ADVERTISEMENT

ലോക്‌ഡൗണിനെത്തുടർന്ന് കേരളത്തിൽ കന്നുകാലി വളർത്തലിലേക്ക് തിരിഞ്ഞ ഒട്ടേറെ പേരുണ്ട്. പശുക്കളെ വാങ്ങാനുള്ളവരുടെ എണ്ണം കൂടിയപ്പോൾ അതനുസരിച്ചുള്ള ലഭ്യത ഇല്ലെന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടുതന്നെ ഉരുക്കൾക്ക് മാർക്കറ്റിൽ മോഹവിലയാണ്. മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഉരുക്കളുടെ വിൽപന കേരളത്തിൽ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ പ്രധാനമായും ഇവിടേക്കെത്തുന്നത് ഗർഭിണികളായ പശുക്കളായിരിക്കും. ഇങ്ങനെ എത്തുന്ന പശുക്കൾക്ക് കാര്യമായ പരിശോധന നടത്തപ്പെടുന്നില്ലാത്തതിനാൽ പശുക്കൾക്കൊപ്പം രോഗങ്ങളും വണ്ടി കയറി കേരളത്തിലേക്കെത്തുന്നു.

ഇത്തരത്തിൽ കേരളത്തിലെത്തുന്ന പശുക്കളിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് തൈലേറിയ. പശുക്കളുടെ ശരീരം ക്ഷയിക്കുന്നതിനും ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയും പ്രതിരോധശേഷിയുമെല്ലാം കുറയുന്നതിനും അകാലമരണത്തിനും കാരണമാകുന്നതാണ് ഈ തൈലേറിയ എന്ന രക്താണു രോഗം. ചുരുക്കത്തിൽ പശുക്കളെ വളർത്തി പാൽ വിറ്റ് ഉപജീവനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയ വെല്ലുവിളി സൃഷിക്കുന്നതാണ് ഈ രോഗം.

രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിവിധിയെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അയൽ സംസ്ഥാനങ്ങളിൽനിന്നെത്തിയ പശുക്കളെ വാങ്ങിയ കർഷകർക്കുണ്ടായ നഷ്ടം വളരെ വലുതാണ്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടുള്ള ഒരു സ്ത്രീക്ക് ഇത്തരത്തിൽ പശുവിനെ വാങ്ങിയ ഇനത്തിൽ നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ഗർഭിണികളായ 2 പശുക്കളെ വാങ്ങിച്ച് വളർത്തുകയായിരുന്നു. എന്നാൽ, പ്രസവത്തോടെ ഒരു പശുവിന്റെ കാലുകൾ തളർന്നു പോയി. രണ്ടാമത്തെ പശുവിനാവട്ടെ പാൽ നന്നേ കുറവ്. വരുമാനമാർഗമാകുമല്ലോ എന്നു കരുതിയാണ് പശുവിനെ വാങ്ങിയതെങ്കിലും വലിയ സാമ്പത്തിക നഷ്ടമാണ് പശുക്കൾ മൂലം ആ സ്ത്രീക്കുണ്ടായത്. 

സമാന അനുഭവം പാലായിലുള്ള ഒരു യുവ കർഷകനും ഉണ്ടായിട്ടുണ്ട്. 80,000 രൂപയോളം നൽകി വാങ്ങിയ പശുവിന്റെ പ്രസവത്തിലുണ്ടായ ബുദ്ധിമുട്ടായിരുന്നു ആദ്യത്തേത്. പിന്നീട് പാലിന്റെ അളവിൽ ദിനംപ്രതി കുറവുണ്ടായി. ഇതേത്തുടർന്നുള്ള പരിശോധനയിൽ തൈലേറിയ ഏറ്റവും രൂക്ഷമായ നിലയിലെത്തിയെന്ന് സ്ഥിരീകരിച്ചു. ചികിത്സ നൽകി പശു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.

പശുക്കളെ അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുമ്പോൾ അവിടുത്തെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച് രോഗമില്ല എന്നുള്ള സാക്ഷ്യപത്രം നൽകേണ്ടതാണ്. അതുപോലെ അതിർത്തി കടക്കുമ്പോൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, രോഗമുള്ള പശുക്കൾ അതിർത്തികടന്ന് എത്തുന്നത് ഈ മേഖലയിൽ പരിശോധനങ്ങൾ നടക്കുന്നില്ലെന്നതും പ്രവർത്തനം കാര്യക്ഷമം അല്ലെന്നുള്ളതുമാണ് സൂചിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായെങ്കിൽ മാത്രമേ കർഷകർക്ക് രോഗബാധയില്ലാത്ത, ആരോഗ്യമുള്ള പശുക്കളെ ലഭ്യമാകൂ. 

രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിവിധിയെക്കുറിച്ചും കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Theileria Disease in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com