ADVERTISEMENT

അരുമമൃഗങ്ങളെ വീട്ടിലെ ഒരംഗത്തേപ്പോലെ കാണുന്നവരാണ് ഓരോ പെറ്റ് പേരന്‌റും. മാത്രമല്ല വലിയ ആത്മബന്ധവും ഉണ്ടാകും. ഉടമയ്‌ക്കോ നായയ്‌ക്കോ അസുഖം വന്നാല്‍ പരസ്പരം മനസിലാക്കുന്നവരാണ് ഇവര്‍. പലപ്പോഴും ഉടമയുടെ വിയോഗം നായയെയും നായയുടെ വിയോഗം ഉടമയെയും വേദനപ്പിക്കും. കേരളത്തില്‍ അരുമ വിപണി ഇന്ന് ഒട്ടേറെ വളര്‍ന്നിട്ടുണ്ട്. പലരും പണമുണ്ടാക്കാനുള്ള മാര്‍ഗമായി അരുകളെ കാണുമ്പോള്‍ അവയെ സ്‌നേഹത്തോടെയും കരുതലോടെയും വളര്‍ത്തുന്നവരുമുണ്ട്. അത്തരത്തില്‍ ഓമനിച്ചു വളര്‍ത്തിയ മിലി എന്ന നായ്ക്കുട്ടിയെ മോഷ്ടാക്കള്‍ അപഹരിച്ചതിന്‌റെ വേദനയില്‍ കഴിയുകയാണ് ആലപ്പുള എഴുപുന്ന സ്വദേശി ശില്‍പ റെജിയും കുടുംബവും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നായയെ കാണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജര്‍മന്‍ സ്പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായയാണ് മിലി.

അടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് നായ്ക്കളെ മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞതെന്ന് ശില്‍പയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലെത്തിയ 4 പേരാണ് നായയെ എടുത്തുകൊണ്ടുപോയിരിക്കുന്നത്. മുന്നില്‍ ഹെഡ്‌ലെറ്റ് തെളിച്ചുപോയ വാഹനത്തില്‍ പിന്നിലിരുന്ന ആളുടെ കയ്യില്‍ നായ ഇരിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നില്‍ പോയ വാഹനം ഹെഡ്‌ലൈറ്റ് തെളിക്കാത്തതിനാല്‍ മുന്നിലുള്ള വാഹനത്തിന്‌റെ നമ്പറോ ആളുകളെയോ കാണാന്‍ സാധിക്കുന്നില്ല. സിസിടിവി ക്യാമറയില്‍നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ നേരത്തെതന്നെ പ്ലാന്‍ ചെയ്താണ് നാല്‍വര്‍സംഘം എത്തിയതെന്ന് കരുതുന്നു. 

മിലിയെ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ശില്‍പ റെജി പങ്കുവച്ച കുറിപ്പ് ചുവടെ

ഇവളെയും എന്നെയും എല്ലാരും മറന്നു കാണും. പക്ഷേ, എനിക്ക് അതിന് പറ്റുന്നില്ല. ആദ്യത്തെ 12 ദിവസം വെളുപ്പിന് തൊട്ട് അന്തിയാകുവോളം സിസിടിവി ദൃശ്യങ്ങള്‍ നോക്കിയും സംശയമുള്ളിടത്തൊക്കെ അലഞ്ഞും, അവളെയോര്‍ത്ത് ഉറങ്ങാതെ കിടന്ന് നേരം വെളുപ്പിച്ചുമൊക്കെ തള്ളി നീക്കി. ഇനി ചെയ്യാന്‍ മറ്റൊന്നും ഇല്ല, എല്ലാരും പറഞ്ഞു തുടങ്ങി ഇനി മറന്നേക്ക്, മറ്റൊന്നിനെ വാങ്ങിയേക്ക് എന്നൊക്കെ. പലര്‍ക്കും ഇതൊരു തമാശയായി മാറിക്കഴിഞ്ഞു. പക്ഷേ, നഷ്ടപ്പെട്ടത് എന്റെ കുഞ്ഞാണ്. 

കണ്ണടച്ചാല്‍ സിസിടിവിയില്‍ കണ്ട കാഴ്ചയാണ് (അവളെ 4 പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടു പോകുന്നത്). പറയുന്നവര്‍ക്ക് പലതും പറയാം ഇതിനെയൊക്കെ പുറത്താക്കാമോ എന്നൊക്കെ. പക്ഷേ, ഈ പറയുന്നവരൊക്കെ ഓര്‍ക്കേണ്ട ഒന്നുണ്ട്, എല്ലാവരും ഒരു പട്ടിക്കുഞ്ഞിനെ വളര്‍ത്തുന്നത് എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടൊന്നുമല്ല. നമ്മുടെ സമൂഹത്തിലെ 80 ശതമാനം വരുന്ന ആളുകള്‍ക്കും ഇതിനെ ഒന്നും ഇഷ്ടമല്ല. വലിയൊരു വിപ്ലവം ഉണ്ടാക്കിയിട്ടാ എന്നെപ്പോലുള്ളവര്‍ ഒരു പട്ടിക്കുഞ്ഞിനെ സ്വന്തമാക്കുന്നത്. 

അവള്‍ക്ക് 2 വയസ് പ്രായമായതു തൊട്ട് വരാന്തയിലാണ്. ഗേറ്റ് അടച്ചിരുന്നു.അതു കഴിഞ്ഞാല്‍ ആകെ സൗകര്യം ബാല്‍ക്കണിയിലാണ്. അവിടത്തെ ചൂട് എന്റെ മിലിക്ക് സഹിക്കാന്‍ പറ്റുന്നതല്ലായിരുന്നു. പിന്നെ അവളുടെ ചെറിയ അനക്കം പോലും ഞാന്‍ അറിയുമായിരുന്നു. പക്ഷേ, സംഭവം നടക്കുന്നത് ഈ മാസം 12ന് വെളുപ്പിന് 4നാണ്. പരീക്ഷയ്ക്കുവേണ്ടി പഠിക്കുവായതിനാല്‍ 2.30 വരെ അവള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് ഞാനവളെ കൂട്ടിലാക്കി. തലവേദനയുടെ മരുന്നുകഴിച്ച് ഉറങ്ങിപ്പോയി. പിന്നെ ക്ഷീണം കാരണം ഉണര്‍ന്നത് കാലത്ത് 7.30ന് ആയിരുന്നു. 

അവള്‍ക്ക് വഴിതെറ്റി എവിടെ എങ്കിലും എത്തിപ്പോയതാണെങ്കില്‍ ഞങ്ങളെപ്പോലെ ഏതെങ്കിലും മൃഗ സ്‌നേഹി അതിനെ പൊന്നുപോലെ നോക്കുമെന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍ മോഷ്ടിച്ചു കൊണ്ടുപോയവരുടെ ഉദ്ദേശ്യം പണം മാത്രമാണ്. ആരും ഓമനിച്ച് ഉര്‍ത്താന്‍ ഒരു വലിയ നായയെ വാങ്ങുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ അവള്‍ അവരുടെ കയ്യില്‍ ഇരിക്കുന്നിടത്തോളം കാലം മനസ്സമാധാനത്തോടെ ഉറങ്ങാനാവില്ല. 

ഇത്രയും ദിവസം കൊണ്ട് രണ്ട് സ്പിറ്റ്‌സിനെ വാങ്ങാനുള്ള കാശ് ഞങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞു. എങ്കിലും ഞാന്‍ പറയുന്നു. ഇതിനെ കണ്ടു പിടിച്ചു തരുന്നയാളില്‍നിന്നു നിങ്ങള്‍ പറയുന്ന കാശ് തന്ന് അവളെ തിരിച്ച് വാങ്ങിക്കാന്‍ ഞാന്‍ തയ്യാറാണ്. അവളെ എടുത്തുകൊണ്ട് പോയവര്‍ ഈ കുറിപ്പ് വായിക്കുന്നുണ്ട് എന്ന നല്ല ബോധം എനിക്കുണ്ട്.

നായയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9895663198 എന്ന നമ്പറില്‍ അറിയിക്കുക

English summary: Dog theft Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com