ADVERTISEMENT

കോവിഡ് രണ്ടാം തരംഗത്തിന്റെ ഈ ദിവസങ്ങളില്‍ നമുക്ക് പ്രതീക്ഷയുടെ ഇത്തിരിവെട്ടം പകരുന്ന വാക്കാണ് വാക്‌സിന്‍. വാക്‌സിനേഷന്റെ  പ്രാധാന്യത്തെയും പ്രസക്തിയെയും ഇന്നാര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടതുമില്ല. മനുഷ്യരില്‍ എന്നപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രതിരോധകുത്തിവയ്പുകള്‍ അഥവാ വാക്‌സിനുകള്‍ ഉണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ആരോഗ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അരുമകള്‍ക്ക് പ്രതിരോധകുത്തിവയ്പുകള്‍ കൃത്യമായി നല്‍കേണ്ടതുണ്ട്. ലോക മൃഗാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം ഇന്ന് ലോകം വളര്‍ത്തുമൃഗങ്ങളുടെ പ്രതിരോധകുത്തിവയ്പ് ദിനമായി ആചരിക്കുകയാണ്.

അരുമനായ്ക്കളുടെ പ്രതിരോധകുത്തിവയ്പുകള്‍ 

നായ്ക്കുഞ്ഞിന് 6-8 ആഴ്ച/2 മാസം പ്രായമെത്തുമ്പോള്‍ എലിപ്പനി, പാര്‍വോ വൈറസ്, ഹെപ്പറ്റൈറ്റിസ്, കനൈന്‍ ഡിസ്റ്റംബര്‍, പാരാഇന്‍ഫ്‌ളുവെന്‍സ തുടങ്ങിയ സാംക്രമികരോഗങ്ങള്‍ക്കെതിരായ (മള്‍ട്ടി കംപോണന്റ് വാക്സിന്‍) ആദ്യ കുത്തിവയ്പ് നല്‍കണം. തുടര്‍ന്ന് 10 ആഴ്ച/മൂന്ന് മാസം   പ്രായമെത്തുമ്പോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. തുടര്‍ന്ന് 12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത മള്‍ട്ടി കംപോണന്റ് വാക്‌സിന്റെ ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കാം. ആദ്യ  പേവിഷബാധ കുത്തിവയ്പിന് നാല് ആഴ്ചകള്‍ക്ക് ശേഷം അതായത് 14 ആഴ്ച പ്രായമെത്തുമ്പോള്‍  പേവിഷബാധ വാക്‌സിന്‍ ബൂസ്റ്റര്‍ കുത്തിവെയ്പ് നല്‍കണം. പിന്നീട് 16 ആഴ്ച പ്രായമെത്തുമ്പോള്‍ മള്‍ട്ടി കംപോണന്റ് വാക്‌സിന്റെ ഒരു കുത്തിവയ്പ്കൂടി നല്‍കിയാല്‍ പാര്‍വോ ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങളില്‍നിന്ന് നമ്മുടെ അരുമകളെ പൂര്‍ണ്ണമായും സുരക്ഷിതമാക്കാം. 

തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം. പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കാത്ത നായ്ക്കള്‍ക്കുണ്ടാവുന്ന കുഞ്ഞുങ്ങളാണെങ്കില്‍ 30-35 ദിവസം പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗം തടയാനുള്ള വാക്‌സിന്‍ പ്രത്യേകമായി നല്‍കണം. അമ്മയില്‍ നിന്നും മതിയായ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാവാത്ത സാഹചര്യത്തിലും, അമ്മയ്ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കിയതായി ഉറപ്പില്ലെങ്കിലും 30-35  ദിവസം പ്രായമെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കാം. തുടര്‍ന്ന് മേല്‍പറഞ്ഞ പ്രകാരം തന്നെ വാക്സിനുകള്‍ നല്‍കണം.

പൂച്ചകള്‍ക്കും പ്രതിരോധകുത്തിവയ്പ് 

പൂച്ചകളില്‍ വ്യാപകമായി കണ്ടുവരുന്ന ഫെലൈന്‍ പാന്‍ ലൂകോപ്പീനിയ, റൈനോട്രക്കിയൈറ്റിസ്, കാല്‍സി വൈറസ് തുടങ്ങിയ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ തടയാനുള്ള മള്‍ട്ടി കംപോണെന്റ് വാക്‌സിന്‍ എട്ട് ആഴ്ച പ്രായമെത്തുമ്പോള്‍ നല്‍കണം. ആദ്യ കുത്തിവയ്‌പ്പെടുത്ത് നാല് ആഴ്ചയ്ക്കു ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാം. നോബിവാക്, ട്രൈ ക്യാറ്റ്, ട്രയൊ, ഫെലിജന്‍ സിആര്‍പി മുതലയാവയാണ് നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള കുത്തിവയ്പ്പുകള്‍. ഈ രണ്ടുകുത്തിവയ്പുകള്‍ കൂടാതെ ഫെലൈന്‍ ഇന്‍ഫെക്ഷ്യസ് പെരിട്ടോനൈറ്റിസ് പോലെയുള്ള അസുഖങ്ങള്‍ക്കും വാക്സിനുകള്‍ ലഭ്യമാണ്.  പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നായ്ക്കളുടേത് പോലെ തന്നെ മൂന്ന് മാസം പ്രായമുള്ള പൂച്ചക്കുട്ടികള്‍ക്കാണ് കൊടുത്തു തുടങ്ങുക. ആദ്യ കുത്തിവയ്‌പ്പെടുത്ത് നാല് ആഴ്ചകള്‍ക്ക് ശേഷം ഒരു ബൂസ്റ്റര്‍ ഡോസും നല്‍കണം. പിന്നീട് വര്‍ഷാവര്‍ഷം ഓരോ കുത്തിവയ്പ് വീതം നല്‍കിയാല്‍ മതിയാകും. അതോടൊപ്പം തന്നെ പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള പൂച്ചയെ  മറ്റൊരു മൃഗം കടിക്കുകയോ മാന്തുകയോ മറ്റോ ചെയ്താല്‍ വീണ്ടും പോസ്റ്റ് എക്‌സ്‌പോഷര്‍ കുത്തിവപ്പെടുക്കാന്‍ മടിക്കരുത്. പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ് മിക്ക മൃഗാശുപത്രികളിലും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. പുറത്ത് 150 മുതല്‍ 250 രൂപ വരെ ഈ കുത്തിവയ്പ്പിന് വില വരുന്നുണ്ട്. 

കോവിഡ് കാരണം പുറത്തൊന്നും പോവാതെ കൂടുതല്‍ സമയം വീട്ടില്‍ തന്നെ ചിലവഴിക്കുന്നതിനാലും പഠനവും ജോലിയുമെല്ലാം അധികവും ഓണ്‍ലൈനിലേക്ക് മാറിയതിനാലും പലരും വിരസതയകറ്റാന്‍ ഓമനമൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും തുടങ്ങിയിട്ടുണ്ട്. മാനസികോല്ലാസത്തിന് ഓമനമൃഗങ്ങളുമായുള്ള സഹവാസം ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ നമ്മുടെ അരുമകള്‍ക്ക് കൃത്യമായ പ്രായത്തില്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്‍ നല്‍കി റാബീസ് വൈറസില്‍നിന്ന് സുരക്ഷിതമാക്കാന്‍ മറക്കരുത്, നമ്മുടെ ആരോഗ്യസുരക്ഷയ്ക്കും അത് പ്രധാനമാണ്.

English summary: World Animal Vaccination Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com