ADVERTISEMENT

വിദേശയിനം പക്ഷിമൃഗാദികളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ഇനി സമയം 23 ദിവസംകൂടി മാത്രം. വിപണിയിലുള്ള പല പക്ഷിമൃഗാദികളും വംശനാശ ഭീഷണി നേരിടുന്നവയാണ്. അതുകൊണ്ടുതന്നെ കൺസർവേഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡ് എൻഡേൻജേർഡ് സ്പീഷിസ് (CITES) ന്റെ ഒന്ന്, രണ്ട്, മൂന്ന് ഷെഡ്യൂളുകളിൽ ഉൾപ്പെട്ട വിദേശ ജീവികളെയാണ് വെളിപ്പെടുത്തേണ്ടത്. അതേസമയം, ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ(1972)ത്തിന്റെ പരിധിയിലുള്ള മൃഗങ്ങൾ ഇതിൽ ഉൾപ്പെടില്ല. ജൂൺ 16 മുതൽ ആറു മാസത്തിനുള്ളിൽ സൈറ്റ്‌സിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജീവികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്നായിരന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. ഡിസംബർ 15ന് വെളിപ്പെടുത്തുന്നതിനുള്ള ആറുമാസത്തെ കാലാവധി അവസാനിക്കും. 

ഇന്ത്യയിൽ തദ്ദേശീയമായി കാണപ്പെടുന്ന പക്ഷികളെയും മൃഗങ്ങളെയും ഉരഗങ്ങളെയുമൊക്കെ വളർത്താൻ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം അനുശാസിക്കുന്നില്ല. അതുകൊണ്ടുതന്നെ വിദേശ ഇനങ്ങൾക്കാണ് പ്രചാരമുള്ളത്. ചെറിയ ബഡ്ജെറിഗർ മുതൽ വലിയ മക്കാവുകൾ വരെ ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽനിന്നെത്തിയവരാണ്. 

  • വിദേശ പക്ഷിമൃഗാദികളെ വളർത്തുന്നതിനോ വിൽക്കുന്നതിനോ ഇതുവരെ യാതൊരുവിധ നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ വ്യാപകമായി ഇവിടേക്ക് പക്ഷിമൃഗാദികൾ എത്തുന്നു. നിയമവിധേയമായും അല്ലാതെയുമൊക്കെ ഇവിടേക്കെത്തുന്ന വിദേശജീവികളുടെ റജിസ്റ്റർ സൂക്ഷിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം. അതുകൊണ്ടുതന്നെ വിദേശ ജീവികളെ കൈവശം വയ്ക്കുന്നവർ തങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തണം. വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട പക്ഷി, മൃഗ, ഉരഗ വർഗത്തിപ്പെട്ട ജീവികളെല്ലാം ഇതിൽ ഉൾപ്പെടും. ഓൺലൈനിലൂടെയാണ് വെളിപ്പെടുത്തേണ്ടത്. ഇതിനായി https://parivesh.nic.in/  വെബ്സൈറ്റ് ഉപയോഗിക്കാം.

മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് വ്യാപിക്കുന്ന ജന്തുജന്യ രോഗങ്ങൾ (zoonotic) ജീവജാലങ്ങളിലൂടെയും വ്യാപിക്കാമെന്ന സാധ്യതയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കേന്ദ്രത്തെ നയിച്ചത്. ഇതാദ്യമായാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടി. കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിന്റെ അഭിപ്രായത്തിൽ കൊറോണ വൈറസ് പോലെയുള്ള ഏതാരു മഹാമാരിയെയും പ്രതിരോധിക്കാനുള്ള ശ്രമത്തിനു മുമ്പ് മുൻകരുതൽ സ്വീകരിക്കണം. 

വിദേശ പക്ഷിമൃഗാദികൾ നിയമാനുസൃതമായി കൈവശം വയ്ക്കാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാർമൊസെറ്റ് മങ്കി (പോക്കറ്റ് മങ്കി), ഇഗ്വാന, മക്കാവുകൾ തുടങ്ങി ഓട്ടേറെ പക്ഷിമൃഗാദികളാണ് ഇന്ത്യൻ പെറ്റ് മാർക്കറ്റ് അടക്കിവാഴുന്നത്. ഇവയെല്ലാം ഇന്ത്യയിൽ എത്തിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഇവയുടെ എണ്ണത്തിൽ കൃത്യതയില്ല. മാത്രമല്ല നിയമാനുസൃതമല്ലാതെയുള്ള കള്ളക്കടത്തും വേട്ടയാടലുകളും നടക്കുന്നു. പുതിയ തീരുമാനത്തിലൂടെ കള്ളക്കടത്തും വേട്ടയാടലുമെല്ലാം കുറയുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.

സൈറ്റ്സിന്റെ വൈബ്സൈറ്റിൽ പ്രവേശിച്ച് കൈവശമുള്ള ജീവികൾ ആദ്യ മൂന്നു ഷെഡ്യൂളുകളിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിച്ചശേഷം വെളിപ്പെടുത്താം. ഇങ്ങനെ വെളിപ്പെടുത്തിയ ജീവികളുടെ കൈമാറ്റം, മരണം, വിൽപന, ഉടമസ്ഥതാ കൈമാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങൾ 30 ദിവസത്തിനുള്ളിൽ വൈൽഡ് ലൈഫ് വാർഡനെ അറിയിക്കേണ്ടതാണ്. 

ജീവികളുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ ഇറക്കുമതി ചെയ്തതാണോ, വാങ്ങിയതാണോ എന്നെല്ലാം ഓരോ ഇനത്തിന്റെയും വേവ്വേറെ രേഖപ്പെടുത്തണം. ഒപ്പം അവയുടെ ഫോട്ടോകളും (തിരിച്ചറിയുന്നതിന്) ചേർക്കണം. എവിടെനിന്നാണ് വാങ്ങിയതെന്ന വിലാസവും ആവശ്യമാണ്.

വളർത്തുന്ന വ്യക്തിക്ക് തന്റെ ജീവികളെ സർക്കാരിന് സറണ്ടർ ചെയ്യാനുള്ള അവസരവും പുതിയ നിയമം അനുവദിച്ചുതരുന്നുണ്ട്. എന്നാൽ, ഇത്തരം ജീവികൾക്ക് ഒരു തരത്തിലമുള്ള രോഗങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അത്തരത്തിലൊരു ഏറ്റെടുക്കൽ നടക്കൂ.

എന്തെങ്കിലും തരത്തിൽ നിയമലംഘനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, അതല്ലെങ്കിൽ ജീവികളുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യാതെ കൈവശം വയ്ക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് നടപടി സ്വീകരിക്കാൻ അധികാരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

5 ഫോമുകൾ

  • ഫോം–1: കൈവശമുള്ള വിദേശ ജീവികളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ.
  • ഫോം–2: റജിസ്റ്റർ ചെയ്ത വിദേശ ജീവികളെ കൈമാറ്റം ചെയ്യുകയോ, വിൽക്കുകയോ, ഏറ്റെടുക്കയോ ചെയ്താലോ മരണം സംഭവിച്ചാലോ വെളിപ്പെടുത്തുന്നതിന്.
  • ഫോം–3: വിദേശ ജീവികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി പത്രം ലഭിക്കുന്നതിനുള്ള അപേക്ഷ.
  • ഫോം–4: ഇറക്കുമതി ചെയ്ത ജീവികളുടെ സന്തതിപരമ്പരകളുടെ വെളിപ്പെടുത്തലിന്.
  • ഫോം–5: വിദേശ ജീവികളുടെ കുഞ്ഞുങ്ങളുടെ ഉടമസ്ഥതാവകാശത്തിന്. 
  • കൂടുതൽ വിവരങ്ങൾക്കും ഫോമുകൾ ലഭിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

സൈറ്റ്സ് പട്ടികയിലുള്ള ചിലർ (പേരും ഷെഡ്യൂൾ നമ്പരും)

  • സൺ കോന്യൂർ (2)
  • ഗ്രീൻ ചീക്ക് കോന്യൂർ (2)
  • ജാൻഡേ കോന്യൂർ (2)
  • ആഫ്രിക്കൻ ഗ്രേ പാരറ്റ് (1)
  • എക്‌ലറ്റസ് പാരറ്റ് (2)
  • യെല്ലോ ഹെഡഡ് ആമസോൺ (1)
  • ബ്ലൂ ഗോൾഡ് മക്കാവ് (2)
  • സ്കാർലെറ്റ് മക്കാവ് (1)
  • ഗ്രീൻ വിങ്ഡ് മക്കാവ് (2)
  • ഹയാസിൻത് മക്കാവ് (1)
  • കൊക്കറ്റൂ (1&2)
  • മാർമൊസെറ്റ് മങ്കി (2)
  • ഇഗ്വാന (2)

English summary: Declare stock govt to exotic species owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com