ക്ഷീരസമ്പത്തിന് ഷിസ്റ്റോസോം ഭീഷണി, മുൻകരുതൽ വേണം

HIGHLIGHTS
  • ഷിസ്റ്റോസോം വിരകൾ പശുക്കളിൽ കയറിക്കൂടുന്നതെങ്ങനെ?
  • എങ്ങനെ തിരിച്ചറിയാം?
cow
SHARE

വിളര്‍ച്ച, ദഹനമടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റല്‍, പോഷക ലഭ്യതയും ആഗിരണവും തടസപ്പെടുത്തല്‍, പാലിന്‍റെ ഗുണമേന്മയിലും ഉല്‍പ്പാദനത്തിലുമുള്ള കുറവ്, പശുക്കളുടെ അകാല മരണം എന്നിങ്ങനെ ആന്തരിക പരാദബാധ മൂലം പശുക്കള്‍ക്കും ക്ഷീരമേഖലയ്ക്കുമുണ്ടാവുന്ന കഷ്ടനഷ്ടങ്ങളുടെ പട്ടിക നീണ്ടതാണ്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളിലെ രോഗങ്ങളില്‍ 35 ശതമാനവും പരാദബാധയുമായി ബന്ധപ്പെട്ടതാണ്. നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ തുടങ്ങി പശുക്കളുടെ ശരീരത്തിനുള്ളില്‍ കടന്നുകയറുന്ന പരാദങ്ങള്‍ ഏറെയുണ്ട്. കേരളത്തിൽ പശുക്കളെ ബാധിക്കുന്ന പത്രവിരകളിൽ (Flat worm) പ്രധാനം പണ്ടപ്പുഴുക്കളും (Amphistome) കരൾകൃമികളും (Fasciola) രക്തക്കുഴൽ വിരകൾ എന്നറിയപ്പെടുന്ന ഷിസ്റ്റോസോം (Schistosomiasis) പരാദങ്ങളുമാണ്. കേരളത്തിലെ തീരമേഖലകളിലും തണ്ണീർതടങ്ങളോടും വയലുകളോടും ചേർന്ന പ്രദേശങ്ങളിലും കന്നുകാലികളിൽ കണ്ടുവരുന്ന വിരബാധകളിൽ പ്രധാനമാണ് ഷിസ്റ്റോസോം വിരകൾ. ദഹനവ്യൂഹത്തിലെയും നാസാരന്ധ്രങ്ങളിലെയും രക്തക്കുഴലുകളിലാണ് ഷിസ്റ്റോസോം വിരകൾ വാസമുറപ്പിക്കുക. കർഷകർക്ക് ഈ രക്തക്കുഴൽ പത്രവിരകളെ കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതും ചാണക പരിശോധന വഴി കണ്ടെത്താൻ ബുദ്ധിമുട്ടായതും കാരണം പലപ്പോഴും ഷിസ്റ്റോസോം വിരബാധ തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്.

ഷിസ്റ്റോസോം വിരകൾ പശുക്കളിൽ കയറിക്കൂടുന്നതെങ്ങനെ?

ഷിസ്റ്റോസോം വിരകൾ ബാധിച്ച പശുക്കൾ ചാണകത്തിലൂടെ വിരയുടെ മുട്ടകൾ പുറന്തള്ളും. ഈ മുട്ടകൾ ഈർപ്പമുള്ള മണ്ണിലും വെള്ളക്കെട്ടുകളിലും വച്ച് വിരിഞ്ഞ് വിരയുടെ ലാർവകൾ പുറത്തിറങ്ങും. മിറാസീഡിയം എന്നാണ് ഈ വിരക്കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്. ഇങ്ങനെ വിരിഞ്ഞിറങ്ങുന്ന ലാർവകൾ വെള്ളകെട്ടിലും ചെളി നിറഞ്ഞ പാടത്തുമെല്ലാം കാണുന്ന ഒച്ചുകളുടെ ശരീരത്തിൽ തുളച്ച് കയറും. കാരണം ലാർവകൾക്ക് ഇനി വളർച്ച പ്രാപിക്കണമെങ്കിൽ ഒച്ചുകളുടെ ശരീരത്തിൽ കടന്നുകയറിയേ പറ്റൂ, അതാണ് പ്രകൃതിനിയമം. ഒരുമാസത്തോളം നീളുന്ന വളർച്ചക്ക് ശേഷം ക്രമേണ ഒച്ചുകളിൽനിന്നു ലാർവകൾ പുറത്തിറങ്ങും. ഇങ്ങനെ ഒച്ചുകളിൽനിന്നു പുറത്തെത്തുന്ന പൂർണവളർച്ചയെത്താത്ത ലാർവകൾ ശാസ്ത്രീയമായി അറിയപ്പെടുന്നത് സെർക്കാരിയം എന്നാണ്.

വെള്ളക്കെട്ടുകളും ചെളി നിറഞ്ഞ ചതുപ്പുകളുമാണ് സെർക്കാരിയം ലാർവകളുടെ ഇഷ്ടകേന്ദ്രം. വിരയുടെ ലാർവകൾ നിറഞ്ഞ ചതുപ്പുകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുമ്പോഴാണ് പശുക്കൾക്ക് രോഗബാധയേൽക്കുക. പശുക്കളുടെ ചർമ്മവും ശ്ലേഷ്മസ്തരങ്ങളും തുളച്ചാണ് ഈ ലാർവകൾ പശുക്കൾക്കുള്ളിൽ കടന്നുകയറുക. ലാർവകൾ നിറഞ്ഞ വെള്ളം കുടിയ്ക്കുന്നത് വഴിയും രോഗബാധയേൽക്കാം. പശുക്കളുടെ ശരീരത്തിൽ എത്തുന്ന ലാർവകൾ ദഹനവ്യൂഹത്തിലെയും നാസരന്ധ്രങ്ങളിലെയും രക്തക്കുഴലുകളിലേക്ക് കടന്ന് കയറും. രക്തക്കുഴലുകളിൽ നിന്ന് നേരിട്ട് വേണ്ടുവോളം രക്തം കുടിച്ച് വളരുന്ന ലാർവകൾ ക്രമേണ മുതിർന്ന വിരകളായി മാറും. രക്തക്കുഴലുകളിൽ വച്ച് തന്നെ വിരകൾ ഇണചേർന്ന് പ്രത്യുൽപാദനം നടത്തി   പെൺവിരകൾ മുട്ടകൾ പുറന്തള്ളുകയും അവ പശുക്കളുടെ ചാണകം വഴിയും മൂക്കിൽനിന്നുള്ള സ്രവങ്ങൾ വഴിയും പുറത്തെത്തുകയും ചെയ്യും.

ലക്ഷണങ്ങൾ എന്തെല്ലാം?

ആമാശയഭിത്തിയോടും കുടലിനോടും കരളിനോടും ചേർന്ന രക്തക്കുഴലുകളിൽ വളരുന്ന ഷിസ്റ്റോംസോം വിരകളും അവ പുറന്തള്ളുന്ന മുട്ടകളും ക്രമേണ രക്തക്കുഴലുകളുടെ സ്വാഭാവിക പ്രവർത്തനം തകരാറിലാക്കും. മാത്രമല്ല കുടൽ, ആമാശയഭിത്തികൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യും. കരളിനോട് ചേർന്ന പോർട്ടൽ സിരകളിൽ വാസമുറപ്പിക്കുന്ന വിരകളും അവ പുറന്തള്ളുന്ന മുട്ടകളും കരളിൽ മുഴകൾ ഉണ്ടാക്കുകയും കരളിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇതെല്ലാം സ്വാഭാവിക ദഹനപ്രവർത്തനങ്ങളെ താളംതെറ്റിക്കും. അതോടെ തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള ഉദരകമ്പനം, ഇടവിട്ടുള്ള  രക്തവും കഫവും കലർന്ന വയറിളക്കം, മെലിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങൾ പശു പ്രകടിപ്പിക്കും. വിളര്‍ച്ച, ക്ഷീണം, രോമം കൊഴിച്ചില്‍, വളർച്ചാ മുരടിപ്പ് എന്നിവയാണ് ഷിസ്റ്റോസോം വിരബാധയുടെ മറ്റ് ലക്ഷണങ്ങൾ.

വിരകൾ മൂക്കിലെ ശ്ലേഷ്മസ്തരങ്ങളോട് ചേർന്ന രക്തക്കുഴലുകളെ ബാധിക്കുന്ന സാഹചര്യത്തിൽ മൂക്കിനോട് ചേർന്ന് വ്രണം, ശ്വാസനതടസം, ശ്വസിക്കുമ്പോൾ പ്രത്യേക ശബ്ദം, മൂക്കിൽനിന്ന് കൊഴുത്ത് ദുർഗന്ധത്തോട് കൂടിയുള്ള സ്രവം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. പാലുല്‍പ്പാദനം ഗണ്യമായി കുറയുന്നതിനും, മദിലക്ഷണങ്ങള്‍ കാണിക്കാതിരിക്കല്‍ അടക്കമുള്ള പ്രത്യുല്‍പ്പാദന പ്രശ്നങ്ങള്‍ക്കും, വളര്‍ച്ചാ നിരക്ക് കുറയുന്നതിനും, അകാല മരണത്തിനും നീണ്ട് നിൽക്കുന്ന ഷിസ്റ്റോസോം വിരബാധ വഴിയൊരുക്കും.

എങ്ങനെ തിരിച്ചറിയാം?

ചാണകപരിശോധന വിരബാധ തിരിച്ചറിയാൻ പ്രയോജനപ്പെടുത്താമെങ്കിലും പൂർണമായും ഫലപദമാവണമെന്നില്ല. വിരകൾ പൂർണ വളർച്ചയെത്താൻ സമയം എടുക്കുമെന്നതിനാൽ രോഗബാധയുടെ തുടക്കത്തിൽ ചാണകത്തിൽ വിരയുടെ മുട്ടകൾ ഉണ്ടാവില്ല. എന്നാൽ പശു രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ മുൻപ് സൂചിപ്പിച്ച ലക്ഷണങ്ങളെ തന്നെയാണ് ഷിസ്റ്റോസോം ബാധ തിരിച്ചറിയാൻ കർഷകർക്ക് ആശ്രയിക്കാവുന്നത്. നീണ്ട് നിൽക്കുന്ന രോഗാവസ്ഥയിൽ ചാണക പരിശോധന വഴി വിരബാധ തിരിച്ചറിയാൻ സാധിക്കും. മൂക്കിലെ രക്തക്കുഴലുകളെ ബാധിക്കുകയും മൂക്കിനോട് ചേർന്ന് വ്രണം‌, മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ച് വിര നിർണയം നടത്താം.

ഷിസ്റ്റോസോം വിരയെ നിയന്ത്രിക്കാൻ

  • ലക്ഷണങ്ങളിൽ ഏതെങ്കിലും വഴി ഷിസ്റ്റോസോം ബാധ സംശയിക്കുകയാണങ്കിൽ ചികിത്സയ്ക്കും മാർഗനിർദേശങ്ങൾക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചാണക പരിശോധനയും നടത്താം. സാധാരണ മറ്റ് വിരകളെ തടയാൻ നൽകുന്ന മരുന്നുകൾ ഷിസ്റ്റോംസോം വിരകൾക്കെതിരെ ഫലിക്കില്ല. ട്രൈക്ലാബെൻഡസോൾ, പ്രാസിക്വാന്റൽ, ഓക്സിക്ലോസനൈഡ്, ആന്റിയോമാലിൻ തുടങ്ങിയ മരുന്നുകളാണ് ഈ പത്രവിരകൾക്കും അവയുടെ ലാർവകൾക്കെതിരെയും ഏറ്റവും ഫലപ്രദം.
  • വയലുകളോടും വെള്ളക്കെട്ടുകളോടും ചേർന്ന് മേയാൻ വിട്ട് വളർത്തുന്ന പശുക്കളെ വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും ഇറങ്ങാൻ അനുവദിക്കരുത്. വെള്ളകെട്ടുകളിൽ ഷിസ്റ്റോസോം വിരകളുടെ ലാർവകളുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
  • വയലുകളിൽ മേയാൻ വിടുന്നതും, വയലിനോടും വെള്ളക്കെട്ടുകളോടും ചേർന്ന് വളരുന്ന പുല്ല് സ്ഥിരമായി നൽകുന്നതുമായ പശുക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ മുൻകരുതൽ എന്ന നിലയിൽ ഷിസ്റ്റോസോം അടക്കമുള്ള പത്ര വിരകളെ തടയുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകാവുന്നതാണ്.
  • ഫാമിൽ മൂന്ന് മാസത്തെ ഇടവേളകളിൽ ചാണക പരിശോധന നടത്തണം. വിരബാധയ്‌ക്കെതിരെ പശുക്കള്‍ക്കും കിടാക്കള്‍ക്കും കിടാരികള്‍ക്കും ഒരേ സമയം മരുന്നുകൾ നല്‍കാൻ ശ്രദ്ധിക്കണം.
  • ഷിസ്റ്റോസോം വിരകളുടെ മധ്യവാഹകരായ ഒച്ചുകളുടെ നിയന്ത്രണമാണ് രോഗം തടയാനുള്ള മറ്റൊരു മാർഗം. എന്നാൽ വലിയ പാടശേഖരങ്ങളിലും വെള്ളക്കെട്ടുകളോട് ചേർന്നുമെല്ലാം കാണപ്പെടുന്ന ഒച്ചുകളെ പൂർണമായും നിയന്ത്രിക്കുക എന്നത് പലപ്പോഴും പ്രായോഗികമാവണമെന്നില്ല. ഈ സാഹചര്യത്തിൽ ഒച്ചുകളുടെ സാന്നിധ്യം ഏറെയുള്ള പ്രദേശത്ത് പശുക്കളെ മേയാൻ വിടാതിരിക്കുക എന്നതാണ് കർഷകർക്ക് സ്വീകരിക്കാവുന്ന മാർഗം. ഒപ്പം ഇവിടെ നിന്നുള്ള തീറ്റപ്പുല്ലും പരമാവധി ഒഴിവാക്കണം.
  • ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കാനും മുൻകരുതൽ എന്ന നിലയിൽ ആന്തര പരാദങ്ങൾക്കെതിരെ പ്രതിരോധിക്കുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകാനും മറക്കരുത്. ഒരാഴ്ചത്തെ ഇടവേളകളിൽ വിരകളെ പ്രതിരോധിക്കുന്ന രണ്ട് തരത്തിലുള്ള മരുന്നുകൾ നൽകാം. ഉദാഹരണമായി അന്തരവിരകൾക്കെതിരെ പൊതുവായി നൽകാവുന്ന ഫെൻബൻഡസോൾ എന്ന മരുന്ന് ആദ്യം നൽകി പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പത്ര വിരകളെ തടയുന്ന ഒക്സിക്ലോസനൈഡ് മരുന്നുകൾ നൽകാം.
  • പുതുതായി ഫാമിലേക്ക് എത്തുന്ന പശുക്കളുടെ ചാണക പരിശോധന നടത്തുന്നതും ഉചിതമാണ്. ചാണകത്തിൽ വിരയുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.

English summary: Treatment for internal worms in Cattle

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA