ADVERTISEMENT

നായയെ വാഹനത്തിനു പിന്നിൽ കെട്ടിവലിച്ച ദാരുണമായ സംഭവമാണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. സംഭവത്തിൽ ടാക്സി ഡ്രൈവർക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. നായ്ക്കളെ വളർത്തുമ്പോൾ തുടക്കത്തിലുള്ള ആവേശമൊന്നും പിന്നീട് പലർക്കും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ നായ്ക്കൾ പിന്നീട് പലർക്കും ശല്യമായി മാറുന്നു. ഉടമയുടെ അവഗണന ഏറ്റവുമധികം വേദനയുണ്ടാക്കുന്നത് നായ്ക്കൾക്കാണ്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അവയെ പോറ്റാൻ കഴിയും, ഉപേക്ഷിക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ നായ്ക്കളെ വാങ്ങി വളർത്താവൂ.

ആറ്റുനോറ്റു വാങ്ങിയ നായ്ക്കുട്ടിക്ക് വാഹനമിടിച്ച് സാരമായി പരിക്കേറ്റപ്പോൾ, പിൻകാലുകൾ തളർന്നുപോയപ്പോൾ, നായ്ക്കുട്ടി നടക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ അതിനെ ഉപേക്ഷിക്കാതെ ചികിത്സിച്ച് ആ നായ്ക്കുട്ടിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ഉടമയാണ് കണ്ണൂർ സ്വദേശി സാരംഗ് കുമാർ. തന്റെ നായ്ക്കുട്ടിക്ക് സംഭവിച്ചതും തങ്ങൾ അനുഭവിച്ച വേദനകളും അദ്ദേഹം ഇന്നലത്തെ എറണാകുളത്തെ സംഭവത്തേത്തുടർന്ന് പങ്കുവയ്ക്കുന്നു.

2017 ഒക്ടോബർ 23 നാണ് ഇവനും കൂടപ്പിറപ്പുകളും ജനിച്ചത്. 6 മാസം മാത്രം പ്രായമുള്ളപ്പോ അച്ഛന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടിയ ഇവന്റെ മേൽ ഗ്യാസ് വണ്ടി കയറിയപ്പോ ഞാൻ കണ്ണൂർ പിഎസ്‌സി ഓഫീസിൽ വേരിഫിക്കേഷനു പോയതായിരുന്നു. 

ഏട്ടനാണ് കോരിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടോയത്. ഇവനെ കണ്ണൂർ വെറ്റിനറി ഹോസ്പിറ്റലിൽ കാണിച്ച്, മരുന്ന് വെച്ച്, രണ്ട് കാലിലും പ്ലാസ്റ്ററിട്ട് വീട്ടിൽ കൊണ്ടുവന്ന് കിടത്തി. എന്റെ വെരിഫിക്കേഷൻ കഴിഞ്ഞിട്ടാണ്  വിളിച്ചത്. 

വേഗം വീട്ടിലേക്ക് വരാൻ മാത്രമേ പറഞ്ഞുള്ളൂ. 

അച്ഛനെന്തെങ്കിലും പറ്റിയോന്ന് വിചാരിച്ച് അമ്മയേയും കൂട്ടി ഓടിപ്പിടിച്ച് വീട്ടിലെത്തുമ്പോ കണ്ടത് ഇന്നും മുന്നിലുണ്ട്. കാലിൽ പ്ലാസ്റ്ററിട്ട് കിടന്നുള്ള ദയനീയമായ നോട്ടം. വേദന കൊണ്ട് ഉറങ്ങാതെ പുളയുന്ന ഇവന് കാവല് കിടന്നു കുറച്ചുദിവസം. വേദനയേക്കാളും വീട്ടിനകത്ത് 1 & 2 സാധിക്കുന്നതിന്റെ പ്രയാസമായിരുന്നവന്.

വീണ്ടും കണ്ണൂർ വെറ്ററിനറി ഹോസ്പിറ്റലിലേക്ക്... 

പ്ലാസ്റ്റർ മാറ്റി പരിശോധിച്ചിട്ട് ഇവനിനി എണീക്കാനും നടക്കാനുമൊന്നും പറ്റില്ല എന്താ ചെയ്യണ്ടേ?  എന്നുള്ള ചോദ്യം കേട്ട് തരിച്ച്നിന്നുപോയി.  

ഈ എന്താ ചെയ്യണ്ടേ എന്നുദ്ദേശിച്ചത് ദയാവധമാണെന്ന് ചിന്തിച്ച് മനസിലാക്കാൻ കുറേ സമയമെടുത്തു, അപ്പോഴേക്കും വീടെത്തിയിരുന്നു. എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത നായക്കുട്ടിയുടെ ആവശ്യമെന്താണെന്ന് വിചാരിച്ചുകാണും. 

വീട്ടിലെത്തിയ എന്നോട് എവിടെക്കൊണ്ടുപോയിട്ടാണെങ്കിലും നമുക്കിവനെ  നടത്തിക്കണമെന്ന് പറഞ്ഞ അച്ഛനോട് ഡോക്ടർ പറഞ്ഞത് മിണ്ടിയില്ല.

കുറേ അന്വേഷിച്ചു, കുറേ ഡോക്ടർമാരെ വിളിച്ചു. 

എക്സ്റേ അയച്ചു കൊടുത്തപ്പോൾ ഹോപ് ഇല്ലെന്ന് പറഞ്ഞു.

അങ്ങനെ ഒരു ദിവസം പുലർച്ചെ ഏട്ടന്റെ കാറിൽ ബെഡ് സെറ്റാക്കി ഞാനും ഓനും അച്ഛനും പൂക്കോട് വെറ്റിനറി കോളേജിലേക്ക്.

അവിടുത്തെ ഡോക്ടർ ഈ കേസ് ഒരു ഡോക്ടർ അയച്ചുതന്നിരുന്നു വല്യ ഹോപ് ഇല്ല എന്നാണാദ്യം പറഞ്ഞത്.  എന്റേം  അച്ഛന്റേം മുഖത്തെ നിസ്സഹായാവസ്ഥ കണ്ടിട്ടായിരിക്കാം നോക്കാമന്ന് പറഞ്ഞു. മയക്കി എക്‌സ് റേ എടുക്കുമ്പോ പാതിമയക്കത്തിൽ അവന്റെ ജീവിതത്തിലെ ഫസ്റ്റ് കടി എന്നെത്തന്നെയായിരുന്നു.  

അത് ഡ്രസ്സ് ചെയ്ത് വന്നപ്പോഴേക്ക്  ഇൻജക്ഷൻ അടിച്ചുനോക്കാം എങ്കിലും അവൻ എണീറ്റു നടക്കാൻ 5% ചാൻസ് മാത്രമേ ഉള്ളൂ എന്ന് ഡോക്ടർ പറഞ്ഞു. 

ആദ്യ ഇൻജക്ഷൻ അവിടുന്ന് തന്നെ ചെയ്തു. 

പിന്നെ ഇടവിട്ട ദിവസങ്ങളിൽ വീട്ടിൽ ഡോക്ടറെ വരുത്തി ചെയ്യിച്ചു.

ഇൻജക്ഷന്റെ തളർച്ചയിൽ വെള്ളം പോലും കുടിക്കാതെ കിടക്കുന്ന ഇവനെങ്ങനെ എണീറ്റ് നടക്കും എന്നായി അടുത്ത വേവലാതി. അങ്ങനെ വെള്ളം, പാല് ഒക്കെ എങ്ങനൊക്കെയോ വായിൽ ആക്കിക്കൊടുത്തു. 

അങ്ങനെ ഒരു ദിവസം വേദന കടിച്ചമർത്തിക്കൊണ്ട് അവനെഴുന്നേറ്റ് നിന്നു. പിന്നെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോ മാക്സിമം സപ്പോർട്ട് ചെയ്ത് നടത്തിച്ചു. അതിനടുത്ത ഒരു ദിവസം വർക്ക് ഏരിയയിൽ കിടത്തിയിടത്തുനിന്ന് ഞങ്ങളുടെ അടുത്ത് സെന്റർഹാളിലേക്കവൻ പിച്ച നടന്ന് വന്നപ്പോ ആ വീഡിയോ ഡോക്ടർക്ക്  അയച്ചുകൊടുത്തു.

ഇനിയവൻ പതിയെ നടന്നോളും എന്ന് മറുപടി.  മാക്സിമം സപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു.

2018ൽ ഒന്നൊന്നര മാസത്തോളം വീട്ടിൽ നടന്ന സംഭവങ്ങളാണിത്. ഇപ്പൊ അടുത്തു പോയി നിന്നാൽ രണ്ട്കാലിൽ നിന്ന് എന്റെ നെഞ്ചത്ത് കൈകൾ വെക്കാൻ മാത്രം അവൻ വളർന്നു. ഓടാനും ചാടാനും തലകുത്തിമറിയാനും ഒക്കെ കൂടെയുണ്ടാവാറുമുണ്ട്.

ഇപ്പൊ ഇതെഴുതുമ്പൊ ഹാളിൽ കിടന്ന് കൂർക്കംവലിച്ചുറക്കമാണ് മൂപ്പർ. ഇതൊന്നും വല്ല്യ കാര്യമല്ലായിരിക്കാം ഇതിലും കൂടുതൽ അനുഭവങ്ങളുള്ള ആൾക്കാരുണ്ടായിരിക്കാം. ഇപ്പോളിതെഴുതാനുള്ള കാരണം എറണാകുളത്തുനിന്നുള്ള ഒരു ന്യൂസാണ്.  

എന്ത് കാരണത്തിന്റെ പുറത്താണെങ്കിലും  ചെയ്യാൻപാടില്ലാത്തതാണ്. കൂടുതലൊന്നും അദ്ദേഹത്തോട് പറയാനില്ല. 

English Summary: Dog which underwent cruelty in kochi found out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com