ADVERTISEMENT

നാലു വര്‍ഷം മുന്‍പ് പ്രവാസ ജീവിതം അവസാനിപ്പിക്കുമ്പോള്‍ തൃശൂര്‍ ചെട്ടിക്കുളം സ്വദേശി കാവുങ്കല്‍ ജീജോ പോളിന്റെ മനസില്‍ ഉറച്ച തീരുമാനമുണ്ടായിരുന്നു, ഒരു മുയല്‍ ഫാം തുടങ്ങണം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുമ്പോള്‍ എന്തെങ്കിലും ചെയ്യാം എന്ന് കരുതി മുയല്‍ വളര്‍ത്തലിലേക്ക് തിരിഞ്ഞ ആളല്ല ജീജോ. ജോലി മതിയാക്കുന്നതിനു മുന്‍പേ മുയലുമായി ബന്ധപ്പെട്ട പ്രാഥമിക അറിവുകള്‍ കിട്ടാവുന്നിടത്തുനിന്നെല്ലാം നേടി. എന്നിട്ടായിരുന്നു ആ വലിയ ചുവടുവയ്പ്പ്.

9 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മുയല്‍ വളര്‍ത്തലിലേക്ക് ഇറങ്ങിയ ജീജോയുടെ തീരുമാനം ഉറച്ചതായിരുന്നു. അതുതന്നെയാണ് ജീജോയുടെ പാവന റാബിറ്റ് ഫാമിന്റെ മൂലധനം. സങ്കരയിനം മുയലുകളുമായിട്ടായിരുന്നു തുടക്കം. എന്നാല്‍, പിന്നീട് ശുദ്ധ ജനുസിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സങ്കര ഇനങ്ങളെ ഉപേക്ഷിച്ചു. ഇപ്പോള്‍ വൈറ്റ് ജയന്റ് ഇനത്തില്‍പ്പെട്ട 120 മുയലുകളുടെ മാതൃപിതൃശേഖരമാണ് ജീജോയ്ക്കുള്ളത്. ഒപ്പം ഇവയുടെ ഇരുന്നൂറില്‍പ്പരം വരുന്ന കുട്ടികളും.

മുയല്‍ വളര്‍ത്തല്‍ വരുമാനമാര്‍ഗമാണെങ്കിലും സ്ഥിരവരുമാനം എന്ന രീതിയിലേക്ക് എത്തണമെങ്കില്‍ 50 മുയലുകളുടെ മാതൃശേഖരമെങ്കിലും വേണ്ടിവരുമെന്ന് ജീജോ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. അതുകൂടാതെ, എണ്ണം കൂടുന്തോറും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറിവരും. വലിയവയുടെയും കുട്ടികളുടെയും പാര്‍പ്പിടം മുന്‍കൂട്ടി കണ്ടാകണം ഫാം തുടങ്ങേണ്ടതുതന്നെ. പെട്ടെന്നൊരു വരുമാനം ഇതിലൂടെ ലഭിക്കുമെന്നു പ്രതീക്ഷിക്കുകയും വേണ്ട.

geejo-shed
Pavana Rabbit Farm

കുഞ്ഞുങ്ങളുടെ വില്‍പനയിലൂടെയാണ് ജീജോ വരുമാനം നേടുന്നത്. ഇറച്ചിവിപണി മുന്നില്‍ക്കണ്ടാണ് ഫാം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ കുഞ്ഞുങ്ങളെ ആവശ്യപ്പെട്ട് ഒട്ടേറെ പേര്‍ എത്തുന്നതിനാല്‍ ഇറച്ചിക്കായി വളര്‍ത്താന്‍ കഴിയുന്നില്ല. ഇവ രണ്ടും കൂടാതെ മൂന്നാമതൊരു വരുമാനസാധ്യതയും മുയലിനുണ്ട്. ലാബോറട്ടറി ആവശ്യങ്ങള്‍ക്കായി മുയലുകള്‍ക്ക് ആവശ്യക്കാരുണ്ട്. അതുപക്ഷേ സ്ഥിരതയുള്ളതല്ല. അതു മാത്രം മുന്നില്‍ക്കണ്ട് മുയലുകളെ വളര്‍ത്താനും കഴിയില്ല. ആത്യന്തികമായി മുയല്‍ വളര്‍ത്തുന്നത് മാംസാവശ്യത്തിനായിരിക്കണമെന്നും ജീജോ.

ഒരു മാസമാണ് അമ്മയുടെ കൂടെ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുക. അതിനുശേഷം കുട്ടികള്‍ക്കായുള്ള കൂടുകളിലേക്കു മാറ്റും. ഇങ്ങനെ മാറ്റുന്ന കുട്ടികളുടെ കൂടില്‍ അവയുടെ ജനനദിനം, മാതാപിതാക്കള്‍ എന്നിവ രേഖപ്പെടുത്തിയ ചാര്‍ട്ടും ഘടിപ്പിക്കും. രണ്ടു മാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങളെ വില്‍ക്കുക. 7 പെണ്ണും 3 ആണും അടങ്ങുന്ന യൂണിറ്റ് അടിസ്ഥാനത്തിലാണ് വില്‍പന. ഈ പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ശരാശരി 1.5 കിലോയോളം തൂക്കമുണ്ടായിരിക്കും. 

രണ്ടു നേരമായാണ് മുയലുകള്‍ക്ക് ഭക്ഷണം നല്‍കുക. രാവിലെ പുല്ലും വൈകുന്നേരം പ്രത്യേകം തയാറാക്കുന്ന തീറ്റക്കൂട്ടും നല്‍കുന്നു. മാസ്യം, അന്നജം, നാര് എന്നിവ നിശ്ചിത അനുപാതത്തില്‍ ലഭ്യമാകുംവിധമാണ് തീറ്റ തയാറാക്കുന്നത്. മാംസ്യത്തിന് പിണ്ണാക്കുകളും അന്നജത്തിന് ചോളപ്പൊടിയും നാരിന് തവിടുകളും ചേര്‍ക്കുന്നു. ആവശ്യാനുസരണം കുടിവെള്ളം ഉറപ്പാക്കാന്‍ നിപ്പിള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തണുപ്പു കാലാവസ്ഥയാണ് മുയലുകളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യം. കേരളത്തിലെ ഈര്‍പ്പം കൂടിയ ചൂടു കാലാവസ്ഥയോടു പൊരുത്തപ്പെടാന്‍ മുയലുകള്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഷെഡ്ഡിലെ ചൂട് കുറയ്ക്കുക എന്നതാണ് മുയല്‍ വളര്‍ത്തലിലെ വലിയ വെല്ലുവിളി. മുന്‍ വര്‍ഷങ്ങളില്‍ ചൂട് വരുത്തിവച്ചത് വലിയ നഷ്ടമായിരുന്നു. മാതൃശേഖരത്തിലെ മുയലുകള്‍ ഉഷ്ണസമ്മര്‍ദത്തില്‍പ്പെട്ട് വിവിധ അസുഖങ്ങള്‍ പിടിപെട്ട് ചത്തിരുന്നു. എന്നാല്‍, ഇത്തവണ ചൂട് കുറയ്ക്കാന്‍ ഷെഡ്ഡില്‍ ഫാനുകള്‍ ഘടിപ്പിച്ചിരിക്കുന്നു. നിശ്ചിത ഇടവേളകളില്‍ തനിയെ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഫാന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഫാനുകള്‍ വന്നതിന്റെ മാറ്റം മുയലുകളില്‍ അറിയാനുണ്ടെന്നും ജീജോ പറയുന്നു. അനുകൂല കാലാവസ്ഥയും നല്ല ഭക്ഷണവും നല്ല ഇനവുമാണെങ്കില്‍ മുയല്‍കുഞ്ഞുങ്ങള്‍ മൂന്നു മാസം അല്ലെങ്കില്‍ 100 ദിവസംകൊണ്ട് 2 കിലോഗ്രാമിലേക്കെത്തും. ഇറച്ചിയാവശ്യത്തിന് ഉപയോഗിക്കാന്‍ അനുയോജ്യമായ സമയമാണിതെന്നും ജീജോ. വളരാന്‍ കാലതാമസമെടുക്കുന്തോറും തീറ്റച്ചെലവ് കൂടുകയും മുയല്‍ വളര്‍ത്തല്‍ ലാഭകരമല്ലാതാവുകയും ചെയ്യും.

വൃത്തിയുണ്ടെങ്കില്‍ അവിടെ അസുഖങ്ങള്‍ക്കു സ്ഥാനമില്ല. അതാണ് മുയല്‍ വളര്‍ത്തലിലെ പ്രാഥമിക തത്വം. വൃത്തിയായ കുടും പരിസരവുമാണെങ്കില്‍ മുയലുകളിലേക്ക് രോഗങ്ങള്‍ എത്തുന്നത് കുറയ്ക്കാനാകും. അതുപോലെ കമ്പിക്കൂടുകളില്‍ ചവിട്ടി കാലിലുണ്ടാകുന്ന പാദവൃണം എന്ന രോഗാവസ്ഥ ഉണ്ടാവാതെയും ശ്രദ്ധിക്കണം. 

ഇത്ര വലിയ ഫാമെങ്കിലും തുടക്ക കാലത്ത് ജീജോ ഒട്ടേറെ വെല്ലുവിളികള്‍ തരണം ചെയ്താണ് ഇവിടെവരെ എത്തിയത്. മുയല്‍ വളര്‍ത്തിത്തുടങ്ങിയപ്പോഴേ വരുമാനം ലഭിച്ചില്ല. എല്ലാം നേരെയായി, മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍തന്നെ 2 വര്‍ഷത്തോളം വേണ്ടിവന്നുവെന്ന് ജീജോ. ഒട്ടേറെ സാമ്പത്തികഞെരുക്കം അനുഭവിച്ച നാളുകളായിരുന്നു അതെന്ന് ജീജോ ഓര്‍ക്കുന്നു.

ഓരോ മുയലിനും വ്യക്തമായ റജിസ്റ്റര്‍ സൂക്ഷിച്ചാണ് ജീജോ മുന്നോട്ടുപോകുന്നത്. ഇന്‍ബ്രീഡിങ് ഒഴിവാക്കാനും യൂണിറ്റ് അടിസ്ഥാനത്തില്‍ വാങ്ങുന്നവര്‍ക്ക് രക്തബന്ധം ഇല്ലാത്ത കുഞ്ഞുങ്ങളെ ഉറപ്പാക്കാനും ഈ രീതി ജീജോയെ സഹായിക്കുന്നുണ്ട്.

ഒരു ഫാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനു പിന്നില്‍ വലിയ അധ്വാനത്തിന്റെ കഥയുണ്ട്. പുലര്‍ച്ചെ 4.30നാണ് ജീജോയുടെ മുയല്‍ ഷെഡ്ഡിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. രാവിലെ ഷെഡ്ഡിലെത്തിയാല്‍ എല്ലാവരെയും നിരീക്ഷിക്കും. ശേഷം പുല്ലു നല്‍കും. ഇണചേര്‍ക്കലുകള്‍, തീറ്റപ്പാത്രം കഴുകല്‍, കൂടിന്റെ അറ്റകുറ്റപ്പണികള്‍, പുല്‍കൃഷി പരിപാലനം, പുല്ലുവെട്ടല്‍, തീറ്റക്കൂട്ട് മിശ്രണം, തീറ്റക്കൂട്ട് നല്‍കല്‍ എന്നിങ്ങനെ രാവിലെ നാലര മുതല്‍ രാത്രി 9 അര വരെ നീളുന്ന തിരക്കുകള്‍ ഫാമിലുണ്ട്.

geejo

മുയല്‍ വളര്‍ത്തല്‍ വരുമാനം നല്‍കുമെങ്കിലും അതിന്റെ പിന്നിലുള്ള അധ്വാനം വളരെ വലുതാണ്. മുയല്‍കൃഷിയില്‍ ജീയോയുടെ ബലവും സഹായിയും ഭാര്യ സോണിയാണ്. മക്കളായ ജോയലും ജൊവാനയും കൂടി അടങ്ങുന്നതാണ് ജീജോ എന്ന മുയല്‍ കര്‍ഷകന്റെ കൊച്ചു കുടുംബം.

ഫോണ്‍: 9747082732

English summary: How to do Profitable Commercial Rabbit Farming in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com