ബാഹ്യലക്ഷണങ്ങളിൽ പശുവിന്റെ ഗർഭം ഉറപ്പിക്കരുത്; കർഷകന് നഷ്ടമായത് 45,000 രൂപ

HIGHLIGHTS
  • കൃത്രിമ ബീജാധാനത്തിനു ശേഷം മുപ്പതാം ദിവസം ഈ ടെസ്റ്റ് നടത്താം
  • 99% കൃത്യത, ലളിതമായ പ്രക്രിയ, കുറഞ്ഞ സമയത്തിനുളിൽ ഫലം അറിയൽ
cow-1
അഡ്വ. ഉണ്ണി ജെ. വാര്യത്ത് പശുവിനൊപ്പം
SHARE

കാലം പിന്നിടുമ്പോൾ ശാസ്ത്രലോകവും അതിനോടൊപ്പം മത്സരിച്ച് മുന്നേറുകയാണ്. നൂതനമായ പല സാങ്കേതികവിദ്യകളും ഇന്ന് പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്നു. മൃഗസംരക്ഷണ മേഖലയില ഗവേഷണരംഗത്തും ഒട്ടേറെ പരീക്ഷണങ്ങൾ നടന്നു വരികയാണ്. എന്നാൽ, ഇവ പലപ്പോഴും യഥാസമയം കർഷകരിലേക്ക് എത്തപ്പെടുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. നൂതനമായ അറിവുകൾ കർഷകർക്കിടയിൽ പ്രചരിപ്പിക്കാത്തത് മൂലം നഷ്ടം ഉണ്ടാവുന്നതും കർഷകന് തന്നെ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായ അഡ്വ. ഉണ്ണി ജെ. വാര്യത്ത് ഒരു ക്ഷീരകർഷകൻ കൂടിയാണ്. രണ്ട് പശുക്കൾ അദ്ദേഹത്തിനുണ്ട്. സങ്കര ഇനത്തിൽപ്പെട്ട പശു പ്രസവിച്ചിട്ട് ഏതാണ്ട് ഒന്നേകാൽ വർഷം കഴിഞ്ഞിരിക്കുന്നു. യഥാസമയം മദി തിരിച്ചറിഞ്ഞ് കൃത്രിമ ബീജാധാനം നടത്തുകയും ചെയ്തു. കേരളത്തിലെ സാഹചര്യങ്ങളിൽ പശുക്കൾ ഗർഭം ധരിക്കുന്നതിന് ശരാശരി 3 കുത്തിവയ്പുകൾ വരെ വേണ്ടി വരുന്നുണ്ട്. ബീജാധാനത്തിന് ശേഷം ഗർഭം ഉണ്ടെന്ന വിശ്വാസത്തിൽ 5 മാസം വരെ നിർത്തി. സംശയം തോന്നിയതിനാൽ ഗർഭപരിശോധന നടത്തി ഫലം നെഗറ്റീവ്. പശുവിന് ചെന ഇല്ല എന്ന് കണ്ടെത്തി. നാട്ടുനടപ്പനുസരിച്ച് ഉടൻ പശുക്കളെ വിൽക്കുകയാണ് പതിവ്. പക്ഷേ ഒരു വട്ടം കൂടി പരീക്ഷിക്കാൻ  ഉണ്ണി തയാറായി. പശുവിന് വേണ്ട ചികിത്സ നടത്തി വീണ്ടും ബീജാധാനത്തിന് വിധേയമാക്കി. എത്രയും വേഗം ഇതിന് ചെനയുണ്ടോ എന്ന് തീർച്ചയാക്കണം. എന്തെങ്കിലും വഴി ഉണ്ടോ എന്ന് ചോദിച്ചാണ് അദ്ദേഹം എന്നെ വിളിച്ചത്. 30 ദിവസം കഴിയുമ്പോൾ രക്ത പരിശോധനയിലൂടെ ഗർഭനിർണയം നടത്താമെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഇതിന് കേവലം 300 രൂപ മാത്രമേ ചെലവ് ഉള്ളു. 99% കൃത്യത, ലളിതമായ പ്രക്രിയ, കുറഞ്ഞ സമയത്തിനുളിൽ ഫലം അറിയൽ എന്നിവ ഈ ടെസ്റ്റിന്റെ പ്രത്യേകതകളാണ്.

കൃത്രിമ ബീജാധാനത്തിനു ശേഷം മുപ്പതാം ദിവസം ഈ ടെസ്റ്റ് നടത്താം. ഗർഭമുള്ള പശുക്കളുടെ മറുപിള്ള ഉൽപാദിപ്പിക്കുന്ന ഗ്ലൈക്കോ പ്രോട്ടീൻ 1 അഥവാ bPAG ഒന്ന് എന്ന ഘടകത്തിന്റെ സാന്നിധ്യം പരിശോധിച്ചാണ് ഗർഭ നിർണയം നടത്തുന്നത്. ബീജധാന ശേഷം മുപ്പതാം ദിവസം രക്തസാമ്പിളുകൾ ശേഖരിച്ച് ലാബോറട്ടറി പരിശോധന നടത്തിയാണ് ഗർഭം സ്ഥിരീകരിക്കുന്നത്.

ബാഹ്യ ലക്ഷണങ്ങൾ കണ്ട് ചെന ഉണ്ടെന്ന പ്രതീക്ഷയിൽ പശു മാസം തികഞ്ഞിട്ടും പ്രസവിക്കാതെ ആയപ്പോൾ ഡോക്റെ വിളിച്ച പല കർഷകരുമുണ്ട്. ചെന ഇല്ലാത്തതിനാൽ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. ഉണ്ണി ജെ. വാര്യത്തിന് ഇപ്രകാരം 45,000 രൂപയുടെ നഷ്ടമാണുണ്ടായത്. പല തവണ കുത്തിവച്ച പശു ചിലപ്പോൾ ചെന പിടിച്ചിട്ടുണ്ടാവും. ഇത് തീർച്ചപ്പെടുത്താതെ ബാഹ്യ ലക്ഷണങ്ങൾ നോക്കി ചെന ഇല്ലെന്ന് തീരുമാനിക്കുകയും, കുറഞ്ഞ വിലയ്ക്ക് കച്ചവടക്കാർക്ക് വിറ്റ് ഒഴിവാക്കുന്നതും സാധാരണമാണ്. മിക്കപ്പോഴും നല്ല വംശഗുണമുള്ള പശുക്കൾ ആയിരിക്കും ഇവകൾ. ഗർഭമുള്ള പശുക്കൾ അറവുശാലയിൽ എത്തി കശാപ്പിനിരയാവുന്നതും അപൂർവമല്ല. മൃഗസമ്പത്ത് വർധിപ്പിക്കാൻ ഭീമമായ തുകയാണ് സർക്കാർ ചെലവഴിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നും നൂറുകണക്കിന് കറവപ്പശുക്കൾ ദിവസേന കേരളത്തിലേക്കു വണ്ടി കയറുന്നുമുണ്ട്. ഇവിടെ പ്രസവിച്ച് വളർന്നു വരുന്ന കിടാക്കളുമുണ്ട്. ഇതെല്ലാം കൂടി ചേർന്ന് കേരളത്തിലെ കറവപ്പശുക്കളുടെ എണ്ണം വലിയ തോതിൽ വർധിക്കേണ്ടതായിരുന്നു. പക്ഷേ പശുക്കളുടെ പ്രത്യുൽപ്പാദനരംഗത്ത് വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിനാൽ കർഷകന് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു എന്ന് മാത്രമല്ല കേരളത്തിന്റെ കാലിസമ്പത്ത് അഭിവൃദ്ധിപ്പെടുന്നതിന് ഇത് തടസമാവുകയും ചെയ്യുന്നു.

English summary: Pregnancy Testing Cattle to Save Money

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA