമാത്രകൾക്ക് ശേഷിയുണ്ട്. എന്നാൽ എപ്പോഴാണ് മദി ആരംഭിച്ചത് എന്ന കാര്യത്തിൽ സംശയമോ മുൻപ് പറഞ്ഞ അനുബന്ധ മദി ലക്ഷണങ്ങൾ ഏതെങ്കിലും ചിലത് മാത്രമോ ആണ് ശ്രദ്ധയിൽ പെടുന്നതെങ്കിൽ അധികസമയം കാത്തിരിക്കാതെ  തന്നെ കൃത്രിമ ബീജാധാനം നടത്തുന്നതാണ് ഉചിതം. ആടുകളിൽ  36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന മദി സമയം  അവസാനിക്കുന്നതിനോട്  അനുബന്ധിച്ചാണ് അണ്ഡാശയത്തിൽ നിന്നും അണ്ഡം പുറത്തുവരുന്ന പ്രക്രിയയായ അണ്ഡോൽസർജനം നടക്കുക.  ജനുസ്സ് , മുട്ടനാടിന്റെ സാമീപ്യം, കാലാവസ്ഥ എന്നിവയെല്ലാം അണ്ഡോൽസർജനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇങ്ങനെ പുറത്തുവരുന്ന അണ്ഡങ്ങൾക്ക് കേവലം 6 - 8  മണിക്കൂറുകൾ മാത്രമേ സജീവമായി നിലനിൽക്കാൻ ശേഷിയുണ്ടാവു. ഈ സമയത്തിനുള്ളിൽ ബീജമാത്രയുമായി ചേർന്ന് ഗർഭധാരണം നടന്നിരിക്കണം .

കൃത്രിമബീജാധാനം എങ്ങനെ?

കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ മേല്‍ത്തരം മലബാറി മുട്ടനാടുകളിൽ നിന്നാണ് ബീജം ശേഖരിക്കുന്നത്. കൃത്രിമ യോനി ഉപയോഗിച്ച് മുട്ടനാടുകളിൽനിന്ന് ശേഖരിക്കുന്ന ബീജം പരിശോധനകൾക്കും വിവിധ ലായകങ്ങൾ ചേർത്തുള്ള നേർപ്പിക്കലിനും ശേഷം സെമൻ സ്ട്രോകളിൽ നിറച്ച് മൈനസ് 196 താപനിലയിൽ ദ്രവ നൈട്രജൻ കാനുകളിൽ (ഫ്രോസൻ) സൂക്ഷിച്ചാണ് ബീജാധാനകേന്ദ്രങ്ങളിൽ എത്തിക്കുന്നത്. 0. 5 മില്ലി ലീറ്റർ അളവുൾക്കൊള്ളുന്ന ഒരു കുഞ്ഞു സെമൻ സ്ട്രോയിൽ ഏകദേശം 15 - 20 മില്യനോളം തുടിതുടിക്കുന്ന ബീജമാത്രകൾ ഉണ്ടാവും. 

artificial-insemination-in-goats-2
കുത്തിവയ്ക്കുന്നു

പെണ്ണാടുകളുടെ പിൻകാലുകൾ ഉയർത്തിപ്പിടിച്ച് സ്പെക്കുലം എന്ന ഉപകരണം  യോനീനാളത്തിലൂടെ കടത്തി ഗർഭാശയ ഗളത്തിന്റെ (സെർവിക്‌സ്)  വികാസം നിർണയിച്ചതിന് ശേഷമാണ്  കൃത്രിമബീജാധാനം നടത്തുക. മദിയുടെ കൃത്യമായ സമയത്ത് ബീജമാത്രകളെ സ്വീകരിക്കാൻ കഴിയും വിധം ഗർഭാശയഗളം തുറന്നിരിക്കും. മദിയിലാണെന്നുറപ്പിക്കുന്ന പെണ്ണാടുകളുടെ ഗർഭാശയമുഖത്ത് കൃത്രിമബീജാധാന ഗൺ  ഉപയോഗിച്ച് ശീതീകരിച്ച ബീജമാത്രകളെ  നിക്ഷേപിക്കുന്നതോടെ ബീജാധാനം പൂർത്തിയാവും. കൃത്രിമ ബീജാധാനം നടത്തിയതിനുശേഷം ആടിന്റെ പിൻകാലുകൾ അഞ്ചു മിനിറ്റ്  സമയം കൂടി  ഉയർത്തിപ്പിടിക്കണം. മദിലക്ഷണങ്ങൾ  കൂടുതൽ സമയം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ആദ്യ കൃത്രിമ ബീജാധാനത്തിന് 24  മണിക്കൂറുകൾക്ക് ശേഷം ഒരു തവണ കൂടി കൃത്രിമ ബീജാധാനം നടത്താം. കൃത്രിമബീജാധാനത്തിനു ശേഷം ആടുകൾ പിന്നീട് മദിചക്രത്തിലെത്തിയില്ലെങ്കിൽ ഗർഭധാരണം നടന്നിട്ടുണ്ട് എന്ന് കരുതാമെങ്കിലും പൂർണ്ണമായും ഉറപ്പുപറയാനാവില്ല. രണ്ട് രണ്ടര മാസത്തിനുള്ളിൽ ഗർഭം പൂർണമായും ഉറപ്പിക്കണമെങ്കിൽ സ്‌കാനിങ് ഉൾപ്പടെയുള്ള പരിശോധനകൾ വേണ്ടി വരും . 

ഗർഭധാരണം നടന്ന  ചില  ആടുകൾ ഗർഭകാലയളവിൽ മദി കാണിക്കാറുണ്ട്. ഗർഭകാലമദി എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഗർഭത്തിന്റെ രണ്ട് മൂന്ന് മാസങ്ങളിലാണ് ഗർഭകാലമദി കാണിക്കാൻ ഏറ്റവും സാധ്യത. മുൻപ് ഇണചേർത്തതോ കൃത്രിമബീജാധാനം നടത്തിയതോ ആയ ഗർഭിണിയാവാൻ ഇടയുള്ള  ആടുകളെ വീണ്ടും കൃത്രിമബീജാധാനം നടത്തുമ്പോൾ അവ ഗർഭിണിയല്ലെന്ന കാര്യം ഡോക്ടറുടെ സഹായത്തോടെ തീർച്ചയായും ഉറപ്പിക്കണം. ഗർഭിണി ആടുകളെ കൃത്രിമബീജാധാനത്തിന് വിധേയമാക്കിയാൽ ഗർഭം അലസുമെന്ന കാര്യം തീർച്ചയാണ്. ഗർഭകാല മദി കാണിക്കുന്ന ആടുകളുമായി  മുട്ടനാടുകൾ സാധാരണ ഇണചേരാറില്ല .

artificial-insemination-in-goats
കൃത്രിമ ബീജാധാനത്തിനുള്ള ഉപകരണങ്ങൾ

ആടുകളിലെ കൃത്രിമ ബീജാധാനത്തിന്റെ ഫലപ്രാപ്തിയെ പറ്റി പല കർഷകർക്കും സംശയങ്ങളുണ്ട്. കൃത്യമായ സമയത്ത്, ശാസ്ത്രീയമായ രീതിയില്‍ ബീജാധാനം നടത്തിയാല്‍ പശുക്കളിലെന്നതുപോലെ പൂര്‍ണമായും വിജയസാധ്യതയുള്ളതാണ് ആടുകളിലെ കൃത്രിമബീജാധാനവും. കൃത്രിമബീജാധാനത്തിന് മുന്നോടിയായി ആടുകളെ ഒരുമിച്ച് മദിയിലെത്തിക്കുന്നതിനായി മദിക്രമീകരണം നടത്താനുള്ള സംവിധാനങ്ങളും ഇന്നുണ്ട്. കൃത്രിമഹോര്‍മോണുകള്‍ ആണിതിന് ഉപയോഗിക്കുന്നത്. വലിയ ഫാമുകളില്‍ ഇത് പ്രയോജനപ്പെടുത്താം.

എങ്കിലും മറക്കരുത് ആടുകളിലെ ഈ പ്രത്യുൽപാദനരഹസ്യം  

പശുക്കളെയും എരുമകളെയും അപേക്ഷിച്ച് പെണ്ണാടുകളുടെ പ്രത്യുല്‍പ്പാദനപ്രവര്‍ത്തനങ്ങളില്‍ ആണ്‍ സ്വാധീനം ഏറെയുള്ള വളര്‍ത്തുമൃഗമാണ് ആട്. മുട്ടനാടുകളുടെ ശരീരത്തിലെ കോർന്വൽ (Cornual sebaceous gland) ഗ്രന്ധികളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഫിറമോണുകളുടെ (Pheromones)  ഗന്ധം പെണ്ണാടുകളുടെ പ്രത്യുൽപാദനപ്രക്രിയയെ ഉത്തേജിപ്പിക്കും. ബക്ക് എഫക്ട് (Buck effect) എന്നാണ് ഈ പെണ്ണാടുകളുടെ പ്രത്യുൽപാദനപ്രവർത്തനങ്ങളിലുള്ള ഈ ആൺ സ്വാധീനം അറിയപ്പെടുന്നത്. പെണ്ണാടുകള്‍ നേരത്തെ മദിയിലെത്താനും, തീവ്രമായി മദിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും പ്രസവാനന്തര മദി വേഗത്തിലാവാനും കൂടുതല്‍ അണ്ഡങ്ങള്‍ ഉത്സര്‍ജിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവാനുമൊക്കെ  മുട്ടനാടിന്‍റെ സാന്നിധ്യം അഥവാ  ബക്ക് എഫക്ട് ഏറെ പ്രധാനമാണ്. മുട്ടനാടുകൾ ഇല്ലാത്ത ഫാമുകളിൽ കാണുന്ന  പെണ്ണാടുകളിലെ കൃത്യമായ  മദി ചക്രത്തിന്റെ അഭാവവും  ഉയർന്ന വന്ധ്യതയും മറ്റ്  പ്രത്യുൽപ്പാദനപ്രശ്നങ്ങളും  ആടുകളിൽ ആൺ സ്വാധീനം എത്രമാത്രം പ്രധാനമെന്ന് വസ്തുത  അടിവരയിടുന്നു.   അതുകൊണ്ട് തന്നെ കൂടുതൽ എണ്ണം ആടുകളെ വളർത്തുന്ന ഫാമുകളാണെങ്കിൽ പൂർണമായും കൃത്രിമബീജാധാനത്തെ ആശ്രയിക്കാതെ  മികച്ച ഒന്നോ  രണ്ടോ  മുട്ടനാടുകളെ ഫാമിൽ പരിപാലിക്കുന്നത് എപ്പോഴും അഭികാമ്യമാണ്‌. അനിവാര്യഘട്ടങ്ങളിൽ കൃത്രിമ ബീജാധാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം

ആടുകളുടെ കൃത്രിമ ബീജാധാനം വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Artificial Insemination of Dairy Goats

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA