രോഗികള്‍ക്ക് ആശ്വാസമേകാന്‍ മൃഗ‘ഡോക്ടര്‍’; കൂടെക്കൂട്ടാം അരുമകളെ

HIGHLIGHTS
  • ചികിത്സയ്ക്കുപയോഗിക്കുന്ന മൃഗങ്ങളും ചില്ലറക്കാരല്ല
  • നായ, പൂച്ച, മുയൽ, കുതിര, വിവിധതരം പക്ഷികൾ എന്നിവയെല്ലാം പെറ്റ് തെറാപ്പിയിൽ
dog-training-1
SHARE

അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഏറെ വർഷം മുൻപു തന്നെ പ്രചാരം നേടിയ സമാന്തര ചികിത്സാശാഖയാണ് പെറ്റ് തെറപ്പി. നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലെങ്കിലും അരുമ മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്നവരെല്ലാം പെറ്റ് തെറപ്പിയുടെ ഗുണഭോക്താക്കളാണ്.

മരുന്നല്ല ‘മന്ത്ര’മാണ് പെറ്റ് തെറപ്പിയുടെ കാതൽ. മന്ത്രമെന്നു പറയുമ്പോൾ മന്ത്രവാദിയും മന്ത്രവാദവുമൊന്നുമല്ല കേട്ടോ. സ്നേഹമന്ത്രം; അതാണ് പെറ്റ് തെറപ്പിയിലെ ഔഷധം. അതായത്, രോഗിയുടെ രോഗാവസ്ഥയ്ക്കു യോജിക്കുന്ന അരുമകളെ ഒപ്പം നിർത്തി അവയുടെ സ്നേഹസാമീപ്യത്തിലൂടെ രോഗമുക്തി നൽകുന്ന ചികിത്സ. കടുത്ത ഏകാന്തത അനുഭവിക്കുന്നവർ പലരും അതിൽനിന്നൊരു മോചനത്തിനായി ഓമനമൃഗങ്ങളെ വളർത്തുന്നുണ്ട് എന്നു നമുക്കറിയാം. അരുമയുടെ സാമീപ്യം അവർക്കു നൽകുന്ന ആശ്വാസം അളവറ്റതാണ്. ഈ സാധ്യതയെ ചികിത്സാശാഖയായി വളർത്തുകയായിരുന്നു ഗവേഷകർ. 

നായ, പൂച്ച, മുയൽ, കുതിര, വിവിധതരം പക്ഷികൾ എന്നിവയെല്ലാം ഇന്ന് പെറ്റ് തെറപ്പിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. മറ്റെല്ലാം ചികിത്സകൾക്കുമെന്നപോലെ ഇതിനുമുണ്ട് ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ  ഘട്ടങ്ങൾ. അതുകൊണ്ടുതന്നെ പെറ്റ് തെറപ്പിയിലെ ചികിത്സാവിധികൾ ഒരു തെറപ്പിസ്റ്റ്തന്നെ ചെയ്യേണ്ടതുണ്ട്. വിഷാദരോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അർബുദം തുടങ്ങി ഒട്ടേറെ രോഗാവസ്ഥകളെ ലഘൂകരിക്കാൻ പെറ്റ് തെറപ്പി ഫലപ്രദമെന്നു പഠനങ്ങൾ പറയുന്നു. എന്നാൽ, മൃഗങ്ങളെ ഭയമുള്ളവർ, മൃഗങ്ങളുടെ രോമം, പൊടി എന്നിവയോട് അലർജി ഉള്ളവർ എന്നിവരൊന്നും ഈ വഴിക്കു വരേണ്ടതുമില്ല.

ചികിത്സയ്ക്കുപയോഗിക്കുന്ന മൃഗങ്ങളും ചില്ലറക്കാരല്ല. ഓരോ രോഗാവസ്ഥയ്ക്കും ആശ്വാസം നൽകുന്ന രീതിയിലുള്ള പെരുമാറ്റ പരിശീലനവും ഒപ്പം യോഗ്യതാ സർട്ടിഫിക്കറ്റും നേടിയവരാണ് കക്ഷികൾ. അവയുടെ പരിശീലകനും ചികിത്സാവേളയിൽ ഒപ്പമുണ്ടാവും. രോഗചികിത്സയ്ക്കു മാത്രമല്ല, കുട്ടികളിലെ മടി മാറ്റാനും അവരിൽ സഹജീവികളോട് സഹാനുഭൂതി വളർത്താനുമെല്ലാം ഇന്ന് പെറ്റ് തെറപ്പി പ്രയോജനപ്പെടുത്തുന്നുണ്ട്. 

ശിശുമനഃശാസ്ത്ര വിദഗ്ധനായ ഡോക്ടർ ബോറിസ് മേയർ ലേവിൻസ് ആണ് ഈ ചികിത്സാരീതിക്കു തുടക്കമിട്ടത്. ഒരു ദിവസം ക്ലിനിക്കിലേക്കു വന്നപ്പോൾ അദ്ദേഹം തന്റെ നായയെയും കൂടെക്കൂട്ടിയിരുന്നു. ചികിത്സയ്ക്കെത്തിയ ഒരു കുട്ടിയിൽ ആ നായയുടെ സാന്നിധ്യം സൃഷ്ടിച്ച ഗുണപരമായ മാറ്റം അദ്ദേഹം ശ്രദ്ധിച്ചു. ചികിത്സയിൽ അരുമകളെ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചുള്ള ഗവേഷണത്തിനും അതോടെ അദ്ദേഹം തുടക്കമിട്ടു. പിൽക്കാലത്ത് ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ പെറ്റ് തെറപ്പി പ്രചാരം നേടുകയും ചെയ്തു.

കോവിഡ്–19 പിടിപെട്ടതിനെത്തുടർന്നുള്ള മാനസിക പിരിമുറുക്കം മാറാൻ മത്സ്യങ്ങളെ കൂട്ടുപിടിച്ച ഒരു മലയാളിയുണ്ട്. അദ്ദേഹം തന്റെ അനുഭവങ്ങൾ കർഷകശ്രീയുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് അദ്ദേഹത്തിൽ വരുത്തിയ പ്രശ്നങ്ങളും മത്സ്യങ്ങളിലൂടെ അദ്ദേഹം എങ്ങനെ തന്റെ ആരോഗ്യം വീണ്ടെടുത്തെന്നും വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

English summary: Benefits of Pet Therapy

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA