ADVERTISEMENT

കോഴിഫാമുകളിലെ പ്രധാന പ്രതിസന്ധികളിലൊന്നാണ്  ഇ കോളി ബാക്ടീരിയ. കോഴികളുടെ  പ്രതിരോധശേഷി കുറഞ്ഞാലോ അല്ലെങ്കിൽ കുടിക്കുന്ന വെള്ളത്തിൽ ഇ കോളി ബാക്ടീരിയകളുടെ അളവ് കൂടിയാലോ ഇവ അണുബാധയായി മാറുന്നു. സാധാരണഗതിയിൽ 90 ശതമാനവും വെള്ളത്തിലൂടെയാണ് ഇ കോളി അണുബാധ ഉണ്ടാകുന്നത്. ഫാമിലെ 90 ശതമാനം കോഴികളിലേക്കും ഇത് പകരും. അതുകൊണ്ടുതന്നെ മരണനിരക്ക് കൂടുതലാണ്. മരണം സംഭവിക്കാത്ത കോഴികൾ വളർച്ച മുരടിച്ചു വിൽപന ഭാരം എത്തുകയുമില്ല. അല്ലെങ്കിൽ തീറ്റപരിവർത്തനശേഷി ഗണ്യമായി  കുറയുകയും വളർച്ചയ്ക്ക് കൂടുതൽ തീറ്റ ആവശ്യമാകും.

എങ്ങനെ തടയാം?

വില കൂടിയ സോയ പ്രോട്ടീനേക്കാളും, ചോളത്തേക്കാളും, ഒരു കിലോക്ക് 31 രൂപ നൽകുന്ന സ്റ്റാർട്ടർ തീറ്റയേക്കാളും കോഴിക്ക് ആവശ്യം വെള്ളമാണ്. ഒരു ദിവസം കഴിക്കുന്ന തീറ്റയുടെ 2.5 ഇരട്ടി വെള്ളം കോഴികൾ കുടിക്കും, വേനൽകാലത്തു  മൂന്നിരട്ടിയും. അതുകൊണ്ട്, വെള്ളം പ്രധാനപ്പെട്ട പോഷകമായിത്തന്നെ കാണണം. വില കുറവായതുകൊണ്ട് വിലകുറച്ചു കാണരുത്. ഈ വെള്ളത്തിലൂടെയാണ് ഇ കോളി ബാക്ടീരിയകൾ കോഴികളിൽ പ്രവേശിക്കുന്നത്. അതുകൊണ്ട് അണുനശീകരണം നടത്തിയ ശുദ്ധമായ വെള്ളം മാത്രമേ കോഴികൾക്ക് നൽകാവൂ.

1. ഫാം തുടങ്ങുന്നതിനു മുമ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? 

  • ഫാം തുടങ്ങുന്നതിനു മുമ്പ് വെള്ളത്തിന്റെ ഘാഢതയും പിഎച്ചും (അമ്ല–ക്ഷാര ഗുണം) ജല അഥോറിറ്റിയുടെ ലാബിൽ പരിശോധിക്കണം. 600ന് മുകളിൽ ഘാഢതയും 9നു മുകളിൽ pHഉം ഉള്ള വെള്ളം ഫാം നടത്താൻ അനുയോജ്യമല്ല. കോഴികൾ ഉദ്ദേശിച്ച സമയത്ത് പൂർണ വളർച്ചയെത്തില്ല. ഇ കോളി അണുബാധയും കൂടുതലായിരിക്കും.

2. കോഴിക്കുഞ്ഞുങ്ങൾ ഇറക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒരു ബാച്ച് കഴിഞ്ഞ് അടുത്ത ബാച്ച് കോഴിയിറക്കുന്നതിനു മുമ്പ് വാട്ടർ ടാങ്കും പൈപ്പ്‌ലൈനിന്റെ അകവും വൃത്തിയാക്കണം. വാട്ടർ ടാങ്ക് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴുകുക.
  • പൈപ്പ്‌ലൈനിന്റെ ഉള്ളിൽ ബാക്ടീരിയ വഴുവഴുപ് (ബയോഫിലിം ) ഉണ്ടാക്കിയിട്ടുണ്ടാകും. ഇത് ബാക്ടീരിയകളുടെ കോളനികളാണ്. ഇതു നീക്കം ചെയ്യാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചാൽ മതി. പൈപ്പ് മുഴുവൻ അഴിച്ചെടുക്കേണ്ട ആവശ്യമില്ല.
  • 1000 ലീറ്ററിന്റെ ടാങ്കിൽ  200 ലീറ്റർ വെള്ളം എടുത്ത് അതിൽ 10 ലീറ്റർ( 5%) ഹൈഡ്രജൻ പെറോക്സൈഡ് ലായനി ചേർത്ത് എല്ലാ പൈപ്പ്‌ലൈനും തുറക്കുക. പൈപ്പ്‌ലൈന്റെ അവസാന ഭാഗം തുറന്നു വയ്ക്കുക. ഹൈഡ്രജൻ പെറോക്സൈഡ് അവസാനം വരെ എത്തി എന്ന് ഉറപ്പായാൽ ടാപ്‌വച്ച് അടയ്ക്കുക. ശേഷം 24 മണിക്കൂർ കാത്തിരിക്കുക. 24 മണിക്കൂറിനു ശേഷം ടാങ്കിൽ മുഴുവനോ പകുതിയോളമോ വെള്ളം നിറച്ച്  പൈപ്പ്‌ലൈനിന്റെ   അവസാനം ഭാഗം തുറന്നു വിടുക. പൈപ്പ്‌ലൈന്റെ അകത്തുള്ള എല്ലാ അഴുക്കും കൂടെ എല്ലാ ബാക്ടീരിയകളും, ഇ കോളി ബാക്ടീരിയകളും പുറത്തേക്ക് പോകും. ശേഷം നല്ല വെള്ളം കൊണ്ട് ഒരിക്കൽ കൂടി ഫ്ലഷ് ചെയ്യുക.
  • ഒരു ബാച്ച് കഴിഞ്ഞ് അടുത്ത ബാച്ചിന് മുമ്പ് വെള്ളപ്പാത്രം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു  കഴുകുക. ശേഷം അണുനാശിനി ലായനിയിൽ രണ്ടു മണിക്കൂറെങ്കിലും വെള്ളപ്പാത്രം മുക്കിവയ്ക്കുക. അണുനാശിനിയുടെ അളവ് ബോട്ടിലിനു പുറത്തെ കുറിപ്പു നോക്കിയോ ഡോക്ടറുമായി സംസാരിച്ചോ ഉറപ്പിക്കേണ്ടതാണ്. വെള്ളപാത്രം അഴിച്ചിട്ടു, വൃത്തിയാക്കി വീണ്ടും ഘടിപ്പിക്കുക. എങ്കിൽ മാത്രമേ ശുചീകരം കാര്യക്ഷമമാകുകയുള്ളൂ. 

3. കോഴിക്കുഞ്ഞുങ്ങൾ എത്തിയ ശേഷം ദിവസേന ചെയ്യേണ്ടത് 

  • അണുനശീകരം നടത്തിയ വെള്ളം മാത്രമേ കോഴികൾക്ക് കൊടുക്കാവൂ. ഇ കോളി ബാക്ടീയകളെ ഉദ്ദേശിച്ചിട്ടാണ് വെള്ളം ശുദ്ധീകരിക്കുന്നതും അണുനശീകരണം നടത്തുന്നതും. 
  • 1000 ലീറ്റർ വെള്ളത്തിന് 40 ഗ്രാം ബ്ലീച്ചിങ് പൗഡർ, അല്ലെങ്കിൽ 1 ക്ലോറിൻ ഗുളിക, അല്ലെങ്കിൽ മറ്റ് അണു നശീകരണ ലായനികളോ ഉപയോഗിക്കാം. എല്ലാ മരുന്നുകളിലും ബോട്ടിലിന്റെ മുകളിലെ കുറിപ്പ് നന്നായി വായിച്ചു മനസിലാക്കി മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ വെറ്റിനറി ഡോക്ടറുടെ സഹായം തേടുക.
  • എല്ലാ ദിവസവും രാവിലെ വെള്ളപ്പാത്രം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ചകിരിപോലെ പരുപരുത്ത എന്തെങ്കിലും കൊണ്ട് വൃത്തിയാക്കുക. വെള്ളപ്പത്രത്തിന്റെ മുകളിൽ വഴുവഴുപ് ഉണ്ടായിട്ടുങ്കിൽ അതു പോകുന്നതു വരെ വൃത്തിയാക്കണം.

4. മഴക്കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • ഇ കോളി ബാക്ടീരിയകളുടെ ആക്രമണം കൂടുതലുള്ളത് മഴക്കാലത്താണ്. മഴക്കാലത്ത് എല്ലാ ജലസ്രോതസുകളും മലിനമാകുന്നതു തന്നെ ഇതിനു കാരണം. അതുകൊണ്ട് വെള്ളത്തിൽ ബാക്ടീരിയകളുടെ അളവും കൂടും. അതിനാൽ നമ്മൾ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അണുനാശിനിയുടെ അളവ് വർധിപ്പിക്കണം. 40 ഗ്രാം ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നവർ 50-60 ഗ്രാമിലേക്കും, ആയിരം ലീറ്റർ വെള്ളത്തിന് ഒരു ഗുളിക ചേർക്കുന്നവർ 2 ഗുളികയിലേക്കും, 300 മില്ലി ആണുനാശിനി ലായനി ചേർക്കുന്നവർ 450-500 മില്ലിയിലേക്കും അളവ് വർധിപ്പിക്കുക. അളവ് തീരുമാനിക്കുന്നതിനു മുമ്പ് വെറ്റിനറി  ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.
  • എന്തെങ്കിലും കാരണവശാൽ  ഫാമിനകത്തു ലിറ്ററിലേക്ക് വെള്ളം വീണിട്ടുണ്ടെങ്കിൽ ഉടൻ തന്നെ നനഞ്ഞ ചക്കിരിച്ചോർ മാറ്റി പുതിയത് വിരിക്കേണ്ടതാണ്. തറയിലുള്ള വെള്ളം കോഴി കുടിക്കാൻ കാരണമായാൽ ഇ കോളി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.

5. സ്ഥിരമായി ചെയ്യേണ്ട പരിശോധനകൾ

  • വർഷത്തിലൊരിക്കൽ വെള്ളത്തിന്റെ ഘാഢതയും പിഎച്ചും ജല അഥോറിറ്റിയുടെ ലാബിൽ നിർബന്ധമായും പരിശോധിക്കുക. 
  • 6 മാസത്തിലൊരിക്കൽ അണുനാശിനി ഉപയോഗിച്ച വെള്ളത്തിലെ മൊത്തം ബാക്ടീരിയയുടെയും ഇ കോളിയുടെയും അളവ് മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ പരിശോധിക്കുക. ഉപയോകിക്കുന്ന അണുനാശിനിയുടെ പ്രവർത്തനക്ഷമത അറിയാൻ വേണ്ടിയാണിത്.
  • വെള്ളത്തിന്റെ കൃത്യമായ അണു നശീകരണവും വാട്ടർ ടാങ്കും പൈപ്പ്‌ലൈനും കൃത്യമായി വൃത്തിയാക്കുന്നതും വഴി ഇ കോളി തടയാനും ശുദ്ധമായ വെള്ളം കോഴികൾക്ക് നൽകാനും കഴിയുന്നു. 

കൂടാതെ കൃത്യമായ പരിശോധനകളും, വെറ്റിനറി  ഉപദേശങ്ങളും കൂടിയായാൽ ഫാമിൽനിന്ന് ഇ കോളി അണുബാധ പൂർണമായി ഒഴിവാക്കാവുന്നതാണ്.

English summary:  Prevent E. coli in poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com