കൃത്രിമശ്വാസം നൽകാതെ, രക്തസമ്മർദം നോക്കാതെ ഒരു മേജർ സർജറി; പൂച്ചക്കുട്ടി ജീവിതത്തിലേക്ക്

HIGHLIGHTS
  • ഉടമയെ വിളിച്ചു കാര്യം പറഞ്ഞു. ഉള്ളിലേക്കു തുളഞ്ഞുള്ള മുറിവ് കാണിച്ചു കൊടുത്തു
cat
SHARE

പതിവ് തിരക്കിനടയിലാണ് സീനിയർ വെറ്ററിനറി സർജൻ ഉഷ മാഡം ഒരു പൂച്ചയുടെ കാര്യം പറഞ്ഞു വിളിക്കുന്നത്. മറ്റൊരു പൂച്ച കടിച്ചതാണെന്നും മുറിവ് തുന്നിക്കെട്ടാൻ വൈകുന്നേരം ആശുപത്രിയിൽ കൊണ്ടുവരും എന്നും പറഞ്ഞു. ഫോൺ ചെയ്ത ഉടമസ്ഥനോട് കൃത്യം 6 മണിക്ക് തന്നെ കൊണ്ടുവരാൻ പറഞ്ഞേൽപ്പിച്ചു ഞാൻ ഒരു ചെറിയ ദൗത്യത്തിന് തയാറായി നിന്നു. തൊലിയിൽ തുന്നലിടാനുള്ളതാണ് പ്രതീക്ഷിച്ചത്‌. പരമാവധി പോയാൽ മസിൽ... സമയം ഏഴായിട്ടും ആൾ എത്തിയില്ല. 7.15 ആയപ്പോൾ ഉടമ വന്നു. അൽപം ഈർഷ്യ തോന്നിയെങ്കിലും മുറിവ് മെല്ലെ നോക്കിയ ശേഷം തുന്നാനായി polyglactin 910 2-0 എഴുതിക്കൊടുത്ത് ഞാൻ കാത്തിരുന്നു. ഏകദേശം അര മണിക്കൂർ ആയപ്പോ ഉടമ അതുംകൊണ്ട് വന്നു. Xylazine-ketamine വച്ച് അനസ്‌തേഷ്യ കൊടുത്തു. ക്ലീൻ ചെയ്യാനായി കടി കൊണ്ട ഭാഗം വ്യക്തമായി പരിശോധിച്ചപ്പോഴാണ് വരിയെല്ലുകൾക്കിടയിൽ ആ മുറിവ് ഞാൻ കാണുന്നത്.

നെഞ്ചുംകൂട്ടിൽ തുള വീണിട്ടുണ്ട്. thoracic cavity open. ശ്വാസകോസം കാണാം. സമയം രാത്രി എട്ടു മണി ആയിട്ടുണ്ട്. ആടിനെ നായ കടിച്ചു സമാന കേസുകൾ കണ്ടിട്ടുണ്ടെങ്കിലും പൂച്ചയിൽ ഇത് ആദ്യമാണ്. അനസ്തേഷ്യയുടെ പ്രശ്നങ്ങളെക്കുറിച്ച് ഉടമയോട് പറഞ്ഞ് അനുമതി വാങ്ങിയിരുന്നെങ്കിലും ഒരു സർജറി സ്പെഷ്യലിസ്റ്റ് അല്ലാത്ത എന്റെ കയ്യിൽ ഇത് നിൽക്കുമോ എന്ന് എനിക്ക് സംശയമായിരുന്നു. രാവിലത്തേക്ക് റെഫർ ചെയ്യാമെന്നു വച്ചാൽ, അതുവരെ ആ മിണ്ടാപ്രാണി ജീവനോടെയിരിക്കും എന്ന് യാതൊരു ഉറപ്പുമില്ല. negative pressure പോകും. respiratory collapse വരാം തുടങ്ങിയ ചിന്തകൾ മനസിൽ. പോരാത്തതിന് പൂച്ച അബോധാവസ്ഥയിലും. സഹായത്തിനാണേൽ ആരുമില്ല. ആകെ ഉണ്ടായിരുന്ന അറ്റൻഡന്റ് പോസ്റ്റ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നൂലാമലകളിൽപ്പെട്ട് ജില്ലയിൽ എവിടെയും നിയമനവും നടന്നിട്ടില്ല.

ഉടമയെ വിളിച്ചു കാര്യം പറഞ്ഞു. ഉള്ളിലേക്കു തുളഞ്ഞുള്ള മുറിവ് കാണിച്ചു കൊടുത്തു. കടിച്ച പൂച്ചയുടെ പല്ലുകൾ ആഴത്തിൽ ഇറങ്ങിയതാകാം. സംഗതി അൽപം സീരിയസ് ആണെന്ന് പറഞ്ഞു. കഴിയും വിധം നോക്കാം എന്ന എന്റെ ഉറപ്പിൽ അവർ വിശ്വസിച്ചു. ദൈവത്തിന്റെ നാമത്തിൽ പ്രാർഥിച്ചു കൊണ്ട് തന്നെ തുടങ്ങി. പരമാവധി വേഗത്തിൽ വൃത്തിയായി ഓപ്പറേഷൻ പൂർത്തിയാക്കുക എന്നതായിരുന്നു ഏക ലക്ഷ്യം. ഏകദേശം ഒമ്പതര മണിയോട് കൂടി സർജറി പൂർത്തിയായി. പൂച്ച മയക്കം വിട്ടുണർന്നു തുടങ്ങി. പ്രതികരിക്കുന്നുണ്ട്. അത്യാവശ്യം വേണ്ട ആന്റിബയോട്ടിക്, വേദന സംഹാരി മുതലായവ കുറിച്ചുകൊടുത്തു. കൃത്രിമശ്വാസം നൽകാതെ രക്തസമ്മർദം നോക്കാതെ ഒരു മേജർ സർജറി. തൽക്കാലത്തേക്കെങ്കിലും വിജയകരമായി അവസാനിച്ചപ്പോൾ എന്തോ ഒരു അനുഭൂതി. അനുഭവം കുറിച്ചിടണമെന്നും സന്തോഷം  പങ്കുവെക്കണമെന്നും തോന്നി. അപകടവസ്ഥയെക്കുറിച്ച് ഉടമയെ ബോധവനാക്കിയിട്ടുമുണ്ട്. നാളെത്തേക്ക് അവൻ ഉഷാറാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA