എന്തുകൊണ്ട് തെരുവുകളിൽ നായ്ക്കളുടെ എണ്ണം കൂടുന്നു? തെരുവു നായ്ക്കളെക്കുറിച്ച് പറയാനുണ്ട്

HIGHLIGHTS
  • തെരുവുനായ്ക്കൾക്കുവേണ്ടി എന്തൊക്കെ?
  • മനുഷ്യരെ ആക്രമിക്കുന്നതും പേവിഷബാധ ഭീഷണിയും
street-dogs
SHARE

ഇന്ത്യയിൽ തദ്ദേശീയ നായ ജനുസുകൾ ഒട്ടേറെയുണ്ടെങ്കിലും പൊതുവെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പ്രത്യേക ഒരിനത്തിന്റെ പേരിട്ടു വിളിക്കാൻ കഴിയില്ല. പല ഇനങ്ങളുമായി വർഗസങ്കലനം നടന്ന് ഉരുത്തിരിഞ്ഞുവന്നവയാണ് അവ. എങ്കിലും അവ നാടൻ എന്ന വിളിപ്പേരിലാണ് അറിയപ്പെടുക. ഇടത്തരം വലുപ്പവും നീളം കുറഞ്ഞ രോമവും നീളമേറിയ മുഖവും കൂർത്ത ചെവികളും വളഞ്ഞ വാലുമെല്ലാം ഈ നാടൻ നായ്ക്കളുടെ പൊതുവേയുള്ള ലക്ഷണങ്ങളാണ്. എന്നാൽ, പല നിറങ്ങളിലായിരിക്കും ഇവ കാണപ്പെടുക.

മികച്ച ബ്രീഡ്

അധികം പരിചരണമോ ശ്രദ്ധയോ ഇല്ലാതെ അനായാസം വളർത്താമെന്നതാണ് ഇവയുടെ പ്രത്യേക. പ്രാദേശികമായി ഉരുത്തിരിഞ്ഞുവന്ന ഇനമായതിനാൽ ഏതു കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള പ്രത്യേക കഴിവും ഇവയ്ക്കുണ്ട്. ജർമൻ ഷെപ്പേഡ്, റോട്ട് വെയ്‌ലർ, ഹസ്കി തുടങ്ങിയ ശുദ്ധജനുസ് നായ്ക്കളെ അപേക്ഷിച്ച് ഇന്ത്യയിലെ കാലാവസ്ഥയോട് ഏറ്റവും അനുരൂപപ്പെട്ട് ജീവിക്കുന്നവയാണ് നാടൻ നായ്ക്കൾ. മാത്രമല്ല, മനുഷ്യനെ ആശ്രയിക്കാതെ സ്വയം ജീവിക്കാനുള്ള പാടവം ഇവയ്ക്ക് പ്രകൃത്യാ ആർജിക്കാനും കഴിയും. മനുഷ്യരോട് ഏറ്റം അടുപ്പം കാണിക്കുകയും തന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് അതിക്രമിച്ചു കടക്കുന്നവരെ ഭയപ്പെടുത്താനും നാടൻ നായ്ക്കൾക്ക് പ്രത്യേക കഴിവാണ്. 

എന്തുകൊണ്ട് തെരുവുനായ്ക്കൾ കൂടുന്നു?

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും തെരുവുനായ്ക്കളുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്.  അതിന്റെ ഏതാനും കാരണങ്ങൾ ചുവടെ

1. പദ്ധതികളുടെ കുറവ്

മൃഗങ്ങളുടെ വംശവർധന നിയന്ത്രണത്തിനായുള്ള കാര്യക്ഷമമായ പദ്ധതിയോ ഫണ്ടോ ഇന്ത്യയിലില്ല. വികസിത രാജ്യങ്ങളിൽ മിക്ക നഗരത്തിലും തെരുവുനായ്ക്കളെ പിടികൂടാനും വാക്സിനേഷൻ നടത്താനും വന്ധ്യംകരണം നടത്താനും പ്രത്യേക സംവിധാനങ്ങളുണ്ട്. മാത്രമല്ല അവയെ സംരക്ഷിക്കാൻ പ്രത്യേക ഷെൽറ്ററുകളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടായാൽ തെരുവുനായ്ക്കളുടെ എണ്ണത്തിലും തെരുവുനായ ആക്രണങ്ങളിലും കുറവുണ്ടാകും.

2. ദയാവധം

തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ ഷെൽറ്ററുകളിൽ അവയെ കൊന്നൊടുക്കാറുണ്ട്. 1984ൽ അമേരിക്കയിൽ 1.7 കോടി അരുമകളെ കൊന്നിരുന്നുവെങ്കിൽ ഇപ്പോൾ അത് 7.33 ലക്ഷത്തിലേക്ക് താഴ്ന്നു. തെരുവുനായ്ക്കളെ അഡോപ്റ്റ് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കാംപെയിനുകൾ നടത്തിയതാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്ന നായ്ക്കളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണം.

3. മാലിന്യക്കൂമ്പാരം

കല, സംസ്കാരം, സംഗീതം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യ ലോകപ്രശസ്തമാണ്. എന്നാൽ, വൃത്തിയുടെ കാര്യത്തിലോ? മുകളിൽ പറഞ്ഞവയുടെ കൂടെ പ്രശസ്തിയുള്ളവയിൽ ഇവിടുത്തെ വൃത്തി പെടില്ല. തെരുവുകളിൽ മാലിന്യം തള്ളുന്ന പ്രവണത ഏറെയുള്ള രാജ്യമാണ് ഇന്ത്യ. പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്ന ഈ പ്രവണതയാണ് തെരുവുകളിൽ നായ്ക്കളുടെ എണ്ണം വർധിപ്പിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഏകോപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഏറിയ കാലം മുതലാണ് പൊതുനിരത്തുകളിൽ മാലിന്യം നിക്ഷേപിക്കപ്പെട്ടതു തുടങ്ങിയതെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം മാലിന്യങ്ങളിൽനിന്ന് ഭക്ഷണം കണ്ടെത്തി നായ്ക്കൾ വളർന്നു, പെരുകി.

4. വന്ധ്യംകരണ പദ്ധതികളുടെ കുറവ്

തെരുവുനായ്ക്കളുടെ വംശവർധന തടയാൻ സംസ്ഥാനത്ത് വന്ധ്യംകരണ പദ്ധതികളുണ്ടെങ്കിലും അത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. വന്ധ്യംകരണത്തിന്റെ പ്രധാന്യം മനസിലാക്കി പൊതുജനങ്ങളെ ബോധവൽകരിക്കുകയും വേണം.

5. തെരുവുനായ്ക്കളെ കൊല്ലാൻ കഴിയുമോ?

ഇല്ല. കഴിയില്ല. തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നാലും അവയെ കൊല്ലാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല. 2001 മുതൽ രാജ്യത്ത് നായ്ക്കളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്.

stray-dog

തെരുവുനായ്ക്കൾക്കുവേണ്ടി എന്തൊക്കെ?

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഒട്ടേറെ സന്നദ്ധപ്രവർത്തകരും സംഘടനകളും തെരുവുനായ്ക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ പിന്തുണയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾക്കും വ്യക്തികൾക്കും അവരുടേതായ പരിമിതികളുണ്ട്. ഫണ്ടിങ് തന്നെ പ്രധാന പ്രശ്നം. പിന്നെ അവയെ സംരക്ഷിക്കാനുള്ള സ്ഥലത്തിന്റെ അപര്യാപ്തതയും.

തെരുവുനായ്ക്കളും പ്രശ്നവും

തെരുവുനായ്ക്കളുടെ എണ്ണത്തിലുള്ള വർധന ഒട്ടേറെ സാമൂഹിക പാരീസ്ഥിതിക പ്രശ്നങ്ങൾക്കു വഴിയൊരുക്കും. 

1. മനുഷ്യരെ ആക്രമിക്കുന്നതും പേവിഷബാധ ഭീഷണിയും: ലോകത്തിൽ പേവിഷബാധയെത്തുടർന്ന് ഏറ്റവുമധികം ആളുകൾ മരിക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വർഷം 20,000 പേരാണ് പേവിഷബാധയെത്തുടർന്ന് ഇന്ത്യയിൽ മാത്രം മരിക്കുന്നത്.

2. നായ്ക്കളുടെ ദയനീയാവസ്ഥ: തെരുവിൽ അലഞ്ഞു നടക്കുന്ന മിക്ക നായ്ക്കളും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവ ആയിരിക്കും. മതിയായ ഭക്ഷണം  ലഭിക്കാത്തതും പരസ്പരം ആക്രമിക്കുന്നതും പകർച്ചവ്യാധികളുമെല്ലാം ഇതിനു കാരണമാണ്. പാർവോ, കനൈൻ ഡിസ്റ്റംബർ, പേവിഷബാധ, മണ്ഡരി, വിര തുടങ്ങിയവയൊക്കെ തെരുവുനായ്ക്കളിൽ സർവസാധാരണയായി കണ്ടുവരുന്നവയാണ്.

3. ചികിത്സയില്ല, അവഗണന മാത്രം: പേവിഷബാധ, ആക്രമണം എന്നിവയിലുള്ള ഭീതി മൂലം പലരും തെരുവുനായ്ക്കളെ ഭീതിയോടെ മാത്രമേ കാണൂ. അതുകൊണ്ടുതന്നെ അവയെ ഭയപ്പെടുത്തിയോ കല്ലെറിഞ്ഞോ ഓടിക്കാൻ ശ്രമിക്കുന്നവരാണ് അധികവും.

4. വാഹനാപകടം: തെരുവുനായ്ക്കൾക്ക് പരിക്കേൽക്കുന്നതിൽ പ്രധാനകാരണം വാഹനങ്ങളാണ്. വാഹനങ്ങൾ ഇടിച്ച് നായ്ക്കൾ ചാകുന്നതിനും പരിക്കേൽക്കുന്നതിനുമൊപ്പം ഇരുചക്രവാഹന യാത്രക്കാരുടെ ജീവന് ഭീഷണിയുമാണ് തെരുവുനായ്ക്കൾ.

English summary: Top things to know about Stray Dogs of Kerala, The Importance of Stray Dogs, Dog Adoption, Dog Barking, Dog Belt, Dog Bite, Dog Breed Names, Dog Breeds, Dog Breeds In India, Dog Puppy, Dog Rescue,  Dog Training, Dog Types, Dog Vaccination 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA