മുയൽകുഞ്ഞുങ്ങൾ ജനിച്ച് ഒരു മാസത്തിനകം ചത്തുപോകുന്നു. കാരണവും പ്രതിവിധിയും

HIGHLIGHTS
  • മുലയൂട്ടന്ന മുയലുകൾക്ക് അവയുടെ തൂക്കത്തിന് അനുസരിച്ചു തീറ്റ നൽകണം
  • കൂട്ടിലെ ഈർപ്പം ഒഴിവാക്കിയും ശുചിത്വം ഉറപ്പാക്കിയും രോഗങ്ങള്‍ വരാതെ നോക്കാം
rabbit
SHARE

പോഷകക്കുറവും രോഗങ്ങളുമാകാം കാരണം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ കണ്ണു തുറക്കുന്നതിന് 10 ദിവസത്തിലധികം എടുക്കും. അതുവരെ പോഷണം തള്ളയുടെ പാലാണ്. തള്ളമുയല്‍ കഴിക്കുന്ന ആഹാരത്തിന്  അനുസരിച്ചാണ് അതിനു പാലുണ്ടാവുക. അവയ്ക്കു സമീകൃതമായ കട്ടിയുള്ള ഖരാഹാരവും നാരാംശം അടങ്ങിയ പുല്ല്, ഇലത്തീറ്റകളും വേണ്ടത്ര അളവിൽ കൊടുക്കണം. മുയലുകൾക്ക് ഒരിക്കലും കന്നുകാലികൾക്കുള്ള തീറ്റ (യൂറിയ അടങ്ങിയതിനാൽ) നൽകരുത്. മുയൽതീറ്റ ലഭ്യമാകാത്തപക്ഷം കോഴിത്തീറ്റ നൽകാം. മണ്ണുത്തി വെറ്ററിനറി കോളജിലെ തീറ്റ നിർമാണ പ്ലാന്റില്‍നിന്നു   മികച്ച മുയൽ തീറ്റ ലഭ്യമാണ്. സ്വന്തമായി മുയൽതീറ്റ ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. 

മുലയൂട്ടന്ന മുയലുകൾക്ക് അവയുടെ തൂക്കത്തിന് അനുസരിച്ചു തീറ്റ നൽകണം. വെള്ളം കൂടി യഥേഷ്ടം ലഭ്യമായാലേ തള്ളമുയലുകള്‍ക്കു പാലുണ്ടാവുകയുള്ളൂ. അതിനായി കൂട്ടിനുള്ളിൽ നിപ്പിൾ ഡ്രിങ്കിങ്  സംവിധാനം ഒരുക്കണം. പാൽ ഉണ്ടാകാൻ തള്ളമുയലിന് കാത്സ്യം ടോണിക്ക്, വൈറ്റമിൻ എന്നിവ പ്രത്യേകം നൽകണം. ഒപ്പം ഹെർബൽ മരുന്നുകളും നൽകാം.

മുയൽകുഞ്ഞുങ്ങൾ ആവശ്യത്തിനു പാൽ കുടിക്കാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. നന്നായി പാൽ കുടിക്കുന്ന മുയൽകുഞ്ഞുങ്ങളുടെ വയർ പന്തുപോലെ വീർത്തിരിക്കും. അല്ലാത്തവയുടെ വയർ ഒട്ടിക്കിടക്കുകയും ചർമം ചുക്കിച്ചുളിഞ്ഞിരിക്കുകയും ചെയ്യും. അങ്ങനെയുള്ള കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കണം. അതിനായി തള്ളയെ ചരിച്ചു കിടത്തി മുയൽകുഞ്ഞുങ്ങളുടെ ചുണ്ട് തള്ളമുയലിന്റെ  മുല ഞെട്ടിനോടു ചേർത്തുവച്ചു കുടിപ്പിക്കണം (അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈ രീതി സ്വീകരിക്കാവൂ). ശോഷിച്ച മുയൽകുഞ്ഞുങ്ങൾക്ക് മള്‍ട്ടി വൈറ്റമിന്‍ ഡ്രോപ്സ് (Multivitamin drops) പ്രത്യേകം നൽകണം. ക്ഷീണമുള്ളതിന്  ഊർജക്കുറവ് നികത്താൻ ഗ്ലൂക്കോസ് വെള്ളം നൽകാം.

മുയൽകുഞ്ഞുങ്ങളിൽ പെട്ടെന്ന് മരണം ഉണ്ടാക്കുന്ന രണ്ടു രോഗങ്ങളാണ് കോക്സീഡിയോസിസും പാസ്ചുറല്ല‌ോസിസും. കൂട്ടിലെ ഈർപ്പം ഒഴിവാക്കിയും ശുചിത്വം ഉറപ്പാക്കിയും ഈ രോഗങ്ങള്‍ വരാതെ നോക്കാം. ശരിയായ വെറ്ററിനറി പരിശോധന നടത്തി ഫലപ്രദമായ മരുന്ന് ഡോക്ടറുടെ ശുപാർശയിൽ നൽകണം. സൾഫാ ഇനത്തിലെ മരുന്ന് ഇതിന് പ്രയോജനപ്പെടുത്താം. ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കണം. മാംസപേശികളുടെ പ്രവർത്തനത്തിനു വൈറ്റമിൻ ഇ ആവശ്യം. ഇവയുടെ കുറവ് ഹൃദയപേശികളുടെ പ്രവർത്തനത്തെ തകരാറിലാക്കി പെട്ടെന്നുള്ള മരണത്തിനു കാരണമാക്കാനിടയുള്ളതിനാൽ അവ ഡോക്ടറുടെ നിർദേശപ്രകാരം നൽകുക. ഗോതമ്പ്, തവിട് എന്നിവ തീറ്റയിൽപ്പെടുത്തി ജീവകം ഇ യുടെ ലഭ്യത ഉറപ്പാക്കാം. 

മൃഗസംരക്ഷണവകുപ്പിന്റെ  പരിശീലനകേന്ദ്രങ്ങളിൽനിന്നു വളര്‍ത്തലില്‍  പരിശീലനം നേടാം.  മണ്ണുത്തി വെറ്ററിനറി കോളജും മുയൽകൃഷിയിൽ ഓൺലൈൻ പരിശീലനം നല്‍കുന്നുണ്ട്.

English summary: How to Care for Domestic Rabbits?

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA