ഇനി ഇറച്ചിക്കാടകളുടെ കാലം; ബ്രോയിലർ കാടകളെ വികസിപ്പിച്ചത് തമിഴ്നാട്

HIGHLIGHTS
  • കാടകൾക്കു പ്രതിരോധ വാക്‌സിനുകൾ ഒന്നും തന്നെ ലഭ്യമല്ല
  • നാമക്കൽ വെറ്റിനറി കോളജ് വികസിപ്പിച്ചെടുത്ത നാമക്കൾ ക്വായിൽ-1
quail-1
SHARE

മാംസോൽപാദനത്തിനു വേണ്ടി പ്രത്യേകം വളർത്തുന്ന കാടകളാണ് ഇറച്ചികാടകൾ അഥവാ ബ്രോയിലർ കാടകൾ. ആദ്യ കാലങ്ങളിൽ മുട്ടയുൽപാദനം കഴിഞ്ഞ കാടകളെയായിരുന്നു മാംസത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അതല്ലെങ്കിൽ ആൺ കാടകളെയായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മാംസോൽപാദനത്തിനുവേണ്ടി മാത്രം കാടകളെ വളർത്തുന്നവർ ഏറെയുണ്ട്. കുറഞ്ഞ സ്ഥലവും 35 ദിവസം കൊണ്ട് ഒരു ബാച്ച്  പൂർത്തിയാകുന്നു എന്നതും ഇറച്ചിക്കാടകളുടെ പ്രത്യേകതയാണ്.

ഇറച്ചിക്കുവേണ്ടി പ്രത്യേക ജനുസുകൾ വികസിപ്പിച്ചെടുത്തത് തമിഴ്‌നാട്ടിലെ നാമക്കൽ  വെറ്റിനറി കോളജാണ്. മാംസോൽപാദന ശേഷി കൂടുതലുള്ള പേരെന്റ്സ് കാടകളെ പല ബ്രീഡർമാരും സംരക്ഷിച്ചു പോരുന്നു. നാമക്കൽ  വെറ്റിനറി കോളജ് വികസിപ്പിച്ചെടുത്ത നാമക്കൾ ക്വായിൽ-1 എന്ന ഇനത്തിനു മാംസോൽപാദനശേഷി കൂടുതലുണ്ട്. 35-40 ദിവസം കൊണ്ട് 180-200 ഗ്രാം തൂക്കം ലഭിക്കുന്ന കാടകളാണിവ.

quail-3
വിരിപ്പു രീതിയിൽ കാടകളെ വളർത്തുന്നു

180–200 ഗ്രാം തൂക്കം ലഭിക്കുന്നതിനുവേണ്ടി 450-500 ഗ്രാം തീറ്റ നൽകേണ്ടതുണ്ട്. 2.7 ആണ് സാധാരണ ലഭിക്കുന്ന FCR (തീറ്റ പരിവർത്തന ശേഷി). ആദ്യത്തെ 15 ദിവസം പ്രീസ്റ്റർട്ടർ തീറ്റ നൽകണം. ശേഷം ബാക്കിയുള്ള ദിവസങ്ങളിൽ സ്റ്റാർട്ടർ തീറ്റ നൽകാം. 

ആദ്യത്തെ 15 ദിവസം കൃത്രിമ ചൂട് നൽകണം. കോഴിക്കുഞ്ഞുങ്ങളെക്കാൾ കൂടുതൽ ചൂട് കാടക്കുഞ്ഞുങ്ങൾക് ആവശ്യമാണ്. ആദ്യ ദിവസങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ്സ് ചൂട് നൽകണം 3 ദിവസത്തിനു ശേഷം ഓരോ ദിവസവും അര ഡിഗ്രി വീതം കുറച്ചു കൊണ്ടുവരാം. പക്ഷേ, കാടക്കുഞ്ഞുങ്ങളുടെ  ഉത്സാഹം ശ്രധിച്ചു മാത്രമേ ചൂട് കുറയ്ക്കാവൂ. ആവശ്യമെങ്കിൽ കൂടുതൽ ദിവസം 37 ഡിഗ്രി ചൂട് നൽകേണ്ടി വരും.

കാടകൾക്കു പ്രതിരോധ വാക്‌സിനുകൾ ഒന്നും തന്നെ ലഭ്യമല്ല. അതുകൊണ്ടുതന്നെ വൃത്തിയുള്ള അന്തരീക്ഷവും നല്ല തീറ്റയും വെള്ളവും ഉറപ്പാക്കണം.

വലിയ ഷെഡുകൾ നിർമിച്ചു  തറയിൽ വളർത്തുന്നവർ  ഒരു ചതുരശ്ര അടിക്ക് 4-5 കടകളെ വരെ വളർത്താം. തറയിൽ ചകിരിച്ചോറോ അറക്കപ്പൊടിയോ വിരിക്കാം. വ്യവസായികമായി വളർത്തുന്നവർ കൂടുതൽ തിരഞ്ഞെടുക്കുന്ന രീതിയാണിത്.

കൂടുകളാണെങ്കിൽ 60x120x25 സെന്റി മീറ്റർ അളവിൽ 50 കാടകളെ വളർത്താം. വീടുകളിൽ വളർത്താൻ ഇതാണ് അഭികാമ്യം.

quail
ഇറച്ചിക്കാടകൾ

ചെലവുകൾ

ഒരു ദിവസം പ്രായമായ കാടകുഞ്ഞിന്: 9-10 രൂപ

തീറ്റ (പ്രീസ്റ്റാർട്ടറും സ്റ്റാർട്ടറും ചേർന്ന് 500 ഗ്രാം തീറ്റ)  - 16 രൂപ

വരവ്

180-200 ഗ്രാം തൂക്കമുള്ള ഒരു കാടയ്ക്ക് മൊത്തവിപണിയിൽ 30-35 രൂപ വരെ ലഭിക്കുന്നു.

ലാഭം - ഒരു കാടയ്ക്ക് 5 രൂപ.

പൂർണ വളർച്ച എത്തിയ കാടകളിൽ  30% തൂവലും, കുടലും മറ്റു വേസ്റ്റും ആയിരിക്കും. ബാക്കി 110-120 ഗ്രാം മാംസം ലഭിക്കുന്നു

വില അൽപം കൂടുതലാണെങ്കിലും ആയിരം കോഴിക്ക് അര കാട എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് മാർക്കറ്റിൽ ഡിമാൻഡ് എപ്പോഴും ഉണ്ട്.

English summary: Broiler Japanese quail rearing

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA