രോമമില്ലാതെ, കണ്ണുതുറക്കാതെ മാംസപിണ്ഡം കണക്കെ ജനിക്കുന്ന കുഞ്ഞുങ്ങൾ

HIGHLIGHTS
  • അമ്മ മുയലുകൾ കുഞ്ഞുങ്ങൾക്ക് കൃത്യമായി മുലയൂട്ടും
  • ഒരു മാസത്തോളം കുഞ്ഞുങ്ങൾ അമ്മമുയലിനൊപ്പം ആയിരിക്കണം
rabbit-bunnies
SHARE

വളർച്ചയെത്താതെ ജനിക്കുന്നവരാണ് മുയൽക്കുഞ്ഞുങ്ങൾ. രോമമില്ലാതെ, കണ്ണുതുറക്കാതെ ഒരു മാംസപിണ്ഡം കണക്കെ ജനിക്കുന്നവർ. അമ്മമുയൽ തന്റെ ശരീരത്തിലെ രോമം പറിച്ചുണ്ടാക്കുന്ന മെത്തയിലാണ് മുയൽക്കുഞ്ഞുങ്ങൾ തണുപ്പേൽക്കാതെ സുരക്ഷിതമായി കിടക്കുന്നത്. പ്രസവം പ്രതീക്ഷിക്കുന്നതിന് 5 ദിവസം മുൻപെങ്കിലും കൂട്ടിൽ ഒരു പ്രസവപ്പെട്ടി വച്ചുകൊടുക്കണം. അതുമായി മുയലിന് പൊരുത്തപ്പെടാൻവേണ്ടിയാണ് നേരത്തെ ബോക്സ് വച്ച് കൊടുക്കുന്നത്. തടികൊണ്ടുള്ള ബോക്സ് ആണ് ഉത്തമം. പേപ്പർ പെട്ടികൾ ഒരിക്കലും ഉപയോഗിക്കരുത്. പെട്ടിക്കുള്ളിൽ തുണിയോ പഞ്ഞിയോ വച്ച് നൽകുകയും വേണ്ട. അത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കും.

സ്വന്തം ശരീരത്തിലെ രോമം പറിച്ച് കുഞ്ഞുങ്ങൾക്ക് സുരക്ഷിത മെത്ത ഒരുക്കുന്ന അമ്മ മുയലുകൾ കുഞ്ഞുങ്ങൾക്ക് കൃത്യമായി മുലയൂട്ടും. സാധാരണ രാത്രി മാത്രമാണ് ഇവ മുലയൂട്ടുക. അതുകൊണ്ടുതന്നെ നമുക്ക് കാണാൻസാധിച്ചെന്നുവരില്ല. മാത്രമല്ല, മറ്റു ജീവികൾ കുഞ്ഞുങ്ങളുടെ അടുത്തു കിടക്കുകയോ, നക്കിത്തോർത്തുകയോ ചെയ്യുന്ന രീതിയൊന്നും ഇക്കൂട്ടർക്കില്ല. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ നോക്കുന്നില്ല, മുലയൂട്ടുന്നില്ല എന്നൊന്നും തെറ്റിദ്ധരിക്കേണ്ട. നിത്യേന രാവിലെ കുഞ്ഞുങ്ങളെ നിരീക്ഷിച്ചാൽ പാൽ ലഭിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാം. പാൽ ലഭിക്കുന്ന കുട്ടികൾ നന്നായി ഉറങ്ങും. കൂടാതെ അവയുടെ വയർ നിറഞ്ഞിരിക്കുന്നതായും കാണാം. 10–12 ദിവസംകൊണ്ട് കണ്ണുകൾ തുറക്കുന്ന കുഞ്ഞുങ്ങൾ 15 ദിവസമാകുമ്പോഴേക്കും പതുക്കെ രോമമെത്തയിൽനിന്ന് പുറത്തെത്തി നടന്നുതുടങ്ങും. 

കുറഞ്ഞത് ഒരു മാസത്തോളം കുഞ്ഞുങ്ങൾ അമ്മമുയലിനൊപ്പം ആയിരിക്കണം. ഈ കാലയളവിനുള്ളിൽ അവ നന്നായി ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ടാകും. അമ്മ മുയലിന്റെ അടുത്തുനിന്ന് മാറ്റി ഒരു മാസത്തിനുശേഷം വിൽപന നടത്താം. ഒരു മാസം പ്രായമായ കുഞ്ഞുങ്ങളെ വിൽക്കുന്നവരുണ്ടെങ്കിലും ആ പ്രായത്തിൽ കുഞ്ഞുങ്ങളിൽ മരണനിരക്ക് കൂടുതലായിരിക്കും. മുയൽ കുട്ടികളുടെ ആരോഗ്യത്തിനും ജീവനും മുൻനിർത്തി 2 മാസം പ്രായമെത്തിയതിനുശേഷം മാത്രം വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതാണ് ഉത്തമം. 

രണ്ടാഴ്ച പ്രായമെത്തിയാൽ ലിംഗനിർണയം സാധ്യമാകും. കുഞ്ഞുങ്ങളെ എടുത്ത് അവയുടെ ജനനേന്ദ്രിയത്തിനു പുറത്തെ ചർമ്മം നീക്കിനോക്കിയാണ് അവ ആണാണോ പെണ്ണാണോ ​എന്ന് തിരിച്ചറിയുക. അങ്ങനെ നോക്കുമ്പോൾ ആൺ, പെൺ വ്യത്യാസം ചുവടെയുള്ള ചിത്രങ്ങളിലൂടെ മനസിലാക്കാം.

rabbit-male
ആൺമുയൽക്കുഞ്ഞ്
rabbit-female
പെൺമുയൽക്കുഞ്ഞ്
rabbit-male-1
പ്രായപൂർത്തിയായ ആൺ മുയൽ

English summary: Facts about Rabbit Bunnies, Rabbit Farming, Pets, Rabbit Care

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA