ADVERTISEMENT

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനും പ്രസരിപ്പിനുമെല്ലാം കളിപ്പാട്ടങ്ങൾ സഹായകമെന്നു നമുക്കറിയാം. അരുമകളായി വളർത്തുന്ന നായ്ക്കുട്ടികൾക്കും പൂച്ചക്കുട്ടികൾക്കും ഓമനപ്പക്ഷികൾക്കുമെല്ലാം കളിപ്പാട്ടങ്ങൾ നൽകിയാലുള്ള ഗുണവും ഏതാണ്ടിതൊക്കെത്തന്നെ. ഏകദേശം 11 മാസം പ്രായമെത്തുന്നതോടെയാണ് നായ്ക്കളുടെ വളർച്ച പൂർത്തിയാവുന്നത്. അതുവരെയുള്ള കുട്ടിപ്രായത്തിൽ നായ്ക്കളുടെ ശരീരവളർച്ച വേഗത്തിലായിരിക്കും. നല്ല പ്രസരിപ്പും അത്യുത്സാഹവും പുതുതായി എന്തു കണ്ടാലും കൗതുകത്തോടെ കടിച്ചു നോക്കലുമെല്ലാം ഈ ഘട്ടത്തിൽ കാണാം. 

പാൽപ്പല്ലുകൾ കൊഴിഞ്ഞ് പുതിയ പല്ലുകൾ മുളയ്ക്കുന്നത് ഈ സമയത്താണ്. കണ്ണിൽ കാണുന്നതൊക്കെ കടിച്ചു കീറുക, ചെറു കഷണങ്ങളാക്കി കടിച്ചു പൊട്ടിച്ചു വിഴുങ്ങുക തുടങ്ങിയ കുറുമ്പുകളൊക്കെ നായ്ക്കുട്ടികളിൽ സ്വഭാവികവും സാധാരണവുമാണ്. ചിലപ്പോഴൊക്കെ ഇത് അപകടകരവുമായേക്കാം. കളിപ്പാട്ടങ്ങൾ നൽകുന്നതിന്റെ മെച്ചം അവിടെയാണ്. മാർദവമുള്ളതും അതേസമയം കടിച്ചാലും മുറിഞ്ഞുപോകാത്തതുമായ കളിപ്പാട്ടങ്ങൾ വേണം തിരഞ്ഞെടുക്കാൻ. കളിപ്പാട്ടം കിട്ടുന്നതോടെ പരാക്രമം അതിനോടായിക്കൊള്ളും. കയ്യിൽക്കിടുന്നതൊക്കെ കടിച്ചുനോക്കി അപകടം സംഭവിക്കാനുള്ള സാധ്യതയും ഇല്ലാതാവും. എന്നു മാത്രമല്ല പല്ലുകൾക്കു നല്ല ബലം ലഭിക്കാനും കളിപ്പാട്ടങ്ങവുമായുള്ള കടിപിടി ഉപകരിക്കും. 

നൽകുന്ന കളിപ്പാട്ടങ്ങൾ നായ്ക്കുട്ടികൾക്ക് ഇഷ്ടമാവണമല്ലോ. അതിനും വഴിയുണ്ട്. അവർക്കി ഷ്ടപ്പെട്ട ഭക്ഷണങ്ങൾ നിറയ്ക്കാവുന്ന കളിപ്പാട്ടങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അൽപം കഷ്ടപ്പെടണം അതിൽനിന്ന് ഭക്ഷണം കടിച്ചെടുത്തു കഴിക്കാൻ. അതുതന്നെയാണ് അതിന്റെ ഉദ്ദേശ്യവും. അതായത്, ഏറെ നേരമെടുത്ത് ഭക്ഷണം കഴിക്കുക, അധ്വാനിച്ചു ആഹാരം കഴിച്ചതിനെത്തുടർന്നുണ്ടാകുന്ന തളർച്ചയിൽ നന്നായി ഉറങ്ങുക. വളരുന്ന പ്രായത്തിൽ നല്ല ഉറക്കം നായ്ക്കുട്ടികൾക്ക് ആവശ്യവുമാണ്. 

പൂച്ചക്കുട്ടികൾക്കുമുണ്ട് ഇത്തരം കുസൃതികൾ. വീട്ടിലുള്ള സോഫയും മറ്റും നഖം കുത്തിയിറക്കി നശിപ്പിക്കലാണ് ഇഷ്ട വിനോദം. മർദ്ദവമുള്ള കയർ ചുറ്റിയ പൈപ്പ്, കട്ടിയുള്ള തുണിച്ചാക്ക് തുടങ്ങിയവ പൂച്ചകളുടെ പാർപ്പിടത്തിൽ ക്രമീകരിച്ചാൽ ആവേശം അതിനോടായിക്കൊള്ളും. ഓമനപ്പക്ഷികളിലും കാണാം ഇത്തരം പ്രവണതകൾ. അവയ്ക്കുള്ള കളിപ്പാട്ടങ്ങളും ഇന്നു ലഭ്യമാണ്.

(ലേഖകൻ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റർസീ അക്കാഡമി ഫോർ ഡോഗ്സ് ആൻഡ് ക്യാറ്റ്സ് എന്ന സ്ഥാപനത്തിൽനിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്)

English summary: Reasons why Dog Toys are Important

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com