മുയലിനെ നായ കടിച്ചാൽ എന്തു ചെയ്യണം? ഉടമ പേടിക്കേണ്ടതുണ്ടോ?

HIGHLIGHTS
  • മുയലുകളിൽ റാബീസ് തടയുന്നതെങ്ങനെ?
  • മുയലിനെ നായ കടിച്ചാൽ എന്തു ചെയ്യണം?
rabbit
SHARE

മുയലിനെ നായ കടിച്ചാൽ എന്തു ചെയ്യണം? മുയലുകൾക്ക് റാബീസ് ബാധയുണ്ടാകുമോ? നമ്മുടെ നാട്ടിൽ മുയൽ വളർത്തുന്നവരുടെ പ്രധാനപ്പെട്ട സംശയങ്ങളാണിവ.

സസ്തനികളെ ബാധിക്കുന്ന അതിഗുരുതരവും, രോഗലക്ഷണങ്ങൾ പ്രകടമായാൽ ജീവഹാനി സുനിശ്ചിതവുമായ ജന്തുജന്യ രോഗമാണ് റാബീസ് അഥവാ പേവിഷബാധ. 99 ശതമാനം രോഗവും നായ്ക്കളുടെ കടി മൂലമാണ് പകരുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗമുണ്ടാക്കുന്നത് റാബ്ഡോ വൈറിഡേ കുടുംബത്തിൽപ്പെട്ട ലിസ വൈറസുകളാണ്. നായ, പൂച്ച, കുറുക്കൻ, ചെന്നായ, മരപ്പട്ടി, കുതിര, കുരങ്ങ്, കന്നുകാലികൾ തുടങ്ങി മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ  കാണപ്പെടുന്ന ഈ രോഗം പെരുച്ചാഴി, എലി, അണ്ണാൻ, പക്ഷികൾ എന്നിവയെ സാധാരണ ഗതിയിൽ ബാധിക്കാറില്ല. 

രോഗബാധ മുയലുകളിൽ

സാധാരണ ഗതിയിൽ സ്വാഭാവിക രോഗബാധ മുയലുകളിൽ ഉണ്ടാകാറില്ല. എന്നാൽ, പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാൽ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതായത്, കടിയേൽക്കുമ്പോൾ മുയലിന്റെ ശരീരത്ത് പ്രകടമായ മുറിവുകളിലൂടെ രോഗാണു ഉള്ളിൽ പ്രവേശിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 1999ൽ മേരിലാന്റ് എന്ന സ്ഥലത്ത് രണ്ടു മുയലുകൾ റ‌ാബീസ് ബാധിച്ച് മരണപ്പെട്ടതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

മുയലുകളിലെ റാബീസ് ലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 2-3 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങും. ശരീരത്തിന്റെ പിൻഭാഗത്തു തുടങ്ങി തലവരെ വ്യാപിക്കുന്ന തളർച്ചയാണ് പ്രധാന ലക്ഷണം. പനി, അന്ധത, ഇടയ്ക്കിടയ്ക്ക് തലകുടയൽ, ചെങ്കണ്ണ്, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, പല്ലുകടി, ചെവി വീക്കം,  എഴുന്നേറ്റു നിൽക്കാനാവാത്ത അവസ്ഥ എന്നിവയും കാണാം. ലക്ഷണങ്ങൾ തുടങ്ങി 3-4 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്നു.

റാബീസ് പരീക്ഷണങ്ങൾ മുയലുകളിൽ

റാബീസ് വൈറസിനെക്കുറിച്ചുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പരീക്ഷണമൃഗമാണ് മുയൽ. 1804ൽ ജോർജ് ഗോട്ട്ഫ്രീഡ് സിക്കേ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി മുയലുകളെ റാബീസ് പഠനത്തിനായി ഉപയോഗിച്ചത്. അദ്ദേഹം പേവിഷബാധയുള്ള നായയുടെ ഉമിനീർ കുത്തിവച്ച് ആരോഗ്യമുള്ള മുയലിൽ കൃത്രിമമായി രോഗമുണ്ടാക്കി. അതോടുകൂടിയാണ് ഇതൊരു സാംക്രമിക രോഗമാണെന്ന് തെളിയിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ പരീക്ഷണഫലങ്ങളുടെ ചുവടുപിടിച്ചാണ് 1881ൽ ലൂയിസ് പാസ്ചർ റാബീസ് പഠനങ്ങൾ നടത്തിയത്. 1885ൽ ലൂയിസ് പാസ്ചർ മുയലുകളിൽ നടത്തിയ പരീക്ഷണ ഫലമായിട്ടാണ് ഇന്ന് നാം ഉപയോഗിക്കുന്ന റാബീസ് വാക്സിൻ കണ്ടെത്തിയത്.

മുയലുകൾക്ക് റേബീസ് വാക്സിൻ നൽകേണ്ടതുണ്ടോ?

സ്വാഭാവിക റാബീസ് രോഗബാധയുണ്ടാകാനുള്ള സാധ്യത മുയലുകളിൽ വളരെ കുറവാണ്. ആയതിനാൽ, നായ്, പൂച്ച, മനുഷ്യർ എന്നിവർക്ക് നൽകുന്നതുപോലെ മുയലുകൾക്ക് റാബീസ് പ്രതിരോധത്തിനായി കുത്തിവയ്പ്പുകൾ നൽകേണ്ടതില്ല.

മുയലിനെ നായ കടിച്ചാൽ എന്തു ചെയ്യണം?

കടിയേറ്റാലുടൻ മുറിവ് സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകയും 70 % വീര്യമുള്ള ആൽക്കഹോളോ അയഡിൻ ലായനിയോ ഉപയോഗിച്ച് തുടയ്ക്കുകയും വേണം. മുറിവ് തുന്നിക്കെട്ടേണ്ടതില്ല. എന്നാൽ, ഗുരുതരമായ രക്തസ്രാവമുണ്ടായാൽ അത് ജീവന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നുണ്ടെങ്കിൽ മാത്രം തുന്നിക്കെട്ടാവുന്നതാണ്. പിന്നീട് മുറിവിന്റെ ആഴവും വ്യാപ്തിയുമനുസരിച്ച് ആന്റിബയോട്ടിക് മരുന്നുകളോ ലേപനങ്ങളോ വേദനസംഹാരികളോ നൽകാം.

റാബീസ് സംശയിക്കുന്ന മൃഗങ്ങളാണ് കടിക്കുന്നതെങ്കിൽ, കടിയേറ്റ മുയലിന് പോസ്റ്റ് എക്സ്പോസർ വാക്സിൻ എടുക്കുന്നതാണ് നല്ലത്.  0,3,7,14,21,28 ദിവസങ്ങളിലാണ് കുത്തിവയ്പ്പ് നൽകേണ്ടത്.  

മുയൽ മനുഷ്യരെ കടിച്ചാൽ ?

യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശമനുസരിച്ച് എലി, മുയൽ, ഗിനിപന്നി, അണ്ണാൻ തുടങ്ങിയ മൃഗങ്ങൾ മനുഷ്യരെ കടിക്കുകയോ മാന്തുകയോ ചെയ്താൽ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതില്ല.

എന്നാൽ, ഓരോ പ്രദേശത്തെയും രോഗവ്യാപനത്തിന്റെ തോതനുസരിച്ച്  പോസ്റ്റ് എക്സ്പോസർ വാക്സിൻ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുന്നു. മുയലുകളിലെ റാബീസ് കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിലും, കടിച്ച മുയലിന് മുൻപ് മറ്റേതെങ്കിലും മൃഗങ്ങളുടെ കടിയേറ്റിട്ടുണ്ടെങ്കിലും, കടിച്ച മുയലിൽ പേവിഷബാധ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും കടിയേറ്റ മനുഷ്യർക്ക് പോസ്റ്റ് എക്സ്പോസർ വാക്സിൻ നൽകേണ്ടതാണ്.

മുയലുകളിൽ റാബീസ് തടയുന്നതെങ്ങനെ?

ഫലപ്രദമായ രോഗ ചികിത്സാമാർഗങ്ങൾ കണ്ടു പിടിച്ചിട്ടില്ല. മാത്രമല്ല മുയലുകൾക്കായി റാബീസ് പ്രതിരോധ കുത്തിവയ്പുകൾ നിലവിലില്ല. അതിനാൽ രോഗബാധ തടയാൻ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണം.

  • മുയലുകളെ വന്യമൃഗങ്ങൾ, മറ്റുവളർത്തുമൃഗങ്ങൾ, തെരുവുനായ്ക്കൾ എന്നിവയിൽനിന്നും സംരക്ഷിക്കുക.
  • മുയൽക്കൂടിനു ചുറ്റും കമ്പിവല കൊണ്ട് മറ്റൊരു ആവരണം കൂടി നൽകി ബലപ്പെടുത്തുക.
  • നായ, പൂച്ച തുടങ്ങിയ ഓമനമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക.
  • വന്യമൃഗങ്ങളിൽ രോഗബാധ തടയാനായി ഫലപ്രദമായ ഓറൽ വാക്സിൻ ടാബ്‌ലറ്റുകൾ വിതരണം ചെയ്യുക.
  • ഏതെങ്കിലും മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ പ്രാദേശിക വെറ്ററിനറി - മെഡിക്കൽ ഡോക്ടർമാരുടെ ഉപദേശം തേടുക.

English summary: Rabies in small animals like Rabbits

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA