ഒരു പാത്രത്തിൽനിന്ന് മകൾക്കും നായ്ക്കൾക്കും ഭക്ഷണം നൽകുന്ന അമ്മ; അറിഞ്ഞുള്ള തെറ്റ്

HIGHLIGHTS
  • വളർത്തുമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന ഒട്ടേറെ രോഗങ്ങളുണ്ട്
  • ഏറ്റവും ഭീതിജനകമായ ജന്തുജന്യ രോഗമാണ് പേ വിഷബാധ
dog-1
SHARE

മൃഗങ്ങൾ പുരാതന കാലം മുതൽക്കേ മനുഷ്യന്റെ സഹചാരികളാണ്. മഹാമാരിയെത്തുടർന്നുണ്ടായ ലോക്ഡൗൺ സൃഷ്ടിച്ച ഏകാന്തതയേയും ശൂന്യതയേയും മറികടക്കാൻ കൂടുതൽ പേർ അരുമമൃഗങ്ങളുടെയും അലങ്കാരപ്പക്ഷികളുടേയും പരിപാലനത്തിലേക്ക് തിരിയുകയുണ്ടായി. ഇവ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഓമനകളായി. സാന്ത്വന ചികിത്സയുടെ ഭാഗമായി ഇവകളെ പരിപാലിച്ചു വരുന്ന രോഗികളും സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട് തനിയെ ജീവിക്കുന്ന വൃദ്ധജനങ്ങൾക്കും ഇക്കൂട്ടർ ഏറെ പ്രിയപ്പെട്ടവരാണ്.

ഓമന മൃഗങ്ങൾ അരുമകളാവുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വളർത്തുമൃഗങ്ങളിൽ രോഗം ഉണ്ടാക്കുന്ന ചില തരം ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ എന്നിവ മനുഷ്യരിലേക്ക് പകർന്നാൽ രോഗം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇവകളുടെ പരിപാലനത്തിലും പരിചരണത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. വീട്ടിലെ കുട്ടിക്കൊപ്പം വളർത്തുനായയ്ക്കും ആഹാരം ഉരുള ഉരുട്ടി ഒരേ പാത്രത്തിൽനിന്നു രണ്ടു പേരുടേയും വായിൽവച്ചു കൊടുക്കുന്ന ഒരമ്മയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ കാണാനിടയായി. തികച്ചും തെറ്റായ ഒരു പ്രവണതയാണിത്. വളർത്തുമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്ന ഒട്ടേറെ രോഗങ്ങളുണ്ട് പേ വിഷബാധ, ഗിയാർഡിയ, MRSA, കമ്പൈയ്‌ലോ ബാക്ടർ, ലൈം ഡിസീസ്, സിറ്റക്കോസീസ്, സാൽമണെല്ലാ, റിംഗ് വേം തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു.

പേ വിഷബാധ

ഏറ്റവും ഭീതിജനകമായ ജന്തുജന്യ രോഗമാണ് പേ വിഷബാധ. പേ വിഷബാധയുള്ള നായയുടെ കടിയിലൂടെ/ഉമിനീരിലൂടെയാണ് രോഗ പകർച്ച. പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കിയിട്ടില്ലാത്ത നായ്ക്കളും പൂച്ചകളും രോഗ ഭീഷണി ഉണ്ടാക്കുന്നു. നായ/ പൂച്ച കടിച്ചാലുടൻ നായ കടിയേറ്റ ഭാഗം ശുദ്ധജലത്തിൽ സോപ്പ് ഉപയോഗിച്ച് 10 മിനിട്ട് എങ്കിലും കഴുകുന്നത് വഴി കടിയേറ്റ ഭാഗത്തെ വൈറസുകളുടെ എണ്ണവും വ്യാപനവും കുറയ്ക്കാൻ കഴിയും. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതുമുണ്ട്. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും മൂന്നാം മാസത്തിൽ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകണം ഒരു മാസത്തിനു ശേഷം ബൂസ്റ്റർ ഡോസും പിന്നീട് വർഷത്തിൽ ഒരു തവണയും പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതാണ്

ഗിയാർഡിയ (Giardia)

രോഗബാധയുള്ള മൃഗത്തിന്റെ വിസർജ്യത്തിലൂടെയാണ് രോഗാണുക്കൾ പുറം തള്ളപ്പെടുന്നത്. അപൂർവമായെങ്കിലും ഓമന മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് രോഗ പകർച്ച ഉണ്ടാവാറുണ്ട്. നായ്ക്കളുടെ വിസർജ്യം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക, വളർത്തുമൃഗങ്ങളോടിടപെട്ടു കഴിഞ്ഞാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകേണ്ടതാണ്. നായ്ക്കളെ കുളിപ്പിക്കുമ്പോഴും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

മെതിസിലിൻ റെസിസ്റ്റന്റ് സ്റ്റഫൈലോകോക്കസ് ഓറിയസ് അഥവാ MRSA

രോഗബാധയുള്ളതോ, രോഗവാഹകരോ ആയ ഓമന മൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്കു പകരുന്നത്. രോഗബാധയുള്ള മൃഗത്തിന്റെ ശരീരത്തിലുള്ള മുറിവിലൂടെയോ, തൊലിപ്പുറത്തുള്ള രോഗാണുബാധയിലൂടെയോ രോഗപ്പകർച്ച ഉണ്ടാകുന്നു. നായ്ക്കളോടും മറ്റും അടുത്തിടപഴകുമ്പോൾ സുരക്ഷിത മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.

കമ്പൈയ്‌ലോ ബാക്ടർ അണുബാധ

രോഗബാധയുള്ള മൃഗങ്ങളുടെ വിസർജ്യത്തിലൂടെയാണ് രോഗാണുക്കൾ പുറംതള്ളപ്പെടുന്നത്. രോഗമുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം മനുഷ്യരിലേക്കുള്ള രോഗപ്പകർച്ചയ്ക്ക് കാരണമാകുന്നു. വ്യക്തിശുചിത്വം തന്നെയാണ് പരമപ്രധാനം.

dog-3

റോക്കി മൗണ്ടൻ സ്പോട്ടഡ് ഫീവർ (RMSF), ലൈം ഡിസീസ്

നായ്ക്കളുടെ ശരീരത്തിൽ കാണപ്പെടുന്ന ഒരിനം ചെള്ള്, പട്ടുണ്ണി എന്നീ ബാഹ്യ പരാദങ്ങളാണ് രോഗം ഉണ്ടാക്കുന്നത്. രോഗബാധയുള്ള നായ്ക്കളിൽ നിന്നും മനുഷ്യരിലേക്ക് രോഗ പകർച്ച ഉണ്ടാവുന്നു. വളർത്തുമൃഗങ്ങളുടെ ആന്തര, ബാഹ്യ പരാദങ്ങളുടെ നിയന്ത്രണത്തിൽ പ്രത്യേക ശ്രദ്ധ നൽകാൻ ശ്രദ്ധിക്കണം

സാൽമൊണെല്ല ( Salmonella)

വളർത്തുനായ്ക്കളും പൂച്ചകളും രോഗാണുവാഹകരാണ്. എന്നാൽ ഇവകൾ രോഗലക്ഷണങ്ങൾ പുറമേ പ്രകടിപ്പിക്കാറില്ല. അരുമ മൃഗങ്ങൾക്ക് ഭക്ഷണം, വെള്ളം നൽകൽ, കൂട്/ കിടക്ക ഒരുക്കൽ എന്നിവയ്ക്ക് ശേഷവും കൈകൾ വൃത്തിയായി കഴുകണം.

റിംഗ് വേം (വരട്ടുചൊറി)

ഫംഗസ് ബാധയുള്ള നായകൾ പൂച്ചകൾ എന്നിവയിൽനിന്നും രോഗബാധ ഉണ്ടാകാറുണ്ട്. രോഗബാധയുള്ള മൃഗങ്ങൾക്ക് ചികിത്സ നൽകുകയും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ ശ്രദ്ധിക്കുകയും വേണം.

സിറ്റക്കോസിസ്

ഓമനപ്പക്ഷികളായ തത്തകൾ, കോക്ടെയിലുകൾ എന്നിവകളുടെ വിസർജ്യത്തിലൂടെയും തുപ്പലിലൂടെയും രോഗാണുക്കൾ പുറംതള്ളപ്പെടുന്നു. രോഗാണുക്കൾ കൂടുകൾക്കുള്ളിലെ പൊടിയുമായി പറ്റിച്ചേരുകയും ഇവ മനുഷ്യ ശരീരത്തിൽ എത്തുന്നതു വഴി രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു. വളർത്തു പക്ഷികളേ കൈകാര്യം ചെയ്യുമ്പോഴും കൂടുകൾ വൃത്തിയാക്കുമ്പോഴും ഗ്ലൗസ്, മാസ്ക് എന്നിവ ഉപയോഗിക്കണം

ടോക്സോപ്ലാസ്മോസിസ്

പൂച്ചകളുടെ വിസർജ്യത്തിലൂടെയാണ് രോഗാണുക്കൾ പുറംതള്ളപ്പെടുന്നത്. പൂച്ചകളുടെ കൂടുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, വൃത്തിയാക്കിയാലുടൻ തന്നെ കൈകൾ നന്നായി കഴുകുക. ഗർഭിണികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഇക്കാര്യത്തിൽ പ്രത്യേക കരുതൽ കൈക്കൊള്ളണം

ആശങ്ക വേണ്ട, ജാഗത മതി

ഓമന മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ കുറിച്ച് ആശങ്ക വേണ്ട, ജാഗ്രത മാത്രം മതി. ഓമന മൃഗങ്ങളും നമ്മെപ്പോലെ ഭൂമിയുടെ അവകാശികൾ ആണ്. സ്നേഹവും കരുതലും അവർക്ക് ആവശ്യമാണ്. അവ നൽകുന്നതോടൊപ്പം വ്യക്തിശുചിത്വവും, വൃത്തിബോധവും, പരിസര ശുചിത്വവും , ഓമന മൃഗങ്ങളുടെ ശാസ്ത്രീയ പരിപാലന മുറകളും നമുക്ക് ഒന്നായി അനുവർത്തിക്കാം.

English summary:  Importance of scientific pet care

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA