ADVERTISEMENT

ഒരു വാടകവീട്ടില്‍ 50ല്‍പ്പരം നായകളെ വളര്‍ത്തിയ നായ്‌സ്‌നേഹിയായ സ്ത്രീയെ വീട്ടുടമയും നാട്ടുകാരും ചേര്‍ന്ന് ഇറക്കിവിട്ടു. ഇന്നലെ എറണാകുളത്ത് സംഭവിച്ച കാര്യമാണ്. അഡോപ്ഷനോ വന്ധ്യംകരണത്തിനോ ശ്രമിക്കാതെ പെറ്റുപെരുകിയ നായ്ക്കള്‍ അയര്‍വാസികള്‍ക്കും വീട്ടുടമയ്ക്കും ശല്യമായി. 5ല്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചുമില്ല. അതുകൊണ്ടുതന്നെ അവരേയും നായകളേയും ആ വീട്ടില്‍നിന്നും ഇറക്കിവിടേണ്ട അവസ്ഥവരെ എത്തി. അതിനുത്തരവാദി ആര്?

ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്‍തുമ്പുവരെയാണെന്ന് പറയാറുണ്ട്. അതുപോലെതന്നെയാണ് നായ്ക്കളോടുള്ള സ്‌നേഹവും. നമ്മുടെ നായ്‌സ്‌നേഹം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ എത്തിയാല്‍ നമ്മള്‍ സമൂഹത്തിനൊരു ബാധ്യതയായി മാറും. അതുപോലെ സമൂഹത്തിന്‌റെ പൊതു ശത്രുവും ആകും.

തെരുവുനായ്ക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യക്തികളും സംഘടനകളും ഇന്ന് കേരളത്തിലുണ്ട്. വ്യക്തികള്‍ തങ്ങളുടെ ചുറ്റുപാടില്‍ നായ്ക്കളെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഘടനകള്‍ കുറേക്കൂടി ശാസ്ത്രീയമായ നായ് പരിപാലനരീതികളായിരിക്കും സ്വീകരിച്ചിട്ടുണ്ടാവുക. വ്യക്തികളാണെങ്കിലും സംഘടനകളാണെങ്കിലും സമൂഹത്തിന് ശല്യമാവാത്ത രീതിയില്‍ ആയിരിക്കണം നായ സംരക്ഷണവും പരിപാലനവും.

തെരുവില്‍ അലഞ്ഞുതിരിയുന്നവയെയും പരിക്കേല്‍ക്കുന്നവരെയുമൊക്കെ ഏറ്റെടുത്ത് സ്വന്തം താമസസ്ഥലത്ത് എത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് തൊട്ടടുത്ത് അയല്‍ക്കാര്‍ ഉണ്ടായിരിക്കരുത് എന്നത്. ഒന്നും രണ്ടു നായ്ക്കള്‍ കുരച്ച് ശബ്ദം ഉണ്ടാക്കുന്നതുപോലെയല്ല എണ്ണം കൂടുമ്പോഴുള്ള ശബ്ദം. അതുപോലെ വാടകയ്ക്കു താമസിക്കുന്നവര്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയും വേണം. കാരണം, തന്‌റെ വീട് നശിച്ചുകിടക്കുന്നത് കാണാന്‍ ഒരു വീട്ടുടമയും ഇഷ്ടപ്പെടില്ല. എറണാകുളത്തെ സ്ത്രീ വളര്‍ത്തിയിരുന്ന നായ്ക്കളെ ആരോ (Animal Rescue Rehabilitation and Overall Wellnsse)  എന്ന  ജന്തുക്ഷേമ സംഘടന ഏറ്റെടുത്തു. വാടകവീടും പരിസരവും മാലിന്യക്കൂമ്പാരമായ വിധത്തിലായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പും അവര്‍ക്കെതിരേയുണ്ടായിരുന്നു.

നായ്ക്കളുടെ എണ്ണം കൂടുമ്പോള്‍ അഡോപ്ഷനിലൂടെ എണ്ണം കുറയ്ക്കുകയും വന്ധ്യംകരണം നടത്തി വംശവര്‍ധന നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഓരോ പെറ്റ് പേരന്‌റിന്‌റെയും കര്‍ത്തവ്യമാണ്. മൃഗങ്ങളെ വളര്‍ത്തിയതുകൊണ്ടുമാത്രം മൃഗസ്‌നേഹം ആകുന്നില്ല, അവയെ ആര്‍ക്കുമൊരു ശല്യമാകാത്ത വിധത്തില്‍ നല്ല രീതിയില്‍ പരിപാലിക്കുകയും വേണം.

മൃഗസംരക്ഷണമേഖലയില്‍ ജീവിതമാര്‍ഗം തേടുന്നവര്‍ക്ക് ഒട്ടേറെ പരിശീലന സംവിധാനങ്ങള്‍ സര്‍ക്കാര്‍-സ്വകാര്യ തലത്തില്‍ ഇന്നുണ്ട്. എന്നാല്‍, നായ്ക്കളുടെ സംരക്ഷണത്തിന്, പ്രത്യേകിച്ച് തെരുവുനായ്ക്കളുടെ സംരക്ഷണം ഏറ്റെടുക്കുന്നവര്‍ക്ക് പ്രയോജനകരമായ മാര്‍ഗനിര്‍ദേശങ്ങളുടെയും ബോധവല്‍കരണങ്ങളുടെയും അഭാവമുണ്ട്. അതുകൊണ്ടുതന്നെ ജന്തുക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ ഇത്തരത്തില്‍ നായ്ക്കളെ സംരക്ഷിച്ചുപോരുന്ന വ്യക്തികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങഴും ഉപദേശങ്ങളും നല്‍കുകയും അത്തരം വ്യക്തികളുടെ ഒരു ഡാറ്റബാങ്ക് തയാറാക്കി അവിടെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനവും നടത്തുകയും ചെയ്യുന്നത് നല്ലതാണ്. അല്ലാത്തപക്ഷം, പ്രദേശവാസികളുടെ എതിര്‍പ്പ് സമ്പാദിക്കുന്നവര്‍ക്ക് സമൂഹത്തില്‍നിന്ന് യാതൊരുവിധ സഹായവും ലഭിച്ചെന്നുവരില്ല. അതുകൊണ്ടുതന്നെ പരിമിത സ്ഥലത്ത് നായ്ക്കളെ വളര്‍ത്തുന്നവര്‍ അവയുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നല്ലതാണ്. 

English summary: Problems of Stray Dog Lovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com