വിലക്കുറവിന്റെ ലാഭം നോക്കിയാൽ ഒരുപക്ഷേ നഷ്ടപ്പെടുന്നത് അരുമകളുടെ ജീവനാകും

HIGHLIGHTS
  • ശ്രദ്ധിക്കേണ്ട പരമപ്രധാനമായ ഒന്നാണ് അവയ്ക്കുള്ള കൂടുകൾ
  • അക്രമികളായ ജീവികൾ കൂട് നശിപ്പിച്ച് പക്ഷികളെ ആക്രമിക്കും
geen-mesh-and-pet-birds
ചിത്രങ്ങൾക്ക് കടപ്പാട്: വളർത്തുപക്ഷികൾ (ഫെയ്‌സ്ബുക്ക് കൂട്ടായ്മ)
SHARE

ചെറു കൂടുകളിൽ അരുമക്കിളികളെ വളർത്തുന്നവർ ഏറെയുണ്ട്. അവയുടെ ശബ്ദവും കൊഞ്ചലുകളും മനസിനെ കുളിരണിയിക്കും. മാനസിക സമ്മർദമകറ്റാൻ ഏറ്റവും അനുയോജ്യമായ ഔഷധവും ഇതുതന്നെ. എന്നാൽ, നമ്മുടെ മാനസികോല്ലാസത്തിനുവേണ്ടി പക്ഷികളെയും മൃഗങ്ങളെയും വളർത്തുമ്പോൾ നാം അവരുടെ ആരോഗ്യത്തിന് മുൻഗണന കൊടുക്കാറുണ്ടോ? ഇല്ല എന്നുതന്നെ പറയേണ്ടിവരും. കാരണം, പലപ്പോഴും അവയ്ക്കുവേണ്ടി ഒരുക്കുന്ന കൂട് ശ്രദ്ധിച്ചാൽത്തന്നെ നമുക്ക് അവരോടുള്ള മനോഭാവം തിരിച്ചറിയാം. 

പക്ഷികളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട പരമപ്രധാനമായ ഒന്നാണ് അവയ്ക്കുള്ള കൂടുകൾ. ഒട്ടേറെ തരം ഇരുമ്പുവലകൾ മാർക്കറ്റിൽ ലഭ്യമാണെങ്കിലും പലരും പ്ലാസ്റ്റിക് കോട്ടിങ് ഉള്ള വലകൾ തിരഞ്ഞെടുക്കാറുണ്ട്. പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതിനാൽ കൂടുതൽ കാലം ഈടുനിൽക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരം നെറ്റ് തിരഞ്ഞെടുക്കുക. എന്നാൽ, ഇത്തരം പ്ലാസ്റ്റിക് ആവരണമുള്ള ഇരുമ്പുവലകൾ പക്ഷികൾക്കും ഉടമകൾക്കും ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്. 

geen-mesh-and-pet-birds-1
പക്ഷികൾ തിന്നു നശിപ്പിച്ച പ്ലാസ്റ്റിക് നെറ്റ് (ഇടത്ത്)

ബഡ്ജെറിഗാർ മുതലുള്ള തത്ത ഇനങ്ങളുടെ ചുണ്ടുകൾക്ക് കാഠിന്യമുള്ള വസ്തുക്കൾ കടിച്ചു പൊട്ടിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് കോട്ടിങ് കടിച്ച് നശിപ്പിക്കാനും അത് കഴിക്കാനും ഇത്തരം പക്ഷികൾ ശ്രമിക്കും. വെയിലേൽക്കുന്ന സ്ഥലത്താണ് ഇത്തരം പ്ലാസ്റ്റിക് കോട്ടഡ് നെറ്റ് ഉപയോഗിച്ചുള്ള കൂട് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ അത് വേഗം വിഘടിച്ച് പൊടിയാനും സാധ്യതയുണ്ട്. അതും പക്ഷികൾക്ക് അകത്താക്കാൻ എളുപ്പമായിരിക്കും. നിരന്തരമായി ഇത്തരം പ്ലാസ്റ്റിക് കഷണങ്ങൾ കഴിക്കുന്ന പക്ഷികളുടെ ആരോഗ്യം ക്രമേണ നശിക്കുകയും ചത്തുപോകുകയും ചെയ്യും. കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യ കൂട്ടായ്മയിൽ പങ്കുവയ്ക്കപ്പെട്ട പക്ഷിയുടെ ആമാശയത്തിന്റെ ചിത്രമാണ് ചുവടെ ചേർത്തിട്ടുള്ളത്. പക്ഷി പെട്ടെന്ന് ചത്തുപോയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മൃഗാശുപത്രിയിലെത്തി പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് കാരണം വ്യക്തമായത്. വയർ നിറയെ പ്ലാസ്റ്റിക് കഷണങ്ങളായിരുന്നു. ഇതുപോലെ എത്ര പേരുടെ പക്ഷികൾ അത് അകത്താക്കിയിട്ടുണ്ടാകും?

geen-mesh-and-pet-birds-2
പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കണ്ടെത്തിയ പ്ലാസ്റ്റിക് കഷണങ്ങൾ

തീരെ കനം കുറഞ്ഞ തരം വല ആയതിനാൽ അക്രമികളായ ജീവികൾ കൂട് നശിപ്പിച്ച് പക്ഷികളെ ആക്രമിക്കും. ഈ വല ഉപയോഗിച്ച് മുയലുകൾക്ക് കൂട് നിർമിച്ചാലും സമാന അവസ്ഥയുണ്ടാകും. കൂട് പൊളിച്ച് മുയലുകളെ നായ്ക്കൾ പിടിച്ചുകൊണ്ടുപോയ അനുഭവം കേരളത്തിലെ ഒട്ടേറെ കർഷകർക്കുണ്ട്. അതുകൊണ്ടുതന്നെ, കൂട് നിർമാണത്തിന് നിലവാരമുള്ള കട്ടിയുള്ള ഇരുമ്പുവലകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

അര ഇഞ്ച് കണ്ണിയകലമുള്ള ഇരുമ്പു വലകൾ ചതുരശ്ര അടിക്ക് 20 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. താൽക്കാലിക ലാഭത്തിനുവേണ്ടി വില കുറഞ്ഞ വലകൾ അരുമകൾക്കായുള്ള കൂട് നിർമിക്കാൻ ഉപയോഗിച്ചാൽ ഒരുപക്ഷേ കനത്ത നഷ്ടമായിരിക്കും വരുത്തിവയ്ക്കുക.

English summary: Aviary Mesh for Small Birds

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA