ADVERTISEMENT

ശ്വാനപ്രേമികൾക്ക് സന്തോഷവാർത്ത... ചിപ്പിപ്പാറ, രാജപാളയം എന്നിവ ഇനി അംഗീകൃത നായ ജനുസ്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) ഭാഗമായ നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ് (എൻബിഎജിആർ) ആണ് രാജപാളയം, ചിപ്പിപ്പാറ എന്നീ ഇനങ്ങൾക്ക് അംഗീകാരം നൽകിയത്. 

സെപ്റ്റംബർ 16ന് നടന്ന ഐസിഎആറിന്റെ ബ്രീഡ് റജിസ്ട്രേഷൻ കമ്മിറ്റിയാണ് തമിഴ്നാട്ടിൽനിന്നുള്ള രാജപാളയത്തിനും ചിപ്പിപ്പാറയ്ക്കും ബ്രീഡ് പദവി നൽകിയത്. INDIA_DOG_1800_Rajapalayam_19001 എന്നതാണ് രാജപാളയത്തിന്റെ അംഗീകാര നമ്പർ. ചിപ്പിപ്പാറയുടേത് INDIA_DOG_1800_Rajapalayam_19002 എന്നാണെന്ന് ഐസിഎആർ–നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജെനറ്റിക് റിസോഴ്സസ് ആക്ടിങ് ഡയറക്ടർ ഡോ. ആർ.കെ. വിജ് തമിഴ്നാട് ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സർവീസസ് ഡയറക്ടർക്ക് അയച്ച കത്തിൽ പറയുന്നു. 

തമിഴ്നാട് ഇനങ്ങളാണെങ്കിലും കേരളത്തിൽ രാജപാളയം, ചിപ്പിപ്പാറ നായ്ക്കൾക്ക് ആരാധകരേറെയാണ്. തമിഴ്നാട്ടിലെ വിരുതുനഗർ ജില്ലയിലെ രാജപാളയം എന്ന പട്ടണത്തിൽനിന്നുള്ളവാണ് രാജപാളയം നായ്ക്കൾ. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, മധുര എന്നിവിടങ്ങളാണ് ചിപ്പിപ്പാറ കണ്ടുവരുന്നത്.

രണ്ടിനങ്ങളും പ്രധാനമായും വേട്ടയ്ക്ക് ഉപയോഗിക്കുന്നതാണ്. മെലിഞ്ഞ ശരീരവും അതിവേഗം കുതിക്കാനുള്ള കഴിവുമാണ് ഇവരുടെ പ്രത്യേകതകൾ. ഉടമയോട് വളരെ സ്നേഹബന്ധം പുലർത്തുന്ന ഇനങ്ങളുമാണ്.

കെന്നൽ ക്ലബ് ഓഫ് ഇന്ത്യ വർഷങ്ങൾക്കു മുമ്പേ അംഗീകരിച്ച ബ്രീഡുകളെങ്കിലും തദ്ദേശീയ ഇന്ത്യൻ ജനുസായി ചിപ്പിപ്പാറയെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലം സ്വദേശി അനീഷ് ശിവരാമൻ കർഷകശ്രീയോടു പറഞ്ഞു. പത്തു വർഷത്തോളമായി ചിപ്പിപ്പാറ നായ്ക്കളെ വളർത്തുന്ന അനീഷ് ഈ ഇനം നായ്ക്കളെ ശ്വാനപ്രദർശനത്തിൽ പങ്കെടുപ്പിക്കാറുണ്ട്. 

English summary: Indian Native Dog Breeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com