വീട്ടിലെ മുട്ടക്കോഴികൾക്കുണ്ട് പലതരം കൂടുകൾ

poultry-cage
SHARE

നമ്മൾ വീടു നിർമിക്കുമ്പോൾ ശ്രദ്ധിക്കുന്ന പല കാര്യങ്ങളും വളർത്തുപക്ഷികൾ‍ക്ക് കൂടൊരുക്കുമ്പോഴും പ്രസക്തമാണ്. സുരക്ഷിതത്വം, ശുദ്ധവായു, വെളിച്ചം എന്നിവയുടെ ലഭ്യതയും കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകാവുന്ന രോഗങ്ങളിൽ നിന്നു സംരക്ഷണവും ഉറപ്പാക്കാൻ ഉതകുംവിധമായിരിക്കണം പാർപ്പിടത്തിന്റെ രൂപകൽപന. കോഴികളുടെ വളർച്ചയ്ക്കും മുട്ടയുൽപാദനത്തിനും അനുയോജ്യമായ താപനില, ആർദ്രത, വായുസഞ്ചാരം എന്നിവ ലഭ്യമാക്കുന്നതും ചെലവു കുറഞ്ഞതുമായ നിർമാണരീതി സ്വീകരിക്കണം. ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ മറ്റു ജീവികളെപ്പോലെ സ്വേദഗ്രന്ഥികൾ ഇല്ലാത്തത് ഇവയുടെ നില വഷളാക്കുന്നു. ഉയർന്ന താപവും ആർദ്രതയും മുട്ടയുൽപാദനത്തെ മാത്രമല്ല, അവയുടെ വലുപ്പത്തെയും മുട്ടത്തോടിന്റെ കട്ടിയെയുമൊക്കെ ബാധിക്കും. വിരബാധ, കോക്സീഡിയ, മറ്റു രോഗങ്ങൾ എന്നിവയ്ക്കും കൂടിയ ചൂട് വഴിയൊരുക്കുന്നു. കോഴിക്കൂടിനുള്ളിലെ വായുസഞ്ചാരം വർധിപ്പിക്കുകയും കൂട്ടിനുള്ളിൽ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കുകയുമാണ് ഇതിനു പോംവഴികൾ. അതെങ്ങനെ സാധ്യമാക്കാമെന്നു നോക്കാം.

കിഴക്കു പടിഞ്ഞാറ് അഭിമുഖമായി കൂടു സ്ഥാപിച്ചാൽ സൂര്യരശ്മികൾ നേരിട്ട് അതിനുള്ളിൽ പതിക്കുന്നത് ഒഴിവാക്കാം. കൂടിന്റെ കൂര ശരിയായി ചരി‍ഞ്ഞിറങ്ങിയിട്ടുണ്ടെന്നും വശങ്ങൾ ഒരു മീറ്ററോളം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഏറെനാൾ നിലനിൽക്കില്ലെന്ന ദോഷമുണ്ടെങ്കിലും ഓലമേഞ്ഞതോ ഓടു പാകിയതോ ആയ മേൽക്കൂരയാണ് കോഴിക്കൂടിന് ഏറ്റവും യോജ്യം. മറ്റെന്തൊക്കെ അസൗകര്യങ്ങളുണ്ടെങ്കിലും ചൂട് തടയാൻ ഓലമേൽക്കൂരയോളം പറ്റിയതൊന്നുമില്ല. ആസ്ബസ്റ്റോസ് ഷീറ്റുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവയുടെ മുകളിൽ വെള്ള പൂശുകയോ വൈക്കോലോ ഓലയോകൊണ്ടു പൊതിയുകയോ ചെയ്യുന്നതുകൊള്ളാം. ലോഹങ്ങൾ കൂടുതൽ ഊഷ്മാവ് വികിരണം ചെയ്യുമെന്നതിനാൽ അതുപയോഗിച്ചുള്ള മേൽക്കൂര നന്നല്ല. തറയിൽനിന്നു പ്രതിഫലിക്കുന്ന ചൂടും കൂടിനുള്ളിൽ ഊഷ്മാവ് വർധിപ്പിക്കുമെന്നതിനാൽ തറയിൽ പുല്ലു നട്ടുപിടിപ്പിക്കുകയോ കൂടിനോടു ചേർന്ന് തണൽമരങ്ങൾ നടുകയോ ചെയ്യുന്നതു നന്ന്.

അത്യുഷ്ണമുള്ള സ്ഥലങ്ങളിൽ തളി നന സംവിധാനം ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കാം. കൂടിനുള്ളിലെ ഊഷ്മാവ് കുറയ്ക്കാൻ ഫോഗറുകളും ഉപയോഗപ്പെടുത്താം. അടച്ചുറപ്പുള്ള കൂടുകളിൽ ശരിയായ വായു സഞ്ചലനം ഉറപ്പുവരുത്താൻ ഫാനുകളും ഉപയോഗിക്കാം. 

poultry-cage-1

ഫാമില്‍ ഒരേ പ്രായത്തിലുള്ള കോഴികളെ പ്രത്യേകം പാർ‌പ്പിക്കുന്നതു ഫലപ്രദമായ രോഗനിയന്ത്രണത്തിന് സഹായിക്കും. കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്ന ഷെഡും മുതിർന്നവയുടെ പാ‍ർപ്പിടവും തമ്മില്‍ പരമാവധി അകലം നല്‍കണം. ബാക്ക്‌യാർ‍ഡ്, ഫ്രീറേഞ്ച്, സെമി ഇന്റൻസീവ്, ഇന്റൻസീവ് എന്നീ വളർത്തുരീതികളാണ് ഇന്നുള്ളത്. 

വീട്ടാവശ്യത്തിനു മുട്ടകൾക്കായി അഞ്ചോ പത്തോ കോഴികളെ വീട്ടുവളപ്പിൽ വളർത്തുന്നതാണ് ബാക്ക് യാർഡ് (അടുക്കളമുറ്റം) കോഴിവളർത്തൽ. ഈ രീതിയിൽ വളർത്താൻ ചെലവേറിയ കൂടുകൾ ആവശ്യമില്ല. സുരക്ഷിതമായി വിശ്രമിക്കാൻ വായു സഞ്ചാരവും അടച്ചുറപ്പുമുള്ള ചെറിയ കൂട് മതി. തടി, മുള, മൺകട്ട എന്നിവ കൊണ്ട് കുറഞ്ഞ ചെലവിൽ കൂടുണ്ടാക്കാം. പകൽ മുഴുവൻ പ്രകൃതിയിൽ‌ ലഭ്യമായ ആഹാരസാധനങ്ങൾ കൊത്തിപ്പെറുക്കി തിന്നു നടക്കുന്ന ഇവയ്ക്ക് വളർത്തുചെലവും കുറയും. ഈ രീതിയിൽ വളർത്തുന്ന കോഴികളുടെ മുട്ടയ്ക്ക് ഉയർന്ന ഗുണനിലവാരമുള്ളതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അരി, ഗോതമ്പ് എന്നീ ധാന്യങ്ങൾ കൂടി നൽകുന്ന ഇത്തരം കോഴികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ചെറിയ അളവിൽ സമീകൃത തീറ്റയും നൽകാം. ഈ രീതിയിൽ ഉൽപാദിപ്പിക്കുന്ന നാടൻ മുട്ടകൾക്ക് പ്രിയവും വിലയും കൂടുതലാണ്.

കോഴികളെ തുറന്നുവിട്ടു വളർത്തുന്നതാണ് ഫ്രീറേഞ്ച് രീതിയും. എന്നാൽ മേച്ചിൽസ്ഥലങ്ങൾ വിശാലമായിരിക്കും. രാത്രിയിൽ‌ ഇവയെ കൂടുകളിൽ അടച്ചുസംരക്ഷിക്കും. സെമി ഇന്റൻസീവ് സമ്പ്രദായത്തിൽ കൊത്തിപ്പെറുക്കി നടക്കാൻ കിട്ടുന്ന സ്ഥലം പരിമിതമായിരിക്കും. പകൽസമയത്തു മാത്രം കൂടിനു പരിസരത്തുള്ള ചെറിയ സ്ഥലത്തേക്ക് ഇവയെ തുറന്നുവിടുന്നു. ഇവിടെ മേച്ചിൽ പ്രായോഗികമല്ലാത്തതിനാൽ അവയ്ക്കു തീറ്റയും വെള്ളവും പ്രത്യേകം പാത്രങ്ങളിൽ നൽകുന്നു.

ഇന്റൻസീവ് സമ്പ്രദായത്തിൽ കോഴികളെ പുറംലോകം കാണിക്കാതെ മുഴുവൻ സമയവും കൂടിനുള്ളിൽത്തന്നെ വളർത്തുകയാണ്. സംരക്ഷണം കാര്യക്ഷമമാക്കാമെന്നതും സ്ഥല സൗകര്യം കുറച്ചുമതിയെന്നതുമാണ് ഈ രീതിയുടെ മെച്ചം. ഓരോ കോഴിയെ അല്ലെങ്കിൽ ചെറിയൊരു കൂട്ടം കോഴികളെ പ്രത്യേകം കൂടുകളിലാക്കി വളർത്തുന്ന ബാറ്ററി, കൂടിനുള്ളിൽ വിരിപ്പ് നിരത്തി കോഴികളെ അവയ്ക്കു മുകളിൽ വളർത്തുന്ന ഡീപ്പ് ലിറ്റർ എന്നിവ ഇന്റൻസീവ് സമ്പ്രദായങ്ങളാണ്.

ബാറ്ററി സമ്പ്രദായം പലതരമുണ്ട്. ഒരു കൂടിനുള്ളിൽ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വീതം കോഴികളെ വളർത്തുന്ന രീതിയാണൊന്ന്. ഈ കൂടുകൾ ഒന്നോ രണ്ടോ നിരകളിലായി അടുക്കി വച്ച് വളർത്തുന്ന രീതിയുമുണ്ട്. ‘കാലിഫോർണിയ’ സംവിധാനം എന്നറിയപ്പെടുന്ന രീതിയില്‍ കൂടുകൾ M, L എന്നീ മോഡലുകളിൽ സ്ഥാപിക്കാം. കോഴികളുടെ എണ്ണത്തിനനുസരിച്ച് നിരകളുടെ എണ്ണം വർധിപ്പിക്കാം. മുട്ട ശേഖരിക്കാനും തീറ്റയും വെള്ളവും നൽകാനുമൊക്കെ ഓട്ടോമേറ്റ‍ഡ് സംവിധാനങ്ങളുള്ള ഇത്തരം കൂടുകളിലാണ് വ്യാവസായിക മുട്ടക്കോഴി വളർത്തൽ. വ്യാവസായിക ഫാമുകളിൽ ലക്ഷക്കണക്കിനു കോഴികളെയാണ് ഇങ്ങനെ പരിപാലിക്കുന്നത്. ഒരു ലക്ഷം കോഴികൾക്ക് രണ്ട് ജീവനക്കാർ മാത്രം മതിയാകുന്ന വിധത്തിൽ പൂർണമായും യന്ത്രവത്കൃതമാണ് ഇത്തരം ഫാമുകൾ. പൂർണമായും ശീതീകരിച്ച (എൻവയേൺമെന്റലി കൺട്രോൾഡ് ഹൗസ്) ഫാമുകളും ഇന്ന് പുതുമയല്ല. കോഴികളെ കാണാനോ ഫാമുകളിൽ പ്രവേശിക്കാനോപോലും വിലക്കുള്ള കർശന ജൈവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇവ പ്രവർത്തിക്കുന്നത്. പതിനായിരക്കണക്കിന് കോഴികളെ പാർപ്പിച്ച് തീറ്റ, പരിപാലനച്ചെലവുകള്‍ കുറച്ചാണ് ഫാമുടമകള്‍ വലിയ ലാഭമുണ്ടാക്കുന്നത്.

poultry-cage-2

ബാറ്ററിപോലെതന്നെ കുറച്ചു സ്ഥലത്ത് കൂടുതൽ കോഴികളെ വളർ‌ത്തുന്ന മറ്റൊരു രീതിയാണ് ഡീപ് ലിറ്റർ. ബാറ്ററി സമ്പ്രദായത്തെക്കാൾ ഡീപ്പ് ലിറ്റർ സമ്പ്രദായത്തിനാണ് ഇവിടെ പ്രചാരം. നന്നായി ഉണങ്ങിയ മരത്തൊലി, ചിന്തേര്, ചകിരിച്ചോറ്, ഉമി തുടങ്ങിയവയാണ് വിരിപ്പ് (ലിറ്റർ) ആയി ഉപയോഗിക്കുന്നത്. വിരിപ്പില്‍ വീഴുന്ന വിസർജ്യവസ്തുക്കളുടെയും നടക്കുന്ന അണുപ്രവർത്തനങ്ങളുടെയും ഫലമായി അതു പാകപ്പെട്ട് കമ്പോസ്റ്റായി മാറുന്നു. ഇത് മികച്ച ജൈവ വളമാണ്. പാകപ്പെട്ട ലിറ്ററിൽ ജീവകം ബി 2, ബി 12 എന്നിവയുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡീപ് ലിറ്റർ‌ രീതിയിൽ ഒരു മുട്ടക്കോഴിക്ക് രണ്ട് ചതുരശ്ര അടി എന്ന അനുപാതത്തിൽ സ്ഥലം ഉറപ്പു വരുത്തണം. ഈർപ്പം കിനിഞ്ഞുവരാത്ത വിധം തറ സിമന്റ് ചെയ്തിരിക്കണം. കൂടിന്റെ തറഭാഗം പുറത്തെ തറനിരപ്പിൽനിന്ന് ഒന്നരയടി പൊക്കത്തിലായിരിക്കണം. കൂടിന്റെ ചുറ്റും ഒന്നരയടി ഉയരത്തിൽ ഭിത്തികെട്ടി ബാക്കി ഭാഗം കമ്പിവലകൊണ്ട് കെട്ടിമറയ്ക്കണം. ഇതു വായുസഞ്ചാരം സുഗമമാക്കും. കമ്പിവലകളുടെ വലുപ്പവും ഇഴയടുപ്പവും ഇഴജന്തുക്കൾക്ക് പ്രവേശിക്കാനാവാത്ത തരത്തിലായിരിക്കണം. മഴവെള്ളവും വെയിലും കൂടിനകത്തു കടക്കുന്നതു തടയാന്‍ മേൽക്കൂര ഒരു മീറ്ററോളം വശങ്ങളിലേക്ക് തള്ളിനിർത്തണം. പഴയ തൊഴുത്തോ ഉപയോഗിക്കാതെ കിടക്കുന്ന ഷെഡോ കോഴിവളർത്തലിനു പ്രയോജനപ്പെടുത്താം. കോഴികളുടെ ചവിട്ടേറ്റ് മുട്ട ഉടയാതിരിക്കാനും മുട്ടയുടെ ശുചിത്വം ഉറപ്പാക്കാനും കൂട്ടിനുള്ളിൽ അഞ്ചു കോഴികൾക്ക് ഒരെണ്ണമെന്ന അനുപാതത്തിൽ മുട്ടക്കൂടുകളും സ്ഥാപിക്കണം.

സ്ഥലപരിമിതിയുള്ളവർ‌ക്ക് വീടിന്റെ പിൻവശത്തോ മട്ടുപ്പാവിലോ കൂടു സ്ഥാപിച്ച് കോഴിയെ വളർത്താം. രണ്ടടി നീളവും ഒന്നേകാൽ അടി വീതിയും ഒന്നരയടി പൊക്കവുമുള്ള കൂട്ടിൽ അഞ്ചു കോഴികളെ വളർത്താം. കോഴികളുടെ കാഷ്ഠം ശേഖരിക്കുന്നതിന് പ്ലാസ്റ്റിക് ട്രേകൾ ഉപയോഗിക്കാം. മഴയും വെയിലും ഏൽക്കാത്തിടത്താണ് കൂട് വയ്ക്കേണ്ടത്. തീറ്റ–വെള്ളപ്പാത്രങ്ങൾ വൃത്തിയാക്കി വയ്ക്കണം. കൂടിന്റെ മുകളിൽ ചെറിയ ടാങ്ക് സ്ഥാപിച്ച് നിപ്പിൾ വഴി വെള്ളം കൂട്ടിലേക്ക് വരുന്ന സംവിധാനമൊരുക്കണം. പൈപ്പ് നെടുകെ പിളർന്ന് വശങ്ങളിൽ അടപ്പുവച്ച് തീറ്റപ്പാത്രമായി ഉപയോഗിക്കാം. തീറ്റയിൽ വെള്ളം കലർന്ന് പൂപ്പൽ വിഷബാധ ഉണ്ടാകുന്നതു തടയാൻ ഈ സംവിധാനം സഹായിക്കും. കൂട്ടിൽനിന്ന് മുട്ടകൾ കാക്കയും മറ്റും തട്ടിയെടുക്കാതിരിക്കാൻ കൂടിന്റെ മുൻവശം കമ്പിവലകൊണ്ടു മറയ്ക്കാം. മുഴുവൻ സമയവും സമീകൃത തീറ്റ നൽകിയുള്ള വളർത്തൽ ചെലവേറിയതായതിനാൽ അത്യുൽപാദനശേഷിയുള്ള ലഗോൺ കോഴികളെ മാത്രം ഈ രീതിയിൽ വളർത്തിയാല്‍ മതി. കോഴികൾ തമ്മിൽ കൊത്തുകൂടാനുള്ള സാഹചര്യം ഈ രീതിയുടെ പ്രധാന ന്യൂനതയാണ്. അതൊഴിവാക്കാന്‍ കൊക്ക് മുറിക്കൽ, കൂടിനുള്ളിൽ പച്ചപ്പുല്ല് കെട്ടിത്തൂക്കൽ എന്നീ പൊടിക്കൈകൾ ഉപകരിക്കും. 

English summary: Small Scale Poultry Farming

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA