ശരീരം ചുക്കിച്ചുളിഞ്ഞ, ആജാനുബാഹുക്കളായ നായ്ക്കൾ ഇന്നു കേരളത്തിലും താരം

bulli-kutta
SHARE

ഇന്ത്യയിലും പാക്കിസ്ഥാനിലുമായി പരന്നുകിടക്കുന്ന പഞ്ചാബ് റീജണിൽ ഉരുത്തിരിഞ്ഞുവന്ന ബുള്ളി കുത്ത നായകൾ സംരക്ഷണത്തിനും വേട്ടയ്ക്കും പേരുകേട്ടവരാണ്. ഇന്ത്യയിൽ പഞ്ചാബിലും ഹരിയാനയിലുമാണ് ഇവ ഏറെയുള്ളത്.

പേരിനു പിന്നിൽ

ശരീരം ചുക്കിച്ചുളിഞ്ഞ നായ എന്നാണ് ബുള്ളി കുത്ത എന്ന പേരിന്റെ അർഥം. ഹിന്ദുസ്ഥാനി–പഞ്ചാബി ഭാഷയിലെ ബോലി എന്ന പദത്തിൽനിന്നാണ് ബുള്ളി എന്ന വാക്കിന്റെ പിറവി. കുത്ത എന്നാൽ ഹിന്ദിയിൽ നായ എന്നർഥം. 

bulli-kutta-3

വലുപ്പത്തിലും കരുത്തിലും മുമ്പർ

വലിയ ശരീരം, ഉറപ്പുള്ള പേശി, അയഞ്ഞ തൊലിയോടുകൂടിയ വായ എന്നിവയാണ് ബുള്ളി കുത്തകളുടെ പ്രത്യേകതകൾ. കരുത്തിനും രൂപത്തിനുമൊക്കെവേണ്ടി വ്യത്യസ്ത ബ്രീഡുകളുമായി വർഗസങ്കലനം നടത്തിയെടുക്കുന്ന ബുള്ളി കുത്തകളാണ് ഇന്ന് ഏറെയുള്ളത്. അതുകൊണ്ടുതന്നെ നല്ല നായ്ക്കളെ ലഭിക്കുക എന്നത് ഏറെ ശ്രമകരമാണ്. 

വേട്ടക്കാരല്ല

വേട്ടയ്ക്ക് ഉപയോഗിക്കുമെങ്കിലും വേട്ടക്കാരെന്നു വിളിക്കാനാകില്ല. ഹൗണ്ട് വിഭാഗത്തിൽപ്പെട്ട വേട്ടനായ്ക്കൾ പിന്തുടരുന്ന ഇരകളെ കീഴടക്കി യജമാനന്റെ അടുത്തെത്തിക്കുക എന്നതാണ് ഇക്കൂട്ടരുടെ ദൗത്യം. മാസ്റ്റിഫ് ഇനത്തിൽപ്പെട്ടവയാണെങ്കിലും റിട്രീവിങ് മേഖലയും അനായാസം കൈകാര്യം ചെയ്യുമെന്ന് ചുരുക്കം.

പരിശീലിപ്പിക്കാൻ വളരെ എളുപ്പം

മറ്റ് ദേശി നായ്ക്കളെ അപേക്ഷിച്ച് അനായാസം പരിശീലനം നേടാൻ കഴിയുന്നവരാണിവർ. ആക്രമിക്കുക ഇവരുടെ സ്വാഭാവമാണെങ്കിലും മികച്ച കംപാനിയൻ നായയുമാണ്. വളർത്തുന്ന സാഹചര്യമാണ് ഇവരുടെ സ്വഭാവരൂപീകരണത്തിൽ മുഖ്യ പങ്കുവഹിക്കുക. അതായത്, നല്ല പരിചരണവും പരിശീലനവും ലഭിക്കുന്നവർ നല്ല സ്വഭാവത്തിനുടമകളാകുമ്പോൾ ശ്രദ്ധ ലഭിക്കാത്തവർ അക്രമണസ്വഭാവം ഉള്ളവരായി മാറും.

bulli-kutta-1

ചെലവേറും

ഒന്നര വയസുവരെ ചെലവ് കൂടും. പേശികളുടെയും എല്ലുകളുടെയും വളർച്ചയ്ക്ക് നല്ല ഭക്ഷണത്തോടൊപ്പം മൾട്ടി വിറ്റമിൻ സപ്ലിമെന്റുകളും നൽകണം. അല്ലാത്തപക്ഷം സാധാരണ നാടൻ നായ്ക്കളേക്കാൾ കുറച്ചുകൂടി വലുപ്പമുണ്ടാകും എന്നേയുള്ളൂ, ബുള്ളി കുത്തയുടെ രൂപം ലഭിക്കില്ല. മാത്രമല്ല ഭക്ഷണത്തിൽ 100–200 ഗ്രാം എങ്കിലും ഡ്രൈഫുഡ് ഉൾപ്പെടുത്തുകയും വേണം. ചുരുക്കത്തിൽ ഒരു നായ്ക്കുട്ടിക്ക് ദിവസം 50–100 രൂപയോളം ചെലവ് വരും. രോഗപ്രതിരോധശേഷി കൂടിയ ഇനം ആയതിനാൽ രോഗങ്ങൾ എപ്പോഴും പടിക്കു പുറത്തു നിൽക്കും. എന്നാൽ, ആവശ്യം അനുസരിച്ച് മറ്റിനം നായ്ക്കളുമായി സങ്കരണം നടത്തി വലുപ്പത്തിലും രൂപത്തിലും ചർമത്തിലും മാറ്റങ്ങൾ വരുത്താറുണ്ട്. അയഞ്ഞ ചർമമുള്ള ബുള്ളി കുത്തകളെ കേരളത്തിൽ വളർത്താൻ ശ്രമിച്ചാൽ ചർമരോഗങ്ങൾ കൂടും.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA