പശുക്കളെയും ഇനി ഡേ കെയറില്‍ ആക്കാം; ഇത് കര്‍ഷകര്‍ക്ക് ഏറെ ആവശ്യമുള്ള പദ്ധതി

HIGHLIGHTS
  • കര്‍ഷകര്‍ക്ക് ഏറെ ആവശ്യമുള്ള ഒരു പുതിയ പദ്ധതി
animal-day-care
SHARE

പശുക്കളോ ആടുകളോ നായ്ക്കളോ ഉള്ള പലര്‍ക്കും വീട്ടില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മൃഗസംരക്ഷണമേഖലയിലെ കര്‍ഷകര്‍ നിരന്തരം അനുഭവിക്കുന്ന ബുദ്ധിമുട്ട്, പ്രത്യേകിച്ച് ചെറുകിട ഫാം നടത്തുന്നവരാണ് ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടുക. ബന്ധുമിത്രാദികളുടെ വീട്ടില്‍ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍പോലും മൃഗങ്ങളെ വിട്ട് മാറിനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. സാധാരണക്കാരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമെന്നോണം ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് മുന്നോട്ടുവച്ച ആശയമാണ് ആനിമല്‍ ഡേ കെയര്‍. കര്‍ഷകര്‍ക്ക് ഏറെ ആവശ്യമുള്ള ഒരു പുതിയ പദ്ധതി എന്ന് ഇതിനെ വിളിക്കാം.

കര്‍ഷകരുടെ ബുദ്ധിമുട്ട് മനസിലാക്കിയ കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി ഡേ കെയര്‍ ആശയം നടപ്പാക്കുകയായിരുന്നു. തുടക്കം എന്ന നിലയില്‍ ഒരു തൊഴുത്താണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരേ സമയം 16 പശുക്കളെ പാര്‍പ്പിക്കാന്‍ കഴിയുന്ന തൊഴുത്താണിത്. ഈ തൊഴുത്തിന്റെ ഉടമ ഒരു ക്ഷീരകര്‍ഷകനാണ്. അദ്ദേഹത്തിന്റെ 4 പശുക്കള്‍ക്കൊപ്പം ഡേ കെയര്‍ എന്ന രീതിയിലെത്തുന്ന പശുക്കളെയും അദ്ദേഹം സംരക്ഷിക്കും. ഇതിന് നിശ്ചിത നിരക്ക് തീരുമാനിക്കുമെന്ന് കഞ്ഞിക്കുഴിയിലെ വെറ്ററിനറി സര്‍ജനായ ഡോ. എസ്. ജയശ്രീയുടെ മേല്‍നോട്ടത്തിലായിരിക്കും ഡേ കെയര്‍ പ്രവര്‍ത്തിക്കുക.

ഏറെ നാളായി മനസിലുണ്ടായിരുന്ന ആശയം കോവിഡ്-19നെ മുന്‍നിര്‍ത്തി പെട്ടെന്ന് നടപ്പാക്കുകയായിരുന്നുവെന്നും ഡോ. ജയശ്രീ. അതിനൊരു കാരണവുമുണ്ട്. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് പിടിപെട്ട സാഹചര്യങ്ങള്‍ സംസ്ഥാനത്ത് അങ്ങിങ്ങായുണ്ട്. ആ കുടുംബാംഗങ്ങള്‍ സുമനസുകളുടെ സഹായം തേടുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ത്തന്നെയാണ് അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം എത്തിക്കുന്നത്. എന്നാല്‍, സഹായം ലഭിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ക്ക് ഡേ കെയറിന്റെ സഹായം തേടാനാകും.

പശുക്കളും ആടുകളുമുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഒരു ക്ഷീരകര്‍ഷകകൂടിയായ ഡോ. ജയശ്രീക്ക് അറിയാം. മുന്‍പ് ഒരു ചികിത്സയുടെ ആവശ്യം വന്നപ്പോള്‍ വീട്ടിലെ പശുക്കളെ മുഴുവന്‍ വില്‍ക്കേണ്ടിവന്ന അവസ്ഥയുണ്ട് ഡോക്ടര്‍ക്ക്. പിന്നീട് 2 വര്‍ഷം കഴിഞ്ഞാണ് പുതിയ പശുക്കള്‍ ഡോക്ടറുടെ തൊഴുത്തിലെത്തിയത്. അതുപോലെ, എന്തെങ്കിലും അടിയന്തിര ആവശ്യം വരുമ്പോള്‍ പരിപാലിക്കാന്‍ ആളില്ലാത്തതിന്റെ പേരില്‍ പശുക്കളെയും ആടുകളെയും വില്‍ക്കേണ്ടിവരുന്ന ഒട്ടേറെ പേരുണ്ട്. അവര്‍ക്കെല്ലാം കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പുതിയ ഉദ്യമം പ്രയോജനപ്പെടുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെയും ഡോ. എസ്. ജയശ്രീയുടെയും സഹപ്രവര്‍ത്തകരുടെയും വിശ്വാസം.

English summary: Animal Day Care for Farmers

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA