രക്തത്തില്‍ കുളിച്ച് കലക്‌ട്രേറ്റിലേക്ക് ഓടിക്കയറി നായ; രക്ഷകരായി ജീവനക്കാരും ഡോക്ടര്‍മാരും

dog-alappuzha-2
റാണിമോള്‍
SHARE

വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തമൊലിച്ച ശരീരവുമായി ആലപ്പുഴ കലക്‌ട്രേറ്റിലേക്ക് ഓടിക്കയറിയ റാണിമോള്‍ എന്ന നായ ജീവിതത്തിലേക്ക് പിച്ചവച്ചുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റാണിയുടെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പ്രദേശമാകെ പരന്നൊഴുകി. രക്തത്തില്‍ കുളിച്ച നായ പേടിച്ചരണ്ട് ഓടിക്കയറിയത് കോണ്‍ഫറന്‍സ് ഹാളിലേക്കായിരുന്നു. അല്‍പനേരം ജീവനക്കാരും പരിഭ്രാന്തരായി.

ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.ടി. തങ്കച്ചന്‌റെയും ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സിന്ധുവിന്‌റെയും സമയോചിതമായ ഇടപെടല്‍ മൂലം അവിടെനിന്നും ഡ്യൂട്ടി ഡോക്ടര്‍ രേഖയും സഹായിയും ഉടനെ എത്തിയെങ്കിലും വേദനകൊണ്ട് പുളഞ്ഞ് ഓടി നടക്കുന്നതിനാല്‍ ഇവര്‍ക്കും ആദ്യഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് പീപ്പിള്‍ ഫോര്‍ ആനിമല്‍സ്( PFA) എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ സജീവ് എത്തി നായയെ നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് അടിയന്തിര മൃഗചികിത്‌സ നല്‍കാന്‍ എഴുപുന്ന മൃഗാശുപത്രിയിലെ ഡോ. സംഗീത് നാരായണനെ വിവരം അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ സ്ഥലത്തെത്തി അടിയന്തിര ചികിത്സ നല്‍കി.

dog-alappuzha-1

പ്രഥമശുശ്രൂഷകള്‍ക്കുശേഷം മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലന്‍സില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള കണിച്ചുകുളങ്ങര മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തിലും നിരീക്ഷണത്തിലും 5 ദിവസത്തെ ചികിത്സയില്‍ പരിക്കുകള്‍ എല്ലാം ദേദമായി.

dog-alappuzha-3
സജീവ് PFA പ്രവർത്തകൻ

അപകടനില തരണം ചെയ്ത റാണിമോള്‍ സുഖംപ്രാപിച്ച് ഇന്നലെ (വ്യാഴം) പ്രിയപ്പെട്ടവരുടെ അടുത്തെത്തി. ആംബുലന്‍സിന്റെ വാതില്‍ തുറന്നതും ചാടി പുറത്തേക്കിറങ്ങി വാലാട്ടിയുള്ള സ്‌നേഹപ്രകടനങ്ങള്‍... രാത്രികാലങ്ങളില്‍ ഇനിയും റാണിമോള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ കഴുത്തില്‍ ഫ്‌ളൂറസന്റ് ബെല്‍റ്റ് കെട്ടി മൃഗസംരക്ഷണ വകുപ്പ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

dog-alappuzha
ഡോ. സംഗീത് നാരായണനും സംഘവും റാണിമോള്‍ക്കൊപ്പം

ആലപ്പുഴ കലക്‌ട്രേറ്റിലെ ജീവനക്കാരുടേയും ഡ്രൈവര്‍മാരുടേയും കണ്ണിലുണ്ണിയാണ് റാണിമോള്‍ എന്ന് അവര്‍ പേരിട്ടു വിളിക്കുന്ന തെരുവുനായ. കുറേ നാളുകളായി കലക്‌ട്രേറ്റ് വളപ്പിലെ സ്ഥിരാംഗമാണ് റാണിമോള്‍. അവള്‍ക്ക് ജീവനക്കാര്‍തന്നെയാണ് ആഹാരം കൊടുത്തിരുന്നതും. എല്ലാവരുമായും വലിയ അടുപ്പവും ചങ്ങാത്തവും. നിരുപദ്രവകാരിയായ പാവം നായയാണ് റാണി.

English summary: Stray dog Ranimol returns to Alappuzha collectorate

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA