പേവിഷബാധ: പേടിപ്പിക്കാതെ പറഞ്ഞു മനസിലാക്കണം 14 അല്ല 4 കുത്തിവയ്പ് മാത്രം

dog-care-1
SHARE

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള ദാരുണ മരണം തുടർക്കഥയാകുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അറിഞ്ഞുകൊണ്ടുള്ള അവഗണനയാണ് ഇതിനു പ്രധാന കാരണം. നായ്ക്കളുടെയോ പൂച്ചകളുടെയോ കടിയോ മാന്തലോ മൂലം ശരീരത്തിൽ മുറിവുണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ നേടുകയാണ് വേണ്ടത്. അല്ലാതെ, ചെറിയ മുറിവാണെന്ന പേരിൽ അവഗണിക്കുകയല്ല. കൂടാതെ, പട്ടികടിച്ചാൽ പൊക്കിളിനു ചുറ്റും കുത്തിയ്പ്പെടുക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നവരും നാട്ടിലുണ്ട്. ഇത്തരം പ്രവണതകൾ നായ്ക്കളുടെയും മറ്റും കടിയേറ്റാൽ മറ്റുള്ളവരിൽനിന്ന് മറയ്ക്കാൻ പലരെയും പ്രേരിപ്പിക്കും, പ്രത്യേകിച്ച് കുട്ടികളെ. ആദ്യംതന്നെ മനസിലാക്കേണ്ടത് കാലം മാറി, അതിനൊപ്പം വാക്സിനേഷൻ രീതികളും മാറി എന്നാണ്. അതിലേക്ക് വഴിയെ വരാം.

പേവിഷ ബാധ (റാബീസ്) എന്ന് കേൾക്കുമ്പോൾത്തന്നെ മാനസികമായി നാം ഭയത്തിനു കീഴടങ്ങുകയാണ്. പേവിഷബാധയുള്ള നായ കടിച്ച ഒരാൾ ലക്ഷണം കാണിച്ചു തുടങ്ങിയാൽ പിന്നെ മരണം സുനിശ്ചിതം എന്നത് ഈ രോഗത്തിന്റെ ഭീകരത വർധിപ്പിക്കുന്നു. നായയുടെ കടിയേൽക്കുമ്പോൾ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകൾ നാഡീവ്യൂഹം വഴി ക്രമേണ തലച്ചോറിൽ എത്തുകയും, അവിടെനിന്ന് ഞരമ്പുകളിലൂടെ ഉമിനീർ ഗ്രന്ഥി, കണ്ണ് തുടങ്ങി ശരീരത്തിലെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണ് പെട്ടെന്ന് മരണം സംഭവിക്കുന്നത്. ലോകമെമ്പാടും വർഷത്തിൽ  അറുപതിനായിരത്തോളം പേർ പേവിഷബാധ മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും മാരകമായ ഒരു ജന്തുജന്യ രോഗമായാണ് ഇതിനെ വൈദ്യശാസ്ത്രം കാണുന്നത്.

റാബീസ് എന്ന ലാറ്റിൻ പദത്തിന്റെ അർഥം ഭ്രാന്ത് എന്നാണ്.  പേവിഷബാധ ഉണ്ടാക്കുന്നത് ആർഎൻഎ വൈറസാണ്. ലിസ വൈറസ് എന്നും ഇതിന് പേരുണ്ട്.  ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളിലും പേവിഷബാധയുണ്ടാകും.

റാബിസ് അല്ലെങ്കിൽ ഹൈഡ്രോഫോബിയ (വെള്ളം കാണുമ്പോൾ ഭയം) മൃഗങ്ങളിൽനിന്നു പകരുന്നതും 100% മരണം വിതയ്ക്കുന്നതുമായ രോഗമാണ്. അതേ അവസരത്തിൽ 100  ശതമാനം പ്രതിരോധിക്കാൻ കഴിയുന്നതുമാണ് ഈ രോഗം.

ഇതിന്റെ സ്വഭാവത്തെ മൂന്നായി തരം തിരിക്കാം. ഒന്നാമത്തേത്, വളർത്തുമൃഗങ്ങളും മറ്റും തൊലിപ്പുറത്ത്  നോക്കാറുണ്ട്. അവ സോപ്പിട്ട് കഴുകിയാൽ മതിയാകും. രക്തം പൊടിയാത്ത മാന്തലും കടിയും ഏറ്റാൽ വാക്സിനേഷൻ ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ മുറിവിലോ ചതവിലോ നക്കിയാലും കടിയേറ്റ് രക്തം വന്നാലും ഇവ മൂന്നാമത്തെ വിഭാഗത്തിൽ വരും. വാക്സിനേഷനും, ഇമ്മ്യൂണോഗ്ലോബുലിൻ ഇൻജക്ഷനും ആവശ്യമാണ്.    

കടിച്ച മൃഗത്തെ നിരീക്ഷിക്കുകയാണെങ്കിൽ രോഗലക്ഷണം ഉള്ളവ പത്തു ദിവസത്തിനകം ചത്തുപോകും. അത്തരം മൃഗങ്ങൾക്ക് ഈ കാലപരിധിക്കുള്ളിൽ അപകട‌മരണം ഉണ്ടായാലും അത് രോഗം മൂലമുള്ള മരണമായി കണക്കാക്കേണ്ടതാണ്. മാന്തിയാലും നായ്ക്കളുടെ നഖത്തിൽ ഉമിനീർ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് രോഗാണുക്കൾ ഉണ്ടാകാം. 14 മുതൽ 90 ദിവസം വരെയാണ് ലക്ഷണങ്ങൾ കാണാൻ എടുക്കുന്നത്.  എന്നാൽ, അപൂർവമായി രണ്ടു വർഷം വരെയും രോഗസാധ്യത കണ്ടെത്തിയിട്ടുണ്ട്.

മാന്തിയാലും കടിയേറ്റാലും ഒഴുക്കുള്ള വെള്ളത്തിൽ 15 മിനിറ്റോളം സോപ്പിട്ട് കഴുകണം.  75 ശതമാനം വൈറസും ഇങ്ങനെ നശിപ്പിക്കാം. മുറിവുകൾ മൂടിക്കെട്ടിവയ്ക്കാതെ ഏറ്റവും വേഗം ചികിത്സ തേടേണ്ടതാണ്. ഏത് അലോപ്പതി ഡോക്ടറെയും ഇതിനായി സമീപിക്കാം.

പൊക്കിളിനു ചുറ്റും 14 ഇഞ്ചക്ഷൻ എന്ന പേടിപ്പെടുത്തുന്ന ചികിത്സയായിരുന്നു 30–40 വർഷം മുമ്പുവരെ. എന്നാൽ ഇന്ന് വളരെ നിസ്സാരമായ കുത്തിവയ്പ്പാണ് നടത്തുന്നത്. ഒരു ഉറുമ്പുകടിയുടെ വേദന മാത്രമുള്ള ഉറപ്പാണത്. അതും കൈകളിൽ. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ഗർഭിണികൾക്കും കുട്ടികൾക്കും ഒരേ ഡോസ് തന്നെയാണ് നൽകുന്നത് എന്നത് ഇതിനുദാഹരണമാണ്.

0, 3, 7, 21 അല്ലെങ്കിൽ 28 എന്നീ ദിവസങ്ങളിൽ ആയി 4 ഇൻജക്ഷൻ എന്നതാണ് ഇപ്പോഴത്തെ വാക്സിനേഷൻ സമ്പ്രദായം. ആദ്യദിവസം രണ്ടു കയ്യിലും തൊലിക്കടിയിൽ ഇൻജക്ഷൻ. കടിയേറ്റ ഭാഗത്ത് ഇമ്മ്യൂണോഗ്ലോബുലിൻ എന്ന ഇൻജക്ഷനും. മൂന്ന് ഏഴ് 21 എന്നീ ദിവസങ്ങളിൽ ഓരോന്നു വീതവും എന്നതാണ് വാക്സിനേഷൻ. ഇതിനുശേഷം മൂന്നു മാസത്തിനു മുമ്പ് കടിയേറ്റാൽ  വീണ്ടും ഡോസേജ്ന്റെ ആവശ്യമില്ല. പിന്നെ മരണം വരെ 0, 3 ദിവസ ഡോസേജ് മാത്രം മതിയാകും. സാധാരണയായി തൊലിക്കടിയിലാണ് ഇൻജക്ഷൻ എടുക്കുന്നത്.  എന്നാൽ പ്രതിരോധ ശക്തി കുറഞ്ഞവർക്ക്, മലേറിയ, കോവിഡ്,  കാൻസർ രോഗികൾ, കീമോ ചെയ്യുന്നവർ എന്നിവർക്കൊക്കെ lntra muscular ഇൻജക്ഷൻ ആണ് എടുക്കുന്നത്.

വെറ്ററിനറി ഡോക്ടർമാർ, മൃഗങ്ങളെ വളർത്തുന്നവർ, പട്ടി പിടുത്തക്കാർ എന്നിവർ നിർബന്ധമായും വാക്സിൻ എടുക്കേണ്ടതാണ്. 0, 7, 21 അല്ലെങ്കിൽ 28 എന്നീ മൂന്ന് ഡോസേജുകൾ  മതിയാകും.

സാധാരണയായി 90 ശതമാനവും പട്ടികളിൽനിന്നാണ് പേവിഷം ഏൽക്കുന്നത്. വളർത്തുമൃഗങ്ങൾ പെട്ടെന്ന് ഭക്ഷണം കഴിക്കാതിരിക്കുക, വായിൽനിന്ന് നുരയും പതയും വരിക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾക്ക് തളർച്ച, അക്രമാസക്തമാകുക, പ്രകോപനമില്ലാതെ ഉപദ്രവിക്കുക എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്. അപൂർവമായി മിണ്ടാതെ ഒതുങ്ങിക്കൂടാനുള്ള പ്രവണതയും കാണാറുണ്ട്.

രോഗലക്ഷണം മനുഷ്യരിൽ തളർച്ച മാത്രം പ്രകടിപ്പിക്കുന്ന ഒരിനം പേവിഷബാധയും ഉണ്ട്. ഏതാണ്ട് 30 ശതമാനം അതുകൊണ്ടുതന്നെ തിരിച്ചറിയാതെ പോകുന്നു. ഒന്നാം ഘട്ടത്തിൽ കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ, മരവിപ്പ്, തലവേദന, തൊണ്ടവേദന എന്നിവയുണ്ടാകും. രണ്ടാംഘട്ടത്തിൽ  വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ഉറക്കമില്ലായ്മ ശബ്ദവ്യത്യാസം കാറ്റ് വെള്ളം വെളിച്ചം എന്നിവയോട് പേടി ഇതൊക്കെ ഉണ്ടാകും. മൂന്നാംഘട്ടത്തിൽ തളർന്നു കിടക്കും.  ശ്വാസതടസ്സം ശബ്ദവ്യത്യാസം മരണം എന്നിവ നടക്കുന്നു.

ചൂടേറ്റാൽ വൈറസ് ചത്തുപോകുന്നു. അതുകൊണ്ടുതന്നെ രോഗമുള്ള മൃഗങ്ങളുടെ  പാൽ, മാംസം എന്നിവ നിഷിദ്ധമല്ല.

‘ഏക ആരോഗ്യം’ അഥവാ  ‘വൺ ഹെൽത്ത്’ എന്നത് ആരോഗ്യത്തെക്കുറിച്ചുള്ള നൂതനമായ കാഴ്ചപ്പാടാണ്. ഇതുപ്രകാരം  മനുഷ്യരുടെ ആരോഗ്യം അവന് ചുറ്റുമുള്ള മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. അത് നിലനിർത്തുന്നതിനു വേണ്ടത് നിതാന്ത ജാഗ്രതയാണ്.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA