ADVERTISEMENT

ധാന്യങ്ങൾ കൊത്തിപ്പെറുക്കി തിന്നുന്നവയാണ് പ്രാവുകൾ. കൗതുകത്തിനു പ്രാവുകളെ വളർത്തുന്നവരും വരുമാനത്തിനായി വളർത്തുന്നവരും ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. എന്നാൽ, ഓമനിച്ചു വളർത്തിയ ഫാൻ‌ടെയിൽ ഇനത്തിൽപ്പെട്ട പ്രാവിന്റെ വയറിൽ അസാധാരണ മുഴ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കൊല്ലം സ്വദേശി അൻസാർ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ കാണിക്കാതിരിക്കുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന പ്രാവിന് പ്രാരംഭപരിശോധനയിൽ കുഴപ്പമൊന്നും കണ്ടിരുന്നില്ലെങ്കിലും മുഴ എന്താണെന്ന് കണ്ടെത്താൻ വെറ്ററിനറി സർജൻ ഡോ. അജിത് പിള്ള എക്‌സ് റേ എടുക്കാൻ നിർദേശിച്ചു.

എക്സ്‌റേ കണ്ട് ഡോക്ടറും പ്രാവിന്റ ഉടമയും ഞെട്ടി. വയറിനുള്ളിൽ ഒരു മുള്ളാണി. അത് ആമാശയത്തിലോ കുടലിലോ ഒന്നുമല്ല, കുടലിനു പുറത്ത് വയറിനുള്ളിൽ. അതെങ്ങനെ അവിടെയെത്തി? ഏതായാലും പുറത്തെടുക്കാതിരിക്കാൻ വഴിയില്ലാത്തതിനാൽ പ്രാവിന് ജനറൽ അനസ്തേഷ്യ നൽകി വയർ കീറി മുള്ളാണി പുറത്തെടുത്തു. വയറ്റിൽ നിറഞ്ഞ ഉണങ്ങിയ പഴുപ്പിനുള്ളിൽ പൊതിഞ്ഞ് തുരുമ്പിച്ച അവസ്ഥയിലായിരുന്നു ആണിയെന്ന് ഡോ. അജിത് കർഷകശ്രീ ഓൺലൈനിനോട് പറഞ്ഞു. ഏകദേശം ഒന്നര മണിക്കൂർ നേരംകൊണ്ടാണ് ആണി പുറത്തെടുത്ത് പ്രാവിനെ പഴയപടിയാക്കിത്. പ്രാവിനെ ചികിത്സിക്കുമ്പോൾ നായ, ആട്, പൂച്ച, പശുക്കിടാവ് എന്നിങ്ങനെയുള്ള രോഗികളെയും കൊണ്ട് കർഷകർ പുറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.

തീറ്റ കഴിച്ചതിനൊപ്പം വയറ്റിലെത്തിയ മുള്ളാണി കുടൽ തുളച്ച് പുറത്തെത്തിയതാകാമെന്നാണ് ഡോ. അജിത്തിന്റെ നിഗമനം. അതുകൊണ്ടുതന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പ്രാവിനുണ്ടായിരുന്നുമില്ല. മനുഷ്യനായാലും മൃഗമായാലും പക്ഷിയായാലും വെറുമൊരു പുഴുവായാൽ പോലും ജീവൻ ഒന്നേയുള്ളു. പോയാൽ തിരികെ കൊടുക്കാൻ പറ്റിയില്ലെങ്കിലും പോകാതെ നോക്കാൻ പറ്റുന്നുണ്ടല്ലോ എന്ന ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു. 

English summary: Injuries and Accidents of Pet Birds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com