ADVERTISEMENT

വീട്ടിലുള്ളവരെല്ലാം കോവിഡ് ബാധിതർ; 5 ദിവസം മുൻപ് വീട്ടിൽ കോവിഡ് മരണം– കുടുംബത്തിന്റെ വരുമാനമാർഗമായ പശുവിനെ ചികിത്സിക്കാൻ അവിടേക്കു പോകാൻ ഡോ. എസ്. വേണുഗോപാലിനും സംഘത്തിനും  ഇതൊന്നും തടസമായിരുന്നില്ല. 

കായംകുളം പെരുങ്ങാല നെടുമ്പള്ളി വീട്ടിൽ ജോണിന്റെ വീട്ടിലെ പശുവാണ് പ്രസവത്തെത്തുടർന്ന് കിടപ്പിലായത്. ജോൺ 5 ദിവസം മുൻപ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് ഭാര്യക്കും 2 മക്കൾക്കും കോവി‍ഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ഭീതി മൂലം ആരും വരാതെയായി. ഈ ഘട്ടത്തിലാണ് കായംകുളം വെറ്ററിനറി പോളിക്ലിനിക്കിലെ സർജൻ ഡോ. എസ്. വേണുഗോപാൽ പശുവിന്റെ രക്ഷകനായി എത്തിയത്. 

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വാർഡ് കൗൺസിലർ ജലീൽ പശുവിന്റെ അവസ്ഥ സമീപ വാർഡിലെ കൗൺസിലറായ ഷാനവാസിനെ അറിയിച്ചു. ഷാനവാസ് അറിയിച്ചതിനെ തുടർന്ന് ഡോ. വേണുഗോപാലും ക്ലിനിക്കൽ പ്രാക്ടീസിനായി ഇവിടെ എത്തിയ, വയനാട് പൂക്കോട് വെറ്ററിനറി കോളജ് അവസാന വർഷ വിദ്യാർഥി അമൃത എസ്. കുമാറും സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച് വീട്ടിലെത്തി ചികിത്സിക്കുകയായിരുന്നു. ഷാനവാസും സഹായിയായി ഒപ്പമെത്തി. മുക്കാൽ മണിക്കൂറോളം ഇവിടെ ചെലവഴിച്ച് പരിചരിച്ച ഇവർ പശു എഴുന്നേറ്റതിനു ശേഷമാണ് മടങ്ങിയത്. 

ക്ഷീരസന്നി എന്ന രോഗം ബാധിച്ച പശുവിന് തക്കസമയത്ത് ചികിത്സ നൽകിയതുമൂലമാണ് രക്ഷപ്പെട്ടതെന്ന് പിആർഒ ഡോ. ഡി. ബീന പറഞ്ഞു. മുതുകുളം തെക്ക് രാജീവത്തിൽ ഡോ. വേണുഗോപാൽ ഒരു വർഷമായി കായംകുളം വെറ്ററിനറി പോളിക്ലിനിക്കിലെ സർജനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com