ADVERTISEMENT

ലോകത്ത് കോവിഡ്–19 മഹാമാരി സംഹാരതാണ്ഡവം ആടിത്തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. ഇതേത്തുടർന്ന് രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം പൂർത്തിയാകാൻ പോകുന്നു. സമ്പൂർണ ലോക്ഡൗൺ രാജ്യത്തുണ്ടായപ്പോൾ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അങ്ങനെ വരുമാനസാധ്യത തേടി നല്ലൊരു ശതമാനം ആളുകളും ചേക്കേറിയത് മൃഗസംരക്ഷണ മേഖലയിലേക്കും. കേരളം മുൻപെങ്ങും കാണാത്ത വിധത്തിലുള്ള കുതിച്ചുചാട്ടമാണ് ലോക്ഡൗൺ കാലത്ത് മൃഗസംരക്ഷണമേഖലയിലുണ്ടായിട്ടുള്ളത്.

പശു, ആട്, കോഴി, മുയൽ, നായ എന്നിവയെയെല്ലാം ലോക്ഡൗണിൽ മലയാളികൾ വരുമാനത്തിനായി തിരഞ്ഞെടുത്തു. വിദേശ ജോലി നഷ്ടപ്പെട്ടവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവരും നാട്ടിൽ തൊഴിൽ ക്ഷാമം നേരിട്ടവരുമെല്ലാം പക്ഷിമൃഗാദികളിൽനിന്ന് വരുമാനം ലക്ഷ്യമിട്ട് മുതൽമുടക്കി. കന്നുകാലി ഫാം, ആടു ഫാം, കോഴി ഫാം, മുയൽ ഫാം എന്നിങ്ങനെ ഒട്ടേറെ സംരംഭങ്ങൾ ഉയർന്നുപൊങ്ങി. എന്നാൽ, ഇവയൊക്കെ സുസ്ഥിര വരുമാനമാർഗമായി ഗൗരവത്തോടെ കണ്ടവർ പത്തു ശതമാനത്തിൽ താഴെ മാത്രം.

കാലിവളർത്തൽ

ലോക്ഡൗൺ നീണ്ടുപോകും എന്നു ഭയന്നാണ് പലരും മൃഗസംരക്ഷണത്തിലേക്ക് തിരിഞ്ഞത്. അധ്വാനമേറെയുണ്ടെങ്കിലും കർഷകന് നിത്യവും വരുമാനം ഉറപ്പാക്കുന്നത് കന്നുകാലി വളർത്തലാണ്. അതുകൊണ്ടുതന്നെ ലോക്ഡൗണിൽ കറവപ്പശുക്കളുടെ വിലയിൽ വലിയ കയറ്റമുണ്ടായി. ലീറ്ററിന് 5000–6000 രൂപ വിലയുണ്ടായിരുന്ന പശുക്കൾക്ക് 8000–10000 രൂപയിലേക്ക് വില കയറി. പ്രസവമടുത്ത പശുക്കൾക്കാവട്ടെ മോഹ വിലയും. കറവപ്പശുക്കളുടെ ഡിമാൻ‍ഡ് ഏറിയതോടെ അതിർത്തി കടന്നും പശുക്കൾ കേരളത്തിലെത്തി, ലക്ഷങ്ങളുടെ തലയെടുപ്പുമായി. അങ്ങനെ എത്തിയ പലതും കർഷകരെ കണ്ണീരു കുടിപ്പിച്ച അനുഭവങ്ങളുമേറെ. ഇങ്ങനെ വന്ന പശുക്കളിൽ ഏറിയ പങ്കും തൈലേറിയ പിടിപെട്ടതായിരുന്നു. ഏതായാലും ലോക്ഡൗൺ തുടങ്ങിയിട്ട് ഒരു വർഷം ആകുമ്പോൾ പശുക്കളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. വിലയിലും താഴ്ച്ചയുണ്ട്.

മുയൽ

കാണാനും ഭംഗി, മാർക്കറ്റുമുണ്ട് എന്ന നിലയിലാണ് പലരും മുയലുകളെ കണ്ടത്. ഏഴു പെണ്ണും മൂന്ന് ആണും അടങ്ങിയ ഒരു യൂണിറ്റ് മുയലിന് 6000 മുതൽ 15,000 വരെ വാങ്ങുന്ന കർഷകർ കേരളത്തിലുണ്ട്. വലിയ ഫാമുകളുടെ പ്രവർത്തനം കണ്ട് ആവേശം മൂത്ത് മുയൽവളർത്തലിലേക്ക് ചാടിയിറങ്ങിയവരെല്ലാം മടുത്ത മട്ടാണ്. കാരണം സമീപ ദിവസങ്ങളിൽ അത്രയേറെ വിൽപനപോസ്റ്റുകളാണ് ഇത്തരക്കാരിൽനിന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. മുയലുകളും കുഞ്ഞുങ്ങളും കൂടുകളും തീറ്റപ്പാത്രവുമെല്ലാം വിൽക്കാനുള്ളവയിൽ പെടും. എന്തിന് തീറ്റയും സ്പ്ലിമെന്റുകളും വരെ വിൽക്കാൻ വച്ചിരിക്കുന്നവരുമുണ്ട്. 

മുയൽ മേഖലയിൽ എന്തു സംഭവിച്ചുവെന്ന് വിശദമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, വലിയ സ്വപ്നങ്ങളോടെ മുതൽമുടക്കിയവർ പലരും നഷ്ടത്തോടെയാണ് വിൽപനയ്ക്കു മുതിരുന്നത്. കാരണങ്ങളിൽ പ്രധാനപ്പെട്ടത് അധ്വാനിക്കാനുള്ള മനസില്ലായ്മ. കൂടുകളിൽ കിടക്കുന്ന മുയലിന് ഭക്ഷണവും വെള്ളവും കൊടുക്കൽ മാത്രമാണ് ജോലി എന്ന് ആദ്യം വിചാരിക്കും, അത് തനിക്ക് കഴിയുമെന്നും വിചാരിക്കും. എന്നാൽ, നിത്യേന തുടരുമ്പോൾ വിരസത തോന്നുന്നത് സ്വാഭാവികം. 

ഫാമിങ്ങ് രീതിയിൽ വളർത്തുമ്പോൾ ശരാശരി 70 ദിവസത്തിൽ ഒന്ന് എന്ന രീതിയിൽ പ്രസവിക്കുന്നവയാണ് മുയലുകൾ. ഇങ്ങനെയുണ്ടാകുന്ന കുട്ടികളെ എത്രയും വേഗം വിറ്റൊഴിവാക്കാൻ ശ്രമിക്കുന്നതാണ് മറ്റൊരു മനോഭാവം. ഒരു മാസം പ്രായമുള്ള കുഞ്ഞുങ്ങളെ 700 രൂപയ്ക്കും 1000 രൂപയ്ക്കുമൊക്കെ വിൽക്കാൻ ശ്രമിക്കുമ്പോൾ വിൽപന ഇടിയുന്നത് സ്വഭാവികം. കുറഞ്ഞത് 2 മാസമെങ്കിലും വളർത്തിയെടുത്ത കു​ഞ്ഞുങ്ങളെയാണ് ഉപഭോക്താക്കൾക്ക് നൽകാൻ ശ്രമിക്കേണ്ടത്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വിപണിയിലെത്തിച്ചാൽ വിപണി പിടിക്കാനും കഴിയും. 

കുഞ്ഞുങ്ങളെ മാത്രം വിൽക്കുന്നതാണ് മുയൽ വിപണി എന്ന് ചിന്തിക്കുന്നതാണ് മറ്റൊരു അബദ്ധം. മുയൽ കർഷകർ എല്ലാവരും ആദ്യംതന്നെ ലക്ഷ്യംവയ്ക്കേണ്ടത് മുയലിന്റെ ഇറച്ചി മാർക്കറ്റാണ്. കാരണം, കുഞ്ഞുങ്ങളുടെ വിൽപന എപ്പോഴും സ്ഥിരതയുള്ളത് ആവണമെന്നില്ല, എന്നാൽ, ഇറച്ചിവിപണി അങ്ങനെയല്ല. മുയലിറച്ചിയുടെ പ്രധാന്യവും ഗുണവും തിരിച്ചറിഞ്ഞു വളരുന്ന വിപണിയാണ് ഇപ്പോഴുള്ളത്. പക്ഷേ മാർക്കറ്റ് കണ്ടെത്താൻ പരിശ്രമിക്കണം.

കാത്തിരിക്കാനുള്ള ക്ഷമയില്ല എന്നതാണ് മറ്റൊരു കാര്യം. വലിയ മുയലുകളെ, പ്രസവിക്കാറായ മുയലുകളെ ആവശ്യപ്പെടുന്ന ഒട്ടേറെ പേരെ ഈ ലോക്ഡൗൺ കാലത്ത് കാണാൻ കഴിഞ്ഞിരുന്നു. മുയൽ എന്താണെന്നു പോലും അറിയാത്ത, മുയൽ എത്ര മാസം പ്രായമാകുമ്പോഴാണ് മുട്ടയിടുന്നതെന്നും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുമോ എന്നും ചോദിച്ച അഭ്യസ്തവിദ്യരും ഇക്കൂട്ടത്തിലുണ്ട്. അറിവില്ലായ്മയും മുയൽ വളർത്തൽ അവസാനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. 

തൊട്ടു മുകളിൽ പറഞ്ഞതിനൊപ്പം ചേർത്തുപറയേണ്ട ഒന്നാണ് നിലവാരമില്ലാത്ത മുയലുകളെ വാങ്ങി വളർത്തിയത് എന്നുള്ളത്. അന്തർപ്രജനനം നടന്നവയെയും പ്രായാധിക്യത്താൽ ഒഴിവാക്കിയവയുമെല്ലാം ഇത്തരത്തിൽ പലരിലും എത്തിയിരുന്നു. അതും തകർച്ചയ്ക്കു കാരണമായി.

ആടും കോഴിയും പന്നിയും

ആട് പെട്ടെന്ന് വരുമാനം നൽകുന്നവയല്ലെന്ന് അറിയാമായിരുന്നതുകൊണ്ടാവാം വലിയ തോതിൽ ഫാം തുടങ്ങാൻ ശ്രമിച്ചവർ ചുരുക്കമാണ്. എങ്കിലും, കൈ പൊള്ളിയവരും പിടിച്ചുനിന്നവരുമുണ്ട്. വലിയ മുതൽമുടക്കില്ലാതെ തുടങ്ങിയാൽ ആടു കൃഷി ലാഭമാണെന്ന് കർഷകർതന്നെ സമ്മതിക്കും. എന്നാൽ, യൂട്യൂബ് വിഡിയോ കണ്ട്, വലിയ ധാരണകളില്ലാതെ ഹൈടെക് കൂട് നിർമിച്ച് ലാഭം നോക്കിയിരിക്കുന്നവരുണ്ട്. അവർക്ക് ഫാം ലാഭത്തിലേക്കെത്തണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. സമാന കാര്യങ്ങൾത്തന്നെയാണ് കോഴി, പന്നി ഫാമുകളുടെ കാര്യവും.

കേരളത്തിൽ എത്ര പന്നിയുണ്ടെങ്കിലും വിൽക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. അതനുസരിച്ചുള്ള ഉൽപാദനമില്ലെന്നുതന്നെ പറയാം. എന്നാൽ, ലോക്‌ഡൗൺ പന്നിക്കർഷകർക്ക് നൽകിയ പ്രഹരം വളരെ വലുതാണ്. ഹോട്ടലുകളും അറവുശാലകളും അടഞ്ഞുകിടന്നപ്പോൾ തീറ്റക്ഷാമം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെ പല ഫാമുകളിലും എണ്ണം കുറച്ചു. പന്നിക്കൃഷി കാര്യമായ അധ്വാനവും അറപ്പില്ലായ്മയും ആവശ്യമായ മേഖലയായതുകൊണ്ടുതന്നെ ഇതിലേക്കിറങ്ങിയവർ വിരളമാണ്.

നായ

അരുമകളുടെ ഗണത്തിലാണ് നായ ഉൾപ്പെടുന്നതെങ്കിലും കേരളത്തിൽ ലോക്ഡൗൺ കാലത്ത് വലിയ കുതിച്ചുചാട്ടമുണ്ടായ മൃഗങ്ങളിലൊന്നാണ് നായ.  8000–10000 രൂപയിൽ നിന്നിരുന്ന ലാബ്രഡോറിന്റെ വില 13,000ന് മുകളിലായി. അതുപോലെ 3500–4500 രൂപയിൽ നിന്നിരുന്ന സ്പിറ്റ്സ്, ഡാഷ് ഹണ്ട് പോലുള്ള കുഞ്ഞൻ നായ്ക്കളുടെ വില 6000ലേക്കു കയറി. ലോക്ഡൗണിന്റെ തുടക്കത്തിൽ ഒട്ടേറെ പേർ ഇണചേർക്കാത്തതിനാൽ കുഞ്ഞുങ്ങൾക്കുണ്ടായ ക്ഷാമമാണ് വിലക്കയറ്റത്തിലേക്ക് വഴിവച്ചത്. ഈ വിലക്കയറ്റം കണ്ട് ഈ മേഖലയിലേക്ക് ഇറങ്ങിയവും ഏറെയാണ്. ഇപ്പോൾ മാർക്കറ്റ് ഏറെക്കുറെ പഴയ സ്ഥിയിലേക്ക് എത്തിയിട്ടുണ്ട്. വില താഴ്ന്നുവെന്നു മാത്രമല്ല ആവശ്യക്കാരിലും കുറവുണ്ടായിട്ടുണ്ട്.

ലോക്ഡൗണിൽ കൃഷിക്ക് ഗുണമുണ്ടായില്ല

ലോക്ഡൗണിൽ ഒട്ടേറെ പേർ മൃഗസംരക്ഷണ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ടെങ്കിലും അതിൽ 75 ശതമാനവും തൊഴിലില്ലായ്മകൊണ്ടുള്ളതായിരുന്നില്ല. വിരസതയിൽനിന്ന് കരകയരാനുള്ള മാർഗം മാത്രമായിരുന്നു. അതുകൊണ്ടുതന്നെയാണ് അരുമവിപണിയിൽ വലിയൊരു കുതിച്ചുചാട്ടം ഉണ്ടായതും. ലോക്ഡൗണിന്റെ തുടക്കത്തിൽനിന്നുള്ള സാഹചര്യത്തിന് മാറ്റം വന്നപ്പോൾ ഇങ്ങനെയുള്ളവരിൽ ഏറിയപങ്കും അവരുടെ മേഖലകളിലേക്ക് തിരികെ പോകുകയും ചെയ്തു. ചുരുക്കത്തിൽ സ്ഥിരതയോടെ നിൽക്കാൻ ആഗ്രഹിച്ചവർ കരുത്തോടെ 2 കാലും ഉറപ്പിച്ച് മൃഗസംരക്ഷണമേഖലയിൽ നിലനിൽക്കുന്നുമുണ്ട്. 

English summary: COVID-19 Effects on Livestock Production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com