കുവിയെ ഒഴിവാക്കാന്‍ ആര്‍ക്കാണ് തിടുക്കം? പൊലീസ് സേനയോട് വിട പറഞ്ഞ് കുവി

HIGHLIGHTS
  • കുവിയുടെ കഴിവ് കഴിഞ്ഞ വര്‍ഷം പെട്ടിമുടിയില്‍ എല്ലാവരും കണ്ടതാണ്
kuvi
കുവി
SHARE

എട്ടു മാസത്തിലധികം പൊലീസ് സേനയുടെ ഭാഗമായിരുന്ന കുവി വിടപറഞ്ഞു. തന്നെ ഇത്രനാളും പരിപാലിച്ച ഇടുക്കി പൊലീസ് സേനയില്‍നിന്ന് കുവി പടിയിറങ്ങുമ്പോള്‍ മുന്‍പിലുള്ളത് ബുദ്ധിമുട്ട് നിറഞ്ഞ ജീവിതം! 

കഴിഞ്ഞ വര്‍ഷം പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിലടിയിലായ കൊച്ചു കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചതോടെയാണ് കുവി എന്ന നായ ശ്രദ്ധയാകര്‍ഷിച്ചത്. പാലത്തിനു കീഴെ ചപ്പുചവറുകള്‍ക്കിടയില്‍ അകപ്പെട്ടിരുന്നു കുട്ടിയുടെ മൃതദേഹം ഒട്ടേറെ ഏജന്‍സികളുടെ രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസ് നായ്ക്കള്‍ക്കും 4 ദിവസം തിരഞ്ഞിട്ട് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുവിയാണ് തന്‌റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. തന്റെ കളിക്കൂട്ടുകാരിയെ തേടി കുവി അലഞ്ഞത് 4 ദിവസമാണ്. അതും വിശപ്പും ദാഹവും സഹിച്ച്.

കുവിയെ ശ്രദ്ധിച്ച പൊലീസ് ശ്വാനസേനയിലെ ഒരു പരിശീലകന്‍ അന്ന് നായയെ ഏറ്റെടുക്കാന്‍ തയാറായെങ്കിലും പൊലീസിലേക്ക് എടുക്കാമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇടുക്കി പൊലീസിന്റെ ശ്വാനസേനയുടെ ഭാഗമായ കുവി കഴിഞ്ഞ 8 മാസംകൊണ്ട് പരിശീലനമുറകളെല്ലാം സ്വായത്തമാക്കിയിരുന്നു. ഒബീഡിയന്‍സ്, ഹീല്‍വാക്ക്, സ്‌മെല്ലിങ് തുടങ്ങിയവയെല്ലാം അവള്‍ പഠിച്ചെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഉടമകളെന്ന പേരില്‍ അവകാശികളെത്തിയത്. 

പൊലീസ് സേനയിലെ നായ്ക്കള്‍ക്കു ലഭിക്കുന്ന വിധത്തിലുള്ള പരിശീലനവും ഭക്ഷണവും ലഭിച്ചുകൊണ്ടിരുന്ന കുവി തന്റെ യഥാര്‍ഥ ഉടമകളില്ലാത്ത സ്ഥലത്തേക്ക് തിരികെ ചെല്ലുമ്പോള്‍ വീണ്ടും ഒരു തെരുവുനായയായി അലഞ്ഞുതിരിയാം... ആളുകള്‍ കല്ലെടുത്തെറിഞ്ഞേക്കാം... വന്യജീവികള്‍ ആക്രമിച്ചേക്കാം... മറ്റു നായ്ക്കള്‍ ആക്രമിച്ചേക്കാം... തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായ മൂന്നാറില്‍ കുവിയുടെ ഭാവി സുരക്ഷിതമായിരിക്കില്ല. ഇത്രയും നാള്‍ നല്ല രീതിയില്‍ സംരക്ഷിച്ചിരുന്ന കുവിയെ ഒഴിവാക്കേണ്ടിയിരുന്നില്ല. ഒഴിവാക്കാന്‍ ആര്‍ക്കായിരുന്നു തിടുക്കം?

തെരുവുനായയെയോ നാടന്‍ നായയെയോ പൊലീസില്‍ ചേര്‍ക്കാന്‍ പാടില്ല എന്നൊന്നും ഇല്ല. കുവിയുടെ കഴിവ് കഴിഞ്ഞ വര്‍ഷം പെട്ടിമുടിയില്‍ എല്ലാവരും കണ്ടതുമാണ്. പരിശീലനം നല്‍കി അവളെ പൊലീസില്‍ത്തന്നെ നിലനിര്‍ത്താമായിരുന്നു. വിദേശയിനം നായ്ക്കളെ അപേക്ഷിച്ച് പരിശീലിപ്പിച്ചെടുക്കാന്‍ അല്‍പം കൂടുതല്‍ സമയം വേണ്ടിവരുമെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മറ്റിനം നായ്ക്കളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നവയാണ് കുവിയേപ്പോലുള്ളവ. തെരുവുനായ്ക്കളെ പൊലീസില്‍ ചേര്‍ത്ത പാരമ്പര്യം ഇന്ത്യയില്‍ത്തന്നെയുണ്ട്.

asha
ആഷ

2019 മാര്‍ച്ചില്‍ കൊല്‍ക്കത്ത പൊലീസിന്റെ ഭാഗമായ ആഷ എന്ന നായ ഇപ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടുപിടിക്കുന്നതില്‍ വിദഗ്ധയാണ്. ഇന്ത്യയില്‍ സാധാരണ കാണപ്പെടുന്ന നാടന്‍ നായ്ക്കള്‍ യാതൊരു പരിശീലനവും നേടാതെതന്നെ ഉടയെ അനുഗമിക്കുന്നതും ഉടമകള്‍ പറയുന്നത് അനുസരിക്കുന്നതുമെല്ലാം കാണാറുള്ളതാണ്. അപ്പോള്‍പ്പിന്നെ വിദഗ്ധ പരിശീലനം ലഭിച്ചാലോ? ആ തീരുമാനമാണ് ആഷ കൊല്‍ക്കത്ത പോലീസിന്റെ ഭാഗമാകാന്‍ കാരണം.

thenga
ടേങ്ക

കൊല്‍ക്കത്ത പൊലീസിന്റെ ആഷയേപ്പോലെതന്നെയാണ് ഉത്തരാഖണ്ഡ് പൊലീസിന് ടേങ്കയും. ടേങ്കയും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനാണ്. 

ഇത്തരത്തില്‍ ഇന്ത്യന്‍ നായ്ക്കള്‍ പൊലീസിന്റെ അഭിമാനമായി മാറുമ്പോള്‍ കേരള പൊലീസിന്റെ ആഭിമാനമായി മാറിയേക്കാവുന്ന കുവിയെ തട്ടിത്തെറിപ്പിച്ചത് ശരിയല്ല. വീണ്ടും കോളനിയിലേക്ക് എത്തുമ്പോള്‍ കുവിയുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പൊലീസ് അധികാരികളും സര്‍ക്കാരും മൃഗക്ഷേമപ്രവര്‍ത്തകരും കുവിയുടെ ക്ഷേമം മുന്നില്‍ക്കണ്ട് ഉചിതമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

English summary: Save Pettimudi Dog Kuvi

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA