ADVERTISEMENT

കർഷകർക്ക് ഏറെ ഗുണകരമാകുമെന്ന രീതിയിൽ പ്രഖ്യാപിച്ച രാത്രികാല മൃഗചികിത്സാ പ്രഖ്യാപനം കടലാസിൽ ഒതുങ്ങുന്നു. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല വെറ്ററിനറി സേവനം ഉറപ്പാക്കുന്നതായിരുന്നു രാത്രികാല മൃഗചികിത്സയുടെ ഉദ്ദേശം. എന്നാൽ, നിലവിൽ 156 തസ്തികകളിൽ 107 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. എംപ്ലോയ്മെന്റ് എസ്ക്ചേഞ്ച് വഴിയുള്ള നിയമനമായതിനാൽ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുന്നു. മാത്രമല്ല വെറ്ററിനറി ഡോക്ടർമാരുടെ മനസ് മടുപ്പിച്ച് ഡബിൾ ഡ്യൂട്ടിയും നൽകുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കുന്നവർക്കെതിരേ പ്രതികാര നടപടികൾ വരെ ഉണ്ടായിട്ടുണ്ട്. കൃത്യമായ ചികിത്സാ സംവിധാനം ലഭിക്കാതെ വഴിയാധാരമാകുന്നത് സാധാരണ കർഷകരാണ്.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാല മൃഗചികിത്സയ്ക്ക് താൽകാലിക തസ്തികയാണ് മൃഗസംരക്ഷണ വകുപ്പ് നിശ്ചയിച്ചിട്ടുള്ളത്. മുൻകാലങ്ങളിൽ നേരിട്ടുള്ള നിയമനമായിരുന്നെങ്കിൽ ഇപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. അതുതന്നെയാണ് പുതിയ നിയമനങ്ങൾ വൈകാനുള്ള പ്രധാന കാരണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനമായതിനാൽ സ്വന്തം ജില്ലകളിലും ബ്ലോക്കുകളിലും നിയമനം കിട്ടാനുള്ള സാധ്യത കുറയുന്നതിനാൽ ഡോക്ടർമാർ പോകാൻ മടിക്കുന്നു. ഡോക്ടർമാർക്കൊപ്പം തന്നെ സഹായികളായി അറ്റൻഡർമാരെയും നിയമിക്കണമെന്നാണ് നിർദേശമെങ്കിൽ അതിനും നടപടി ഉണ്ടാവുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടപടികൾക്ക് 3 മാസം വരെ സമയമെടുക്കും. ഇത്രയും കാലം ഡോക്ടറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കും. അതിനു വില നൽകേണ്ടി വരുന്നത് പാവപ്പെട്ട കർഷകരാണ്.

2012ൽ അന്നത്തെ  മൃഗസംരക്ഷണമന്ത്രി ആയിരുന്ന  കെ. പി. മോഹനനാണ് രാത്രികാല എമർജൻസി വെറ്ററിനറി സേവന പദ്ധതിക്ക് തുടക്കമിട്ടത്. രാത്രികാലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ ചികിത്സാ സേവനം ലഭിക്കുന്നതിൽ കർഷകർ നേരിടുന്ന പ്രയാസം  കൃത്യമായി അറിയാമായിരുന്ന ഒരു ക്ഷീരകർഷകൻ കൂടിയായ മന്ത്രിയുടെ ഏറെ ഭാവാനാത്മകമായ പദ്ധതി ആയിരുന്നു അത്.  ക്ഷീരകർഷകർ ഏറെയുള്ള സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 ബ്ലോക്കുകളിൽ ആയിരുന്നു 2012ൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിക്കു തുടക്കമിട്ടത്.  കർഷകസമൂഹത്തിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതി കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കാൻ ആരംഭിച്ചു.

രാത്രിയെന്നോ പുലർച്ചയെന്നോ ഇല്ലാതെ കർഷകന്റെ ഫോൺകോളിൽ വെറ്ററിനറി ഡോക്ടറും അറ്റൻഡറും കർഷകരുടെ വീട്ടുമുറ്റത്തെത്തി വളർത്തുമൃഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കും. വളർത്തുമൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിയന്തിര മരുന്നുകൾ  കർഷകന് പദ്ധതിക്കു കീഴിൽ സൗജന്യമായി ലഭിക്കും എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. അടിയന്തിര ചികിത്സാസേവനം ലഭിച്ചില്ലെങ്കിൽ വളർത്തുമൃഗങ്ങളുടെ ജീവൻ തന്നെ അപകടത്തിലാകുന്ന  വിഷമ പ്രസവം, പ്രസവ തടസം, ഗർഭാശയം പുറന്തള്ളൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഏറെയും സംഭവിക്കുന്നത്  രാത്രിയും പുലർച്ചെയുമാണ്. ആടുകളിലും പശുക്കളിലുമെല്ലാം അടിയന്തിര പ്രസവ ശസ്ത്രക്രിയകളടക്കം വേണ്ടി വരുന്നതിൽ അധികവും രാത്രികാലങ്ങളിൽ തന്നെ. അതിനാൽ ഈ സമയങ്ങളിൽ ഫോൺ കോളിൽ  തന്നെ ഡോക്ടറുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാകുന്നത് കർഷകർക്ക് നൽകുന്ന സഹായം ചെറുതല്ല. ഇതുകൊണ്ടെല്ലാം തന്നെ നടപ്പിലാക്കിയ ബ്ലോക്കുകളിലെല്ലാം  രാത്രികാല എമർജൻസി വെറ്ററിനറി സേവന പദ്ധതിക്ക് കർഷകർക്കിടയിൽ  ലഭിച്ച സ്വീകാര്യതയേറെ. 

രാത്രികാല സേവനത്തിനായി നിയമിക്കപ്പെടുന്ന ഡോക്ടർമാരെ പകൽ സേവനത്തിനായി അധിക ചുമതല നൽകി ചൂഷണം ചെയ്യുന്ന സ്ഥിതിയും സംസ്ഥാനത്തെ പലയിടങ്ങളിലുമുണ്ട്. കാസർകോട് ജില്ലയിൽ നൈറ്റ് വെറ്റ് സർവീസിലുള്ള ഡോക്ടമാരെ പകൽ സമയത്തും ജോലി ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽനിന്ന് നിർബന്ധിക്കുകയും ഇതിന് ഡോക്ടർമാർ വിസമ്മതിച്ചപ്പോൾ പ്രതികാര നടപടികൾ സ്വീകരിക്കുകയുമുണ്ടായി. നിയന്ത്രണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ചൂഷണങ്ങൾ യുവഡോക്ടർമാരുടെ മനസ് മടുപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലരും സർവീസിൽ വരാനും തയാറാവുന്നില്ല.

English summary: Appointment of Veterinary Surgeons for Night services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com