മുയലുകളുടെ മൃദുചര്‍മ്മം കാര്‍ന്നു തിന്നും വില്ലൻ; മേഞ്ച് രോഗത്തെ എങ്ങനെ തടയാം?

HIGHLIGHTS
  • ത്വക്കിനെ ബാധിക്കുന്ന പരാദങ്ങള്‍ ക്രമേണ ത്വക്കിലെ കോശപാളികളെ കാര്‍ന്നുതിന്നും
  • കൂടുകളിലെ ശുചിത്വമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം
rabbit-disease
SHARE

മുയലുകളുടെ മുഖത്തെയും ചെവിയിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരുപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? അരുമയും ഓമനയും വരുമാന മാര്‍ഗവുമൊക്കെയായി വീടുകളില്‍ വാഴുന്ന മുയലുകളുടെ മൃദുമേനിയെ ബാധിക്കുന്ന പ്രധാന രോഗമായ മേഞ്ച് (Mange) അഥവാ മണ്ഡരിബാധയുടെ ലക്ഷണങ്ങൾ ആണിതെല്ലാം. മൈറ്റുകള്‍ (Mites) അഥവാ മണ്ഡരികള്‍ എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ് ഈ ത്വക്ക് രോഗത്തിന്‍റെ കാരണം. പശുക്കള്‍, ആടുകള്‍, നായ്ക്കള്‍, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലെല്ലാം മണ്ഡരികള്‍ ത്വക്ക് രോഗത്തിനു കാരണമാവാറുണ്ട്. മുയൽ കർഷകർ പലപ്പോഴും ഈ ചർമ്മരോഗത്തെ ഫങ്കസ് ബാധയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

രോഗം ബാധിക്കുന്നത് എങ്ങനെ?

സോറോപ്റ്റസ് (Psoroptes), സാര്‍ക്കോപ്റ്റസ് (Sarcoptes) തുടങ്ങിയ വിവിധയിനത്തില്‍പ്പെട്ട ബാഹ്യപരാദങ്ങള്‍ മുയലുകളില്‍  മേഞ്ച് രോഗത്തിന് കാരണമാവാറുണ്ട്. സോറോപ്റ്റസ് കുണിക്കുലി ( Psoroptes cuniculi) എന്നറിയപ്പെടുന്ന പരാദങ്ങളാണ് ചെവിപ്പുറത്തെ മേഞ്ച് ബാധയുടെ പ്രധാന കാരണം. ത്വക്കിനെ ബാധിക്കുന്ന പരാദങ്ങള്‍ ക്രമേണ ത്വക്കിലെ കോശപാളികളെ കാര്‍ന്നുതിന്നുകയും ആഴ്ന്ന് വളരുകയും ചെയ്യും. ഈ പരാദങ്ങളെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല. മുയലുകളുടെ ചര്‍മ്മം തിന്ന് വളരുന്ന മണ്ഡരികള്‍ ക്രമേണ ചര്‍മ്മപാളികളില്‍ തന്നെ മുട്ടയിട്ട് പെരുകും. മുട്ടകൾ വിരിഞ്ഞ് മണ്ഡരിക്കുഞ്ഞുങ്ങള്‍ ഇറങ്ങുന്നതോടെ രോഗം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും. സമ്പർക്കം വഴി മറ്റു മുയലുകളിലേക്ക്  പകരാനും കാരണമാവും. 

ലക്ഷണങ്ങള്‍ ഇവയെല്ലാം

മുയലുകളുടെ രോമം കൊഴിയല്‍, ചൊറിച്ചില്‍ കാരണം ശരീരം കൂടിന്റെ കമ്പികളില്‍ ചേര്‍ത്തുരയ്ക്കല്‍, മേനിയില്‍ സ്വയം കടിക്കല്‍, ത്വക്കില്‍ വരണ്ട  വ്രണങ്ങള്‍, ക്രമേണ വ്രണങ്ങള്‍ അര സെന്‍റീമീറ്റര്‍ വലുപ്പത്തില്‍ പൊറ്റകെട്ടല്‍, ചര്‍മ്മം പരുപരുക്കൽ, വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയൽ  എന്നിവയെല്ലാമാണ് മേഞ്ച് രോഗത്തിന്റെ പ്രധന ലക്ഷണങ്ങൾ. കൂട്ടത്തിലുള്ള മറ്റു മുയലുകളിലും സമാന ലക്ഷണങ്ങള്‍ പ്രകടമാവും. ചെവികളിലെ രോഗബാധയിൽ തല ഇടയ്ക്കിടെ വെട്ടിച്ചുകൊണ്ടിരിക്കൽ, തലതിരിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗം ചെവിക്കുള്ളിലേക്ക് വ്യാപിക്കാനും സാധ്യത ഏറെയാണ്. മേഞ്ച് രോഗം കാരണം ഉണ്ടാവുന്ന വ്രണങ്ങളിൽ കൂട്ടിൽ മതിയായ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ബാക്ടീരിയ , ഫങ്കസ് ബാധകൾക്കും സാധ്യത ഏറെയാണ്. രൂക്ഷമായി ബാധിക്കുന്ന മുയലുകളില്‍ മരണം സംഭവിക്കും. രോഗലക്ഷണങ്ങളിലൂടെയും, രോഗം ബാധിച്ച ചര്‍മ്മഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും എളുപ്പത്തില്‍ രോഗം നിര്‍ണയിക്കാം.

എങ്ങനെ പ്രതിരോധിക്കാം

  • കൂടുകളിലെ ശുചിത്വമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം. രോഗം ബാധിച്ച  മുയലുകളെ കൂട്ടത്തില്‍നിന്ന് മാറ്റി വേണം പരിചരിക്കാന്‍. പുതിയ മുയലുകളെ കൊണ്ടുവരുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ച പ്രത്യേകം മാറ്റി പാര്‍പ്പിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം കൂട്ടത്തില്‍ ചേര്‍ക്കാന്‍. ഈ കാലയളവിൽ അവയെ ബ്രീഡിങ്ങിന് ഉപയോഗിക്കരുത്.
  • ഐവര്‍മെക്ടിന്‍ എന്ന പരാദനാശിനി മരുന്നാണ് മണ്ഡരികള്‍ക്കെതിരെ ഏറ്റവും ഫലപ്രദം. തൊലിക്കടിയില്‍ കുത്തിവയ്പായി നല്‍കുന്ന ഐവര്‍മെക്ടിന്‍ മുയലുകളുടെ ശരീരതൂക്കം നിര്‍ണ്ണയിച്ച് കൃത്യമായ അളവില്‍ നല്‍കാന്‍ ഡോക്ടര്‍മാരുടെ സേവനം തേടാം. ആഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ നാലാഴ്ച വരെ കുത്തിവയ്പ്പ് നല്‍കുന്നതോടെ രോഗം ഭേദമാകും. രൂക്ഷമായ രോഗബാധയില്‍ ഐവര്‍മെക്ടിന്‍ ഗുളികകളും നല്‍കാം. 5% പോവിഡോണ്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ ത്വക്കില്‍ പുരട്ടുന്നതും ഫലപ്രദമാണ്.
  • രോഗം ബാധിച്ച ചര്‍മ്മ ഭാഗത്ത് ബെന്‍സൈല്‍ ബെന്‍സോയേറ്റ് ( Benzyl benzoate) അടങ്ങിയ ലേപനം പുരട്ടുന്നത്  മണ്ഡരികളെ  നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. അസ്കാബിയോള്‍, ഡെർമിൻ തുടങ്ങിയ ബ്രാൻഡ് പേരുകളിൽ ഇത് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ അസ്കാബിയോള്‍ എന്ന അതേ  ബ്രാന്‍ഡ് പേരില്‍ ഗാമ-ബെന്‍സീന്‍ ഹെക്സാക്ലോറൈഡ് / ഗാമ-ബിഎച്ച്സി (Gamma benzene hexachloride-Lindane) അടങ്ങിയ മറ്റൊരു ലേപനവും  വിപണിയിലുണ്ട്. ഇത് മേഞ്ച് രോഗത്തിന് കാരണമായ മണ്ഡരികള്‍ക്കെതിരെ ഫലപ്രദമാണെങ്കിലും ഓർഗാനോക്ലോറൈഡ് കീടനാശിനി ഗ്രൂപ്പിൽ പെട്ട  ഗാമ-ബിഎച്ച്സി മുയലുകള്‍ക്ക് ഏറെ അപകടകരമായ വിഷപദാര്‍ഥമാണ്. ഏതെങ്കിലും കാരണവശാല്‍ മുയലുകള്‍ നക്കാനും, ചെറിയ അളവിൽ പോലും  ശരീരത്തിനുള്ളില്‍ എത്താനും ഇടവന്നാല്‍ അപകടമുറപ്പ്. അതിനാല്‍  ഡോക്ടറുടെ നിർദേശപ്രകാരം ബെന്‍സൈല്‍ ബെന്‍സോയേറ്റ് അടങ്ങിയ ലേപനങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാന്‍ ശ്രമിക്കണം. ഗാമ-ബിഎച്ച്സി അടങ്ങിയ ലേപനങ്ങൾ ചർമ്മത്തിൽ പുരട്ടുന്ന പക്ഷം മുയലുകൾ നക്കാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തണം.
  • 10 മില്ലി വീതം വെളുത്തുള്ളി നീര് 90 മില്ലി വെളിച്ചെണ്ണയില്‍  ചേര്‍ന്ന  മിശ്രിതം ഒരാഴ്ച രോഗം ബാധിച്ച ചര്‍മ്മ ഭാഗത്ത് പുരട്ടാവുന്നതാണ്. വെളുത്തുള്ളി നീരിന് മണ്ഡരികളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.
  • രോഗം പെട്ടന്ന് ഭേദപ്പെടുന്നതിനായും ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായും ജീവക-ധാതു മിശ്രിതം മുയലുകൾക്ക് നൽകണം .
  • രോഗം കണ്ടെത്തിയ മുയലുകളെ പാര്‍പ്പിച്ച ഷെഡും  കൂടും തീറ്റപ്പാത്രങ്ങളും മുയലുകളെ എല്ലാം മാറ്റിയ ശേഷം  സൈപ്പര്‍മെത്രിന്‍, അമിട്രാസ്, ഡെല്‍റ്റമെത്രിന്‍ തുടങ്ങിയ പരാദനാശിനികള്‍ ചേര്‍ത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. സൈപ്പര്‍മെത്രിന്‍ 3 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍  വെള്ളത്തില്‍ ചേർത്ത് കൂട് വൃത്തിയാക്കാൻ ഉപയോഗിക്കാം. കൂടുകളുടെ അഴികൾ ഫ്ലെയിം ഗൺ ഉപയോഗിച്ച് ചൂടേൽപ്പിച്ചും പരാദനശീകരണം നടത്താം.

English summary: A successful treatment report on rabbits infected with mange, Rabbit Farming, Rabbit Care, Rabbit Farming Diseases, Rabbit Farming As A Business, Rabbit Farming For Beginners, Rabbit Farming Guidelines, Rabbit Farming Kerala, Rabbit Farming Malayalam, Rabbit Farming Methods  

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA