അരുമപ്പക്ഷികള്‍ക്ക് വേനല്‍ക്കാലത്ത് കൂടു മുതല്‍ തീറ്റവരെ എങ്ങനെ വേണം?

HIGHLIGHTS
  • വേനല്‍ക്കാലം മുന്നില്‍ കണ്ടുതന്നെയാവണം പക്ഷിക്കൂട് നിര്‍മിക്കേണ്ടത്
summer-care
SHARE

ചൂടില്‍ ഉരുകുന്നത് അലങ്കാരപ്പക്ഷിപാലകരുടെ മനസ്സു കൂടിയാണ്. നേരിടാന്‍ ബുദ്ധിമുട്ടേറിയ പല ഘടകങ്ങളും ഒന്നിച്ചു വരുന്നതിനാല്‍ വേനല്‍ക്കാലത്ത് അലങ്കാരപ്പക്ഷി പരിചരണം വളരെ ശ്രദ്ധയോടെ വേണം.  

കൂടു നിര്‍മാണം

കഠിനമായ ചൂടുള്ള വേനല്‍ക്കാലം മുന്നില്‍ കണ്ടുതന്നെയാവണം പക്ഷിക്കൂട് നിര്‍മിക്കേണ്ടത്. പക്ഷികളെ പാര്‍പ്പിക്കുന്ന കൂടിന്റെ (Cage) മുകള്‍ഭാഗവും കൂടിന്റെ മേല്‍ക്കൂരയും തമ്മില്‍ കുറഞ്ഞത് ഒരടി അകലം (Gap) ഉണ്ടായിരിക്കണം. ഇത് വായുസഞ്ചാരം സുഗമമാക്കാനും ചൂടുവായു കൂടിന്റെ ഉള്ളില്‍ തങ്ങി നില്‍ക്കാതെ പുറത്തുപോകാനും സഹായകമാണ്.

ചൂടിനെ പുറന്തള്ളാന്‍ സഹായിക്കുന്ന തരം മേല്‍ക്കൂര നിര്‍മാണവസ്തുക്കള്‍ ഇന്നു ലഭ്യമാണ്. ഹീറ്റ് ഗാര്‍ഡ് ഷീറ്റുകള്‍, പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ മുതലായ മേച്ചില്‍ഷീറ്റുകള്‍ ഉപയോഗിക്കുന്നത് ചൂടിനെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായകമാണ്.

മേല്‍ക്കൂരയ്ക്കു താഴെയായി കറുത്ത ഗാര്‍ഡന്‍ നെറ്റുകള്‍ വലിച്ചുകെട്ടുന്നതും ഷീറ്റുകള്‍ക്കു മുകളില്‍ തെങ്ങോല, വൈക്കോല്‍ മുതലായവ നിരത്തിയിടുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. നേരിട്ടു വെയില്‍ പതിക്കുന്ന സ്ഥലങ്ങളെക്കാള്‍ തണല്‍ ഉള്ളിടത്തും സംരക്ഷിതമായ വൃക്ഷങ്ങളുടെ കീഴിലും കൂടുകള്‍ സ്ഥാപിക്കുന്നതും ചൂട് കുറയ്ക്കാന്‍ ഇടയാക്കും. ബ്രീഡിങ് ബോക്‌സുകള്‍/നെസ്റ്റ് ബോക്‌സുകളുടെ മുകളിലും വശങ്ങളിലും ചെറിയ സുഷിരങ്ങള്‍ ഇടുന്നതും ചൂട് കുറയ്ക്കും.

ശുദ്ധജല ലഭ്യത

ശുദ്ധജലം എല്ലാ സമയത്തും ലഭ്യമാക്കണം. വേനലില്‍ പക്ഷികള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമാണ്. കുടിക്കുന്നതു കൂടാതെ, കുളിക്കാനും വെള്ളം നല്‍കണം. കുളിക്കുമ്പോള്‍ പക്ഷികളുടെ ശരീരോഷ്മാവു കുറയും. കുഴിവുള്ള പാത്രങ്ങളില്‍ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. പക്ഷി കുളിച്ചതിനു ശേഷം ഉടനെതന്നെ ഇത്തരം പാത്രം എടുത്തു മാറ്റണം. അങ്ങനെ ചെയ്തില്ലെങ്കില്‍ കുളിച്ചുകഴിഞ്ഞു മിച്ചം വരുന്ന മലിനജലം കുടിക്കുകയും അതുമൂലം രോഗസാധ്യത കൂടുകയും ചെയ്യും.

മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവയ്ക്കുന്നതു സാധാരണമാണ്. എന്നാല്‍ സ്ഥിരമായി മണ്‍പാത്രങ്ങളില്‍ വെള്ളം നല്‍കുന്നതു ഫംഗസ് ബാധയുണ്ടാക്കാം. പ്ലാസ്റ്റിക് പാത്രങ്ങളാകട്ടെ, കടിച്ചു നശിപ്പിക്കുന്നതു സാധാരണമാണ്. ഭക്ഷണവും വെള്ളവും സ്റ്റീല്‍പാത്രങ്ങളില്‍ നല്‍കുന്നതാണ് ഉചിതം. ഈ പാത്രങ്ങള്‍ വൈകുന്നേരങ്ങളില്‍ കൂട്ടില്‍ നിന്നെടുത്തു കഴുകി വൃത്തിയാക്കി ഉണക്കിവയ്ക്കുകയും വേണം.

വേനല്‍ക്കാല ഭക്ഷണം

കൊഴുപ്പു കുറഞ്ഞതും മധുരം കുറഞ്ഞതുമായ ഭക്ഷണമാണ് വേനല്‍ക്കാലത്തു നല്‍കേണ്ടത്. പക്ഷികള്‍ക്കു കൂടുതല്‍ ഇഷ്ടമാണെന്ന ധാരണയില്‍ മധുരമുള്ള പഴങ്ങള്‍ കൂടുതല്‍ നല്‍കുന്നതായി കണ്ടുവരുന്നു. ഇതു നല്ലതല്ല. മധുരം കൂടിയ പഴങ്ങളായ ആപ്പിള്‍, പിയര്‍, മാമ്പഴം, മുന്തിരി എന്നിവ കൂടിയ അളവിലും നിത്യേനയും നല്‍കുന്നതു നന്നല്ല.  

പക്ഷികള്‍ക്കു നല്‍കുന്ന ഭക്ഷണം വേനല്‍ക്കാലത്തു വേഗം കേടാകാനിടയുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണം. എഗ്ഗ് ഫുഡ് അഥവാ മുട്ട ചേര്‍ന്ന ഭക്ഷണം പക്ഷികള്‍ക്കു മികച്ച പോഷണം തന്നെ. എന്നാല്‍, നിശ്ചിത സമയത്തിനു ശേഷം അവശിഷ്ടം കൂട്ടില്‍നിന്നു മാറ്റണം. മാറ്റിയില്ലെങ്കില്‍ കേടായ ഭക്ഷണം പക്ഷികള്‍ കഴിക്കാനിടയാകും. ഇതു രോഗം ക്ഷണിച്ചുവരുത്തും. 

പക്ഷികള്‍ക്കു സ്ഥിരമായി നല്‍കുന്ന മറ്റൊരിനം ഭക്ഷണമാണ് മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ (Sprouts). ഇവ ശുദ്ധജലത്തില്‍ കഴുകിയാണു സാധാരണ നല്‍കുന്നത്. പകരം നേര്‍ത്ത പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയിലോ, വിന്നാഗിരി ചേര്‍ത്ത വെള്ളത്തിലോ  കഴുകണം. ആവി കയറ്റിക്കൊടുക്കുകയോ പ്രഷര്‍കുക്കറില്‍ വേവിച്ച് (ഒരു വിസില്‍ സമയം) നല്‍കുകയോ ചെയ്താല്‍ പൂര്‍ണമായി ഇവ അണുവിമുക്തമാക്കാം. കൂടുതല്‍ പച്ചക്കറികളടങ്ങിയ ഭക്ഷണമാണ് വേനല്‍ക്കാലത്തു പക്ഷികള്‍ക്ക് ആവശ്യം. വിഷമയമായ പച്ചക്കറികള്‍ നന്നായി കഴുകി വിഷാംശം മാറ്റി നല്‍കണം. വിന്നാഗിരി ഒഴിച്ച വെള്ളത്തിലോ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലോ കഴുകുക. കാരറ്റ്, കുക്കുമ്പര്‍, ബീന്‍സ്, മത്തങ്ങ, പയര്‍, ബീറ്റ്‌റൂട്ട്, ബ്രൊക്കോളി എന്നിവ അരിഞ്ഞു നല്‍കാം. ചീര, തുളസി, തഴുതാമ, കുടകന്‍, ചെമ്പരത്തി, പനിക്കൂര്‍ക്ക, വേപ്പ്, മുരിങ്ങ എന്നിവയുടെ ഇലകളും മാറിമാറി നല്‍കുന്നതു നന്ന്. സ്ഥിരമായി ഒരിനം ഇല തന്നെ നല്‍കരുത്. 

തിന, കമ്പ്, സൂചിക്കമ്പ്, കുതിരവല്ലി, ചാമ, വരക്, പനിവരക്, കല്ലന്‍ ചോളം മുതലായ ചെറുധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ധാന്യക്കൂട്ടുകള്‍ ഇന്നു ലഭ്യമാണ്. വൈകുന്നേരങ്ങളില്‍ ഇവ നല്‍കുന്നത് ഉചിതം.  കൊഴുപ്പു കൂടിയ വലിയ ധാന്യങ്ങളുടെ അളവ് പരിമിതപ്പെടുത്തണം.

പോഷകാംശം കൂടിയ പ്രകൃതിദത്ത  ആഹാരമാണ് പക്ഷികള്‍ക്കു വേനല്‍ക്കാലത്തു നല്‍കേണ്ടത്. മരുന്നുകളും സപ്ലിമെന്റുകളും അത്യാവശ്യ ഘട്ടത്തില്‍ മാത്രം നല്‍കുക. കാത്സ്യം കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നതു കൊള്ളാം. കണവനാക്ക്, കാത്സ്യം ബ്ലോക്ക്, കാത്സ്യം പൗഡര്‍ എന്നിവയുമാകാം.   

(അലങ്കാരപ്പക്ഷി പരിപാലകനാണ് ലേഖകന്‍. ഫോണ്‍: 9446996224 )

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA