ADVERTISEMENT

മൃഗസംരക്ഷണമേഖലയിലെ കര്‍ഷകര്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരെ മറക്കാന്‍ കഴിയില്ല. തന്റെ ഉപജീവനമാര്‍ഗമായ വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ആദ്യം സമീപിക്കുക തൊട്ടടുത്ത വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജനെയായിരിക്കും. സ്വയംചികിത്സയ്ക്കു മുതിരാതെ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടിയാല്‍ വളര്‍ത്തുമൃഗങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ പലപ്പോഴും കഴിയാറുമുണ്ട്. ക്ഷീരസന്നിയുടെ മൂന്നാം ഘട്ടത്തില്‍ മരണത്തിന് തൊട്ടടുത്തുവരെ വന്ന പശുവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ഉടമയ്ക്കും വെറ്ററിനറി ഡോക്ടര്‍ക്കും കഴിഞ്ഞു.

കൊല്ലം സ്വദേശി സുല്‍ഫീഖാന്‍ റാവുത്തര്‍ എന്ന വ്യക്തിയുടെ പശുവാണ് മരണാണസന്നയായി കിടന്നത്. പുലര്‍ച്ചെ തൊഴുത്തിലെത്തിയപ്പോഴാണ് ഉടമകള്‍ പശുവിന്റെ ദാരുണാവസ്ഥ കണ്ടത്. ജീവനില്ലായെന്നാണ് ആദ്യം കരുതിയതെങ്കിലും ശ്വാസോഛ്വാസം എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ക്ക് പ്രതീക്ഷയായി. എത്രയും പെട്ടെന്ന് വെറ്ററിനറി സേവനം തേടാന്‍ ഉടമകള്‍ ശ്രമിച്ചത് പശുവിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായകമായി. ചികിത്സ നല്‍കിയത് ശാസ്താംകോട്ട വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ ബൈജു ഷാ ആണ്.

ക്ഷീരസന്നിയുടെ മൂന്നാം ഘട്ടത്തിലായിരുന്നു പശുവെന്ന് അദ്ദേഹം കര്‍ഷകശ്രീയോടു പറഞ്ഞു. സാധാരണപ്രസവിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് പശുക്കളില്‍ ക്ഷീരസന്നി പിടിപെടുക. എന്നാല്‍, ഇത് പ്രസവിച്ചിട്ട് നാളുകളായ പശുവാണ്. കൂടാതെ ദഹനപ്രശ്‌നം വന്നത് ആരോഗ്യാവസ്ഥ തീരെ മോശമാക്കി. ഗ്ലൂക്കോസ്, കാത്സ്യം തുടങ്ങിയവ നല്‍കിയതോടെ പശു ആരോഗ്യം വീണ്ടെടുക്കുകയും എഴുന്നേല്‍ക്കുകയും ചെയ്തു.

cow-2
ഡോ. ബൈജു ഷാ പശുവിനെ പരിശോധിക്കുന്നു

പശുവിന്റെ അവസ്ഥ വിവരിച്ച് പശുവിന്റെ ഉടമ സമൂഹമാധ്യമത്തില്‍ കുറിച്ച കുറിപ്പ് കരളലിയിക്കുന്നതാണ്. കുറിപ്പ് ചുവടെ,

'ജെസിബി വിളിക്കണം കുഴിച്ച് മൂടാന്‍' വട്ടം കൂടിയവരുടെ വാക്കുകള്‍

കഴിഞ്ഞ ദിവസം കുടുംബത്തിലുണ്ടായ ചെറിയ ഒരു അനുഭവം ഇവിടെ പറയാതെ പോയാല്‍ ശരിയാവില്ല. പുലര്‍ച്ചെ മുംതാസിന്റെ വെപ്രാളപ്പെട്ടുള്ള വിളി കേട്ടാണ് ചാടി എഴുന്നേല്‍ക്കുന്നത്. എന്താ എന്ത് പറ്റി എന്ന ചോദ്യത്തിന് അമ്മിണിക്ക് എന്തോ പറ്റി എന്ന് പറഞ്ഞുകൊണ്ട് അവള്‍ വിതുമ്പാനും തുടങ്ങി. കുടുംബത്തില്‍ കുറച്ച് നാളായി എത്തിയ അതിഥിയാണ് നിഹാന്റെയും നിഹാലിന്റെയും ആസിഫിന്റെയും അമ്മിണി എന്ന പശു. അത്യാവശ്യം കുറച്ച് പാലൊക്കെ തന്ന് മിടുക്കിയായി പോയിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം നേരം പുലര്‍ന്നപ്പോള്‍ അമ്മിണിപ്പശു മലര്‍ന്ന് അനക്കമില്ലാതെ കിടക്കുന്നു. സംഭവം അറിഞ്ഞ് തൊട്ടടുത്ത ക്ഷീരകര്‍ഷകര്‍ പലരും എത്തി. പശു അവസാനശ്വാസം വലിക്കുകയാണെന്ന 'വിദഗ്ധ'രുടെ അഭിപ്രായങ്ങളും വന്നു. ഇതിനെ കുഴിച്ച് മൂടാന്‍ ജെസിബി വിളിക്കണമെന്ന അഭിപ്രായങ്ങള്‍ പലരുടെയും ചര്‍ച്ചകളില്‍ ഉയര്‍ന്നു. അത്തരത്തില്‍ അവസാന ശ്വാസത്തിലേക്കാണ് അമ്മിണിപ്പശുവിന്റെ കിടപ്പ് കണ്ടവര്‍ ഉറപ്പിച്ച് പറയുന്നു. 

പക്ഷേ അങ്ങനെ അമ്മിണിയെ മരണത്തിന് ചുമ്മാ അങ്ങ് വിട്ടുകൊടുക്കാന്‍ മനസു വന്നില്ല. കുടുംബ പരിധിയിലെ മൃഗാശുപത്രിയിലെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തിച്ചേരാന്‍ സമയമായിട്ടില്ല. മില്‍മയുടെ ഡോക്ടറെയും ബന്ധപ്പെട്ടു. അദ്ദേഹവും എത്തിച്ചേരണമെങ്കില്‍ വൈകും. അപ്പോഴേക്കും അമ്മിണിയുടെ കാര്യം പോക്കാവും.  

പെട്ടന്ന് ഹബീബ് അണ്ണന് ഓര്‍മ വന്ന ഒരു മുഖമാണ് ഡോ. ബൈജു ഷാ. അദ്ദേഹം ഒരു ആക്ടിവ സ്‌കൂട്ടറില്‍ ഏതു സമയത്തും മൃഗങ്ങളുടെ ഭൂമിയിലെ ദൈവമായി കറങ്ങി നടക്കുന്നത് കാണാറുണ്ട്. നമ്മുടെ പരിധിയിലെ ഡോക്ടര്‍ അല്ല. ശാസ്താംകോട്ട മൃഗാശുപത്രിയിലെ ഡോക്ടറാണ്. എന്തായാലും ഒന്ന് വിളിച്ച് നോക്കാം. പുലര്‍ച്ചേ സമയത്ത് നമ്പര്‍ ഒപ്പിച്ച് ഹബീബ് അണ്ണന്‍ വിളിച്ചു. കാര്യം പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോള്‍ സാരമില്ല കുറച്ച് വെള്ളം ചൂടാക്കി വെയ്ക്കൂ, ഞാന്‍ ഇപ്പോള്‍ എത്തും എന്ന ഉറപ്പ് മറുപടിയായി കിട്ടി. അദ്ദേഹത്തിന്റെ വാക്കുകളില്‍ മൃഗസനേഹത്തിന്റെ ആത്മാര്‍ഥത എത്രത്തോളമെന്ന് ആ നിമിഷം ചിന്തിച്ച് പോയി. പ്രതീക്ഷയറ്റ ഞങ്ങള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് കിട്ടി. അമ്മിണി തിരികെ വരില്ലാ എന്ന അവിടെ കൂടിയ എല്ലാവരെയും പോലെ ഞങ്ങളും കരുതി. എന്തായാലും വെള്ളം ചൂടാക്കാന്‍ ശബ്‌ന ഓടി.

പറഞ്ഞ വാക്കുപോലെ ദേ എത്തി തന്റെ ആക്ടിവയില്‍ നിറഞ്ഞ ചിരിയുമായി ഡോക്ടര്‍. ഞങ്ങളെ അദ്ഭുതപ്പെടുത്തിയത് അപ്പോള്‍ അമ്മിണിയുടെ കിടപ്പല്ല. മറിച്ച് ഒരു മൃഗഡോക്ടര്‍ ഇത്ര പെട്ടെന്നൊക്കെ ഓടി എത്തുമോ? പല സന്ദര്‍ഭങ്ങളിലും പല ആവശ്യങ്ങള്‍ക്ക് വെറ്ററിനറി  ഡോക്ടര്‍മാരെ വിളിച്ച് മണിക്കൂറോളം സമയം കാത്തിരിക്കേണ്ടി വന്ന അനുഭവസ്ഥരുടെ കൂട്ടം അവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊക്കെ ഡോ. ബൈജു ഷാ ഒരു അദ്ഭുതം തന്നെയായിരുന്നു.

അദ്ദേഹം അമ്മിണിയുടെ അടുത്തേക്ക് എത്തുകയും അത്യാവശ്യം ചില മരുന്നുകള്‍ നല്‍കുകയും ചെയ്തു. ഒരു പ്രതീക്ഷയുമില്ലാതെ കാഴ്ച്ചക്കാരായി ഞങ്ങളും. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും പശുവിലും അതിന്റെ ശുശ്രുഷയിലും. എന്തെക്കെയോ അദ്ദേഹം ചെയ്തു. പശു തല പതുക്കെ അനക്കിത്തുടങ്ങി. തല പതുക്കെ പൊക്കി. അത് വരെ ചെറിയ ശ്വാസം മാത്രമുണ്ടെന്ന് പറയാവുന്ന പശു ഒരു സൈഡിലേക്ക് ചെരിഞ്ഞ് കിടന്നു. പശു മെല്ലെ എഴുന്നേറ്റു. അവിടെ നിന്നവരുടെ മുഖത്തൊക്കെ വിശ്വസിക്കാന്‍ പറ്റാത്ത അത്ര അദ്ഭുതഭാവം. ജെസിബി വരുന്നത് കാണാന്‍ ആവേശത്തോടെ നിന്ന കുരുന്നുകള്‍ക്ക് നിരാശ.

ഒരു ഡോക്ടര്‍ മനുഷ്യനായാലും മൃഗത്തിനായാലും എത്ര കരുതലും സംരക്ഷണവുമാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ കാണിക്കുന്നത്. ഒരു മ്യഗമല്ലേ ഇത്തിരി കഴിഞ്ഞ് പോയാല്‍ മതിയെന്ന് അദ്ദേഹം കരുതിയില്ല അങ്ങനെ കരുതുന്നവര്‍ ഉണ്ടാകാം. പക്ഷേ  മൃഗങ്ങളുടെ ഭൂമിയിലെ ദൈവത്തിന് ഡോ. ബൈജു ഷായ്ക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല. മാതൃകയാണ് ഡോ. ബൈജു ഷാ. അദ്ദേഹത്തിന്റെ ആത്മാര്‍ഥതയാണ് ഒരു ജീവന്‍ തിരികെ എത്തിക്കാന്‍ കഴിഞ്ഞത്. ഒരു പശുവല്ലേ എന്ന് നിസാരവല്‍ക്കരിക്കാനാകില്ല. അദ്ദേഹം വെറ്റിനറി ഡോക്ടര്‍മാരുടെ സമൂഹത്തിന് അഭിമാനമാണ്. അവര്‍ക്ക് മാതൃകയാണ്. അദ്ദേഹം കാണിച്ച ആത്മാര്‍ഥതയും കരുതലും എത്ര വാക്കുകളില്‍ അളന്ന് പറഞ്ഞാലും മതിയാകില്ല. അത്രയ്ക്ക് മഹത്തായ സേവനമാണ് അദ്ദേഹം ചെയ്തത്. അഭിമാനത്തോടെ ഹൃദയത്തോട് ചേര്‍ത്ത് ഡോ. ബൈജു ഷായ്ക്ക് നന്ദി പറയുന്നു. ഡോക്ടറെ, ഡോക്ടറെ നോക്കി എനിക്ക് ഉറപ്പിച്ച് പറയാനാകും അങ്ങാണ് മൃഗങ്ങളുടെ ഭൂമിയിലെ ദൈവം. അവിടെ കൂടിയ മുഴുവന്‍ ആള്‍ക്കാരും ഒരു കാരണവശാലും രക്ഷപെടില്ലന്ന് പറഞ്ഞ ഞങ്ങളുടെ അമ്മിണി ഇന്ന് പഴയതിനെക്കാള്‍ ആരോഗ്യത്തോടെ വീട്ടിലുണ്ട്.

അഭിമാനാദരവോടെ.....

 എം. സുല്‍ഫിഖാന്‍ റാവുത്തര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com