ADVERTISEMENT

ഗർഭപാത്രം തിരിഞ്ഞതിനെത്തുടർന്ന് പ്രസവിക്കാൻ ബുദ്ധിമുട്ടിലായ പശുവിന് രക്ഷകനായത് സെക്ടറൽ മജിസ്ട്രേറ്റ് (എസ്എം). കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ വെറ്ററിനറി ഡിസ്പെൻസറിയിലെ സീനിയർ വെറ്ററിനറി സർജനായ ഡോ. മുസ്തഫയാണ് എസ്എം ജോലിക്കിടയിലും പശുവിന്റെ വിഷമപ്രസവത്തിൽ കർഷകനെ സഹായിക്കാനെത്തിയത്. 

മുയിപ്പോത്ത് മരുതിയാട്ടിൽ പ്രേമന്റെ പശുവിന് പുലർച്ചെ മുന്നിന് പ്രസവവേദന തുടങ്ങിയതാണ്. വിഷമപ്രസവമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് രാവിലെ 6.30നാണ് ഡോ. മുസ്തഫയെ കർഷകൻ വിളിക്കുന്നത്. മുയിപ്പോത്ത് വെറ്ററിനറി ഡിസ്പെൻസറിയുടെ സമീപത്തുതന്നെയാണ് കർഷകന്റെ വീടെങ്കിലും 15 കിലോമീറ്റർ അകലെയുള്ള ഡോ. മുസ്തഫയ്ക്ക് എത്തേണ്ടിവന്നത് കോവിഡിനെത്തുടർന്നാണ്. മുയിപ്പോത്തിലെ വെറ്ററിനറി സർജനും കോവിഡ് രോഗനിയന്ത്രണങ്ങളുടെ ഭാഗമായ സെക്ടറൽ മജിസ്ട്രേറ്റിന്റെ പദവിയുമുള്ള ഡോക്ടർ ക്വാറന്റൈനിലാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് കോവിഡ് പിടിപെട്ടതിനെത്തുടർന്നാണ് ക്വാറന്റൈനിലായത്. ‌തൊട്ടടുത്തെ കേന്ദ്രമായ മേപ്പയ്യൂരിലെ ഡോക്ടർക്ക് എസ്എം ഡ്യൂട്ടിക്കൊപ്പം പേരാമ്പ്രയിലുള്ള വെറ്ററിനറി പോളിക്ലിനിക്കിൽ സീനിയർ വെറ്ററിനറി സർജന്റെ അധിക ചുമതലയുമുണ്ട്. പേരാമ്പ്രയിലെ പോളിക്ലിനിക്കിലെ മറ്റു 2 ഡോക്ടർമാരിൽ ഒരാൾക്ക് സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുമതലയുണ്ട്. ഒരാൾക്ക് പോളിക്ലിനിക്കിൽനിന്ന് മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയും. ഇതേത്തുടർന്നാണ് കർഷകന്റെ അഭ്യർഥനയെ മാനിച്ച് ഡോ. മുസ്തഫ മുയിപ്പോത്തിലെത്തിയത്.

പുലർച്ചെ മൂന്നിന് പ്രസവവേദന ആരംഭിച്ച പശു എത്ര ശ്രമിച്ചിട്ടും കുട്ടി പുറത്തേക്കു വരാത്ത സ്ഥിതിയായിരുന്നു. പരിശോധനയിൽ ഗർഭപാത്രം പിരിഞ്ഞ അവസ്ഥയിലായിരുന്നു. ടോർഷൻ എന്നാണ് ഇതിന് പറയുക. പിരിഞ്ഞ ഗർഭപാത്രം പൂർവസ്ഥിതിയിലാക്കുക എന്നത് വെറ്ററിനറി ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ കടമ്പയാണ്. പശുവിനെ കിടത്തി കാലുകൾ കൂട്ടിക്കെട്ടി നിലത്ത് ഉരുട്ടിയാണ് ഈ പ്രശ്നം പരിഹരിക്കുക. വളരെ കായികാധ്വാനം വേണ്ടിവരുന്ന ഘട്ടമാണിത്. മണിക്കൂറുകളുടെ ശ്രമഫലമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ ഡോ. മുസ്തഫയ്ക്കു കഴിഞ്ഞു. ഗർഭപാത്രം പൂർവസ്ഥിതിയിലാക്കാൻ കഴിയാതെവന്നിരുന്നെങ്കിൽ സിസേറിയൻ ആവശ്യമായി വരുമായിരുന്നു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നു.

രാവിലത്തെ അടിയന്തിര കേസിനുശേഷം കലശലായ തലവേദനയെത്തുടർന്ന് ഡോ. മുസ്തഫ ഇന്ന് ലീവ് എടുക്കുകയാണുണ്ടായത്. സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്നവർ മൃഗാശുപത്രിയിൽ പോകേണ്ടതില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. എങ്കിലും കർഷകർക്കുവേണ്ടി നിലകൊള്ളുന്ന വെറ്ററിനറി ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. സെക്ടറൽ മജിസ്ട്രേറ്റ് ജോലിക്കിടയിലും, ആ ജോലി കഴിഞ്ഞും കർഷകർക്കുവേണ്ടി ഓടിയെത്തുന്ന ഡോക്ടർമാരുണ്ട്. സെക്ടറൽ മജിസ്ട്രേറ്റ് ചുമതലയിൽ മാത്രം ശ്രദ്ധിച്ചാൽ നഷ്ടം കർഷകനു മാത്രമായിരിക്കുമെന്ന ബോധ്യം ഡോക്ടർമാർക്കുണ്ട്. അതിനാലാണ് എത്ര ബുദ്ധിമുട്ടിയും അവർ അടിയന്തിര സാഹചര്യത്തിൽ കർഷകർക്കു താങ്ങാകുന്നത്.

കോഴിക്കോട് ജില്ലയിൽ മാത്രം 30 വെറ്ററിനറി സർജന്മാർക്ക് സെക്ടറൽ മജിസ്ട്രേറ്റിന്റെ ചുതമല നൽകിയിട്ടുണ്ട്. ഇത്രയും ഡോക്ടർമാർ മാറിനിൽക്കേണ്ടിവരുമ്പോൾ നഷ്ടം കർഷകർക്കു മാത്രമായിരിക്കും. മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് ഇത്രയൊക്കെ മതിയെന്ന രീതി ജില്ലാ ഭരണകൂടം ഒഴിവാക്കി കർഷകർക്ക് അനുകൂലമായി പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. 

English summary: Calving Problems in cows, The cow is blessed to get a immediate treatment done by a SECTORAL MAGISTRATE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com