ADVERTISEMENT

കാറിന്റെ ഹെഡ്‌ലാംപ് തെളിച്ച് പശുവിന് ശസ്ത്രക്രിയ നടത്തി ഒരു സംഘം ഡോക്ടർമാർ. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനും സ്കൂൾ മാനേജരും അതിലുപരി കർഷകനുമായ ആലപ്പുഴ ജില്ലയിലെ പുല്ലുകുളങ്ങര കൊറ്റിനാട്ട് ബംഗ്ലാവിൽ ഗോപാലകൃഷ്ണപിള്ള കിടാരിക്കുവേണ്ടിയാണ് ഏതാനും വെറ്ററിനറി ഡോക്ടർമാർ അശ്രാന്ത പരിശ്രമം നടത്തിയത്. അദ്ദേഹത്തിന്റെ എച്ച്എഫ് ഇനത്തിൽപ്പെട്ട  കിടാരി ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ പ്രസവലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഏറെ കാത്തിരുന്നിട്ടും പ്രസവം നടക്കാതെ വന്നപ്പോൾ അദ്ദേഹം ഡോ. വേണുഗോപാലിന്റെ സഹായം തേടി. 

സാങ്കേതികമായി പറഞ്ഞാൽ ടോർഷൻ അഥവാ ഗർഭപാത്രം തിരിഞ്ഞു ചുറ്റിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. കിടാവിന്റെ കൈകളും തലയും ഭാഗികമായി പുറത്തു വന്നിരുന്നതിനാൽ സാധാരണ ചെയ്യാറുള്ള പശുവിനെ തിരിച്ച് ഉരുട്ടൽ പ്രായോഗികമല്ലായിരുന്നു. എപ്പിസിയോട്ടമിയിലൂടെ കിടാവിനെ പുറത്തെടുത്തു. അപ്പോഴേക്കും സമയം 5 ആയി. 3 മണിക്കൂറോളം നീണ്ട ശാരീരിക അധ്വാനം.

കിടാവ് പുറത്തു വന്നതിനു ശേഷമുള്ള പരിശോധനയിലാണ് ജനനേന്ദ്രിയത്തിനുള്ളിലെ വലിയ മുറിവ് കണ്ടെത്തിയത്. ക്ലോയേക്കാ ഫോർമേഷൻ, ഗർഭാശയം തള്ളൽ, കുടൽ ഹെർണിയ എന്നിവയ്ക്കുള്ള സാധ്യതകളേറെ. റീ കൺസക്ട്രക്റ്റീവ് സർജറിയേ മുന്നിലുള്ളൂ. കുട്ടിയെ പുറത്തെടുക്കാനുള്ള പരിശ്രമത്തിൽ ക്ഷീണിതനായ ഡോ. വേണുഗോപാലിന് രണ്ടാമതൊരു ദൗത്യത്തിനു കഴിയില്ലായിരുന്നു.  ഇതേത്തുടർന്ന് ഡോ. അർച്ചനയും വെറ്ററിനറി കോളജ് വിദ്യാർഥിനി ഡോ. അമൃത എസ്. കുമാറും സ്ഥലത്തെത്തി. 

ഇരുവരും എത്തുമ്പോൾ 7 ആയിരുന്നു. ഇരുട്ട് കനത്തുതുടങ്ങിയ നേരം. പ്രതിസന്ധികൾ ഏറെ. വെളിച്ചക്കുറവ്, ഏറ്റവും കൂടുതൽ അഴുക്ക് പറ്റുകയും രോഗാണുബാധയ്ക്ക് ഏറെ സാധ്യത ഉള്ളതുമായ പശുവിന്റെ ശരീര ഭാഗം (മനുഷ്യരിൽ anal and urine openings കുഴലിട്ട് ബൈപ്പാസ് ചെയ്ത് കൊടുക്കാം. മൃഗങ്ങളിൽ അത് പറ്റില്ലല്ലോ), ഏറ്റവും കൂടുതൽ മർദ്ദം stich lineൽ വരുന്ന ഭാഗം, സ്റ്റിച്ച് ബലമായി പിടിച്ച് നിൽക്കാത്തത്ര മൃദുവായ ഭാഗം, രക്തയോട്ടം ഏറ്റവും കൂടുതലുള്ള സമയം, ഭാഗം എന്നിങ്ങനെ ഒരു പെട്രോമാക്സ് പോലും കിട്ടാൻ വഴിയില്ലാത്ത അവസ്ഥ. ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ദീപു ഫിലിപ്പിന്റെ ഫോൺ വഴിയുള്ള നിർദ്ദേശങ്ങൾ ഇവരിൽ ആത്മവിശ്വാസം വളർത്തി. Upper vaginal wall, lower rectal wall എന്നിവ Vicryl, cat gut, nylon എന്നിവ ഉപയോഗിച്ച് തുന്നിചേർത്തു. വെളിച്ചത്തിനായി സ്വന്തം കാറിന്റെ ഹെഡ് ലൈറ്റ് തെളിയിച്ചു. കർത്തവ്യബോധം ഇവരെ സ്ത്രീകൾ എന്ന നിലയിൽ മാറ്റി നിർത്തിയതും ഇല്ല. അസമയത്ത് പോലും ഇവർ  ആവശ്യമായ ചികിത്സ നൽകി.

cow-1
പശുവും കുട്ടിയും

പ്രഫഷന്റെ ഭാഗമായി പലപ്പോഴും വനിതാ വെറ്ററിനറി ഡോക്ടർമാർ ഇങ്ങനെ നിസ്വാർഥം പ്രവർത്തിക്കാറുണ്ട്. സമയമോ, ശാരീരിക അധ്വാനമോ, ഫീൽഡിലെ പരിമിത സൗകര്യങ്ങളോ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്ന ലേഡി വെറ്ററിനറി ഡോക്ടർമാർ ഏറെയുണ്ട് ഈ കൊച്ചു കേരളത്തിൽ. വളരെ സങ്കീർണ്ണമായ ഒരു കേസ് അസമയത്ത് ഓടി എത്തി അർപ്പണബോധത്തോടെ വിജയകരമായി പൂർത്തിയാക്കിയ ഡോ. അർച്ചന, ഡോ. അമൃത എന്നിവർ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മാലാഖമാർ തന്നെ.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബീന അനി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com