ADVERTISEMENT

അളവിലും ആഴത്തിലും കുറയാതെ അരുമയോടുള്ള കരുതലുമായി ഉടമകള്‍ രംഗത്തിറങ്ങുമ്പോള്‍ ഒപ്പം കുതിക്കുകയാണ്  മൃഗചികിത്സാശാസ്ത്രവും. പൊതു ചികിത്സയെന്ന പരമ്പരാഗത രീതിയില്‍നിന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കുള്ള മാറ്റം മനുഷ്യരിലെന്നപോലെ ഉറ്റതോഴര്‍ക്കും ഇന്ന് ലഭ്യമാണ്.  കണ്ണ് (ഒഫ്താല്‍മോളജി), കാത് (ഇഎന്‍ടി), ദന്തം (ഡെന്റിസ്ട്രി), അസ്ഥിവ്യൂഹം (ഓര്‍ത്തോപീഡിക്‌സ്), ചര്‍മ്മം (ഡെര്‍മെറ്റോളജി) തുടങ്ങിയ പലഎന്നീ മേഖലകളിലും അരുമ ചികിത്സ ഏറെ മുന്നേറിയിട്ടുണ്ട്. പലതിലും മനുഷ്യ ചികിത്സയോട് അടുത്ത് നില്‍ക്കുന്ന സാധ്യതകളോടെയാണ് സംവിധാനങ്ങൾ. കണ്ണ്, ചെവി, പല്ല്, ചര്‍മ്മം, എല്ല് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നായ്ക്കളിലും പൂച്ചകളിലും കൂടുതലായി കാണപ്പെടുന്നതിനാൽ ഇവയുമായി ബന്ധപ്പെട്ട ചികിത്സയിൽ ഏറെ മുന്നേറ്റമുണ്ടായിട്ടുണ്ട്. 

കണ്‍മണി പോലെ കരുതല്‍ (ഒഫ്താല്‍മോളജി)

അമ്മയും കുഞ്ഞും തമ്മിലും, കാമുകനും കാമുകിയും തമ്മിലും കണ്ണില്‍ കണ്ണില്‍ നോക്കി കഥകള്‍ കൈമാറുന്ന തരത്തിലുള്ള ആശയവിനിമയവും, അതുവഴിയുള്ള  ശാരീരിക മാറ്റങ്ങളും നായയും ഉടമയും തമ്മില്‍ നടക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഉടമയും അരുമയും തമ്മിലുള്ള  സംസാരം പ്രധാനമായും കണ്ണിലൂടെയാണ്. ജനുസുകള്‍ തമ്മില്‍ പ്രധാനമായും കണ്ണിന്റെ ആകൃതിയിലും, സ്ഥാനത്തിലും വ്യത്യാസം ഉള്ളതിനാല്‍ പത്തോളം ആകൃതിയിലുളള വ്യത്യാസം ബ്രീഡുകള്‍ തമ്മിലുണ്ട്. ചൈനീസ് പഗ്, പോമറേനിയന്‍, സ്പിറ്റ്‌സ്, ലാസാ ആപ്‌സോ തുടങ്ങിയ ഇനങ്ങളില്‍ പല നേത്രരോഗങ്ങളും കൂടുതലായി കണ്ടു വരുന്നു. നിയോ പൊളിറ്റന്‍ മാസ്റ്റിഫ് ഇനത്തിലും പ്രത്യേക നേത്രരോഗങ്ങള്‍ വരാം. പ്രായം, അണുബാധ, മറ്റു രോഗങ്ങള്‍, അപകടങ്ങള്‍, പാരമ്പര്യം, കാലാവസ്ഥ മാറ്റം എന്നിവ  നേത്രരോഗത്തിന്  കാരണമാകാം. നായ്ക്കുട്ടികളില്‍ വളരുന്ന പ്രമേഹവും കണ്ണിന് പ്രശ്‌നമാവാം.  

dog-eye-care

കണ്‍പോളകളുടെ ആവരണത്തെ ബാധിക്കുന്ന കണ്‍ജുങ്ങ്ടിവൈറ്റിസ്, നേത്രപാളികളുടെ  വീക്കമായ കെരറ്റെറ്റിസ്, കണ്ണിന്റെ ലെന്‍സിനെ ബാധിക്കുന്ന തിമിരം, കണ്ണിനുള്ളിലെ മര്‍ദ്ദം കൂട്ടുന്ന ഗ്ലോക്കോമ, ചെറി ഐ, ഡ്രൈ ഐ തുടങ്ങിയ അസുഖങ്ങളാണ് നായ്ക്കളില്‍ കൂടുതലായി കാണപ്പെടുന്നത്.  കണ്ണുനീരൊലിക്കല്‍, വീക്കം, രക്തസ്രാവം, കണ്ണിലെ മുഴകള്‍, കാഴ്ചശക്തിയിലെ കുറവ്, പഴുത്തൊലിക്കല്‍, പീളകെട്ടല്‍, കണ്ണ് വീര്‍ത്തുവരിക, കണ്ണിലെ രക്തക്കുഴലുകള്‍ ചുവന്ന് തടിച്ച് കാണപ്പെടല്‍, വികസിച്ച കൃഷ്ണമണി തുടങ്ങിയ ബഹ്യലക്ഷണങ്ങള്‍ നേത്രരോഗത്തിന്റെ സൂചകങ്ങളാകാം. ചിലപ്പോള്‍ വേദനയും അസ്വസ്ഥതയും കാരണം നായ്ക്കള്‍ കണ്ണില്‍ മാന്തുകയും കണ്ണ് കട്ടിയുള്ള പ്രതലത്തില്‍ ഉരയ്ക്കുകയും ചെയ്യും.  ഇത് കണ്ണുകള്‍ക്ക് കൂടുതല്‍ അപകടകരമാകും. പെക്കിന്‍ഗീസ് പോലെയുള്ള ഉന്തിയ കണ്ണുളളവര്‍ക്ക് പ്രത്യേകിച്ചും. അവഗണിക്കപ്പെട്ടാല്‍ കാഴ്ചശക്തി നഷ്ടപ്പെടാനും, അസഹ്യവദനയാല്‍ പീഡിക്കപ്പെടുകയും ചെയ്യുന്ന  അവസ്ഥയുണ്ടാകാം. അതിനാല്‍ കണ്ണുകളില്‍ കാണുന്ന ഏതു ലക്ഷണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം.  

വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തിയിലും വയനാട്ടിലുമുള്ള രണ്ട് വെറ്ററിനറി കോളേജുകളിലെ മൃഗാശുപത്രികളില്‍ സുസജ്ജമായ ഒഫ്താല്‍മോളജി വിഭാഗമുണ്ട്. നേത്രരോഗങ്ങളുടെ രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും, ശസ്ത്രക്രിയകള്‍ക്കുമായി ആധുനിക രീതികളും സജ്ജീകരണങ്ങളും ഇന്ന് മൃഗചികിത്സയില്‍ ലഭ്യമാണെന്ന് ഈ വിഭാഗത്തില്‍ വൈദഗ്ദ്യം നേടിയ ഡോ. സൂര്യദാസ്, ഡോ. അനൂപ് എന്നിവര്‍ പറയുന്നു. രോഗനിര്‍ണയത്തിനായി എസ്‌ടിടി എന്ന ലിറ്റ്മസ് ടെസ്റ്റ് ഫ്‌ളര്‍, ഡൈ ടെസ്റ്റ്, ടോണോമെട്രി, ഒഫ്താല്‍മോസ്‌കോപ്പി, സ്ലിറ്റ് ലാംപ്, ബയോ മൈക്രോസ്‌കോപ്പി, അള്‍ട്രാസൗണ്ട് സ്‌കാനിങ്, ഫണ്ടസ് ക്യാമറ തുടങ്ങിയ രീതികളും ഉപകരണങ്ങളും ഉപയോഗിക്കുന്നു. കൃത്യമായ  രോഗനിര്‍ണയത്തിനു ശേഷം ആവശ്യമായ ചികിത്സ നല്‍കുന്നു. മരുന്നുകള്‍ വഴിയും ആവശ്യമെങ്കില്‍ ശസ്ത്രക്രിയ വഴിയും ഉചിതമായ ചികിത്സ നടത്തുന്നു. തിമിര ശസ്ത്രക്രിയ ടാര്‍സോറാഫി, കോര്‍ണിയല്‍  ഗ്രാഫ്റ്റിങ്, കണ്‍ജങ്ങ്‌ടൈവല്‍, ഗ്രാഫ്റ്റിംഗ്, ട്രബക്കുലക്ടമി, തേര്‍ഡ് ഐലിഡ് മെബ്രാനോപ്ലാസ്റ്റി തുടങ്ങിയ ആധുനിക ശസ്ത്രക്രിയ രീതികള്‍ ഇന്ന് അരുമകളിലും നടത്താന്‍ കഴിയും. മണ്ണുത്തി വെറ്ററിനറി കോളേജില്‍  പുതുതായി തുടങ്ങുന്ന ആശുപത്രി സമുച്ചയത്തില്‍ നേത്ര ശസ്ത്രക്രിയയ്ക്കായി മാത്രം പ്രത്യേകം ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുക്കുന്നു. കണ്ണിന്റെ വില മനസിലാക്കിത്തന്നെയാണ് വെറ്ററിനറി സയന്‍സിന്റെ കുതിപ്പെന്ന് സാരം. 

കാതോട് ചേര്‍ത്ത് (ഇ.എന്‍.ടി.)

യജമാനന്റെ വിളിയും അപകടസൂചനയും കാതോര്‍ക്കുന്ന സൂക്ഷ്മ സംവേദനശക്തിയുള്ള കര്‍ണങ്ങളാണ്  നായ്ക്കള്‍ക്കുള്ളത്. വിവിധ ജനുസുകള്‍ തമ്മില്‍ ചെവികളുടെ  ആകൃതിയില്‍ നാടകീയ വ്യത്യാസങ്ങളുണ്ട്. നീളവും, ആകൃതിയും, നില്‍പ്പും പരിഗണിച്ച് പത്തോളം തരത്തിലുള്ള ചെവികള്‍ വിവിധ ജനുസുകളില്‍ കാണപ്പെടുന്നു. നീണ്ടു തൂങ്ങുന്ന ചെവികളുള്ള  ലാബ്രഡോര്‍, സ്പാനിയല്‍, ബ്ലഡ് ഹൂണ്ട്, ഡാഷ്ഹണ്ട്, ബാസറ്റ് ഹൂണ്ട് എന്നീ ഇനങ്ങളില്‍  ചെവിയുടെ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. ധാരാളം രോമങ്ങളുള്ള  ഇനങ്ങള്‍ക്കും കാതുകളില്‍ പ്രശ്‌നങ്ങളധികമാകാം.  ബധിരത പാരമ്പര്യമായി വെള്ളനിറമുള്ള ഡാല്‍മേഷ്യന്‍ ഇനങ്ങളിലും, വയസാകുമ്പോള്‍ റിട്രീവര്‍ ജനുസുകളിലും വരാം. ചെവിയുടെ  പ്രശ്‌നങ്ങള്‍ നായ ഉടമകളെ സംബന്ധിച്ച് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ശ്രവണനാളിയുടെ  ഉള്‍ഭാഗമോ, നടുഭാഗമോ, പുറംഭാഗമോ വീര്‍ക്കുന്ന ഓട്ടൈറ്റിസ്, ചെവിയുടെപുറംഭാഗമോ, അകംഭാഗമോ വീര്‍ത്തു തൂങ്ങിക്കിടക്കുന്ന ഹെമറ്റോമ എന്നിവയാണ് പ്രധാന രോഗങ്ങള്‍. ശ്രവണശേഷി നഷ്ടപ്പെടല്‍, ശരീരത്തിന്റെ  ബാലന്‍സ് നഷ്ടപ്പെടല്‍, തലകുലുക്കല്‍, ചെവിയില്‍ ചൊറിയുക,  സ്രവങ്ങള്‍പുറപ്പെടുക, വീര്‍മ്മത, രോമംകൊഴിയല്‍ തുടങ്ങിയവ ലക്ഷണങ്ങളാകാം.  ഓട്ടൈറ്റിസ്, ഹെമറ്റോമ എന്നീ രണ്ടു അവസ്ഥകള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. കര്‍ണം ശുചിയായി സൂക്ഷിക്കാന്‍ ചെവിയിലൊഴിക്കുന്ന  മരുന്നുകള്‍ മേല്‍പ്പറഞ്ഞ രോഗങ്ങളെ ഒരു പരിധിവരെ തടയുന്നു.  ഓട്ടോസ്‌കോപ്പ്, വീഡിയോ ഓട്ടോസ്‌കോപ്പ്, ഡിജിറ്റല്‍ എക്‌സ്-റേ എന്നീ സൗകര്യങ്ങള്‍ ചെവിയുടെ പരിശോധനയും രോഗനിര്‍ണ്ണയവും എളുപ്പമാക്കുന്നു.  

ദന്തകാന്തി നല്‍കാന്‍ ഡെന്റിസ്ട്രി

പല്ലില്ലാതെ പിറന്നു വീഴുന്ന നായ്ക്കുകുട്ടികള്‍ക്ക് രണ്ടു മാസംകൊണ്ട് 28 താല്‍ക്കാലിക പല്ലുകളും, ആറുമാസത്തിനുള്ളില്‍ അവ പൊഴിഞ്ഞ് 42 സഥിരം പല്ലുകളും മുളയ്ക്കുന്നു. കാട്ടില്‍ വേട്ടയാടി നടന്ന നായ്ക്കള്‍ക്ക് ദന്തപരിചരണം സ്വാഭാവികമയി ലഭിച്ചിരുന്നുവെങ്കില്‍ നാട്ടിലെ നായക്ക് പ്രത്യേകിച്ച് സസ്യഭുക്കുകളായി വളരുന്നവയ്ക്ക് ഡെന്റല്‍ ടാര്‍ടാര്‍ അടിഞ്ഞുകൂടി പ്രശ്‌നമുണ്ടാകാം. പുഴുപ്പല്ല്, ദന്തക്ഷയം, എന്നിവ നായ്ക്കളില്‍ കുറവാണ്. ബാക്ടീരിയക്ക് വളരാന്‍ പറ്റിയ സാഹചര്യം ഇല്ലാത്തതാണ് പല്ലുകളെ രക്ഷിക്കുന്നത്. ഡെന്റല്‍ ടാര്‍ടാര്‍, മോണരോഗങ്ങള്‍, ഇനാമല്‍ ഹെപ്പോപ്ലേഷ്യ, ഗം ട്യൂമര്‍ എന്നിവ കാണപ്പെടുന്നു. നാലു വയസു കഴിയുന്നതോടെ  എഴുപതു ശതമാനം നായ്ക്കളിലും മോണരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പൂഡില്‍, യോര്‍ക്ക്‌ഷെയര്‍, ടെറിയര്‍ തുടങ്ങി തലയോട്ടിയുടെ  ആകൃതിയുടെ പ്രത്യേകതയാല്‍ പല്ലുകള്‍ കൂടുതല്‍ അടുപ്പിച്ചിരിക്കുന്ന ജനുസുകളില്‍  ദന്തരോഗങ്ങള്‍ കൂടുതലായിരിക്കും. വായ്‌നാറ്റമാണ് പ്രഥമ ലക്ഷണം. ഉമിനീരൊലിപ്പിക്കല്‍,  ആഹാരം കഴിക്കുന്ന രീതിയിലുള്ള വ്യത്യാസം, പല്ലിലും മുഖത്തും മാന്തുക, ചുമന്നു തുടുത്ത മോണകള്‍, പല്ലുകള്‍ക്ക് നിറവ്യത്യാസം എന്നിവ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കൃത്യമായ ദന്തപരിചരണം ഏറെ പ്രധാനം ദന്തപ്രശ്‌നങ്ങള്‍ മറ്റ് രോഗങ്ങള്‍ക്കും  വഴിവയ്ക്കാം.

പല്ലുകളില്‍ അടിഞ്ഞുകൂടുന്ന ടാര്‍ടാര്‍ നീക്കം ചെയ്യാന്‍ അള്‍ട്രാസൗണ്ട് സ്‌കെയിലിങ്  എന്ന ചികിത്സാ രീതി  നായ്ക്കളില്‍ ചെയ്തു വരുന്നു.  പൂര്‍ണമായി മയക്കിത്തന്നെ ചെയ്യുന്ന  ശസ്ത്രക്രിയയാണ് ടാര്‍ടാര്‍ നീക്കുന്നതോടൊപ്പം മറ്റു പല്ലുകളുടെ  അവസ്ഥയും പരിശോധിക്കാം.  മോണരോഗങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുണ്ട്. മോണയിലെ ട്യൂമറുകള്‍ ഇലക്‌ട്രോ സര്‍ജറി വഴി  നീക്കം ചെയ്യാം. അപകടത്താലും ദന്തക്ഷയത്താലും  ആടി നില്‍ക്കുന്ന പല്ലുകള്‍ നീക്കം ചെയ്യാം. ഉടമതന്നെ  കൃത്യമായ ഇടവേളയില്‍ പല്ലും മോണയും പരിശോധിക്കണം. നായ്ക്കള്‍ക്ക്  പ്രത്യേക ബ്രഷും പേസ്റ്റും  ലഭ്യമാണ്. കടിക്കാന്‍ എല്ലുകള്‍ നല്‍കുന്നതാണ് പഴയ രീതി. ഇന്ന് ദന്തസംരക്ഷണത്തിന് നായ്ക്കള്‍ക്ക് നല്‍കാന്‍ ച്യൂ ടോയ്‌സ് ലഭ്യമാണ്.  സസ്യനാരുകള്‍ അടങ്ങിയ വായിലെ ബാക്ടീരിയ വളര്‍ച്ച തടയുന്ന  രാസത്വരകങ്ങള്‍ അടങ്ങിയ നല്ലപോലെ ദഹിക്കുന്ന ഉയര്‍ന്ന മാംസവും. കുറഞ്ഞ കൊഴുപ്പുമുള്ള രുചിയുള്ള പല്ലിന് കേട് വരുത്താതെ ടാര്‍ടാര്‍ നീക്കുന്ന ച്യൂ ഇന്ന് ലഭ്യം.  

കരുത്തേകാന്‍ ഓര്‍ത്തോപീഡിക്‌സ്

ആധുനിക അസ്ഥിരോഗ ചിക്തിസാ രീതികളാണ് അരുമകളുടെ കാര്യത്തിലും ഇന്ന് പിന്‍തുടരുന്നത്.  ഈടു നില്‍ക്കുന്ന, വേഗവും അനായാസ ചലനവും  ഉറപ്പാക്കുന്ന  ശരീരഘടനയാണ് വേട്ടക്കാരായ നായ്ക്കള്‍ക്ക് പ്രകൃതി  നല്‍കിയത്. മുന്‍കാലുകള്‍ ശരീരഭാരത്തിന്റെ അറുപതുശതമാനം താങ്ങുമ്പോള്‍ പിന്‍കാലുകള്‍ വേഗവ്യതിയാനം നല്‍കുന്ന  ശക്തമായ അച്ചുകോലുകളായി പ്രവര്‍ത്തിക്കുന്നു.  ഇങ്ങനെ ഉത്തോലകം പോലെയുള്ള എല്ലുകളും, എണ്ണിയിട്ടതുപോലെയുള്ള സന്ധികളും, സ്‌നായുക്കളും അസ്ഥിബന്ധങ്ങളും  ഒക്കെ ചേരുന്ന കരുത്തുറ്റ  അസ്ഥിവ്യൂഹവും, മാംസേപേശികളും ചേര്‍ന്ന ഉത്കൃഷ്ടമായ  ശരീരം ഒടിവുകള്‍ക്കും  മുറിവുകള്‍ക്കും എളുപ്പത്തില്‍ വശപ്പെടാം. നിയന്ത്രിത പ്രജനനത്തിലൂടെ  സൃഷ്ടിക്കപ്പെട്ട ബ്രീഡുകളില്‍ പലതിലും അസ്ഥിരോഗങ്ങള്‍ അധികമാണ്.  ഗ്രേറ്റ് ഡെയിന്‍, അല്‍സേഷന്‍, ലാബ്രഡോര്‍, ഡാഷ്ഹണ്ട്, ബീഗിള്‍, ബാസറ്റ് ഹൗണ്ട് തുടങ്ങിയ ജനുസുകളില്‍  ഇത്തരം പ്രശ്‌നങ്ങള്‍ ഏറെയാണ്.  

pet-hospital

എല്ലുകളുടെ ഒടിവ്, ഡിസ്‌ക് പ്രൊലാപ്‌സ്, ഹിപ്പ് ഡിസ്‌പ്ലേഷ്യ, സന്ധികളുടെ സ്ഥാനചലനം, സ്‌നായുക്കളുടേയും അസ്ഥിബന്ധങ്ങളുടേയും പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് നായ്ക്കള്‍ക്കുണ്ടാകുന്നത്. നടക്കാനുള്ള ബുദ്ധിമുട്ട്, നീര്‍വീക്കം, സന്ധിവേദന, എല്ലുകളുടെ ആകൃതിയിലുള്ള  വ്യത്യാസം, എല്ലുകളുടെ ബലക്ഷയം, തളര്‍ച്ച, പ്രത്യേക രീതിയിലുള്ള നടത്തം തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. അപകടങ്ങള്‍, വീഴ്ച, മറ്റു നായ്ക്കളുടേയോ, മനുഷ്യരുടേയോ ആക്രമണം, പ്രായം, പാരമ്പര്യം, വളര്‍ച്ചയിലെ പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ്, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്, കൂടുതല്‍, മറ്റു രോഗങ്ങള്‍, പാരമ്പര്യം എന്നിവയൊക്കെ രോഗത്തിന് സാധ്യത കൂട്ടുന്നു.  ഉദാഹരണത്തിന് നായ്ക്കളുടെ സന്ധിരോഗങ്ങളില്‍ പ്രധാനമാണ് ഹിപ്പ് ഡിസ്‌പ്ലേസിയ. തുടയെല്ലും, ഇടുപ്പെല്ലും ചേരുന്ന  സന്ധിഭാഗത്തെ  തേയ്മാനമാണ് കാരണം.  വേദനയുടെ ലക്ഷണങ്ങളും മുയലിനെപ്പോലെ ചടിച്ചാടിയുള്ള  നടത്തവും കാണിക്കുന്നു. കൃത്യമായ രോഗനിർണയം നടത്തണം.  രോഗലക്ഷണങ്ങളും, എക്‌സ്‌റേ പരിശോധനയും വഴിയാണ് രോഗനിര്‍ണയം. 

പ്ലാസ്റ്റര്‍ ഓഫ് പാരിസ് കാസ്റ്റ്, ബാന്‍ഡേജ് എന്നിവ ഉപയോഗിച്ച് സാരമല്ലാത്ത  ഒടിവുകള്‍ കൈകാര്യം  ചെയ്യുന്നതു മുതല്‍ കൃത്രിമസന്ധി ഘടിപ്പിക്കുന്ന ചികിത്സാരീതികള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുവെന്ന്  വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ  ഡോ. പി.ടി. ദിനേശ് പറഞ്ഞു. പഴയ പ്ലാസ്റ്റര്‍ കാസ്റ്റിനു പകരം ഫൈബര്‍ ഗ്ലാസ്സ് കാസ്റ്ററുകളെത്തി.  സങ്കീര്‍ണ്ണമായ ഒടിവുകള്‍ക്ക്  ഇന്‍ട്രാ  മെഡുല്ലറി പിന്നിങ്ങ്, പ്ലേറ്റിങ്ങ്, എക്‌സേണല്‍ സ്‌കെലിറ്റല്‍ ഫിക്‌സേഷന്‍  തുടങ്ങിയ ശസ്ത്രക്രിയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു.  ഹിപ്പ് ഡിസ്‌പ്ലേസിയ നേരിടാന്‍ എക്‌സിഷന്‍ ആര്‍ത്രോപ്ലാസ്റ്റി മുതല്‍ ഹിപ്പ് പ്രോസ്‌തെസിസ്  (കൃത്രിമ സന്ധി പിടിപ്പിക്കല്‍) വരെ ചെയ്യുവാന്‍ കഴിയുന്നു. കൂടാതെ ഹിപ്പ് ഡീനേര്‍വേഷന്‍ ശസ്ത്രക്രിയ വഴി അസഹ്യവേദന ഒഴിവാക്കാന്‍ കഴിയും.  കൂടാതെ സ്‌പൈനല്‍ ഫിക്‌സേഷന്‍, സ്‌പൈനല്‍ ഡികംപ്രഷന്‍, ക്രൂസിയേറ്റ് ലിഗമെന്റ്, മുട്ടുചിരട്ടയുടെ സ്ഥാനഭ്രംശം തുടങ്ങിയവയ്ക്കുള്ള സര്‍ജറികള്‍ ഓമനകള്‍ക്ക് ചെയ്യാവുന്നതാണ്.  അസ്ഥിരോഗ വിദഗ്ദരും, അനുബന്ധ ചികിത്സകള്‍ക്കുമൊപ്പം  സന്ധികളെ ബലപ്പെടുത്താന്‍ കഴിയുന്ന  സ്വഭാവിക ഘടകങ്ങളടങ്ങിയ മരുന്നുകളും ലഭ്യമാണ്. 

dog-skin

ചര്‍മ്മകാന്തി നല്‍കാന്‍ ഡെര്‍മ്മറ്റോളജി

നായ്ക്കളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു കണ്ണാടിയുണ്ടെങ്കില്‍ അതവരുടെ ചര്‍മ്മവും രോമാവരണവുമാണ്. ചര്‍മ്മത്തിന്റേയും, രോമത്തിന്റേയും പ്രശ്‌നങ്ങള്‍ ഉടമകളെ ഏറെ അലട്ടുന്നതിനാല്‍ ഡെര്‍മ്മറ്റോളജി വിഭാഗവും പുതിയ തന്ത്രങ്ങളുമായി  വളരുകയാണ്. ബാക്ടീരിയ, ഫംഗസ്, ബാഹ്യപരാദങ്ങള്‍, യീസ്റ്റ്, പോഷകക്കുറവ്, അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനം, ശരീരത്തിലെ  മറ്റു രോഗങ്ങള്‍, ഉപാപചയ പ്രവര്‍ത്തന തകരാറുകള്‍, അര്‍ബുദം, പരമ്പര്യം  എന്നിവ രോഗത്തെ വിളിച്ചു വരുത്തും.  ചൊറിച്ചില്‍, രോമം കൊഴിയല്‍, ചര്‍മ്മത്തിലെ നിറവ്യത്യാസം, അസ്വസ്ഥത എന്നിവ  പൊതുലക്ഷണങ്ങള്‍. നായ്ക്കള്‍ സ്ഥിരമായി ചൊറിയുകയും നക്കുകയും കടിക്കുകയും ചെയ്യാം.  ചിലപ്പോള്‍ ചര്‍മ്മത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. കോക്കര്‍ സ്പാനിയല്‍, ഗോള്‍ഡന്‍ റിട്രീവര്‍, പോമറേനിയന്‍, ലാസാ ആപ്‌സോ തുടങ്ങിയ മുടിയന്‍മാര്‍ക്ക് ചര്‍മ്മരോഗ സാധ്യതയേറും. കൃത്യമായ ഗ്രൂമിങ്ങ് ചെയ്യുക ഏറെ പ്രധാന പ്രതിരോധം. ചര്‍മ്മരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.  

ലക്ഷണങ്ങള്‍, മൈക്രോസ്‌കോപ്പി പരിശോധന എന്നിവ വഴി  രോഗകാരണങ്ങള്‍ കണ്ടുപിടിച്ച് ആന്റിബയോട്ടിക്, ആന്റിഫംഗല്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിച്ചാണ് സാധാരണ ചികിത്സ. രക്തപരിശോധനയിലൂടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടുപിടിച്ച് ചികിത്സ നല്‍കുന്ന പുത്തന്‍ രീതിയുമുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച് തൈറോയിഡ് അഡ്രീനല്‍ കോര്‍ട്ടക്‌സ് ഹോര്‍മോണ്‍ അളവുകള്‍ ചര്‍മ്മരോഗങ്ങള്‍ക്കും, രോമംപൊഴിയുന്നതിനും  പ്രധാന കാരണങ്ങളിലൊന്നാണ് എന്നോര്‍ക്കണം.  

ചര്‍മ്മമെന്ന പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നിലനിര്‍ത്തുന്ന ചര്‍മ്മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളുടെ ബാലന്‍സ് നിലനിര്‍ത്തുന്ന പ്രതിരോധ പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ട്. എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളും, എസന്‍ഷ്യല്‍ ഓയിലും അടങ്ങിയ മരുന്നുകള്‍ ചര്‍മ്മ സംരക്ഷണത്തില്‍  ഏറെ പ്രധാനം.  കൂടാതെ ചര്‍മ്മത്തിന്റെ സ്രവങ്ങളുടെ അളവ് പരിധിയില്‍ നിര്‍ത്തുന്ന ചര്‍മ്മം വൃത്തിയാക്കുന്ന  മരുന്നുകള്‍, ലോഷന്‍, ഷാംപൂ, ചര്‍മ്മം തുടയ്ക്കാനുള്ള വൈപ്പുകള്‍ എന്നിവയും ലഭ്യമാണ്.  

കുടുംബത്തിലെ അംഗമായി, മനുഷ്യന്റെ ചങ്ങാതിയായി, പ്രതിരൂപംപോലുമായി അരുമകള്‍ മാറുമ്പോള്‍ അംഗപ്രത്യംഗം അവയെ കരുതാന്‍ സമയവും, പണവും കണ്ടെത്തുന്ന യജമാനന്‍മാര്‍ക്കായി മൃഗ ചികിത്സയും ആധുനികവല്‍ക്കരിക്കപ്പെട്ട്, ആവശ്യങ്ങളറിഞ്ഞ് ശാഖോപശാഖകളായി  നമ്മുടെ നാട്ടിലും വളര്‍ച്ചയുടെ പുതിയ പാതകള്‍ തേടുന്നു. മേല്‍പ്പറഞ്ഞവയൊക്കെ കേവലം ഉദാഹരണങ്ങള്‍ മാത്രം.

English summary: Now get expert medical care for our pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com