കന്നുകുട്ടികളിലെ വയറിളക്കം തടയാൻ വഴികൾ പലത്, വയറിളക്കത്തിനൊരു പ്രഥമശുശ്രൂഷ

HIGHLIGHTS
  • വയറിളക്കം - നിര്‍ജലീകരണം എങ്ങനെ തിരിച്ചറിയാം
  • പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ പ്രത്യേക ലവണലായനി തയാറാക്കി കിടാവിനെ കുടിപ്പിക്കാം
calf
SHARE

പശുക്കിടാക്കളുടെ അകാലമരണത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് വയറിളക്കം. രോഗകാരികളായ വിവിധ അണുക്കളും വിരബാധയും വഴിയും ദഹനപ്രശ്നങ്ങള്‍ കാരണമായും കിടാക്കളില്‍ വയറിളക്കം ഉണ്ടാവാം. സാല്‍മോണല്ല, കോളിഫോം തുടങ്ങിയ ബാക്ടീരിയകള്‍, ക്രിപ്റ്റോസ്പോറിഡിയം, റോട്ടാ തുടങ്ങിയ വൈറസുകള്‍, ടോക്സാകാര എന്നയിനം ഉരുണ്ടവിരകള്‍, കോക്സീഡിയ കുടുംബത്തിലെ പ്രോട്ടോസോവകള്‍ എന്നിവയെല്ലാം കിടാക്കളില്‍ വയറിളക്കമുണ്ടാക്കുന്ന രോഗകാരികളാണ്. പാല്‍ അമിതമായി കുടിക്കുന്നതും, തീറ്റയില്‍ വരുത്തുന്ന പെട്ടെന്നുള്ള മാറ്റങ്ങളും, ശരീരസമ്മര്‍ദ്ദവുമെല്ലാം വയറിളക്കത്തിന് വഴിയൊരുക്കും. വയറിളക്കം വഴി ശരീരത്തിലെ ജലവും, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണാംശങ്ങളും നഷ്ടപ്പെടുന്നതോടെ കിടാവ് നിര്‍ജലീകരണവും, തളര്‍ച്ചയും ബാധിച്ച് കിടപ്പിലാകും. ഉടനടി ചികിത്സ ഉറപ്പുവരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യും. 

വയറിളക്കം തടയാന്‍ മുന്‍കരുതലുകള്‍ എന്തെല്ലാം

  • കിടാക്കള്‍ക്ക് ആവശ്യമായ അളവില്‍ കന്നിപ്പാല്‍ (Colustrum) കൃത്യസമയത്ത് ഉറപ്പുവരുത്തുക എന്നതാണ് ബാക്ടീരിയ, വൈറസ് വിഭാഗത്തില്‍പ്പെട്ട രോഗകാരികള്‍ കാരണമായുണ്ടാവുന്ന വയറിളക്കം തടയാനുള്ള പ്രഥമ നടപടി. കിടാവിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് കന്നിപ്പാൽ. കിടാവിന്റെ ആരോഗ്യ ജീവിതത്തിനായുള്ള പാസ്പോർട്ട് എന്നാണ് കന്നിപ്പാൽ അറിയപ്പെടുന്നത്. കിടാവ് ജനിച്ച ഉടനുള്ള ആദ്യ ഒരു മണിക്കൂറിലാണ് കന്നിപ്പാലിൽനിന്നും പോഷക ഘടകങ്ങളും പ്രതിരോധ ഘടകങ്ങളും പരമാവധി ആഗിരണം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ആദ്യ ഒരു മണിക്കൂർ അറിയപ്പെടുന്നത് സുവർണ മണിക്കൂർ എന്നാണ്. ജനിച്ച് ആദ്യ ഒന്ന് - രണ്ട്  മണിക്കൂറിനുള്ളില്‍ തന്നെ ശരീര തൂക്കത്തിന്റെ 10 % എന്ന അളവിൽ കന്നിപ്പാല്‍ കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം.  ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ലീറ്റർ കന്നിപ്പാൽ ആദ്യ ഒന്ന് - രണ്ട്  മണിക്കൂറിനുള്ളിൽ നൽകണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യ ഗഡു (ശരീര തൂക്കത്തിന്റെ 5 %) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. അമ്മപ്പശുവിൽനിന്ന് കന്നിപ്പാൽ കുടിക്കാൻ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിംഗ് ബോട്ടിലിൽ നിറച്ച് കിടാക്കൾക്ക് നൽകാം. 
  • കിടാവ് കന്നിപ്പാൽ നുണയുന്നതിന് മുൻപായി പശുവിന്റെ അകിട് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനിൽക്കുന്ന പാലിൽനിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടർന്ന്  10 - 12 മണിക്കൂറുകൾക്ക് ശേഷം  ശരീരഭാരത്തിന്റെ 8 - 10 ശതമാനം എന്ന അളവിൽ ഒരു തവണ കൂടി കന്നിപ്പാൽ കിടാക്കൾക്ക് നൽകണം.  ഇത്രയും അധികം അളവിൽ കന്നിപ്പാൽ കിടാക്കൾക്ക് നൽകിയാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാവുമെന്ന് ചില കർഷകർക്ക് ആശങ്കയുണ്ട് . എന്നാൽ കന്നിപ്പാൽ  കിടാവിന്റെ ആമാശയത്തിൽ യാതൊരു ദഹനപ്രവർത്തനങ്ങൾക്കും വിധേയമാവാതെ ജനിച്ചശേഷമുള്ള  ആദ്യ 24 മണിക്കൂർ കാലയളവിൽ നേരിട്ട് ആഗിരണം ചെയ്യപെടുന്നതിനാൽ  ഈ ആശങ്ക അസ്ഥാനത്താണ്. തുടര്‍ന്നുള്ള 4-5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10 % എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം. മൂന്ന് നാല് ദിവസം പ്രായമെത്തുമ്പോൾ തന്നെ കിടാക്കൂടുകളിൽ ശുദ്ധമായ കുടിവെള്ളം ആവശ്യാനുസരണം കിടാക്കൾക്ക് ലഭ്യമാക്കണം .
  • കിടാവ് കുടിച്ചതിനഉ ശേഷം കന്നിപ്പാൽ ബാക്കിയുണ്ടെങ്കിൽ കറന്നെടുത്ത് 5 -8 ഡിഗ്രി താപനിലയിൽ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാം. കുറച്ചധികം ദിവസങ്ങൾ സൂക്ഷിക്കണമെങ്കിൽ ഫ്രീസറിൽ വയ്ക്കാം. ഈ കന്നിപ്പാൽ തണുപ്പകറ്റിയ ശേഷം ശരീരതാപനിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ കിടാക്കൾക്ക് നൽകാം. റെഫ്രിജറേറ്ററിൽ  സൂക്ഷിക്കുന്ന കന്നിപ്പാൽ ചൂടാക്കിയ ശേഷം കിടാക്കൾക്ക് നൽകുന്നത് ഒഴിവാക്കണം. കറന്നെടുത്ത് സൂക്ഷിച്ച മുതിർന്ന പശുക്കളുടെ കന്നിപ്പാൽ  കടിഞ്ഞൂൽ പശുവിനുണ്ടായ കിടാക്കൾക്ക് നൽകുന്നത് ഏറ്റവും അഭികാമ്യമാണ്‌, കടിഞ്ഞൂൽ പശുക്കളെ അപേക്ഷിച്ച്   മുതിർന്ന പശുക്കളുടെ കന്നിപ്പാലിൽ കൂടിയ അളവിൽ പ്രതിരോധ ഘടകങ്ങളായ ഇമ്മ്യൂണോഗ്ലോബുലിനുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന്റെ കാരണം.
  • മൂന്ന് മാസം വരെ പാൽ തന്നെയാണ് കിടാക്കളുടെ പ്രധാന ആഹാരം. വീനിങ്‌ രീതിയില്‍ കിടാവിന് പാല്‍ പ്രത്യേകം കറന്നുകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍ ആദ്യ ഒരു മാസം കിടാവിന്റെ തൂക്കത്തിന്റെ 1/10 (10 ശതമാനം ) എന്ന അളവിൽ പാൽ ദിവസവും നൽകണം. ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത്. കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണെങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്ക് നൽകേണ്ടത്. മിൽക്ക് ഫീഡിങ് ബക്കറ്റിൽ കിടാവിന് പാൽ നൽകുമ്പോൾ അകിടിൽനിന്ന് പാൽ നുണയുന്ന അതേ മാതൃകയിൽ ചെറുതായി ചവച്ച് വലിച്ച് കുടിക്കാവുന്ന (Sucking) രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത്. അതോടൊപ്പം കഴുത്ത് അൽപം ചരിച്ച് പൊക്കി പിടിച്ച് വലിച്ച് കുടിക്കാവുന്ന പാകത്തിൽ ഏകദേശം അകിടിന്റെ അതെ ഉയരത്തിൽ വേണം മിൽക്ക് ഫീഡിങ്  ബക്കറ്റുകൾ  തൊഴുത്തിൽ ക്രമീകരിക്കേണ്ടത്. എങ്കിൽ  മാത്രമേ കിടാവ് കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട്  എത്തിച്ചേരുകയുള്ളൂ. അതല്ലെങ്കിൽ പൂർണമായും വികസിക്കാത്ത റുമെൻ എന്ന ആമാശയ അറയിലേക്ക് പാൽ വഴിമാറി  ഒഴുകിയെത്തുകയും കെട്ടികിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായി തീരുകയും ചെയ്യും. ഇക്കാരണം കൊണ്ട് തന്നെ പരന്ന പാത്രങ്ങളിൽ പാൽ നിറച്ച് തറയിൽ വച്ച് കിടാക്കൾക്ക് നൽകുന്നത് (Pale feeding) ഒഴിവാക്കുന്നതാണ് ഉത്തമം. ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ  കഴുകി വൃത്തിയാക്കാൻ മറക്കരുത്.
  • പത്ത് ദിവസം പ്രായമെത്തുമ്പോൾ ടോക്സോകാര എന്നയിനം ഉരുളൻ വിരകളെ തടയാനുള്ള മരുന്ന് കിടാക്കൾക്ക് നൽകണം. ഈ വിരകൾക്കെതിരെ ഏറ്റവും ഫലപ്രദമായ പെറാന്റൽ പാമോയേറ്റ്, പെപ്പറസീൻ, ഫെബാന്റല്‍ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് (ഉദാഹരണം- ടീവേം, പെപ്പറസീൻ ഹെക്സാ ഹൈഡ്രേറ്റ്, നിമോസിഡ് ) കിടാക്കൾക്ക് പത്താം ദിവസം നൽകേണ്ടത്. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിരമരുന്ന് നൽകണം. ഗര്‍ഭിണിപശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തില്‍ ഫെന്‍ബന്‍ഡസോള്‍, ആല്‍ബന്‍ഡസോള്‍ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന മരുന്നുകള്‍ നല്‍കിയും, പ്രസവം കഴിഞ്ഞ്  അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കിയും ടോക്സോകാര എന്ന ഉരുളന്‍ വിരകള്‍ അമ്മപശുവില്‍ നിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാം. ആറു മാസം വരെ മാസത്തില്‍ ഒരു തവണ കിടാവിനെ വിരയിളക്കാന്‍ മറക്കരുത്. 
  • കോക്സീഡിയ വിഭാഗത്തില്‍പ്പെട്ട പ്രോട്ടോസോവകളാണ് രക്തം കലര്‍ന്ന വയറിളക്കത്തിന് കാരണമാവുന്നത്. കുടലിലെ ശ്ലേഷ്മസ്തരങ്ങള്‍ ഇളകി പുറത്തുവരുന്നതായി കാണാം. ലക്ഷണങ്ങള്‍  ശ്രദ്ധയില്‍പ്പെട്ടാല്‍ കാഷ്ഠം പരിശോധിച്ച് രോഗനിര്‍ണയം നടത്തി മൊട്രനിഡസോള്‍, സള്‍ഫാഡൈസീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച്  നല്‍കണം.
  • പാല്‍ അമിതമായി കുടിക്കാന്‍ കിടാക്കളെ അനുവദിക്കരുത്. അമിതമായി പാല്‍ അകത്തെത്തിയാല്‍ ദഹനപ്രശ്നങ്ങള്‍ കാരണം വയറിളക്കത്തിന് സാധ്യതയേറെയാണ്. ശരീരഭാരത്തിന്‍റെ പത്തിലൊന്ന് എന്ന അളവില്‍ പാല്‍ പ്രതിദിനം മൂന്നുനാലു തവണകളായി ആദ്യ ഒരു മാസം കിടാക്കള്‍ക്ക് നല്‍കാം. രണ്ട് മാസം പ്രായമെത്തുമ്പോൾ ശരീരതൂക്കത്തിന്റെ 1/15 (6.66  ശതമാനം) എന്ന അളവിലും മൂന്നാം മാസം പ്രായമെത്തുമ്പോൾ ശരീരതൂക്കത്തിന്റെ 1/20 (5 ശതമാനം ) എന്ന അളവിലും പാൽ കിടാവിന്‌ ദിവസവും നൽകണം. ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ട് തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കളെക്കാള്‍ വളർച്ചയുള്ളവയായിരിക്കും അതേ അളവ് പാല്‍ മൂന്ന് തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കള്‍. ഈ രീതിയിൽ പാൽ കൃത്യമായ അളവിൽ നൽകണമെങ്കിൽ ശരീരതൂക്കം നിർണയിക്കേണ്ടത് പ്രധാനമാണ്.
  • അണുബാധകള്‍ നിയന്ത്രിക്കുന്നതിനായി തൊഴുത്തിലെ മാലിന്യം നീക്കി അണുനാശിനികള്‍ ഉപയോഗിച്ച് തറ കഴുകി, ഉണക്കി വൃത്തിയായി സൂക്ഷിക്കണം. പഴയ വെക്കോല്‍ വിരിപ്പുകള്‍ കൃത്യമായി മാറ്റി പുതിയത് വിരിക്കണം. നല്ല വായുസഞ്ചാരവും സൂര്യപ്രകാശവും കിടാക്കളെ പാർപ്പിച്ച  മുറികളില്‍ ഉറപ്പുവരുത്തണം. 

വയറിളക്കം - നിര്‍ജലീകരണം എങ്ങനെ തിരിച്ചറിയാം

ജലവും ലവണാംശങ്ങളും നഷ്ടപ്പെടുന്നത് വഴിയുണ്ടാവുന്ന നിര്‍ജലീകരണത്തിന്‍റെയും തളര്‍ച്ചയുടെയും തോത് ലക്ഷണങ്ങളിലൂടെയും, സ്കിന്‍ ടെന്റിങ് ടെസ്റ്റ് അഥവാ ചര്‍മ്മക്ഷമത പരിശോധന എന്ന ലളിതമാര്‍ഗത്തിലൂടെയും കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ശരീരത്തില്‍ നിന്ന് 5% വരെ ജലം നഷ്ടപ്പെട്ടാല്‍ കിടാവ് പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കില്ല. എന്നാല്‍, വയറിളക്കം വഴി അതിന് മുകളില്‍ നിര്‍ജലീകരണം സംഭവിച്ചാല്‍ തളര്‍ച്ച, വരണ്ട ത്വക്ക്, കണ്ണുകള്‍ ക്ഷീണിച്ച് കുഴിഞ്ഞിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും.  

കിടാവിന്‍റെ കണ്ണിന് മുകളിലെയും, കഴുത്തിലെയും നെഞ്ചിലെയും ചര്‍മ്മം നമ്മുടെ കൈ ഉപയോഗിച്ച് മുന്നോട്ട് വലിച്ചാല്‍ തിരിച്ച് തൽസ്ഥിതിയിൽ  ആവാന്‍ എടുക്കുന്ന സമയമാണ് ചര്‍മ്മക്ഷമത പരിശോധന  വഴി നിരീക്ഷിക്കുന്നത്.  ആരോഗ്യമുള്ള കിടാക്കളില്‍ ചര്‍മ്മം ഇങ്ങനെ വലിച്ച് വിട്ടാല്‍ ഉടന്‍ പൂര്‍വസ്ഥിതിയിലാവും. എന്നാല്‍ 8-10 % വരെ നിര്‍ജലീകരണം സംഭവിച്ചാല്‍ ഈ സമയം 6 സെക്കന്‍റിനും മുകളിലായിരിക്കും. 8 % ലധികം നിര്‍ജലീകരണം സംഭവിച്ചതായി ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെടണം. റിങര്‍ ലാക്ടേറ്റ് , നോര്‍മല്‍ സലൈന്‍ അടക്കമുള്ള ലവണലായനികള്‍ ഞരമ്പുകള്‍ വഴി കിടാവിന് കുത്തിവെക്കുന്ന അടിയന്തിര ചികിത്സ ഈ ഘട്ടത്തില്‍ വേണ്ടതുണ്ട്. പത്ത് ശതമാനത്തിന് മുകളില്‍ നിര്‍ജലീകരണം സംഭവിച്ചാല്‍ കിടാവ് കിടപ്പിലാവുകയും കൈകാലുകളുടെ അറ്റങ്ങള്‍ തണുക്കുകയും തുടര്‍ന്ന് വയറിളക്കം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും. 

വയറിളക്കത്തിനൊരു പ്രഥമശുശ്രൂഷ

പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ പ്രത്യേക ലവണലായനി തയാറാക്കി കിടാവിനെ കുടിപ്പിക്കാം. ഒരു ലീറ്റര്‍ ഇളംചൂട് വെള്ളത്തില്‍ 5 ടീസ്പൂണ്‍ ഗ്ലൂക്കോസ് പൊടിയും  1  ടീസ്പൂണ്‍ അപ്പക്കാരവും (സോഡിയം ബൈകാര്‍ബണേറ്റ്), 1 ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് ലവണലായനി തയാറാക്കാം. ഒരു ടീസ്പൂണ്‍ ഏകദേശം അഞ്ച് ഗ്രാം വരും. ഇത് ദിവസം  2 മുതല്‍ 4 ലിറ്റര്‍ വീതം കാഫ് ഫീഡിംഗ് ബോട്ടില്‍ ഉപയോഗിച്ച്  കിടാവിന് നല്‍കാം. ഗ്ലൂക്കോസിന് പകരമായി വീട്ടിലുപയോഗിക്കുന്ന പഞ്ചസാര (സൂക്രോസ്) ലവണലായനി തയാറാക്കാന്‍ ഉപയോഗിക്കരുത്. കിടാക്കള്‍ക്ക് സൂക്രോസ് ദഹിപ്പിക്കാനുള്ള ശേഷി കുറവായതാണ് ഇതിന് കാരണം. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനൊപ്പം വയറിളക്കത്തിന്‍റെ അടിസ്ഥാനകാരണത്തിന് ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ തേടണം. ലാക്ടോബാസിലസ്, ബിഫിഡോ ബാക്ടീരിയം, യീസ്റ്റ് തുടങ്ങിയ മിത്രാണുക്കള്‍ അടങ്ങിയ പ്രോബയോട്ടിക്മിശ്രിതങ്ങള്‍ കിടാവിന്‍റെ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് വയറിളക്കം തടയാന്‍ ഏറെ ഫലപ്രദമാണ്. കിടാവിന്‍റെ വയറ്റില്‍ മിത്രാണുക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി തള്ളപ്പശുവിന്റെ തികട്ടി വരുന്ന തീറ്റ വായില്‍നിന്നെടുത്ത് വെള്ളത്തിൽ കലക്കി, കിടാവിനെ കുടിപ്പിക്കുകയും ചെയ്യാം. 

english summary: Dealing with calf diarrhea

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA