ADVERTISEMENT

സുരക്ഷിതമായ പാർപ്പിടവും വൃത്തിയുള്ള അന്തരീക്ഷവും നല്ല ഭക്ഷണവും ഉറപ്പാക്കിയാൽ മികച്ച വരുമാനം നൽകുന്ന മൃഗസംരക്ഷണ മേഖലയാണ് മുയൽ വളർത്തൽ. ഇടക്കാലത്തു നേരിട്ട പ്രതിസന്ധികളെ മറികടന്ന് മുയൽ വിപണിപിടിച്ചുവരികയാണ്. ഈ മേഖല തിരഞ്ഞെടുക്കുമ്പോൾ എന്തിനാണ് വളർത്തുന്നതെന്ന് നോക്കി വേണം ഇനവും ഷെഡ്ഡുമൊക്കെ തീരുമാനിക്കാൻ. ഒരു പെറ്റ് എന്ന നിലയ്ക്ക് വളർത്തുന്നതുപോലെയല്ല വരുമാനമാർഗം എന്ന രീതിയിൽ മുയലുകളെ വളർത്തേണ്ടത്. അതുകൊണ്ടുതന്നെ എന്തിനാണ് മുയലിനെ വളർത്തുന്നതെന്ന് ആദ്യം തന്നെ തീരുമാനിച്ചിരിക്കണം.

മുയൽ വളർത്തൽ എന്തിന്?

  • ഫ്ലാറ്റ്/പെറ്റ്

കാണാൻ ഭംഗിയുള്ളതുകൊണ്ടുതന്നെ മുയലുകളെ പലർക്കും അരുമമൃഗമായി പരിപാലിക്കാനാണിഷ്ടം. അതുകൊണ്ടുതന്നെ ചെറു കൂടുകളിൽ ഭക്ഷണമൊരുക്കി ഫ്ലാറ്റുകളിലും മറ്റും വളർത്തുന്നവർ ഏറെയുണ്ട്. 24 മണിക്കൂറും വെള്ളം ഉറപ്പാക്കുകയും നല്ല ഭക്ഷണം നൽകുകയും വേണം. ഒരു നേരം പരുഷാഹാരമായ റാബിറ്റ് ഫീഡ് കൊടുക്കാം. ഒരു നേരം നാരുകളടങ്ങിയ പുല്ലും കൊടുക്കാം. ദഹനപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്നതിനാൽ കാബേജ് പോലുള്ള പച്ചക്കറി അവശിഷ്ടങ്ങൾ ഒഴിവാക്കണം. 

  • ലബോറട്ടറി ആവശ്യങ്ങൾക്ക്

മരുന്നു പരീക്ഷണങ്ങൾക്കായി ഏറെ ഉപയോഗിക്കുന്ന ജീവിവർഗം മുയലുകളാണ്. കുറഞ്ഞ കാലംകൊണ്ട് പെറ്റുപെരുകാനുള്ള കഴിവും മനുഷ്യശരീരത്തിനോട് സാമ്യമുള്ളതും മനുഷ്യന് ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങൾ ബാധിക്കുന്നതിനാലുമാണ് മുയലുകളെ മരുന്നു പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നത്. ലബോറട്ടറി പരീക്ഷണങ്ങൾക്ക് വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമുള്ള മുയലുകളെയാണ് ഉപയോഗിക്കുക. വൈറ്റ് ജയന്റ്, ന്യൂസിലൻഡ് വൈറ്റ് ഇനം മുയലുകളെയോ ഈ പറഞ്ഞ ശരീരപ്രകൃതമുള്ള സങ്കരയിനം (ക്രോസ് ബ്രീഡ്) മുയലുകളെയോ ആണ് ഉപയോഗിക്കുക. ഇന്ന് ലബോറട്ടറി പരീക്ഷണങ്ങൾക്ക് ആവശ്യമായ അത്രയും മുയലുകളെ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത് അതുകൊണ്ടുതന്നെ വെളുത്ത മുയലുകളെ വളർത്തിയാൽ ലബോറട്ടി ആവശ്യങ്ങൾക്ക് നൽകി വരുമാനമുണ്ടാക്കാൻ കഴിയും. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

  • രോമം

തുകൽ–രോമ ആവശ്യങ്ങൾക്ക് മുയലുകളെ പ്രയോജനപ്പെടുത്താറുണ്ടെങ്കിലും വലിയ തോതിലുള്ള ഉൽപാദനം സാധ്യമായെങ്കിൽ ഇതിലൂടെയും വരുമാനം ഉണ്ടാക്കാൻ കഴിയും. അങ്കോറ, വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് പോലുള്ള ഇനങ്ങളെ ഇതിനായി വളർത്താം. രോമത്തിൽ അഴുക്കോ നനവോ ഉണ്ടാവാൻ പാടില്ല. അതുപോലെ തൊലിയിൽ കീറലുകളും ഉണ്ടാവരുത്.

  • ഇറച്ചി

കേരളത്തിൽ ഒരു മുയലിറച്ചി സംസ്കാരം ഉടലെടുത്തുവരുന്നുണ്ട്. കൊച്ചിയിൽ ഉൾപ്പെടെ മുയൽ ഇറച്ചി തട്ടുകട വരെ പ്രവർത്തിക്കുന്നു എന്നതുതന്നെ മുയൽ ഇറച്ചിയുടെ പ്രാധാന്യത്തിനും ഡിമാൻഡിനും തെളിവാണ്. ചുരുങ്ങിയ നാളുകൊണ്ട് തൂക്കം വയ്ക്കുന്ന നല്ല ഇനം മുയലുകളെ ഇറച്ചിയാവശ്യത്തിന് വളർത്താനായി തിരഞ്ഞെടുക്കാം. വൈറ്റ് ജയന്റ്, സോവിയറ്റ് ചിഞ്ചില ഇനങ്ങൾ ഇതിന് യോജിച്ചതാണ്. ഫാമുകളിൽ അധികമായി വരുന്ന ആൺ മുയലുകളെ ഇറച്ചിക്കായി പ്രത്യേകം വളർത്തിയെടുക്കാം.

  • കുഞ്ഞുങ്ങൾ

സമീപകാലത്ത് മുയൽ വളർത്തൽ മേഖലയിലേക്ക് ഒട്ടേറെ പേർ തിരിഞ്ഞതിനാൽ നല്ലയിനം മുയലുകൾക്ക് ആവശ്യക്കാരേറെയാണ്. നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്ന ഫാമുകളിലെല്ലാംതന്നെ ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരിക്കേണ്ടിവരും. 10 മുയലുകൾ അടങ്ങുന്ന യൂണിറ്റ് അടിസ്ഥാനത്തിലാണ് ഇത്തരം ഫാമുകളെല്ലാം കുഞ്ഞുങ്ങളെ വിതരണം ചെയ്യുക. 2.5–3 മാസം പ്രായമെത്തിയ കുഞ്ഞുങ്ങൾക്ക് 600–700 രൂപയോളം വില വരും.

കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ

മുകളിൽ സൂചിപ്പിച്ചതുപോലെ ആവശ്യം അനുസരിച്ച് മുയലുകളെ വാങ്ങാം. യൂണിറ്റ് അടിസ്ഥാനത്തിൽ വാങ്ങുമ്പോൾ സാധാരണ 3 ആണും 7 പെണ്ണും ആയിരിക്കും സാധാരണ ഉണ്ടാവുക. ഈ മുയലുകൾ തമ്മിൽ രക്തബന്ധം ഇല്ല എന്ന് കർഷകനോട് ചോദിച്ചു മനസിലാക്കുകയും ഓരോന്നിനെയും പ്രത്യേകം മാർക്ക് ചെയ്ത് തിരിച്ചറിയുകയും വേണം. ഓരോന്നിന്റെയും ജനനതീയതിയും മാതാപിതാക്കളും ഉൾപ്പെടെയുള്ള റിക്കോർഡ് എഴുതിവാങ്ങിയാൽ ഭാവിയിൽ രക്തബന്ധം ഒഴിവാക്കി ബ്രീഡ് ചെയ്യുന്നതിന് ഉപകരിക്കും. രക്തബന്ധമുള്ള മുയലുകൾ തമ്മിലുള്ള ഇണചേരൽ (അന്തർപ്രജനനം, ഇൻബ്രീഡിങ്) ഒഴിവാക്കിയാൽ രോഗപ്രതിരോധശേഷിയും വളർച്ചയും തീറ്റപരിവർത്തശേഷിയുമുള്ള കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയും. പെറ്റ് ആയി വളർത്താൻ രണ്ടോ മൂന്നോ മുയലുകളെ വാങ്ങുന്നവരും ഇത്തരത്തിൽ ഇൻബ്രീഡിങ് ഒഴിവാക്കാൻ ശ്രദ്ധിക്കണം.

സുരക്ഷിതമായി കൂടൊരുക്കാം

വളർത്താനുദ്ദേശിക്കുന്ന മുയലുകളുടെ എണ്ണം അനുസരിച്ച് പാർപ്പിടം ഒരുക്കാം. ചെറിയ തോതിൽ മുയലുകളെ വളർത്താൻ ഉദ്ദേശിക്കുന്നവർക്ക് പുറത്തു വയ്ക്കാവുന്ന തരത്തിൽ ഉറപ്പുള്ള കൂട് നിർമിക്കാം. കൂടുതൽ എണ്ണം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഷെഡ്ഡ് നിർമിക്കുന്നതാണ് അനുയോജ്യം.

  • പുറത്തുവയ്ക്കാവുന്ന മുയൽ കൂടുകൾ

വെയിലും മഴയും മുയലുകൾക്ക് ദുരിതമാകാത്ത വിധത്തിൽ വേണം കൂടൊരുക്കാൻ. ഇരുമ്പു വലയോ തടിയോ ഇതിനായി ഉപയോഗിക്കാം. തടികൊണ്ടുള്ള കൂടാണെങ്കിൽ കൂടുതൽ ബലമുണ്ടാകും. നായ്ക്കൾക്കോ മറ്റു ജീവികൾക്കോ മുയലുകളെ കൂട് തകർത്ത് പിടിക്കാൻ കഴിയില്ല. 5 നീളവും 2 അടി വീതിയും ഒന്നര അടി ഉയരവുമുള്ള കൂട് നിർമിക്കാം. ഇത് രണ്ടായി ഭാഗിച്ചാൽ ഒരു മുയലിന് 2.5 അടി നീളവും 2 അടി വീതിയും 1.5 അടി ഉയരവുമുള്ള സ്ഥലം ലഭിക്കും. ഈ കൂടിന് 3.5 അടി ഉയരമുള്ള കാലുകളാണെങ്കിൽ സുരക്ഷ ഉറപ്പ്. 

കൂടിന് തടികൊണ്ടോ വല കൊണ്ടോ തറയൊരുക്കാം. കമ്പിവല ആണെങ്കിൽ അരയിഞ്ച് കണ്ണിയകലമുള്ള വലയായിരിക്കണം. തടിയാണ് ഉപയോഗിക്കുന്നതെങ്കിൽ 1.25 ഇഞ്ച് വീതിയും 1 ഇഞ്ച് കനവുമുള്ള റീപ്പ ഉപയോഗിക്കാം. രണ്ട് റീപ്പകൾ തമ്മിലുള്ള അകലം അരയിഞ്ച് മതി. ഇവിടെ വീതിയേറിയ പലക ഉപയോഗിക്കരുത്. പലക ഉപയോഗിച്ചാൽ കാഷ്ഠവും മൂത്രവും കെട്ടിക്കിടന്ന് കൂട്ടിൽ ഈർപ്പമുണ്ടാകുകയും അസുഖം വരുന്നതിന് കാരണമാകുകയും ചെയ്യും. വാതിൽ മുന്നിൽനിന്ന് തുറക്കാവുന്ന വിധത്തിൽ ക്രമീകരിക്കാം. വശങ്ങളിൽ പുല്ല് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കാം. മേൽക്കൂരയ്ക്ക് ഓടോ, അലൂമിനിയം ഷീറ്റോ ഉപയോഗിക്കാം.

  • ഷെഡ്ഡിനുള്ളിൽ
rabbit

വാണിജ്യാടിസ്ഥാനത്തിൽ മുയലുകളെ വളർത്തുന്നവർക്ക് ഷെഡ്ഡ് നിർമിച്ച് അതിനുള്ളിൽ കൂടുകൾ ഒരുക്കാം. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭത്തിൽ പെടില്ല എന്ന് ഉറപ്പുള്ള സ്ഥലത്ത് വേണം ഷെഡ്ഡ് നിർമിക്കൻ. അതുപോലെ, മാതൃ മുയലുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രം ഷെഡ്ഡിന്റെ വലുപ്പം നിശ്ചയിക്കാതെ കുഞ്ഞുങ്ങളെക്കൂടി കണക്കാക്കിവേണം ഷെ‍ഡ്ഡ് ഡിസൈൻ ചെയ്യാൻ. ഷെഡ്ഡിന്റെ നടുഭാഗത്ത് ഉയരം 15 അടിയും വശങ്ങളിൽ 10 അടിയും ആയിരിക്കുന്നത് നല്ലത്. കമുക്, മുള പോലുള്ള പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ ഉപയോഗിച്ച് ചെലവ് ചുരുക്കിയോ ജിഐ പൈപ്പ്, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ച് ദീർഘകാലാടിസ്ഥാനത്തിലോ മുയൽ ഷെഡ്ഡ് നിർമിക്കാം. മുയൽ ഷെഡ്ഡ് നിർമിക്കുന്നതിനായി സർക്കാർ പദ്ധതികളും ഇന്നുണ്ട്. ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗവുമായി ബന്ധപ്പെട്ടാൽ ഇതേക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും.

ഷെഡ്ഡിന്റെ തറ കോൺക്രീറ്റ് ചെയ്യുകയോ മണ്ണായി തന്നെ നിലനിർത്തുകയോ ചെയ്യാം. 2–3 തട്ടുകളിലായി കൂടുതൽ തയാറാക്കിയാൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ മുയലുകളെ പാർപ്പിക്കാനാകും. ഒരു മുയലിന് 2 അടി നീളം, 2 അടി വീതി, 1.5 ഉയരവുമുള്ള കള്ളിയാണ് ആവശ്യം. അമ്മ മുയലുകൾക്ക് 2.5 അടി നീളം കൊടുത്താലും തെറ്റില്ല. 

24 മണിക്കുറും കുടിവെള്ളം

ആവശ്യാനുസരണം കുടിവെള്ളം ഉറപ്പാക്കാൻ നിപ്പിൾ സംവിധാനം ഓരോ കള്ളിയിലും ഒരുക്കാം. മുയലുകൾ നിൽക്കുന്ന തറ നിരപ്പിൽനിന്ന് 6–8 ഇഞ്ച് ഉയരത്തിൽ വേണം ഈ കൂടിവെള്ള സംവിധാനം ഘടിപ്പിക്കാൻ. അല്ലാത്തപക്ഷം മുയലുകളെ ശരീരം തട്ടി വെള്ളം പാഴാകും. നിപ്പിൾ സംവിധാനം അല്ലാതെ ചെലവ് കുറഞ്ഞ രീതിയിൽ വെള്ളപ്പാത്രവും തീറ്റപ്പാത്രവും നിർമിക്കാവുന്നതേയുള്ളൂ. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രത്തിനു ചുറ്റും സിമന്റ് പൊതിഞ്ഞ് ഇത്തരത്തിൽ പാത്രങ്ങൾ തയാറാക്കാം. പത്തു രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ. പ്ലാസ്റ്റിക് പാത്രം മാത്രമാണെങ്കിൽ മുയലുകൾ പാത്രം മറിച്ചു കളയുകയും കടിച്ചു നശിപ്പിക്കുകയും ചെയ്യും. അതിനാലാണ് സിമന്റ് ഉപയോഗിച്ച് പൊതിഞ്ഞെടുത്ത് ഭാഗം കൂട്ടുന്നത്.

rabbit-farming
പുറത്തുവയ്ക്കാൻ തടി ഉപയോഗിച്ചുള്ള കൂട്

നല്ല തീറ്റ

മുയലുകൾക്ക് പൊതുവെ രണ്ടു നേരം മാത്രം ഭക്ഷണം നൽകിയാൽ മതിയാകും. ഒരു നേരം പരുഷാഹാരമായി പെല്ലറ്റോ, വിവിധതരം പൊടികളും പിണ്ണാണ്ണാക്കുകളും ചേർത്ത കൈത്തീറ്റയോ നൽകാം. ഒരു നേരം നാരുകളടങ്ങിയ പുല്ലും വേണം.

rabbit-farming-food
പുല്ല് നൽകാനുള്ള ഭാഗം

പ്രായപൂർത്തിയായ ഒരു മുയലിന് 100–150 ഗ്രാം പരുഷാഹാരമാണ് ദിവസവും നൽകേണ്ടത്. തീറ്റയിൽ ഉൾപ്പെടുത്തേണ്ട ഘടകങ്ങൾ ചുവടെ

  • അടിസ്ഥാന തീറ്റ ഫോർമുല
  1. ധാന്യങ്ങൾ: 35%
  2. പി​ണ്ണാക്കുകൾ : 30%
  3. തവിടുകൾ: 30%
  4. മിനറൽ മിക്സ്: 2%
  5. ഉപ്പ്: 0.5 %
  6. മൊളാസസ് : 2.5%
  • ഒരു കിലോ തീറ്റ നിർമിക്കാം
  1. ചോളപ്പൊടി : 350 ഗ്രാം
  2. സോയ തവിട് : 200 ഗ്രാം
  3. കടലത്തൊണ്ട്/ഉഴുന്നു തവിട് : 100 ഗ്രാം
  4. സോയ പിണ്ണാക്ക് : 100 ഗ്രാം
  5. കടലപ്പിണ്ണാക്ക് : 100 ഗ്രാം
  6. എള്ളുംപിണ്ണാക്ക് : 100 ഗ്രാം
  7. ഉപ്പ് : 5 ഗ്രാം
  8. മിനറൽ മിക്സ് : 20 ഗ്രാം
  9. മൊളാസസ് (ശർക്കര) : 25 ഗ്രാം

മുകളിലത്തെ ചേരുവകൾ എല്ലാം മിക്സ് ചെയ്ത് പുട്ടിന് കുഴയ്ക്കുന്ന പരുവത്തിൽ മുയലുകൾക്ക് നൽകാം. 

ആവശ്യം നാരുകൾ അടങ്ങിയ ഭക്ഷണം

rabbit-shed

സസ്യഭുക്കുകളായ ജീവികളുടെ പ്രധാന ഭക്ഷണം നാരുകളടങ്ങിയ പുല്ലുകളാണ്. തൊടിയിൽനിന്നുള്ള പല്ലും മറ്റും ഭക്ഷണമായി നൽകാം. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ തീറ്റപ്പുൽക്കൃഷി അത്യാവശ്യമാണ്. സിഒ 3, സിഒ 4, സിഒ5, കോംഗോസിഗ്നൽ, ഡ്വാർഫ് നേപ്പിയർ തുടങ്ങി മികച്ച ഇനം തീറ്റപ്പുല്ലുകൾ നട്ടുപിടിപ്പിച്ചിരിക്കണം. നാരുകളടങ്ങിയ തീറ്റകൾ മുയലുകളെ ദഹനത്തെ സഹായിക്കുകയും കാഷ്ഠം മണിമണിയായി പോകുന്നതിനു കാരണമാകുകയും ചെയ്യും. ഭക്ഷണത്തിൽ നാരുകൾ കുറവുണ്ടെങ്കിൽ കാഷ്ടം അയഞ്ച് പോകുന്നതായി കാണാം.

വേണം സപ്ലിമെന്റുകൾ

ശരീരത്തിന് ആവശ്യമായ വിറ്റാമിൻ, കാത്സ്യം, ധാതുക്കൾ എന്നിവയുടെ കുറവ് മുയലുകൾക്ക് ഉണ്ടാവാം. ഇത്തരം അവശ്യ പോഷകങ്ങളുടെ കുറവുണ്ടായാൽ അത് പ്രജനനം, വളർച്ച, രോഗപ്രതിരോധശേഷി, കുഞ്ഞുങ്ങളുടെ എണ്ണം, കുഞ്ഞുങ്ങളുടെ ആരോഗ്യം എന്നിവയെയൊക്കെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ സപ്ലിമെന്റുകൾ നൽകാം. കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് ലിവർ ടോണിക്കുകളും നൽകണം. തീറ്റയിൽ പ്രോബയോട്ടിക്സ് ചേർത്താൽ ദഹനവും നന്നായി നടക്കും.

മുയലുകളെ തിരഞ്ഞെടുക്കുമ്പോൾ

30 ദിവസം പ്രായമാകുമ്പോൾ അമ്മയിൽനിന്ന് മാറ്റാറുണ്ടെങ്കിലും 2–3 മാസം പ്രയമുള്ള കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതാണ് ഉത്തമം. കുഞ്ഞുങ്ങളുടെ മരണം മൂലമുള്ള നഷ്ടം ഒഴിവാക്കാൻ ഇതു സഹായിക്കും. മാത്രമല്ല, ആരോഗ്യത്തോടെ വളരാനും ഇതാണ് നല്ലത്. 25 ദിവസം മുതൽ 60 ദിവസം പ്രായംവരെ മുയൽക്കുഞ്ഞുങ്ങളിൽ മരണനിരക്ക് കൂടുതലാണെന്ന കാര്യം വിസ്മരിക്കരുത്. ആവശ്യമാ പ്രതിരോധ മരുന്ന് തള്ളയിൽനിന്ന് പിരിക്കുന്നതിനു മുൻപേ നൽകിയിരിക്കണം. ഇതിനായി വെറ്ററിനറി ഡോക്ടറുടെ സഹായം തേടാം.

മുൻപ് സൂചിപ്പിച്ചതുപോലെ ഇൻബ്രീഡിങ് ഒഴിവാക്കാനായി രക്തബന്ധമില്ലാത്ത മുയലുകളെ വേണം വളർത്താനായി വാങ്ങേണ്ടത്. പ്രായമായ മുയലുകളെ വാങ്ങുന്നതും ഒഴിവാക്കാം. ബ്രീഡ് ചെയ്യാറായ, ഗർഭിണിയായ മുയലുകളെ വാങ്ങാൻ താൽപര്യപ്പെടുന്ന ഒട്ടേറെ പേരുണ്ട്. ക്ഷമ ഇല്ല എന്നതാണ് ഇത്തരം ചിന്താഗതിക്കാരെക്കുറിച്ച് പറയാനുള്ളത്. വലിയ മുയലുകളെ ആവശ്യപ്പെടുന്നവരിൽനിന്ന് വലിയ തുക ഈടാക്കുന്നവരും പ്രായമായ മുയലുകളെ നൽകുന്നവരും ഇറച്ചിപ്പവരുവമായ–പ്രസശേഷി നഷ്ടപ്പെട്ട മുയലുകളെ നൽകുന്നവരുമായ വിരുതർ ഇന്നുണ്ട്. അതുകൊണ്ടുതന്നെ പണം നഷ്ടപ്പെടാതിരിക്കാനും മുയലുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതാണ് ഉത്തമം.

ഒരു കൂട്ടിൽ ഒരു മുയൽ

ചെറുപ്പത്തിൽ കോളനി രീതിയിൽ മുയലുകളെ വളർത്താമെങ്കിലും പ്രജനന യൂണിറ്റിൽ ഓരോ മുയലിനെയും ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കണം. 4 മാസം മുതൽ ഇത്തരത്തിൽ ഒറ്റയ്ക്ക് പാർപ്പിക്കാം. വളർച്ചയ്ക്കും കൃത്യമായ ഇണചേരലിനും പ്രസവത്തിനും കുഞ്ഞുങ്ങളുടെ പരിചരണത്തിനും ഇത് സഹായിക്കും.

പ്രജനനം

ശരാശരി 6 മാസമാകുമ്പോൾ മുയലുകൾ പ്രായപൂർത്തിയാകും. നല്ല ഭക്ഷണം ലഭ്യമാണെങ്കിൽ അതിനു മുൻപും മദിലക്ഷണം കാണിക്കും. എങ്കിലും പെൺമുയലുകൾക്ക് 6 മാസവും ആൺമുയലുകൾക്ക് 8 മാസവും പ്രായമായാൽ ഇണചേർക്കുന്നതാണ് ഉത്തമം. ഇണ ചേർന്നതിനുശേഷമാണ് മുയലുകളിൽ അണ്ഡവിസർജനം നടക്കുക. അതുകൊണ്ടുതന്നെ മറ്റു ജീവികളിലുള്ളതുപോലെയുള്ള മദിചക്രം മുയലുകൾക്കില്ല. എന്നാൽ, മദിലക്ഷണമുണ്ട്. മദിലക്ഷണം നോക്കി ഇണചേർത്താൽ വിജയകരമായി ഇണചേരുകയും ഗർഭിണിയാകുകയും ചെയ്യും. കൂട്ടിൽ അസ്വസ്തതയോടെ നടക്കുക, പിടിക്കുമ്പോൾ പിൻഭാഗം ഉയർത്തുക എന്നിവയെല്ലാം പെൺമുയൽ ഇണചേരാൻ സന്നദ്ധ ആയി എന്നതിന് തെളിവാണ്. ജനനേന്ദ്രിയം പരിശോധിച്ചാൽ മദിലക്ഷണം തിരിച്ചറിയാൻ കഴിയും. മദിയിലുള്ള പെൺമുയലിന്റെ ജനനേന്ദ്രിയം ചുവന്ന് തടിച്ചിരിക്കും. 

മദിലക്ഷണം കാണിച്ച പെൺമുയലിനെ ആൺമുയലിന്റെ കൂട്ടിലേക്ക് വിടാം. 10 മിനിറ്റിനുള്ളിൽ രണ്ടു തവണയെങ്കിലും ഇണചേർന്നാൽ പെൺമുയലിനെ അതിന്റെ കൂട്ടിലേക്ക് തിരികെ മാറ്റാം. 4 മണിക്കൂർ കഴിഞ്ഞ് ഒരു തവണകൂടി ഇണചേർത്താൽ കൂടുതൽ കുട്ടികൾ ഉണ്ടാവാൻ ഉപകരിക്കും. ഇണചേർത്ത ദിവസം കൃത്യമായി എഴുതി സൂക്ഷിക്കണം. ഇതിനായി ഡയറിയോ കൂടിൽത്തന്നെ ചാർട്ടോ സജ്ജമാക്കാം. 

rabbit-13

ഇണചേർത്ത് പത്ത് ദിവസം കഴിയുമ്പോൾ പെൺമുയലിനെ ആൺ മുയലിന്റെ കൂട്ടിൽ ഇട്ടു നോക്കാം. ആൺമുയൽ ഇണചേരാൻ ശ്രമിക്കുമ്പോൾ അതിന് അനുവദിക്കാതെ ഓടുകയും പ്രാവ് കുറുകുന്നതുപോലെ ശബ്ദം ഉണ്ടാക്കുകയും ചെയ്താൽ ഗർഭിണിയാണെന്ന് ഉറപ്പിക്കാം. 15 ദിവസത്തിനുശേഷം പെൺമുയലിനെ ഒരു പ്രതലത്തിൽ ഇരുത്തി അടിവയറിൽ പിടിച്ച് പരിശോധിച്ചാൽ ഗോലി രൂപത്തിൽ കുഞ്ഞുങ്ങളെ അറിയാൻ കഴിയും. 

ഇണചേർത്ത് 25–28 ദിവസം ആകുമ്പോൾ പ്രസവത്തിനായുള്ള പെട്ടി കൂട്ടിൽ വച്ചു നൽകാം. ഒരു മുയലിന് ഇരിക്കാൻ പറ്റുന്ന വിധത്തിലുള്ള പെട്ടി മതിയാകും. തടികൊണ്ട് തയാറാക്കിയ പെട്ടിയുടെ അടിയിൽ ചെറിയ കണ്ണികളുള്ള ഇരുമ്പ് വല അടിക്കുന്നത് കുഞ്ഞുങ്ങളുടെ മൂത്രവും കാഷ്ഠവും പുറത്തുപോകുന്നതിന് സഹായിക്കും. പെട്ടി എപ്പോഴും വൃത്തിയായിരിക്കാനും ഇതാണ് നല്ലത്. 

ശരാശരി 31 ദിവസമാണ് മുയലുകളെ ഗർഭകാലം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഗർഭകാലത്തെ സമ്മർദവും അനുസരിച്ച് പ്രസവം മുന്നോട്ടോ പിന്നോട്ടോ മാറാം. പ്രസവസമയം അടുക്കുമ്പോൾ പെൺമുയൽ അസ്വസ്തതയോടെ നടക്കുകയും വച്ചുനൽകിയിരിക്കുന്ന പെട്ടിയിൽ കൂടൊരുക്കാൻ ശ്രമിക്കുന്നതും കാണാം. ഈ സമയം ഉണങ്ങിയ പുല്ല് കൂട്ടിൽ ഇട്ടുനൽകാം. മുയൽതന്നെ അതെടുത്ത് പെട്ടിയിൽ വച്ച് മെത്ത ഒരുക്കിക്കൊള്ളും. തുണി, പഞ്ഞി, ചാക്ക് പോലുള്ളവ നൽകരുത്. ഈ സമയം അവയ്ക്ക് ശല്യമാകുന്ന വിധത്തിലുള്ള പ്രവൃത്തികളൊന്നും ചെയ്യാൻ പാടില്ല. പുല്ലുകൊണ്ട് മെത്ത ഒരുക്കുന്നതിനൊപ്പം ശരീരത്തിലെ രോമം പിഴുതും പെട്ടിയിൽ വയ്ക്കും. ഇതിലാണ് പ്രസവിക്കുക. പ്രസവിക്കുന്നതിനൊപ്പം കുഞ്ഞുങ്ങളെ നക്കിത്തോർത്തും. ജനിച്ചുവീണയുടനെ പാൽ കുടിക്കാൻ കുഞ്ഞുങ്ങൾ ശ്രമിക്കും. പ്രസവിച്ച് പാലൂട്ടിയതിനുശേഷമാണ് തള്ളമുയൽ പെട്ടിയിൽനിന്നു പുറത്തിറങ്ങുക. പ്രസവിച്ച മുയലിന് കൂട്ടിൽ ഗ്ലൂക്കോസ് ചേർത്ത വെള്ളം വച്ചുനൽകുന്നത് നല്ലതാണ്. തള്ളമുയൽ പെട്ടിയിൽനിന്ന് ഇറങ്ങിയാൽ പെട്ടി പരിശോധിച്ച് അധിക രക്തമോ മറുപിള്ളയോ ഉണ്ടെങ്കിൽ നീക്കം ചെയ്യാം. ഇത്തരം അവശിഷ്ടങ്ങൾ ഉറുമ്പുകളെ ക്ഷണിച്ചുവരുത്തും എന്നതിനാൽ ഈ പരിശോധന അനിവാര്യമാണ്. പ്രസവ സമയത്ത് എന്തൊക്കെ ശ്രദ്ധിക്കണം, പ്രസവ വിഡിയോ എന്നിവ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കുഞ്ഞുങ്ങൾക്ക് പാൽ ലഭിക്കുന്നുണ്ടോ?

rabbit

മുയലുകൾ കുഞ്ഞുങ്ങൾക്ക് തനിയെ പാൽ നൽകില്ല എന്ന പൊതുധാരണയുണ്ട്. എന്നാൽ അത് തെറ്റാണ്. മുകളിൽ പറഞ്ഞതുപോലെ മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകൾ എല്ലാം അവയുടെ കുഞ്ഞുങ്ങൾക്ക് പാൽ നൽകും. പൊതുവെ രാത്രിയിലാണ് അവ മുലയൂട്ടുക. അതുകൊണ്ടുതന്നെ നമുക്ക് കാണാൻ കഴിഞ്ഞെന്നുവരില്ല. എന്നും രാവിലെ കുഞ്ഞുങ്ങളെ എടുത്തു നോക്കിയാൽ പാൽ ലഭിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാം. കുഞ്ഞുങ്ങൾക്ക് പാൽ ലഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ജനിച്ച് 10–12 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾ കണ്ണുകൾ തുറക്കും. ജനിച്ച് 20 ദിവസം ആകുമ്പോൾ കൂട്ടിൽനിന്ന് പ്രസവപ്പെട്ടി മാറ്റാം. അപ്പോഴേക്ക് കുഞ്ഞുങ്ങൾ പുറത്തിറങ്ങി അമ്മയ്ക്കൊപ്പം ചെറിയ തോതിൽ തീറ്റ കഴിച്ചുതുടങ്ങിയിരിക്കും. തീറ്റ കഴിച്ചുതുടങ്ങുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് കോക്സീഡിയോസിസ് എന്ന രോഗം വരാറുണ്ട്. ഐമീരിയ ജനുസ്സില്‍പ്പെട്ട പ്രോട്ടോസോവയാണ് രോഗഹേതു. ആരോഗ്യമുള്ള കുഞ്ഞുങ്ങൾ പെട്ടെന്ന് കുഴഞ്ഞുവീണു ചാകുന്നതാണ് ഈ രോഗത്തിന്റെ പ്രശ്നങ്ങൾ. ഇതൊഴിവാക്കാൻ നന്നായി തീറ്റ കഴിച്ചുതുടങ്ങിയ 25 ദിവസം പ്രായമുള്ള സമയത്ത് സൾഫാ മരുന്നുകൾ തീറ്റയിൽ ചേർത്ത് അഞ്ചു ദിവസം നൽകാം. വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ഉചിതമായ പ്രതിരോധമരുന്ന് തിരഞ്ഞെടുക്കാൻ കഴിയും. 

30 ദിവസം പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ അമ്മയുടെ അടുത്തുനിന്ന് മാറ്റാം. തള്ളയിൽനിന്ന് പിരിക്കുന്ന സമയം കുഞ്ഞുങ്ങൾ സമ്മർദത്തിലാകാം എന്നതിനാൽ ശ്രദ്ധയും കരുതലും ആവശ്യമാണ്. വലിയ മുയലുകൾക്കും സമ്മർദമുണ്ടാകാം. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

rabbit-farming-cage
ഒരു കൂട്ടിൽ ഒരു മുയൽ

വർഷം ശരാശരി 5 പ്രസവം

കുഞ്ഞുങ്ങൾ കൂട്ടത്തിലുള്ളപ്പോഴും പെൺമുയലുകൾ ഇണചേരാൻ സന്നദ്ധരാണ്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രജനനയൂണിറ്റുകൾ വർഷം 5 പ്രസവം എന്ന രീതിയിൽ മുന്നോട്ടു പോകുന്നതാണ് ഉത്തമം. ഈ രീതിയിൽ പ്രജനനം ക്രമപ്പെടുത്തിയാൽ അമ്മ മുയലുകളുടെ ആരോഗ്യം നഷ്ടപ്പെടാതിരിക്കും. മാത്രമല്ല കുഞ്ഞുങ്ങളും ആരോഗ്യമുള്ളവരായിരിക്കും. ചുരുക്കത്തിൽ രണ്ട് ഇണചേർക്കലുകൾ തമ്മിൽ 70 ദിവസത്തെ അകലമുണ്ടാകണം. 

ലിംഗനിർണയം

രണ്ടാഴ്ച പ്രായമെത്തിയാൽ ലിംഗനിർണയം സാധ്യമാകും.  കുഞ്ഞുങ്ങളെ എടുത്ത് അവയുടെ ജനനേന്ദ്രിയത്തിനു പുറത്തെ ചർമ്മം നീക്കിനോക്കിയാണ് അവ ആണാണോ പെണ്ണാണോ ​എന്ന് തിരിച്ചറിയുക. അങ്ങനെ നോക്കുമ്പോൾ ആൺ, പെൺ വ്യത്യാസം ചുവടെയുള്ള ചിത്രങ്ങളിലൂടെ മനസിലാക്കാം. 

പിടിക്കാൻ അയഞ്ഞ തൊലി

മുയലുകളുടെ നീളമേറിയ ചെവി അവയുടെ കേൾവി സാധ്യമാക്കുന്നതിനാണ്. വളരെ നേർത്ത അസ്ഥികളുള്ള അവയവമാണ് ചെവികൾ. മാത്രമല്ല തലയോട്ടിയുമായി ബന്ധപ്പെട്ടുള്ള അവയവവുമാണ്. അതുകൊണ്ടുതന്നെ ചെവികളിൽ തൂക്കി മുയലുകളെ എടുക്കാൻ പാടില്ല.

ഭാരമുള്ള മുയലുകളെ ഇത്തരത്തിൽ എടുക്കുന്നതുവഴി അവയുടെ ചെവിക്കുള്ളിൽ പരിക്കേൽക്കാനും അതുവഴി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മുതുകിലെ അയഞ്ഞ തൊലിയിൽ പിടിച്ചുവേണം മുയലുകളെ എടുത്തുയർത്താൻ. ഒപ്പം ഒരു കൈകൊണ്ട് അടിയിൽനിന്ന് താങ്ങുകയും വേണം. നീളമേറിയ നഖങ്ങളുള്ളവയായതിനാൽ എടുക്കുമ്പോൾ നഖക്ഷതങ്ങളേൽക്കാതെ ശ്രദ്ധിക്കണം. 

rabbit-giving-birth
മുയലിന്റെ പ്രസവം

കൗതുകങ്ങളുടെ കലവറ

rabbit-bunnies

ഓമനത്തമുള്ള, ശാന്തസ്വഭാവമുള്ള അരുമകളാണ് മുയലുകൾ. എന്നാൽ, അവരുടെ ഈ ശാന്തത കാഴ്ചയിൽ മാത്രമേയുള്ളൂവെന്ന് മുയലുകളെ അടുത്തറിയുന്നവർക്ക് മനസിലാകും. കാരണം, തന്റെ സങ്കേതത്തിലേക്ക് പുതുതായി കടന്നുവരുന്ന മുയലുകളെ അവ മാരകമാം രീതിയിൽ ആക്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും ശാന്ത സ്വഭാവക്കാരാണ് മുയലുകളെന്നു പറയാൻ കഴിയില്ല. അതേസമയം, ശാന്തമായ അന്തരീക്ഷ ഇഷ്ടപ്പെടുന്നവരാണ് മുയലുകൾ. അതുപോലെതന്നെ കൗതുകങ്ങളുടെ കലവറയാണ് മുയലുകൾ. മുയലുകളുമായി ബന്ധപ്പെട്ട ചില കൗതുക കാര്യങ്ങൾ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിൽ ഏതൊക്കെ ഇനം മുയലുകളുണ്ട്?

കേരളത്തിലുള്ള മുയലിനങ്ങൾ എല്ലാം ശുദ്ധജനുസോ അവയുടെ സങ്കരങ്ങളോ ആണ്. ഇവയെ എല്ലാം ഒറ്റവാക്കിൽ ബ്രോയിലർ/ഇറച്ചിമുയൽ എന്നു വിളിക്കാം. വലുപ്പം കുറഞ്ഞ മുയലിനങ്ങളെ നാടൻ എന്നു വിളിക്കാറുണ്ടെങ്കിലും സത്യത്തിൽ ആ പ്രയോഗവും ശരിയല്ല. വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ‍് വൈറ്റ്, ഇവയുടെ സങ്കര ഇനങ്ങൾ എന്നിവയാണ് പ്രധാനമായും കേരളത്തിലെ മുയൽ വിപണി അടക്കിവാഴുന്നത്. ഇവ കൂടാതെ അംഗോറ, ലോപ്, ഇംഗ്ലീഷ് സ്പോട്ട് തുടങ്ങിയ ഇനങ്ങളും ലഭ്യമാണ്. ഇനങ്ങളെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ശുദ്ധ ജനുസും സങ്കരവും

വംശശുദ്ധിയുള്ള മുയലുകളെയും അവയുടെ സങ്കര ഇനങ്ങളെയും നോട്ടംകൊണ്ടുമാത്രം തിരിച്ചറിയുക പ്രയാസമാണ്. ഉദാഹരണത്തിന്, വൈറ്റ് ജയന്റിനെയും സോവിയറ്റ് ചിഞ്ചിലയെയും തമ്മിൽ ഇണ ചേർത്താൽ രണ്ടിനത്തിന്റെയും നിറങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കാം. ഈ കുഞ്ഞുങ്ങളുടെ അടുത്ത തലമുറ ഒരിക്കലും ഒരിനത്തിന്റെ മാത്രം സ്വഭാവമായിരിക്കില്ല കാണിക്കുക. അതുകൊണ്ടുതന്നെ, മുയലുകളിൽ നിറം മാത്രം നോക്കി വംശശുദ്ധി ഉറപ്പുവരുത്താൻ കഴിയില്ല. ‌ബ്രീഡറോഡ് ചോദിച്ച് മനസിലാക്കാനും ശ്രദ്ധിക്കണം. വൈറ്റ് ജയന്റ് എന്ന പേരിൽ വാങ്ങിയ മുയലുകളെ ഇണചേർത്തതുവഴി സോവിയറ്റ് ചിഞ്ചിലയുടെ നിറത്തിലുള്ള കുട്ടി ജനിച്ചാൽ മനസിലാക്കുക അത് വൈറ്റ് ജയന്റ് അല്ല, സങ്കരം അഥവാ ക്രോസ് ബ്രീഡ് ആണ്.

ഹൈ ബ്രീഡ് 

ശുദ്ധജനുസ് പോലെ കർഷകർക്കിടയിലുള്ള ഒരു വാക്കാണ് ഹൈ ബ്രീഡ്. രണ്ട് വ്യത്യസ്ത ഇനത്തിൽപ്പെട്ട മുയലുകളെ തമ്മിൽ ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങളെയാണ് ഹൈ ബ്രീഡുകൊണ്ട് കർഷകർ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത് സങ്കര ഇനം അഥവാ ക്രോസ് ബ്രീഡ് എന്ന ഗണത്തിൽ മാത്രമേ പെടുത്താൻ കഴിയുള്ളൂ. ചുരുക്കത്തിൽ ഹൈ ബ്രീഡ് എന്നൊരു തരംതിരിക്കൽ ഇല്ല.

മികച്ച മാതൃശേഖരത്തിന് ശ്രദ്ധിക്കാം

rabbit-male
ആൺമുയൽക്കുഞ്ഞ്
rabbit-female
പെണ്‍മുയൽക്കുഞ്ഞ്
rabbit-male-1
പ്രായപൂർത്തിയായ ആൺമുയൽ

മുയൽ വളർത്തൽ ഗൗരവത്തോടെ കാണുന്നവർ തങ്ങളുടെ ഫാമിൽ മികച്ച ജനിതകശേഷിയുള്ള മുയൽ ശേഖരം ഫാമിലുണ്ടാക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക ഗുണങ്ങൾ എന്നറിയപ്പെടുന്ന ജനിതക ഗുണങ്ങളിലെ പ്രകടനമായിരിക്കണം മികച്ച മുയലുകളെ തിരഞ്ഞെടുക്കാനും ഒഴിവാക്കാനുമുള്ള മാനദണ്ഡം. അതുകൊണ്ടുതന്നെ കർഷകനെ സംബന്ധിച്ചിടത്തോളം പ്രജനനത്തിനുപയോഗിക്കുന്ന മുയലുകൾ ശുദ്ധജനുസിൽപ്പെട്ടതാകുന്നതാണ് നല്ലത്. മാംസാവശ്യത്തിനാണെങ്കിൽ ആൺ മുയൽ ഒരു ജനുസും പെൺമുയൽ മറ്റൊരു ജനുസുമായാൽ നന്നായി. ഇത്തരത്തിലുണ്ടാകുന്ന സങ്കരയിനം കുഞ്ഞുങ്ങൾക്ക് വളർച്ച കൂടുതലായിരിക്കും. എന്നാൽ, വാണിജ്യാടിസ്ഥാനത്തിലുള്ള പ്രജനന യൂണിറ്റിൽ ഇത്തരത്തിൽ സങ്കര ഇനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാവില്ല. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രജനനത്തിനുവേണ്ട മുയലുകൾക്ക് വേണ്ട ഗുണങ്ങൾ

ഇറച്ചി മുയല്‍ വളര്‍ത്തലില്‍ പ്രജനനത്തിനായി നിര്‍ത്തുന്ന മുയലുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുന്ന പ്രത്യേക സാമ്പത്തിക ഗുണങ്ങള്‍ ഉണ്ടായിരിക്കണം. ഇത്തരം ഗുണങ്ങള്‍ പാരമ്പര്യ ഗുണങ്ങളായതിനാല്‍ ഇവയില്‍നിന്നും  ലഭിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗുണമേന്മയുണ്ടായിരിക്കും. പ്രജനനത്തിനുള്ള വിത്തുമുയലുകളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നു.

  1. ഓരോ പ്രസവത്തിലേയും കുട്ടികളുടെ എണ്ണം എട്ടില്‍ കൂടുതലായിരിക്കണം.
  2. ജനനസമയത്തെ ശരീരഭാരം - ഓരോ കുഞ്ഞിനും 40-50 ഗ്രാം ഭാരവും എല്ലാ കുഞ്ഞുങ്ങള്‍ക്കും കൂടി 300 ഗ്രാമില്‍ കൂടുതലും.
  3. മൂന്ന് ആഴ്ച പ്രായത്തില്‍ ശരീരഭാരം (ഇത് പെണ്‍മുയലുകളുടെ മാതൃഗുണത്തെ കാണിക്കും) കുഞ്ഞുങ്ങള്‍ ഓരോന്നിനും 200 ഗ്രാം. മൊത്തം 1.2-1.5 കിലോഗ്രാം.
  4. മൂന്നാമത്തെ ആഴ്ചയിലെ കുഞ്ഞുങ്ങളുടെ എണ്ണം 6ല്‍ കൂടുതല്‍ 
  5. കുഞ്ഞുങ്ങളെ തള്ളയില്‍നിന്നും വേര്‍പിരിക്കുന്ന സമയത്തെ എണ്ണം ചുരുങ്ങിയത് 5.
  6. പെണ്‍മുയലില്‍നിന്ന് ഓരോ വര്‍ഷവും ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 25-30.
  7. തീറ്റ പരിവര്‍ത്തന ശേഷി - ഒരു കിലോഗ്രാം തൂക്കത്തിന് 3-4 കി. ഗ്രാം തീറ്റ.
  8. ശരീരഭാരം, ഇറച്ചി ഉല്‍പാദനം ഇവയുടെ അനുപാതം 60-70%
  9. രണ്ടു കിലോഗ്രാം ശരീരഭാരം (വിപണി ഭാരം) എത്താനെടുക്കുന്ന സമയം.
rabbit-2

പുതിയ മുയലുകളെ വാങ്ങുമ്പോൾ

വാങ്ങിയ മുയലുകളെ ദ്വാരങ്ങളിട്ട കാര്‍ഡ് ബോര്‍ഡ് ബോക്‌സിലോ പ്രത്യേകം തയ്യാറാക്കിയ കമ്പിവല കൂടുകളിലോ കൊണ്ടു പോവുക. യാത്രയില്‍ വെള്ളവും പച്ചപ്പുല്ലും നല്‍കാം. രാവിലെയും, ഉച്ചതിരിഞ്ഞുമാണ് യാത്രയ്ക്ക് ഉത്തമം. വീട്ടില്‍ എത്തിയ ഉടന്‍ പാര്‍പ്പിടത്തിന്റെ സമീപം വച്ച് ഇവയുടെ പരിഭ്രമം മാറ്റണം. ആരോഗ്യ പരിശോധന നടത്തുക. വാങ്ങിയ സ്ഥലത്തുനിന്ന് ശേഖരിച്ച തീറ്റയോ, സമാനമായ തീറ്റയോ ആദ്യ ദിവസങ്ങളില്‍ നല്‍കുക. ഫാമില്‍ മറ്റു മുയലുകളുണ്ടെങ്കില്‍ പുതിയ മുയലുകളെ കുറച്ചു ദിവസം മാറ്റി പാര്‍പ്പിച്ചതിനു ശേഷം മാത്രം കൂട്ടത്തില്‍ ചേര്‍ക്കുക.

ചാർട്ട് തയാറാക്കാം 

ഓരോ മുയലിനും കൃത്യമായ ചാർട്ട് തയാറാക്കിവേണം ഫാം മുന്നോട്ടുകൊണ്ടുപോകാൻ. ഇത്തരത്തിൽ ചാർട്ട് തയാറാക്കുന്നതിലൂടെ ഇൻബ്രീഡിങ് ഒഴിവാക്കി മികച്ച മുയൽക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ കഴിയും. ഓരോ മുയലിനെയും തിരിച്ചറിയുന്നതിന് കൃത്യമായ നമ്പർ നൽകി ക്രമീകരിക്കാം. കൂട്ടിൽ നമ്പർ നൽകുകയും പ്രത്യേകം റജിസ്റ്ററിൽ അതിന്റെ പൂർണ വിവരങ്ങളും രേഖപ്പെടുത്താം. കൂടുകളിൽത്തന്നെ പ്രസവ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ചാർട്ട് ക്രമീകരിക്കാനും കഴിയും. 

പെൺ മുയലിന്റെ ഇനം, നമ്പർ, ജനനത്തീയതി, മാതാപിതാക്കൾ എന്നിവയാണ് പ്രാരംഭ വിവരങ്ങളായി പ്രധാനമായും വേണ്ടത്. ജനനത്തീയതിയും മാതാപിതാക്കളുടെ നമ്പറും ഫാമിൽനിന്നുതന്നെ ചോദിച്ച് വാങ്ങണം. യൂണിറ്റ് അടിസ്ഥാനത്തിൽ വാങ്ങുന്നവർക്ക് ഇത് പ്രധാനമായും ആവശ്യമുള്ളതാണ്. 

ഇണ ചേർക്കുന്നതിന്റെ വിവരങ്ങളാണ് ചാർട്ടിൽ രണ്ടാമതായി ഉൾപ്പെടുത്തേണ്ടത്. അതിൽ ഇണചേർത്ത തീയതി, ആൺമുയൽ, നെസ്റ്റ് ബോക്സ് ഡേറ്റ് (നിർബന്ധമില്ല), പ്രസവിച്ച തീയതി, എത്ര കുട്ടികൾ, അമ്മയിൽനിന്ന് കുഞ്ഞുങ്ങളെ മാറ്റിയ തീയതി, ആൺ–പെൺ എണ്ണം എന്നിവയും ചേർക്കാം. 

പ്രജനന ചാർട്ടിന്റെ ഒരു മാതൃക ചുവടെ ചേർക്കുന്നു. 

കുറ്റിക്കാടുകളിലെ മുയൽ

കാട്ടില്‍ കാണപ്പെടുന്ന കാട്ടുമുയല്‍ അഥവാ ചെവിയന്‍ മുയല്‍ വളര്‍ത്തു മുയലുകളില്‍നിന്നു വിഭിന്നമാണ്. ഇതിനെ വളര്‍ത്താനോ വേട്ടയാടാനോ പാടില്ല. ഇത് വന്യജീവിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇനമാണിവ.

ശരീരം മുഴുവന്‍ തവിട്ടു നിറമാണെങ്കിലും പുറം കഴുത്തിലും വാലിനു പുറകിലും കറുത്ത നിറം ഇവയുടെ പ്രത്യേകതയാണ്. അടിഭാഗം വെള്ള നിറവുമായിരിക്കും. 

പകല്‍ സമയങ്ങളില്‍ ഉറക്കവും രാത്രിയില്‍ ഇരതേടലുമാണ് ഇവരുടെ രീതി. പുല്‍ക്കൂട്ടവും കുറ്റിക്കാടുകളും മാളങ്ങളുമൊക്കെയാണ് വിശ്രമസ്ഥലങ്ങള്‍. വര്‍ഷത്തില്‍ ഒന്ന് എന്ന രീതിയിലാണ് ഇവയുടെ പ്രജനന ചക്രം. ശരാശരി 45 ദിവസമാണ് പ്രസവകാലം (വളര്‍ത്തു മുയലുകള്‍ക്ക് 31 ദിവസമാണ്). ഒരു വര്‍ഷംകൊണ്ടാണ് പ്രായപൂര്‍ത്തിയാവുക.

രോഗങ്ങൾ വരാം

പാസ്ചുറല്ലോസിസ്, കോക്സീഡിയോസിസ്, ചർമരോഗങ്ങൾ, പാദവൃണം തുടങ്ങിയവയാണ് മുയലുകളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. 

  • പാസ്ചുറല്ലോസിസ്

പാസ്ചുറല്ലോസിസ് അഥവാ കുരലടപ്പൻ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്. മൂക്കൊലിപ്പ്, ശ്വാസതടസം, കൂനിക്കൂടിയിരിക്കൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ചികിത്സ ലഭ്യമാക്കണം. അല്ലാത്തപക്ഷം മരണം സംഭവിക്കും. മാത്രമല്ല ഫാമിലെ മറ്റു മുയലുകളിലേക്കുകൂടി പകരും. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളുള്ള മുയലുകളെ കൂട്ടത്തിൽനിന്നു മാറ്റി പാർപ്പിച്ചുവേണം ചികിത്സ നൽകാൻ. വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.

  • കോക്സീഡിയോസിസ്

മുൻപ് സൂചിപ്പിച്ചതുപോലെ പ്രോട്ടസോവ പരത്തുന്ന അസുഖമാണ് കോക്സീഡിയോസിസ് അഥവാ രക്താതിസാരം. പ്രധാനമായും കുഞ്ഞുങ്ങളെയാണ് ഈ രോഗം ബാധിക്കുക. പെട്ടെന്നുള്ള മരണമാണ് കാണപ്പെടുക. അതുകൊണ്ടുതന്നെ പ്രതിരോധമരുന്ന് നൽകിയിരിക്കണം. രക്തം കലർന്ന് അയഞ്ഞ കാഷ്ഠവും ലക്ഷണമാണ്.

  • ചർമരോഗങ്ങൾ

ചർമരോഗങ്ങൾ മുയലുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ പ്രധാനമാണ്. മുഖത്തെയും ചെവിയിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരുപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? മുയലുകളുടെ മൃദുമേനിയെ ബാധിക്കുന്ന പ്രധാന രോഗമായ മേഞ്ച് (Mange) അഥവാ മണ്ഡരിബാധയുടെ ലക്ഷണങ്ങൾ ആണിതെല്ലാം. മൈറ്റുകള്‍ (Mites) അഥവാ മണ്ഡരികള്‍ എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ് ഈ ത്വക്ക് രോഗത്തിന്‍റെ കാരണം. ‌മുയൽ കർഷകർ പലപ്പോഴും ഈ ചർമ്മരോഗത്തെ ഫങ്കസ് ബാധയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. 

ത്വക്കിനെ ബാധിക്കുന്ന പരാദങ്ങള്‍ ക്രമേണ ത്വക്കിലെ കോശപാളികളെ കാര്‍ന്നുതിന്നുകയും ആഴ്ന്ന് വളരുകയും ചെയ്യും. ഈ പരാദങ്ങളെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല. മുയലുകളുടെ ചര്‍മ്മം തിന്ന് വളരുന്ന മണ്ഡരികള്‍ ക്രമേണ ചര്‍മ്മപാളികളില്‍ തന്നെ മുട്ടയിട്ട് പെരുകും. മുട്ടകൾ വിരിഞ്ഞ് മണ്ഡരിക്കുഞ്ഞുങ്ങള്‍ ഇറങ്ങുന്നതോടെ രോഗം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും. സമ്പർക്കം വഴി മറ്റു മുയലുകളിലേക്ക്  പകരാനും കാരണമാവും. 

മുയലുകളുടെ രോമം കൊഴിയല്‍, ചൊറിച്ചില്‍ കാരണം ശരീരം കൂടിന്റെ കമ്പികളില്‍ ചേര്‍ത്തുരയ്ക്കല്‍, മേനിയില്‍ സ്വയം കടിക്കല്‍, ത്വക്കില്‍ വരണ്ട  വ്രണങ്ങള്‍, ക്രമേണ വ്രണങ്ങള്‍ അര സെന്‍റീമീറ്റര്‍ വലുപ്പത്തില്‍ പൊറ്റകെട്ടല്‍, ചര്‍മ്മം പരുപരുക്കൽ, വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയൽ  എന്നിവയെല്ലാമാണ് മേഞ്ച് രോഗത്തിന്റെ പ്രധന ലക്ഷണങ്ങൾ. കൂട്ടത്തിലുള്ള മറ്റു മുയലുകളിലും സമാന ലക്ഷണങ്ങള്‍ പ്രകടമാവും. ചെവികളിലെ രോഗബാധയിൽ തല ഇടയ്ക്കിടെ വെട്ടിച്ചുകൊണ്ടിരിക്കൽ, തലതിരിച്ചിൽ, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗം ചെവിക്കുള്ളിലേക്ക് വ്യാപിക്കാനും സാധ്യത ഏറെയാണ്. മേഞ്ച് രോഗം കാരണം ഉണ്ടാവുന്ന വ്രണങ്ങളിൽ കൂട്ടിൽ മതിയായ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ബാക്ടീരിയ , ഫങ്കസ് ബാധകൾക്കും സാധ്യത ഏറെയാണ്. രൂക്ഷമായി ബാധിക്കുന്ന മുയലുകളില്‍ മരണം സംഭവിക്കും. രോഗലക്ഷണങ്ങളിലൂടെയും, രോഗം ബാധിച്ച ചര്‍മ്മഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും എളുപ്പത്തില്‍ രോഗം നിര്‍ണയിക്കാം. ചർമരോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • പാദവൃണം

കൈകാലുകളുടെ പാദങ്ങളിൽ തടിപ്പ് രൂപപ്പെടുകയും ക്രമേണ അത് മുറിവായി മാറുതയും ചെയ്യുന്നു. അസഹ്യമായ വേദനയുള്ളതിനാൽ മുയലുകൾക്ക് കൈകാലുകൾ നിലത്തുറപ്പിക്കാൻ കഴിയാതെ വരുന്നു. തുടരെത്തുടരെ കൈകാലുകൾ പറിച്ചുകുത്തുക, തീറ്റയെടുക്കാൻ മടിക്കുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. കൃത്യമായ ശ്രദ്ധയില്ലെങ്കിൽ രോഗം മൂർച്ഛിച്ച് മരണം സംഭവിക്കാം. 

ഭാരമുള്ള മുയലുകളിലാണ് പാദവൃണം കൂടുതലായി കണ്ടുവരുന്നത്, പ്രത്യേകിച്ച് ഗർഭിണികളായ മുയലുകളിൽ. കമ്പിവലകൊണ്ടുകള്ള കൂടുകളിൽ കഴിയുന്ന മുയലുകളിലാണ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. കമ്പിയിൽ ചവിട്ടുമ്പോൾ മുയലിന്റെ ഭാരം പൂർണമായും കാലിന്റെ ചില ഭാഗങ്ങൾ മാത്രമാണ് അനുഭവപ്പെടുന്നത്. ഇതാണ് പ്രധാനമായും പാദരോഗത്തിലക്ക് വഴിവയ്ക്കുന്നത്. കൂടാതെ ഈർപ്പം കൂടുതലുള്ള തറ, പുല്ലിന്റെയും കാഷ്ഠത്തിന്റെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്ത വൃത്തിഹീനമായ സാഹചര്യം, തുരുമ്പുള്ള വല തുടങ്ങിയവയും പാദരോഗങ്ങൾക്ക് കാരണമാണ്. കൂട്ടിൽ ഇരിക്കാൻ പലകയോ ടൈലോ നൽകുകയോ തടികൊണ്ടുള്ള തറ ക്രമീകരിക്കുകയോ ചെയ്താൽ ഈ പ്രശ്നം ഒഴിവാക്കാം. രോഗം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ നൽകണം.

  • ഉദര രോഗങ്ങൾ
rabbit-farming-food-chart

വയറിളക്കം, വയർസ്തംഭനം തുടങ്ങിയവയാണ് പ്രധാനമായും മുയലുകൾക്കുണ്ടാകുന്ന ഉദര രോഗങ്ങൾ. തീറ്റയിലുണ്ടാകുന്ന മാറ്റങ്ങളോ പൂപ്പലോ ആണ് വയറിളക്കത്തിനു കാരണമാകുന്നത്. ഒപ്പം നനവ് കൂടിയ പുല്ലും വയറിളക്കമുണ്ടാക്കും. അതുകൊണ്ടുതന്നെ മുയലുകളുടെ ദഹനപ്രക്രിയ മനസിലാക്കിവേണം ഭക്ഷണം നൽകാൻ. ചോറും കാബേജുമൊക്കെ അധികമായി നൽകിയാൽ വയർസ്തംഭനം സംഭവിക്കാം. തുടക്കത്തിൽത്തന്നെ ചികിത്സ നൽകാൻ മടിക്കരുത്.

English summary: Rabbit Farming, Rearing - A Complete Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com