ADVERTISEMENT

‘ഡോക്ടറെ, ഉടനെ എന്‍റെ വീട്ടിലേക്കൊനെത്താമോ? ആകെ പ്രശ്നമായി.’ പരവേശത്തോടെ ഫോണ്‍ വിളിച്ചത് നാട്ടിലെ പുതിയ ക്ഷീരകര്‍ഷകരില്‍  ഒരാളായ ബേബിക്കുട്ടനായിരുന്നു. പ്രവാസം ഉപേക്ഷിച്ചെത്തി ഉള്ള സമ്പാദ്യമൊക്കെ ചേര്‍ത്ത് പശുവളര്‍ത്തല്‍ തുടങ്ങിയ വ്യക്തിയാണ്. ക്ഷീരമേഖലയിൽ തുടക്കക്കാരനായതിന്റെ ചില പരിമിതികൾ ഒക്കെയുണ്ട്. എങ്കിലും ബേബിക്കുട്ടന്‍ കഠിനാധ്വാനിയാണ്.  ‘എന്താ ബേബി പറ്റിയത് ? ’ ചോദ്യത്തിന് മറുതലയ്ക്കല്‍നിന്ന് വിശദമായിത്തന്നെ മറുപടിയെത്തി.

‘ഡോക്ടര്‍ക്കറിയില്ലേ, ഒരഞ്ച് അഞ്ചര മാസം മുമ്പ് ഞാന്‍ വാങ്ങിയ ജേഴ്‌സി പശുവിനെ, വാങ്ങുമ്പോൾ അവള്‍ 4 മാസം ഗർഭിണിയായിരുന്നു. ഡോക്ടറാണ് വന്ന് പരിശോധിച്ചത്. അവളിന്ന് രാവിലെയാണ് പ്രസവിച്ചത്. ഒരു കുഴപ്പവുമില്ലാതെ നല്ല സുഖപ്രസവമായിരുന്നു. നല്ലൊരു പശുക്കിടാവ്. കിടാവിനെ ഞാൻ നന്നായി കന്നിപ്പാൽ ഒക്കെ കുടിപ്പിച്ചു, കറന്നെടുത്ത് കുടിപ്പിക്കുകയാണ്‌ ചെയ്തത്. പക്ഷേ പ്രസവം കഴിഞ്ഞ് ഒരു രണ്ട് രണ്ടര മണിക്കൂര്‍ പശുവിനാകെ ഒരു പരവേശം തുടങ്ങി. കാലിനൊക്കെ ഒരു വിറയലും ഒരു തളര്‍ച്ചയുമൊക്കെ. അത് കഴിഞ്ഞ് പിന്നെ കിടന്നതാ. ഇതിപ്പോ ഉച്ചയായിട്ടും എഴുന്നേറ്റിട്ടില്ല. ഇപ്പോ ഒരു വശം ചരിഞ്ഞ് കഴുത്തൊക്കെ മുതുകിലേക്ക് വളച്ചാണ് കിടത്തം. മൂക്ക് ഒക്കെ വരണ്ടിരിക്കുന്നു, വയർ ചെറുതായി വീർത്തിട്ടുമുണ്ട്, ചാണകം മൂത്രവും ഒന്നും ഇട്ടിട്ടില്ല, വെള്ളം പോലും കുടിക്കുന്നില്ല. ഡോക്ടര്‍ ഉടനെയെത്താമോ?’ ഒരൊറ്റ ശ്വാസത്തിലായിരുന്നു ബേബി  സംഭവം പറഞ്ഞത്. ‘ബേബി,  പേടിക്കണ്ട, ഇത് കറവപ്പശുക്കളിലെ ക്ഷീരസന്നിയെന്ന അവസ്ഥയാണ്. കാത്സ്യം കുറഞ്ഞതാണ് കാരണം’ ഞാൻ ഉടനെയങ്ങെത്താം. ആ ക്ഷീരകര്‍ഷകനെ സമാധാനിപ്പിച്ച് ഫോണ്‍ വെച്ചു.

ഒട്ടും സമയം കളയാതെ ആ ക്ഷീരകര്‍ഷകസുഹൃത്തിന്റെ വീട്ടിലെത്തി. പശുവിന്‍റെ  കഴുത്തിലെ സിരയിലേക്ക് ഒരു കുപ്പി കാത്സ്യം അടങ്ങിയ ലായനി കയറ്റിയതോടെ പത്ത് മിനിറ്റിനകം പശു ആരോഗ്യം വീണ്ടെടുത്തു. ചാണകവും ഇട്ടു. മൂത്രം ഒഴിച്ചു. ഒപ്പം എഴുന്നേല്‍ക്കാനായി ഒന്ന് പ്രോത്സാഹിപ്പിച്ചപ്പോള്‍  പശു എഴുന്നേല്‍ക്കുകയും അടുത്തു നിന്ന കിടാവിനെ സ്നേഹത്തോടെ നക്കിത്തുടയ്ക്കുകയും ചെയ്തു. പശു ആരോഗ്യവതിയായതോടെ  ബേബിക്കുട്ടനും സന്തോഷവാനായി. ‘എന്‍റെ ഡോക്ടര്‍ സാറെ, എനിക്ക്  ഇതുവരെ പിടികിട്ടാത്തത് ഇവള്‍ക്കെങ്ങനെ കാത്സ്യം കുറഞ്ഞെന്നാണ്. ചെന ആറാം മാസത്തിലെത്തിയപ്പോ തുടങ്ങിയതാ കാത്സ്യപ്പൊടി കൊടുക്കാന്‍, വറ്റുകാലം മുതൽ അതുവരെ കൊടുത്തതിനേക്കാള്‍ അളവ് അല്‍പ്പം കൂട്ടിയാണ്  കാത്സ്യപ്പൊടി കൊടുത്തത്. എന്നിട്ടും ഇവള്‍ക്കെങ്ങനെയാ കാത്സ്യം കുറഞ്ഞത്?’ പശു എഴുന്നേറ്റതോടെ  ഇതായിരുന്നു ബേബിക്കുട്ടന്‍റെ സംശയം. ‘ബേബി, കാത്സ്യം കുറഞ്ഞ് വീണതിന്റെ കാരണം തേടി തലപുകയ്ക്കണ്ട, വറ്റുകാലം മുതല്‍ ഈ പശുവിന് വയറുനിറയെ നിത്യവും കാത്സ്യം കൊടുത്തത് തന്നെയാണ് ഇപ്പോള്‍ പ്രസവം കഴിഞ്ഞ ഉടൻ പശു കുഴഞ്ഞുവീണതിന്‍റെ പ്രധാന  കാരണം.’ 

‘അതെങ്ങനെ?’  ബേബിക്കുട്ടന്‍ ഒരു പുതിയ ക്ഷീരകര്‍ഷകന്‍റെ സകലകൗതുകത്തോടും  കൂടി ചോദിച്ചു. 

‘അതല്‍പ്പം സങ്കീര്‍ണ്ണമായ കാര്യമാണ്. മുഴുവന്‍ ഹോര്‍മോണുകളുടെ കളിയാണ്. ശരീരത്തിനാവശ്യമായ കാത്സ്യം രക്തത്തില്‍ ശരിയായ മാത്രയില്‍  നിലനിര്‍ത്തുന്നത് പാരാതൈറോയ്ഡ് എന്ന ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന പാരതൊര്‍മോണ്‍ എന്ന ഹോര്‍മോണാണ്. പാലുൽപാദനത്തിന്‍റെ സമയത്ത്  അധിക അളവില്‍ കാത്സ്യം ശരീരത്തില്‍നിന്ന് പാലിലൂടെ വാര്‍ന്ന് പോകുമ്പോള്‍ ഈ ഹോർമോൺ  പ്രവര്‍ത്തനസജ്ജമാവും. കാത്സ്യത്തിന്റെ സംഭരണികളായ എല്ലുകളില്‍നിന്ന് രക്തത്തിലേക്ക് കാത്സ്യത്തിന്‍റെ ഉത്സര്‍ജ്ജനം ത്വരിതപ്പെടുത്തുകയാണ് പാരതൊര്‍മോണ്‍ ഹോര്‍മോണ്‍ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനം. ഉപാപചയപ്രവർത്തനങ്ങൾക്ക് ഏറെ പ്രധാനമായ കാത്സ്യത്തിന്റെ അളവ്  രക്തത്തിൽ കുറയാതെ നിലനിർത്താൻ ഈ ഹോർമോൺ പ്രവർത്തനം വഴി കഴിയുന്നു. ബേബിക്കുട്ടന് മനസിലാവുന്നുണ്ടോ?’.   

‘ഉണ്ട് ഡോക്ടറെ. ഈ ഹോര്‍മോണും ഞാന്‍ പശുവിന് വറ്റുകാലത്ത് കാത്സ്യം കൊടുത്തതും ഇപ്പോള്‍ പശു കാത്സ്യം കുറഞ്ഞ്  വീണതും തമ്മില്‍ എന്താണ് ബന്ധം ?’- ബേബിക്കുട്ടന്‍റെ ചോദ്യം. 

‘അതിനും കാരണമുണ്ട്. വറ്റുകാലത്ത് അഥവാ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ അവസാനത്തെ രണ്ട് മാസങ്ങളില്‍ പശുക്കള്‍ക്ക് ധാരാളമായി കാത്സ്യം അടങ്ങിയ  മിശ്രിതങ്ങള്‍, കൃത്യമായി പറഞ്ഞാൽ ദിവസം നൂറ് ഗ്രാമിലും അധികം കാത്സ്യം നല്‍കിയാല്‍ പശുവിന്‍റെ രക്തത്തില്‍ സ്വാഭാവികമായും കാത്സ്യത്തിന്‍റെ തോതുയരും.  ശരീരത്തില്‍  കാത്സ്യത്തിന്റെ അളവ് കുറയുമ്പോൾ പ്രവർത്തനസജ്ജമായി പാരതൊര്‍മോണ്‍  ഹോർമോൺ ഉൽപാദിപ്പിക്കുന്ന പാരതൈറോയ്ഡ് ഗ്രന്ഥി താല്‍ക്കാലികമായി നിര്‍ജ്ജീവമാകുന്നതാണ് ഇതിന്‍റെ അനന്തരഫലം. അതോടെ  പാലുൽപാദനവേളയിൽ ശരീരത്തിൽ നിന്നും അധിക അളവിൽ കാത്സ്യം വാർന്നുപോകുമ്പോൾ എല്ലുകളിൽനിന്നു കാത്സ്യം പുറന്തള്ളി രക്തത്തിൽ കാത്സ്യത്തിന്റെ തുലനനില ശരീരത്തിൽ നിലനിർത്താൻ പശുവിന് കഴിയാതെ വരും. ഒരു ലീറ്റർ പാൽ ചുരത്തുമ്പോൾ അതിനൊപ്പം രണ്ട്‌ ഗ്രാം വീതം കാത്സ്യവും പുറത്തുപോവുമെന്നാണ് കണക്ക്. പത്തു ലീറ്റർ പാൽ ചുരത്തിയാൽ രക്തത്തിലെ ഏകദേശം മുഴുവൻ അളവ് കാത്സ്യവും പാലിനൊപ്പം  ചോർന്നുപോവുമെന്നാണ് കണക്ക്. അതോടുകൂടി രക്തത്തില്‍ കാത്സ്യത്തിന്‍റെ കുറവ് സംഭവിച്ച് പശു വീഴും.’

‘കാത്സ്യം കൊടുത്തിട്ടും പശു തളർന്നുവീണതിന്റെ കാരണം എനിക്കിപ്പോൾ വ്യക്തമായി ഡോക്ടർ, ഇത് തടയാന്‍ എന്താണ് വഴി?’

ക്ഷീരസന്നി തടയാൻ വഴികൾ പലതുമുണ്ട്. ഗര്‍ഭത്തിന്‍റെ അവസാന രണ്ടു മാസം അതായത് വറ്റുകാലത്ത് കൂടിയ അളവിൽ കാത്സ്യം അടങ്ങിയ മിശ്രിതങ്ങള്‍ അധികമായി പശുവിനു നൽകുന്നത് ഒഴിവാക്കണം. പാരാതൈറോയ്ഡ് ഗ്രന്ഥി സജീവമായിരിക്കാന്‍ ഈ രീതി സഹായിക്കും. വേറെ ഒരു വഴികൂടിയുണ്ട്, അൽപം നൂതന രീതിയാണ് അത്. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുന്‍പ്  മുതല്‍ തന്നെ  മുതല്‍ പശുവിന്റെ തീറ്റയില്‍ അമ്ലസ്വഭാവമുള്ള ആനയോണിക് ഉപ്പുകള്‍ ചേര്‍ത്ത് നല്‍കാം. അമോണിയം ക്ലോറൈഡ്, മഗ്നിഷ്യം ക്ലോറൈഡ്, മഗ്നീഷ്യം സള്‍ഫേറ്റ് തുടങ്ങിയ വിവിധ ആനയോണിക് ഉപ്പുകള്‍ ശരീരഭാരമനുസരിച്ച് പ്രതിദിനം 100 മുതല്‍ 150 ഗ്രാം വരെ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ രണ്ടാഴ്ച മുന്‍പു മുതല്‍ പശുക്കള്‍ക്ക് നല്‍കാം. ആനയോണിക് ലവണ മിശ്രിതങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത ഹൈപ്പോറിഡ്  (Hyporid) പോലുള്ള മിശ്രിതങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. മുമ്പ് കാത്സ്യക്കമ്മിയുണ്ടായിട്ടുള്ള പശുക്കള്‍ക്കും അത്യുല്‍പ്പാദന ശേഷിയുള്ളവയ്ക്കും ഈ മിശ്രിതം പ്രസവം പ്രതീക്ഷിക്കുന്നതിന്റെ 10 ദിവസം മുതല്‍ നല്‍കിത്തുടങ്ങാം.  

‘ഒരൊറ്റ സംശയം കൂടി ഉണ്ട്,  ഇനിവരുന്ന ദിവസങ്ങളില്‍ കാത്സ്യം കുറഞ്ഞ് ഇതുപോലെ  വീണ്ടും വീണുപോവാന്‍ സാധ്യതയുണ്ടോ?’   കറവപ്പശുക്കളില്‍ പ്രസവിച്ച് ആദ്യ 42-72 മണിക്കൂറുകളിലാണ് കാത്സ്യം കുറഞ്ഞ് വീഴാൻ ഏറ്റവും സാധ്യത ഉള്ളത്.  പ്രസവം കഴിഞ്ഞ് ആദ്യ പത്ത് ദിവസം വരെ കാത്സ്യക്കമ്മി ബാധിച്ച് പശുക്കള്‍ വീണുപോവാനുള്ള സാധ്യതയുണ്ട്. പ്രായം കൂടിയ പശുക്കളിൽ ക്ഷീരസന്നിക്ക് സാധ്യത കൂടും. അതുപോലെ ജേഴ്‌സി പശുക്കളിലാണ് കാത്സ്യക്കുറവിന് ഏറ്റവും സാധ്യത. ചില പശുക്കള്‍ ഒരു തവണ കാത്സ്യം കുത്തിവെച്ച് ചികിത്സിച്ചാല്‍ വീണ്ടും വീഴാനും ഇടയുണ്ട്. അതിനാല്‍ പശുക്കള്‍ക്ക് പ്രസവശേഷം രണ്ട് ദിവസം വരെ  40-50 ഗ്രാം കാത്സ്യം അടങ്ങിയ   ജെല്ലുകള്‍ നല്‍കുന്നതും പിന്നീട് പാല്‍ ഉൽപാദന കാലയളവില്‍ കാത്സ്യം അടങ്ങിയ മിശ്രിതങ്ങളോ പൊടികളോ നല്‍കുന്നതും ക്ഷീരസന്നി തടയാന്‍ സഹായിക്കും. എന്നാൽ കാത്സ്യം കുറഞ്ഞ് തളർന്നു വീണ് കിടക്കുന്ന പശുക്കൾക്ക്  ഒരിക്കലും കാത്സ്യം അടങ്ങിയ ലായനികളും ജെല്ലുകളും വായിലൂടെ നൽകാൻ ശ്രമിക്കരുത്. ഇത് ഗുണത്തേക്കാൾ ദോഷം ചെയ്യും .  ഡോക്ടറുടെ സേവനം തന്നെ തേടണം. ഒരു തവണ ക്ഷീരസന്നി  ബാധിച്ച പശുക്കള്‍, പ്രത്യേകിച്ച്  അത്യുല്‍പ്പാദനശേഷിയുള്ള പശുക്കള്‍ അടുത്ത പ്രസവത്തില്‍ വീണ്ടും ക്ഷീരസന്നി ബാധിച്ച് വീഴാന്‍ ഇടയുണ്ട്. ഈ സാധ്യതയുള്ളതിനാല്‍ മേല്‍പ്പറഞ്ഞ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ പ്രത്യേകം അടുത്ത ഗര്‍ഭ കാലത്തും പാലിക്കണം. ഇങ്ങനെ ഒരു ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്’.

English summary: Prevention and treatment of milk fever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com