മറ്റൊരിടം ലഭിക്കാതെ അവൾ ആശുപത്രി എക്സാമിനേഷൻ ടേബിളിനു കീഴെ 5 കുഞ്ഞുങ്ങളെ പ്രസവിച്ചു!

HIGHLIGHTS
  • ലോക്ഡൗണിന്റെ തുടക്കം മുതൽ കേരളത്തിലെ പെറ്റ് വിപണി കരുത്താർജിച്ചിട്ടുണ്ട്
  • പ്രസവത്തിനുവേണ്ടി ഒരു പെട്ടി നൽകണം
persian-cats
SHARE

കോവി‍ഡ് കാലത്ത് പച്ചക്കറിക്കൃഷിയും മത്സ്യം വളർത്തലും അലങ്കാര പക്ഷി–മൃഗ പരിപാലനവുമൊക്കെയായി പുതിയ സാധ്യതകളിലേക്ക് തിരിഞ്ഞവരാണ് മലയാളികൾ. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയ മേഖലകളിലേക്ക് തിരിഞ്ഞ പലരും വിജയത്തോടൊപ്പം പരാജയത്തിന്റെ കയ്പ്പുനീരും അനുഭവിച്ചവരാണ്. അറിവില്ലായ്മ ഉടമയ്ക്കും അരുമമൃഗങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. 

വെറ്ററിനറി ഡോക്ടറായ നിതിൻ നന്ദൻ ഏതാനും ദിവസങ്ങൾക്കു മുമ്പ് പങ്കുവച്ച അനുഭവം ഈ അവസരത്തിൽ ഓർക്കുകയാണ്. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവ‌ടെ,

കോവിഡ് എന്ന മഹാമാരി കാരണം അരുമമൃഗങ്ങളെ വളർത്തുന്ന ആളുകളുടെ എണ്ണം വളരെയധികം വർധിച്ചു. പ്രത്യേകിച്ചു പൂച്ചകൾ. പേർഷ്യൻ ഇനത്തിൻപ്പെട്ട പൂച്ചകൾ വളരെയധികം കൂടി. ഇന്നലെ താമരശേരിയിൽനിന്ന് ഒരു കൂട്ടർ പൂച്ചയുടെ പ്രസവം നടകുന്നില്ല എന്ന് പറഞ്ഞു ആശുപത്രിയിൽ വന്നു. പൂച്ചയെ കയ്യിൽ എടുത്തു കൊണ്ടാണ് വരുന്നത്. നല്ല വയറുണ്ട്. ഞാൻ ഒന്ന് എക്സാം ചെയ്തു നോക്കി. കുഞ്ഞുങ്ങൾ വന്നു നിൽപുണ്ട്. ഓണേഴ്സ് ആദ്യമായാണ് പൂച്ചയെ വളർത്തുന്നത്. എന്താണ് പ്രസവം എന്നുപോലും വലിയ ഐഡിയ ഇല്ല. പൂച്ച സ്വകാര്യത ആഗ്രഹിക്കുന്ന ഒരു മൃഗമാണ്. ഇരുട്ടും.  അവൾ ഒരു മറയുള്ള സ്ഥലമാണ് തേടുന്നതെന്ന് മനസിലായി. അറ്റൻഡർ ചേച്ചി ഒരു പ്ലാസ്റ്റിക് പെട്ടി റെഡി ആക്കി ടേബിളിന്റെ അടിയിൽ വച്ചു കൊടുത്തു. കൂടെ വന്ന ജനങ്ങളെയും അനാവശ്യ സന്ദർശകരെയും നിയന്ത്രിച്ചു. അവൾ പതിയെ ഒരു കുട്ടിയെ പ്രസവിച്ചു. വീണ്ടും ഒന്നു കൂടി. അങ്ങനെ ആശുപത്രിയുടെ എക്സാമിനേഷൻ ടേബിളിന്റെ അടിയിൽ ഞങ്ങൾ ഉണ്ടാക്കിയ ചെറിയ പ്രസവമുറിയിൽ അവൾ 5 കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു അനാവശ്യ സിസേറിയൻ ഒഴിവായി.

ഗുണപാഠം: പൂച്ചകൾക്ക് പ്രസവത്തിന് ഒരു ചെറിയ ബോക്സ് നൽകുക. അവരെ ആ സമയം ശല്യം ചെയ്യാതിരിക്കുക.

A cat is not a small dog. They need privacy and dark atmosphere for delivery of kittens and less manipulation for proper milk let down. a example of such a delivery in veterinary dispensary in a primiparous cat bought for uterine inertia.

ഇതുതന്നെയാണ് പലരുടെയും അവസ്ഥ. മുകളിലെ അനുഭവത്തിൽ ഡോക്ടറുടെ അടുത്തെത്തിക്കാൻ വൈകിയിരുന്നെങ്കിൽ ആ കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ലായിരന്നു. ഒരുപക്ഷേ ആ അമ്മപ്പൂച്ചയുടെ ജീവനുതന്നെ ഭീഷണിയാകാമായിരുന്ന സന്ദർഭമാണ് മാറിപ്പോയത്. അതുകൊണ്ടുതന്നെ കൗതുകത്തിന്റെ പേരിൽ അരുമകളെ വാങ്ങി വളർത്തിയാൽ മാത്രംപോര അവയുടെ സ്വഭാവവും പ്രത്യേകതകളുമെല്ലാം പഠിക്കാനും ശ്രമിക്കണം.

ലോക്ഡൗണിന്റെ തുടക്കം മുതൽ കേരളത്തിലെ പെറ്റ് വിപണി കരുത്താർജിച്ചിട്ടുണ്ട്. അലങ്കാരപ്പക്ഷികൾ, നായ്ക്കൾ, പൂച്ചകൾ, കോഴികൾ എന്നിങ്ങനെയുള്ള എല്ലാത്തരം വളർത്തുമൃഗങ്ങൾക്കും പ്രിയമേറി. അതുകൊണ്ടുതന്നെ പുതിയ പെറ്റ് ഷോപ്പുകളും സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പെറ്റ് വിപണി സജീവമായതുപോലെ വെറ്ററിനറി ആശുപത്രികളിലും തിരക്കേറിയിട്ടുണ്ട്. 

വീടുകളിൽ സാധാരണ അഴിച്ചുവിട്ടു വളർത്തുന്ന പൂച്ചകളല്ല ഇന്ന് പലരുടെയും വീടുകളിലുള്ളത്. വിദേശ ഇനങ്ങളാണ് ഇപ്പോഴത്തെ താരം. അതിൽത്തന്നെ പേർഷ്യൻ പൂച്ചകൾക്കാണ് ആരാധകരും ആവശ്യക്കാരും ഏറെയുള്ളത്. ഭംഗികൊണ്ട് പൂച്ചകളെ വാങ്ങി വളർത്തുമ്പോൾ അവയുടെ ഭാവി പലരും ഓർക്കാറുമില്ല. അതുകൊണ്ടുതന്നെ പൂച്ചകളുടെ പ്രസവ സ്വഭാവം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. 

വീടുകളിൽ സ്വൈര്യവിഹാരം നടത്തുന്ന പൂച്ചകൾ അവയ്ക്കു തോന്നുമ്പോൾ ഇണചേരുകയും ഉചിതമായ, സുരക്ഷിത സ്ഥലം കണ്ടെത്തി പ്രസവിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ, മുന്തിയ ഇനം പൂച്ചകളുടെ കാര്യം അങ്ങനല്ല, സ്വകാര്യതയുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്താൻ അവയ്ക്കു കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ, അവയുടെ ആവശ്യം മനസിലാക്കി സമ്മർദമുണ്ടാകാത്ത വിധത്തിൽ സൗകര്യമുണ്ടാക്കി കൊടുക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്.

പ്രസവസമയം അടുത്ത പൂച്ചകളെ മറ്റു ശല്യങ്ങളൊന്നുമില്ലാത്ത സ്ഥലത്തേക്കു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റു പൂച്ചകളുടെ സാമീപ്യമോ മനുഷ്യരുടെ സാമീപ്യമോ ഉണ്ടാവാത്തത് നന്ന്. പ്രസവസമയത്ത് ചില പൂച്ചകൾ അക്രമസ്വഭാവം കാണിക്കുന്നതിനാൽ കുട്ടികളെ അടുത്തേക്ക് വിടാതിരിക്കാനും ശ്രദ്ധിക്കണം. എപ്പോഴും എടുത്തുകൊണ്ടു നടക്കുന്ന രീതിയും ഒഴിവാക്കണം.

പ്രത്യേക മുറിയിലേക്ക് മാറ്റുമ്പോൾ പ്രസവത്തിനുവേണ്ടി ഒരു പെട്ടി നൽകണം. പ്ലാസ്റ്റിക് ട്രേയോ കാർഡ് ബോർഡ് ബോക്സോ ഇതിനായി ഉപയോഗിക്കാം. കുട്ടികൾ പുറത്തുപോവാതിരിക്കാൻ പാകത്തിന് ഉയരമുള്ള പെട്ടിയായിരിക്കണം. ഉള്ളിൽ പേപ്പർ കഷണങ്ങൾ നിക്ഷേപിക്കാം. വെളിച്ചം കുറവുള്ള സ്ഥലത്തായിരിക്കണം ഈ ബോക്സ് വയ്ക്കണ്ടത്.

അസ്വസ്തത പ്രകടിപ്പിക്കുന്നതാണ് പ്രസവസമയം അടുത്തു എന്നതിന്റെ പ്രാരംഭലക്ഷണം. പിന്നാലെ പ്രസവപ്പെട്ടിയിൽ മാന്തുകയും മുരളുകയുമൊക്കെ ചെയ്യും. ആദ്യ കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ കുഞ്ഞുങ്ങളും പുറത്തുവന്നിരിക്കും. ഇനങ്ങൾ അനുസരിച്ച് ഇതിന് മാറ്റമുണ്ടാകും. പ്രസവത്തിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാൻ വൈകരുത്. 

പുറത്തുവന്ന ഉടനെ അമ്മപ്പൂച്ച കുഞ്ഞിന്റെ ശരീരത്തിലുള്ള സ്രവമെല്ലാം നക്കിത്തുടയ്ക്കും. അതിനൊപ്പംതന്നെ കുഞ്ഞുങ്ങൾ കന്നിപ്പാൽ നുകർന്നുതുടങ്ങും. പാലുകുടിക്കുന്ന കുഞ്ഞുങ്ങളെ അമ്മപ്പൂച്ച നക്കിത്തുടയ്ക്കുന്നില്ലെങ്കിൽ അവയുടെ ശരീരം ചെറുതായി മസാജ് ചെയ്തുകൊടുക്കുന്നത് ദഹനത്തിന് സഹായിക്കും. പ്രസവം അവസാനിച്ച് കുഞ്ഞുങ്ങൾ പാലുകുടിച്ച് ഉറങ്ങും. ഈ അവസരത്തിൽ പ്രസവപ്പെട്ടിയിലെ രക്തവും സ്രവവും പുരണ്ട പേപ്പർ കഷണങ്ങൾ മാറ്റി പുതിയത് വച്ചുകൊടുക്കാം. 

English summary: The important things every pet owner should know

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA