വയറിനുള്ളില്‍ കയര്‍ കുരുങ്ങി ഗുരുതരാവസ്ഥ; പശുവിന് സര്‍ജറി നടത്തി സെക്ടറല്‍ മജിസ്ട്രേറ്റ്

cow-surgery
SHARE

വയറിനുള്ളില്‍ കയര്‍ കുരുങ്ങി ആരോഗ്യസ്ഥിതി വഷളായ പശുവിന് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നല്‍കി സെക്ടറല്‍ മജിസ്‌ട്രേറ്റ്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന ഡോ. സി.ജെ. നിതിനാണ് വയറിനുള്ളില്‍ കയര്‍ കുരുങ്ങിയ പശുവിനെ അടിയന്തിര ശസ്ത്രക്രിയ നടത്തി രക്ഷിച്ചത്. മൈക്കാവ് വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജനായ ഡോ. നിതിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാന് സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല ജില്ലാ ഭരണകൂടം നല്‍കിയത്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുംതന്നെയില്ലാത്ത പശുവിന് ഇടയ്ക്കിടയ്ക്ക് വയര്‍സ്തംഭനം വരുന്നതിനാലാണ് ഉടമ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടത്. നാലു മാസമായി ഈ പ്രശ്‌നം അനുഭവിക്കുന്ന പശു 5 ദിവസം മുന്‍പ് പ്രസവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വയര്‍സ്തംഭനം മാറാത്തതിനാല്‍ മറ്റൊരു ഡോക്ടര്‍ ഡോ. നിതിന്റെ സഹായം തേടുകയായിരുന്നു. സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ളതിനാല്‍ ജോലി സമയം കഴിഞ്ഞ് വൈകുന്നേരം 5നുശേഷം സ്ഥലത്തെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു. വയറിന്റെ ഒരു വശം കീറി ആമാശയത്തില്‍നിന്ന് കയര്‍ നീക്കം ചെയ്തു. 

പശുവിനെ കൂട്ടില്‍ കെട്ടുന്ന കയറിന്റെ നീളമേറിയ ഭാഗം കടിച്ചുകടിച്ച് കാലക്രമേണ മുറിഞ്ഞ് ഉള്ളില്‍പ്പോയതാണെന്ന് ഡോ. നിതിന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. പശുവിനെ കൂട്ടില്‍ കെട്ടാന്‍ സാധാരണ പുറത്തേക്ക് ഇറക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ള കയര്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പശുവിന് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ നീളം കുറഞ്ഞ കയറാണ് കൂട്ടില്‍ കെട്ടാന്‍ ഏറ്റവും അനുയോജ്യം. 

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല നല്‍കിയതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കര്‍ഷകശ്രീ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു ജില്ലകളിലെയും പ്രാഥമിക വെറ്ററിനറി ഡിസ്‌പെന്‍സറികളിലെ വെറ്ററിനറി സര്‍ജന്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ അടിയന്തിര ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെ വരുന്നുണ്ട്. 

സമാനമായ സംഭവം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെതന്നെ കുന്നുമ്മലും സംഭവിച്ചിരുന്നു. പ്രസവത്തെത്തുടര്‍ന്ന് ഗര്‍ഭപാത്രം പുറത്തേക്കു വന്ന പശുവിനെ രക്ഷിക്കാന്‍ സെക്ടറര്‍ മജിസ്‌ട്രേറ്റ് ജോലിക്കിടയിലും വെറ്ററിനറി സര്‍ജന് ഓടിയെത്തേണ്ടിവന്നു. മറ്റാരും കര്‍ഷകനെ സഹായിക്കാനില്ലാത്ത അവസ്ഥ വന്നതിനാലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റിന് ഓടിയെത്തേണ്ടിവന്നത്. കര്‍ഷകര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കാതെ വെറ്ററിനറി ഡോക്ടര്‍മാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആയി നിയമിച്ചത് കര്‍ഷകര്‍ക്ക് ആവശ്യമായ സമയങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാകാതിരിക്കാന്‍ കാരണമാകും.

English summary: The cow is blessed to get a surgery done by a SECTORAL MAGISTRATE

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA