ലോക്ഡൗണ്‍ വളർത്തിയ വിപണി; അരുമകൾക്ക് രുചിവൈവിധ്യമൊരുക്കാൻ കടുത്ത മത്സരം

HIGHLIGHTS
  • ഓമനമൃഗങ്ങളുടെ പരിപാലനം സംബന്ധിച്ച അവബോധം വർധിച്ചു
  • ഇന്ത്യൻ കമ്പനികൾക്കൊപ്പം രാജ്യാന്തര ബ്രാൻഡുകളും വിപണി പിടിച്ചടക്കാനുള്ള മത്സരത്തിൽ
rajapalayam-vijay-sethupati
രാജപാളയം നായയ്‌ക്കൊപ്പം വിജയ് സേതുപതി. മനോരമ കലണ്ടർ ആപ് 2021–നു വേണ്ടിയായിരുന്നു ഇന്ത്യൻ ഇനമായ രാജപാളയം നായയുമൊത്തു‌ള്ള സൂപ്പർതാരത്തിന്റെ ഈ ഫോട്ടോഷൂട്ട്
SHARE

ലോക്ഡൗണും പെറ്റ്ഫുഡ് വിപണിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ മൂലം നേട്ടമുണ്ടാക്കിയ വിഭാഗങ്ങളിലൊന്നാണ് പെറ്റ് ഫുഡ്, പെറ്റ് ആക്സസറീസ് മാർക്കറ്റ്. 2020ന്റെ അവസാന പാദമായപ്പോഴേക്കും വിപണി വളർച്ച കൈവരിച്ചത് 20 ശതമാനത്തോളമാണ്. 

ലോക്ഡൗണിൽ ജനം വീട്ടിൽ അടച്ചിരിപ്പായപ്പോൾ ഓമനമൃഗങ്ങളെ വളർത്തുന്ന പ്രവണത കൂടിയതാണ് പെറ്റ് ഫുഡ് വിപണിക്കു കരുത്തായത്. വീട്ടിൽ പലപ്പോഴും തനിച്ചായിപ്പോകുന്ന കുട്ടികൾക്കു കൂട്ടായും വർക് ഫ്രം ഹോമിന്റെ ഇടവേളകളിൽ വിരസതയകറ്റാനും പലരും നായ്ക്കളെയും പൂച്ചകളെയും അരുമപ്പക്ഷികളെയും വളർത്താൻ തുടങ്ങി. അരുമ മൃഗങ്ങളുടെ വിൽപനയിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ വലിയ വർധനയാണുണ്ടായത്.  അതിനൊപ്പം അവയ്ക്കുള്ള ആഹാര സാധനങ്ങളുടെയും ആക്സസറീസിന്റെയും വിൽപനയും കുതിച്ചുയർന്നു. 

ഇപ്പോൾ വിപണിയിലുണ്ടായ ഉണർവ് 2021ലും നിലനിർത്താനുള്ള കഠിന യത്നത്തിലാണ് പെറ്റ് ഫുഡ് ഉൽപാദകരും വിതരണക്കാരും. നേരിട്ട് കടകളിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിനൊപ്പം വർധന ഓൺലൈൻ വഴി ഇവ ഓർഡർ ചെയ്യുന്നവരിലും ഉണ്ടായി. ഓൺലൈൻ വിൽപനയിലുണ്ടായ വർധനയും വിപണിയിൽ വളർച്ച കൈവരിക്കാൻ സഹാകരമായെന്ന് ഉൽപാദകർ പറയുന്നു. അതുകൊണ്ടുതന്നെ ഇതാദ്യമായി ടിവി പരസ്യത്തിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും വളർച്ച സ്ഥിരത നിലനിർത്താനുള്ള ശ്രമത്തിലാണ് ഉൽപാദകർ. പ്രമുഖ രാജ്യാന്തര ബ്രാൻഡ് ആയ നെസ്‌ലെ ആണ് തങ്ങളുടെ പെറ്റ്ഫുഡ് ശ്രേണിയിലെ ഉൽപന്നത്തിന് ടിവി പരസ്യം നൽകി രംഗം പിടിക്കുന്നത്. 

ഇന്ത്യൻ കമ്പനികൾക്കൊപ്പം രാജ്യാന്തര ബ്രാൻഡുകളും വിപണി പിടിച്ചടക്കാനുള്ള മത്സരത്തിലാണ്. 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ പെറ്റ് ഉൽപന്ന മാർക്കറ്റ് 65 ശതമാനത്തോളം വളർച്ച കൈവരിക്കുമെന്ന വിലയിരുത്തലുകൾ നേരത്തേ ഉണ്ടായിട്ടുണ്ട്. 

labrador-denny
ഫോട്ടോ: ഡെന്നി ഡാനിയൽ

അരുമകളാണ് താരങ്ങൾ

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം പോരാ അരുമമൃഗങ്ങൾക്കെന്നും, ഫുഡ് സപ്ലിമെന്റുകൾ കൂടി അവയ്ക്കു നൽകിയേ കഴിയൂ എന്നുമുള്ള തിരിച്ചറിവ് സമൂഹത്തിൽ വളർന്നതാണ് ഈ വിപണിയെ ഇത്രത്തോളം സഹായിച്ചത്. ഓമനമൃഗങ്ങളുടെ പരിപാലനം സംബന്ധിച്ച അവബോധം വർധിച്ചതും ഈ വിപണിക്കു ഗുണകരമാകുന്നുണ്ട്. 

സാധാരണ സമയത്തെക്കാളധികമായി നായ്ക്കുട്ടികളെ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും അന്വേഷണങ്ങളിലും വർധന ഉണ്ടായത് ലോക്ഡൗൺ കാലത്താണെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. നായ്ക്കുട്ടികളുടെ വിലയിലും വൻ കുതിച്ചു ചാട്ടമാണ് ഈ കാലയളവിൽ ഉണ്ടായത്. അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വിലയുണ്ടായിരുന്ന ജനപ്രിയ ഇനമായ ലാബ്രഡോർ പപ്പികൾക്ക് 13,000 മുതൽ വിലയുണ്ട് ഇപ്പോൾ. ഇരുപതിനായിരത്തിനടുത്തു വിലയുണ്ടായിരുന്ന ബീഗിൾ, ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട പപ്പികൾക്ക് 35,000നു മേലാണ് ഇപ്പോൾ വില. 

dog-toys

ട്രീറ്റ് മുതൽ കളിപ്പാട്ടം വരെ

അരുമമൃഗങ്ങളുടെ കാര്യത്തിലുള്ള ഈ വർധിച്ച ഡിമാൻഡ് തന്നെയാണ് ഇവയുടെ ആഹാര സാധനങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപനയിലുണ്ടായ വർധനയ്ക്കും കാരണം. നായ്ക്കുട്ടികൾക്കു വേണ്ട സ്റ്റാർട്ടർ ഫുഡ്, ഫുഡ് സപ്ലിമെന്റുകൾ, വെറ്ററിനറി മെഡിസിൻ എന്നിവയുടെ കോടിക്കണക്കിനു രൂപയുടെ വിപണിയിലാണ് ലോക്ഡൗൺ ഇപ്പോൾ കടുത്ത ആവേശം നിറച്ചിരിക്കുന്നത്. ഇവ കൂടാതെ കോളർ ബെൽറ്റുകൾ, ലീഷുകൾ, ഹാർനസ്, വിവിധ ആവശ്യങ്ങൾക്കനുസരിച്ചു രൂപകൽപന ചെയ്ത കളിപ്പാട്ടങ്ങൾ, ഭക്ഷണപ്പാത്രങ്ങൾ, കിടക്കകൾ, കിടക്കവിരിപ്പുകൾ, നെയിൽകട്ടർ, ഗ്രൂമിങ് ബ്രഷുകൾ എന്നുവേണ്ട രോമം ചീകിയൊതുക്കി വയ്ക്കാനുള്ള ചീപ്പു വരെ നീളുന്ന ആക്സസറി വിപണിയിലും വളർന്നു വരുന്നത് കടുത്ത മത്സരം തന്നെ. തങ്ങളുടെ അരുമകൾക്ക് ഏറ്റവും മികച്ച ഉൽപന്നം തന്നെ വാങ്ങി നൽകണമെന്ന ഉടമസ്ഥരുടെ പിടിവാശി കൂടിയാണ് ഈ വിപണിയിൽ മത്സരം കടുത്തതാക്കുന്നത്. 

നായ്ക്കുട്ടികളെ കൂട്ടിലടച്ചു വളർത്തിയിരുന്ന കാലമൊക്കെ പൊയ്ക്കഴിഞ്ഞു. കിടപ്പുമുറിയിൽ ഉടമയ്ക്കൊപ്പം തന്നെ സ്ഥാനം നേടിത്തുടങ്ങിയ അരുമകൾക്കു വേണ്ടി പണം ചെലവഴിക്കാതെ തരമില്ലല്ലോ.

English summary: Pet Market During Lockdown

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA