ADVERTISEMENT

ജോടിക്ക് രണ്ടര ലക്ഷം രൂപ വിലയുള്ള മാർമൊസെറ്റ് മങ്കി, 75,000 രൂപ വിലയുള്ള ഫെററ്റ്, 15,000 രൂപ വിലയെത്തുന്ന ഗിനി പിഗ്, 40,000 രൂപ വരുന്ന ഫാൻസി മുയലുകൾ, തീർന്നില്ല, പതിനായിരങ്ങൾ വില വരുന്ന മിനിയേച്ചർ സിൽക്കി ആടുകൾ, പേർഷ്യൻ പൂച്ചകൾ, കുതിരകൾ എന്നിങ്ങനെ, തൃശൂർ പുന്നയൂർക്കുളം കല്ലയിൽ വീട്ടിൽ ഹിഷാമിന്റെ കയ്യിലുള്ള അരുമകളുടെ ശേഖരം ആരെയും വിസ്മയിപ്പിക്കും. പതിനഞ്ചു കിലോ ഭാരമെത്തുന്ന മെയ്ൻകൂൺ ഉൾപ്പെടെ ലക്ഷങ്ങൾ മൂല്യമുള്ള എക്സോട്ടിക് ക്യാറ്റ് ഇനങ്ങൾ ഉടൻ കയ്യിലെത്തുമെന്നും ഹിഷാം.

നായ ആണല്ലോ നമ്മുടെ അരുമകളിൽ മുൻനിരക്കാരൻ. പിന്നെ പരിഗണന പക്ഷികൾക്കാണ്. സമീപകാലത്ത് പൂച്ചകളോടും പ്രിയം വർധിച്ചിട്ടുണ്ട്. എന്നാൽ ഇവയ്ക്കായി മുടക്കാൻ ശരാശരി മലയാളി മനസ്സിൽ കാണുന്നൊരു തുകയുണ്ട്. അതിനപ്പുറം  ചെലവിടുന്നത് പാഴ്ച്ചെലവായാണ് അടുത്ത കാലം വരെ നമ്മൾ കരുതിയിരുന്നത്. 

പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള ‘എക്സോട്ടിക് പെറ്റ്സ്’ ഇനങ്ങൾക്ക് ഇന്നും ആവശ്യക്കാർ കൂടുതലെത്തുന്നത് ഇതര സംസ്ഥാനങ്ങളിൽനിന്നുതന്നെ. എന്നാൽ പട്ടിയും പക്ഷിയും വിട്ട് മാർമൊസെറ്റ് മങ്കിയും ഫാൻസി മുയലും ഗിനിപ്പന്നിയുമെല്ലാം തേടുന്ന ചിലരെങ്കിലും ഇന്ന് കേരളത്തിലുമുണ്ടെന്നു ഹിഷാം.

മാർമൊസെറ്റും ഫെററ്റും

കുരങ്ങിന്റെ കുടുംബക്കാരൻതന്നെ മാർമൊസെറ്റ്. പോക്കറ്റിലിടാവുന്ന കുരങ്ങ് എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. അത്രയ്ക്കേ വരൂ ശരീരവലുപ്പം. സൗത്ത് അമേരിക്കയാണ് സ്വദേശം. ശരാശ രി 100 ഗ്രാം തൂക്കമുള്ള മൂന്ന് മാർമൊസെറ്റ് കുരങ്ങുകളാണ് ഹിഷാമിനുള്ളത്. രണ്ടു പെണ്ണും ഒരാണും. ചെവിക്ക് യഥാക്രമം വെളുപ്പും കറുപ്പും നിറം വരുന്ന രണ്ടിനങ്ങൾ.

hisham-pocket-monkey
മാർമൊസെറ്റ് മങ്കി (പോക്കറ്റ് മങ്കി)

ജോടിക്ക് രണ്ടര ലക്ഷവും ചിലപ്പോൾ അതിലേറെയും വിപണിവിലയുണ്ട് ഈ കുഞ്ഞൻ കുരങ്ങുകൾക്കെന്നു ഹിഷാം. നന്നായി ഇണങ്ങുന്ന മാർമൊസെറ്റിന്റെ പ്രധാന സവിശേഷത അസാധാരണമായ ചുറുചുറുക്കാണ്. ഒരിടത്തും അടങ്ങിയിരിക്കാതെ കൂടിനുള്ളിലും പുറത്തും സദാ ഓടിച്ചാടി നടക്കും. ഇടയ്ക്ക് വീടിനുള്ളിലേക്കു തുറന്നു വിടുമ്പോൾ ഉത്സാഹം ഇരട്ടിയാവും. കളിക്കാൻ കമ്പനി കൊടുത്തില്ലെങ്കിൽ കക്ഷിക്കു ബോറടിക്കും. കൂട്ടിനുള്ളിൽ കളിപ്പാട്ടങ്ങൾ നൽകുകയാണ് പരിഹാരം. കൂട്ടിനൊരു കുഞ്ഞൻ കുരങ്ങിനെക്കൂടി നൽകിയാൽ രണ്ടും കൂടി കളിച്ചുല്ലസിച്ചു കഴിഞ്ഞു കൊള്ളും.  

കാഴ്ചയിൽ കീരിയെപ്പോലെ തോന്നുന്ന ഫെററ്റ് ആണ് ഹിഷാമിന്റെ അരുമകളിലെ മറ്റൊരു കൗതുകം. ചുണയുടെയും ചുറുചുറുക്കിന്റെയും കാര്യത്തിൽ മാർമൊസെറ്റിനൊപ്പം നിൽക്കും ഫെററ്റും. കക്ഷിക്കും കളിതന്നെ കമ്പം. ഇടയ്ക്ക് അൽപം ഉറക്കം. ഉണർന്നിരിക്കുന്ന നേരം മുഴുവൻ കളി. മാർമൊസെറ്റ് തികഞ്ഞ സസ്യാഹാരിയെങ്കിൽ ഫെററ്റ് സമ്പൂർണ മാംസാഹാരി. നാലോ അഞ്ചോ ഇനം പഴങ്ങൾ അരിഞ്ഞു കൂട്ടിയിളക്കിയാണ് കുഞ്ഞൻ കുരങ്ങിനുള്ള ഭക്ഷണം തയാറാക്കുന്നത്. കുരങ്ങിനുള്ള മെനുവിൽ പഴങ്ങൾക്കൊപ്പം ടിൻ ഫുഡ്ഡുമുണ്ട്. മുയലിറച്ചിയും കോഴിയിറച്ചിയുമാണ് ഫെററ്റിനു പ്രിയം.  

മാർമൊസെറ്റിന് വർഷത്തിൽ രണ്ടു പ്രസവം. ഒരു പ്രസവത്തിൽ സാധാരണ ലഭിക്കുന്നത് രണ്ടു കുഞ്ഞുങ്ങൾ. ആറു മാസമാണ് ഫെററ്റിന്റെ ബ്രീഡിങ് കാലമെന്നു ഹിഷാം. ഇക്കാലത്തിനിടയിൽ രണ്ടു പ്രസവം. തുടർന്ന് ആറു മാസം മദിയുണ്ടാവില്ല. ഒറ്റ പ്രസവത്തിൽ 5 മുതൽ 10 വരെ കുഞ്ഞു ങ്ങൾ.

hisham-rabbit
ഹിഷാമിന്റെ ശേഖരത്തിലെ പൂച്ചയും മുയലും

ഗിനി പിഗും ഫാൻസി മുയലുകളും

രൂപത്തിലും രൂപഭംഗിയിലും മുയലിനോടു സാദൃശ്യമുള്ള ഗിനിപ്പന്നി ലോകമെമ്പാടും അരുമയായി പരിപാലിക്കപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമാണ് ആരാധകരേറെയും. കയ്യിലെടുത്താൽ മുട്ടിയുരുമ്മിക്കൂടുന്ന പ്രകൃതവും മൃദുവായ ശരീരവും തിളങ്ങുന്ന കണ്ണുകളുമുള്ള ഗിനിപ്പന്നിയെ ഓമനിക്കാൻ ആർക്കും തോന്നും. സാധാരണയിനം ഗിനിപ്പന്നിയെ വളർത്തുന്ന പലരും കേരളത്തിലുണ്ടെങ്കിലും ഫാൻസി ഇനങ്ങൾ കയ്യിലുള്ളവർ അപൂർവം. നീണ്ടു മനോഹരമായ രോമങ്ങളുള്ള ഫാൻസി ഗിനിപ്പന്നികളിൽ വിലപിടിപ്പുള്ള മുന്നിനങ്ങളുണ്ട് ഹിഷാമിന്. പെറൂവിയൻ, സിൽകി, അബിസീനിയം എന്നിവ. ഗിനിപ്പന്നികളുടെ ഗർഭകാലം 60–70 ദിവസം. ഒറ്റ പ്രസവത്തിൽ 2–3 കുഞ്ഞുങ്ങൾ ഉറപ്പ്. വർഷത്തിൽ നാലു പ്രസവം സാധ്യമെങ്കിലും ഫാൻസി ഇനങ്ങളുടെ കാര്യത്തിലത് രണ്ടിലൊതുക്കും. അവയുടെ ആരോഗ്യം അത്ര പ്രധാനമെന്നു ഹിഷാം.

ഫാൻസി മുയലുകളുടെ കാര്യവും ഇതേപോലെതന്നെ. 15,000 മുതൽ 45,000 രൂപ വരെ ജോടിക്കു വിലയുള്ളവയെയാണ് ഹിഷാം പരിപാലിക്കുന്നത്. ചെവി നീണ്ടു താഴേയ്ക്കു തൂങ്ങിയ ലോപ്, വെൽവെറ്റ് രോമരാജിയുള്ള റെക്സ്, കുള്ളൻ റാബിറ്റ്, നെതർലാൻഡ്സ് റാബിറ്റ്, അങ്കോറ എന്നി ങ്ങനെ വ്യത്യസ്ത ഇനങ്ങൾ. 80,000 രൂപ മുതൽ ഒരു ലക്ഷം വരെ ജോടിക്കു വിലയുള്ള മുയലുകൾ കൈവശമുള്ളവർ പല സംസ്ഥാനങ്ങളിലുമുണ്ടെന്നു ഹിഷാം. രോമഭംഗി തന്നെയാണ് മുയലുകളു ടെയും മൂല്യം നിർണയിക്കുന്ന മുഖ്യ ഘടകം.

hisham-pigmi-goat
മിനിയേച്ചർ സിൽക്കി ആട്

പെറ്റ്സ് ലോകത്ത് ആടിനുമുണ്ട് ആരാധകർ. അത്രയ്ക്കുണ്ട് മിനിയേച്ചർ സിൽക്കി ആടുകളുടെ അഴക്. നിലം മുട്ടുന്ന മുടിയഴക് എന്നു പറയും പോലെ നിലം തൊട്ടു നിൽക്കും കുള്ളൻ സിൽക്കി യുടെ രോമം. നാടൻ ആടുകൾ നാണിച്ചു പോകും സിൽക്കിക്കുഞ്ഞിന്റെ വില കേട്ടാൽ; 30,000 മുതൽ 40,000 രൂപവരെ. പറക്കും അണ്ണാൻ എന്നു വിളിക്കുന്ന ഷുഗർ ഗ്ലൈഡറും ഹാംസ്റ്ററും അസീൽ കോഴിയും അരുമകളുടെ കൂട്ടത്തിലെ മറ്റു കൗതുകങ്ങൾ.

പേർഷ്യൻ പൂച്ചകൾ

സാധാരണഗതിയിൽ 5000–7000 രൂപയാണ് നമ്മുടെ നാട്ടിൽ സാധാ പേർഷ്യൻ പൂച്ചകളുടെ വില നിലവാരം. എന്നാൽ കുഞ്ഞൊന്നിന് 50,000 രൂപ മുതൽ വിലയുള്ള എക്സോട്ടിക് പൂച്ചകളിലാണ് ഹിഷാമിനു കൗതുകം. മൂക്കാണ് പൂച്ച സൗന്ദര്യത്തിന്റെ മുഖ്യ മാനദണ്ഡം. നാടൻ പൂച്ചകളുടെ കൂർത്ത മൂക്കല്ല, മുഖത്ത് മൂക്കുണ്ടെന്നുപോലും തോന്നാത്തയിനങ്ങൾക്കാണ് ആരാധകർ. കണ്ണുകൾക്കിടയിൽ പതിഞ്ഞിരിക്കുന്നു ‘ബട്ടൻ നോസു’ള്ള പൂച്ചകളാണ് താരങ്ങൾ. പൂച്ചയ്ക്കു കേരളത്തിലിന്നു മികച്ച വിപണിയുണ്ട്. വളർത്തുപൂച്ചകളിലെ വലുപ്പം കൂടിയ ഇനമായ മെയ്ൻകൂൺ ഉൾപ്പെടെ കൂടുതൽ ഇനങ്ങളെ വാങ്ങാൻ ഹിഷാം ഒരുങ്ങുന്നതും അതുകൊണ്ടുതന്നെ.

hisham-sugar-glider
ഷുഗർ ഗ്ലൈഡറുകൾ

വിപണി ലക്ഷ്യമിട്ടു വളർത്തുന്ന പ്രധാനയിനങ്ങൾ ഇവയൊക്കെയാണെങ്കിലും ആടിന്റെ മാത്രം വലുപ്പമുള്ള കുള്ളൻ കുതിരയും ലക്ഷണമൊത്ത സവാരിക്കുതിരകളും ആഫ്രിക്കൻ ഗ്രേ പാരറ്റും ഇഗ്വാന ഓന്തും പോലെ വേറെയുമുണ്ട് ഹിഷാമിന്റെ അരുമകളായി. എക്സോട്ടിക് ഇനങ്ങൾക്കു പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ വില വരുമെങ്കിലും ഒന്നോ രണ്ടോ പ്രസവത്തിലൂടെ മുടക്കു മുതൽ കയ്യിലെത്തുമെന്നു ഹിഷാം. അതേസമയം വിദേശികളായ ഈ എക്സോട്ടിക് ഇനങ്ങൾ പലതും നമ്മുടെ കാലവസ്ഥയിൽ മദി കാണിക്കില്ല എന്ന പ്രശ്നമുണ്ട്. 

സമൂഹമാധ്യമങ്ങൾ വഴി തന്നെയാണ് വിപണന ബന്ധങ്ങൾ അത്രയും. വാട്സാപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം വിപണനത്തിനു തുണയാകും. ഹൈദരാബാദിലും പുണെയിലും ബെംഗളൂരുവിലുമുളള കച്ചവടക്കാർതന്നെ മുഖ്യ ആവശ്യക്കാർ. ചിത്രങ്ങളും വീഡിയോകളും കണ്ട് ഇഷ്ടപ്പെട്ടു വില പറഞ്ഞ് കച്ചവടം ഉറപ്പാക്കിയാൽ സുരക്ഷിതമായ കൂട്ടിലാക്കി രാത്രി ബസിൽ അയയ്ക്കുന്നു. 

ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയായ ഹിഷാമിന് കുടുംബ ബിസിനസിന്റെ ഭാഗമായി ഇടയ്ക്ക് ഏതാനും മാസങ്ങൾ ഖത്തറിൽ ചെലവിടേണ്ടി വരാറുണ്ട്. വിദേശത്തു താമസിക്കുമ്പൊഴും പക്ഷേ അരുമകൾക്കൊപ്പമാവും മനസ്സെന്നു ഹിഷാം.

ഫോൺ: 7559962694

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com