ഭീഷണിയായി ആഫ്രിക്കന്‍ പന്നിപ്പനി വീണ്ടും; കര്‍ഷകര്‍ അറിയേണ്ടത്

HIGHLIGHTS
  • തുടക്കം ചൈനയില്‍
  • ആഫ്രിക്കന്‍ പന്നിപ്പനിയും ക്ലാസിക്കല്‍ പന്നിപ്പനിയും തമ്മിലെന്ത്?
pig-farm
SHARE

പനിയെന്നു കേള്‍ക്കുമ്പോഴുണ്ടാകാവുന്ന ആശങ്കയകറ്റാന്‍ ആദ്യമേ തന്നെ പറയട്ടെ. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളെ മാത്രം ബാധിക്കുന്നതാണ്. പന്നികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. എന്നാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം കനത്ത സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുന്ന, ലോകമെമ്പാടുമുള്ള പന്നിക്കര്‍ഷകരുടെ പേടിസ്വപ്നമായ ആഫ്രിക്കന്‍ പന്നിപ്പനി (African Swine Fever) ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷമായിരുന്നു. പന്നിഫാമുകളില്‍ കണ്ടു വരാറുള്ളതും പ്രതിരോധ കുത്തിവയ്പ് ലഭ്യമായതുമായ 'ക്ലാസിക്കല്‍ പന്നിപ്പനി'യെന്ന രോഗത്തില്‍നിന്നും വ്യത്യസ്തമാണ് ഈ രോഗമെന്നതും ഓര്‍ക്കുക. അസ്സമില്‍ നിന്നായിരുന്നു ഇന്ത്യയില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇത്തവണ മിസോറമില്‍

മിസോറമിലെ അഞ്ചു ജില്ലകളിലാണ് ഈ വര്‍ഷം പനിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലു ജില്ലകളിലെ ചില പ്രത്യേക പ്രദേശങ്ങളെ പനിയുടെ പ്രഭവകേന്ദ്രങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മാര്‍ച്ച് 21ന് പന്നിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഒരു മാസത്തിനുള്ളില്‍ 1,119 പന്നികള്‍ ചത്തൊടുങ്ങിയതായാണ് ഔദ്യോഗിക വിവരം. 4.47 കോടി രൂപയോളം വരുന്ന  സാമ്പത്തികനഷ്ടമാണ് പന്നിപ്പനി ബാധമൂലം കര്‍ഷകര്‍ക്കുണ്ടായതെന്നും കണക്കാക്കപ്പെടുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലബോറട്ടറിയാണ് പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി തന്നെയാണെന്നത് സ്ഥിരീകരിച്ചത്.

തുടക്കം ചൈനയില്‍

ലോകത്തിന്റെ പലഭാഗങ്ങളിലും സ്ഥിരമായി ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ (AFS ) റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും 2019 സെപ്റ്റംബറില്‍ ചൈനയില്‍ വലിയ തോതിലുള്ള രോഗബാധ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പന്നിയിറച്ചി ഉല്‍പാദകനും ഉപഭോക്താവുമാണ് ചൈന. ചൈനയ്ക്കു പുറമേ  മംഗോളിയ, വിയറ്റ്‌നാം, കമ്പോഡിയ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധയുണ്ടായി. 

ചൈനയില്‍ 2018 ഓഗസ്റ്റിലാണ് രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രോഗവ്യാപനം തടയാനായി ഏകദേശം 10 ലക്ഷത്തോളം പന്നികളെ കൊന്നുകളയുകയായിരുന്നു. 2019 ഫെബ്രുവരിയില്‍ രോഗബാധ നേരിട്ട വിയറ്റ്‌നാമില്‍ രോഗപ്പകര്‍ച്ച തടയാന്‍ കൊല്ലേണ്ടി വന്നതും ലക്ഷക്കണക്കിന് പന്നികളെയാണ്. ടിബറ്റ് വഴി അരുണാചല്‍ പ്രദേശ് കടന്നാണ് രോഗം അസ്സമിലെത്തിയതെന്ന് സംശയിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം പന്നികളുള്ള സംസ്ഥാനമാണ് അസ്സം. കാട്ടുപന്നികളിലും ഈ രോഗം വരാമെന്നതിനാല്‍ അസ്സമിലെ രോഗബാധയുടെ ഉറവിടം കൃത്യമായി അന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പന്നികള്‍ ചത്തു തുടങ്ങിയ സമയത്തു തന്നെ പന്നികളെ അറക്കുന്നതും, പോര്‍ക്ക് വില്‍ക്കുന്നതും അസ്സം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നീടാണ് രോഗബാധ സ്ഥിരീകരണം വന്നത്. അരുണാചല്‍ പ്രദേശിലെ രണ്ടു ജില്ലകളിലും ASF രോഗം സ്ഥിരീകരിച്ചിരുന്നു. 2019ല്‍ അയിരത്തോളം പന്നികളാണ് ചത്തതെന്നായിരുന്നു ഔദ്യോഗിക വിവരം. ലോക ജന്തുരോഗ സംഘടനയുടെ കണക്കനുസരിച്ച് 2018, 2019 വര്‍ഷങ്ങളില്‍ യൂറോപ്പിലെ 3 രാജ്യങ്ങളിലും ആഫ്രിക്കയിലെ 23 രാജ്യങ്ങളിലും രോഗബാധയുണ്ടായിട്ടുണ്ടായിരുന്നു.

ആഫ്രിക്കന്‍ പന്നിപ്പനിയെ (ASF) അറിയുക

വളര്‍ത്തു പന്നികളിലും, കാട്ടുപന്നികളിലും കണ്ടു വരുന്ന അതിതീവ്രമായ വൈറല്‍ പനിയാണിത്. നൂറു ശതമാനവും മരണമുറപ്പാക്കാവുന്ന ഈ രോഗം നേരിട്ടോ അല്ലാതെയോ ഉള്ള വഴികളിലൂടെ പകരുന്നു. പന്നികളുടെ പെട്ടെന്നുള്ള മരണമാണ് പ്രധാന ലക്ഷണം. കഠിനമായ പനി, തീറ്റയെടുക്കാതിരിക്കല്‍, തൊലിപ്പുറത്ത് രക്തസ്രാവം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. മരണ നിരക്കില്‍ മുന്നിലാണെങ്കിലും കുളമ്പുരോഗം പോലുള്ള അസുഖങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പകര്‍ച്ചാ നിരക്ക് കുറവാണ്. 

നിലവില്‍ അംഗീകരിക്കപ്പെട്ട വാക്‌സിനുകള്‍ ഇല്ലാത്തതിനാല്‍, രോഗബാധയുള്ളവയെ കൊന്നുകളയുന്നതാണ് രോഗപ്രതിരോധ രീതി. വ്യാപകമായി പന്നിവളര്‍ത്തലുള്ള രാജ്യങ്ങളില്‍ കപ്പലുകള്‍, വിമാനം, വ്യക്തികള്‍ എന്നിവ വഴി കൊണ്ടുവരുന്ന മാംസമാണ് രോഗബാധയുടെ പ്രധാന ഉറവിടം. 1957ല്‍ പശ്ചിമ ആഫ്രിക്കയില്‍നിന്ന് പോര്‍ച്ചുഗലില്‍ എത്തിപ്പെട്ടതോടെയാണ് AFS വൈറസ് യൂറോപ്പിലുമെത്തുന്നത്.

ആഫ്രിക്കന്‍ പന്നിപ്പനിയും ക്ലാസിക്കല്‍ പന്നിപ്പനിയും തമ്മിലെന്ത്?

സമാനമായ ലക്ഷണങ്ങളുള്ള എന്നാല്‍ വ്യത്യസ്തരായ വൈറസുകള്‍ ഉണ്ടാക്കുന്ന പന്നികളിലെ രണ്ടു രോഗങ്ങളാണിവ. ലാബോറട്ടറി പരിശോധന വഴിയാണ് ഏതു വൈറസെന്ന് സ്ഥിരീകരിക്കാനാവുക. ഇന്ത്യയില്‍, കേരളത്തിലും പന്നിപ്പനിയെന്നു പറഞ്ഞു വിളിച്ചിരുന്ന പന്നികളുടെ അസുഖം ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍ ( Classical Swine Fever) ആയിരുന്നു. ഇതിനെതിരെയുള്ള പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാണ്. നമ്മുടെ കര്‍ഷകര്‍ ഇത് പന്നികള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. ക്ലാസിക്കല്‍ പന്നിപ്പനിക്കെതിരെയുള്ള വാക്‌സിന്‍ തിരുവനന്തപുരം പാലോടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സില്‍ ഉല്‍പാദിപ്പിച്ച് സര്‍ക്കാര്‍ മൃഗാശുപത്രികള്‍ വഴി നല്‍കിവരുന്നു.

മനുഷ്യനിലെ പന്നിപ്പനി

H1N1 വൈറസ് മൂലം മനുഷ്യരിലുണ്ടാകുന്ന ഇന്‍ഫ്‌ളുവന്‍സയെ നമ്മള്‍ പന്നിപ്പനിയെന്നാണ് വിളിക്കുന്നത്. ഈ ജന്തുജന്യ രോഗമുണ്ടാക്കുന്ന വൈറസ്  തുടക്കത്തില്‍ പന്നിയില്‍ നിന്നാണ് വന്നതെന്ന കാരണത്താലാണിത്. ഇത് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. മനുഷ്യരിലെ H1N1-ന് മേല്‍ പറഞ്ഞ പന്നിപ്പനികളുമായി ബന്ധമില്ലായെന്നും ഓര്‍ക്കുക

കരുതല്‍ വേണം

ഏകദേശം ഒരു ലക്ഷത്തോളം വളര്‍ത്തു പന്നികള്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ ASF രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പന്നിഫാമുകളും കര്‍ഷകരും അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരികും. അശ്രദ്ധയില്‍ നിന്നാണ് അപകടങ്ങള്‍ വരാന്‍ സാധ്യതയുള്ളത്. പ്രതിരോധ വാക്‌സിനില്ലാത്ത ഈ രോഗത്തിന്റെ വൈറസിന് അന്തരീക്ഷത്തിലും, രോഗം ബാധിച്ച പന്നിയുടെ മാംസത്തിലും ഉല്‍പന്നങ്ങളിലും ദീര്‍ഘസമയം നിലനില്‍ക്കാന്‍ കഴിയും. പന്നികള്‍, പോര്‍ക്ക് എന്നിവയുടെ സംസ്ഥാനങ്ങള്‍ കടന്നുള്ള വരവാണ് മുഖ്യ ഭീഷണിയാവുക.

കര്‍ഷകര്‍ ശ്രദ്ധിക്കണം

ജൈവ സുരക്ഷാ മാര്‍ഗങ്ങള്‍ കര്‍ശനമായി പിന്‍തുടരുക മാത്രം ചെയ്താല്‍ മതി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പന്നി, പന്നിക്കുഞ്ഞുങ്ങള്‍, പന്നിയിറച്ചി, തീറ്റ, വാഹനങ്ങള്‍, മറ്റുള്ള സാധനസാമഗ്രികള്‍ എന്നിവ ഫാമിലേക്ക് കടത്തുന്നത് ഒഴിവാക്കണം. ഭക്ഷണ, ഹോട്ടല്‍, ചിക്കന്‍ അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കുന്നത് വേവിച്ചാവുന്നതാവും നല്ലത്. രോഗത്തേക്കുറിച്ച് അറിയുക, കരുതല്‍ നടപടികള്‍ മനസിലാക്കി നടപ്പിലാക്കുക എന്നതാണ് മുഖ്യം. വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം ആരോഗ്യ കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതാണ് നല്ലത്.

English summary: African swine fever: risks from feed, bedding and transport

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA