ADVERTISEMENT

ആധുനിക കാലത്ത് നായ്ക്കളുടെ സൗന്ദര്യവര്‍ധനയ്ക്കുവേണ്ടി ചെയ്യുന്ന വാലുകള്‍ മുറിച്ച് മാറ്റുന്ന ഡോക്കിങ് എന്ന രീതിയെ കുറിച്ചു നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, അതില്‍ കവിഞ്ഞ് അതിനെക്കുറിച്ച് കുറച്ചുകൂടി അറിയാം. ഓരോ നായ ജനുസുകള്‍ക്കും ഡോക്കിങ് രീതി അതിന്റെ ബ്രീഡ് സ്റ്റാന്‍ഡേര്‍ഡുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതുപോലെ വ്യത്യസ്തമായിരിക്കും. അമേരിക്കന്‍ കെന്നല്‍ ക്ലബ്ബിന്റെ കണക്ക് പ്രകാരം 62 നായ ജനുസുകള്‍ക്കാണ് ഇപ്പോള്‍ ഡോക്കിങ് ചെയ്യുന്നത്. എന്നാല്‍, ജന്മനാ തന്നെ ഡോക്ക് ചെയ്ത വാലിന് സമാനമായി ചെറിയ വാലുകളുള്ള നായ ജനുസ്സുകളുമുണ്ട്. അത്തരത്തിലുള്ള വാലിന് ബോബ് ടെയില്‍ എന്നു പറയും. ഡോക്ടര്‍മാരുടെ ഒക്കെ അഭിപ്രായപ്രകാരം ഡോക്കിങ് നായക്കുട്ടി ജനിച്ചതിന് ശേഷം നാഡീവ്യൂഹങ്ങള്‍ ഒക്കെ വളരുന്നതിന് മുന്‍പു തന്നെ വളരെ അടുത്തുള്ള ദിവസങ്ങളില്‍ തന്നെ ചെയ്യേണ്ടതാണ്. അങ്ങനെ ഉള്ളപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് വേദന ഉണ്ടാകാനും, രക്തം വരാനുള്ള സാഹചര്യവും വളരെ കുറവാണ്, അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം. അരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.

ഡോക്കിങ്ങിന്റെ ചരിത്രം പരിശോധിച്ചാല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തെത്തും. പ്രാചീന കാലത്തെ കേരളത്തിലെ ലോകപ്രശസ്ത തുറമുഖമായ മുസിരിസ് (കൊടുങ്ങല്ലൂര്‍) പരാമര്‍ശിച്ച പ്ലിനി എന്ന ലോകപ്രശസ്ത ചരിത്രകാരനെഴുതിയ നാച്ചുറല്‍ ഹിസ്റ്ററി എന്ന പുസ്തകത്തിലാണ് ഡോക്കിങ്ങിനെക്കുറിച്ച് ആദ്യമായി ഒരു രേഖകള്‍ കാണുന്നത്. റോമാ സാമ്രാജ്യത്തില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സുവര്‍ണകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നായ്ക്കളുടെ വെങ്കല പ്രതിമകള്‍ ഉണ്ടായിരുന്നു. ആ പ്രതിമകള്‍ എല്ലാം നായ്കള്‍ തങ്ങളുടെ മുറിഞ്ഞ് പോയ വാലുകള്‍ നക്കിത്തുടച്ചുകൊണ്ടിരിക്കുന്ന രീതിയില്‍ ഉള്ളവയായിരുന്നു (അതിന് സമാനമായി റോമന്‍ കാലത്ത് നിര്‍മിച്ചിട്ടുള്ള മാര്‍ബിള്‍ പ്രതിമ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സ്ഥിതി ചെയ്യുന്നു.).

ചക്രവര്‍ത്തിയുടെ യുദ്ധമുഖങ്ങളിലെല്ലാം ഉണ്ടായിരുന്ന നായ്ക്കള്‍ക്ക് യുദ്ധസമയത്ത് അവരുടെ വാലുകള്‍ മുറിഞ്ഞ് പോവുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം ആയിട്ടാണ് ആദ്യ ഡോക്കിങ് സമ്പ്രദായം ആരംഭിച്ചതെന്നും ചില ചരിത്രങ്ങള്‍ പറഞ്ഞ് തരുന്നു. ചരിത്രം വീണ്ടും മുന്നോട്ടുവന്ന് ജോര്‍ജിയന്‍ കാലഘട്ടത്തില്‍ എത്തുമ്പോള്‍ ജര്‍മനിയില്‍, വാലുള്ള വര്‍ക്കിങ്ങ് നായകള്‍ക്ക് ടാക്‌സ്‌കള്‍  ഏര്‍പ്പെടുത്തിയിരുന്നതായി കാണാം. അതൊഴിവാക്കാന്‍ പലരും നായ്ക്കളുടെ വാലുകള്‍ മുറിച്ച് മാറ്റിയിരുന്നു. 1796ല്‍ ടാക്‌സ് നിരോധിച്ചെങ്കിലും വേട്ടയാടുന്ന സമയങ്ങളില്‍ വാലില്‍ പറ്റുന്ന പരിക്കുകള്‍, തിങ്ങിനില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ ഓടുമ്പോള്‍ വാലുകളില്‍ പറ്റിപിടിക്കുന്ന മുള്ളുകളും പിന്നീട് പല അണുബാധകള്‍ക്കും കാരണമാകുന്നുണ്ടായിരുന്നു, അത് തടയാന്‍ ഡോക്കിങ് ഉപയോഗപ്പെടുന്നു എന്ന് മനസിലാക്കിയ ജനങ്ങള്‍ ഡോക്കിങ് തുടര്‍ന്നുപൊയ്‌ക്കോണ്ടിരുന്നു.

ആധുനിക കാലത്ത് വര്‍ധിച്ചുവന്ന നായ സൗന്ദര്യ സങ്കല്‍പങ്ങള്‍ ആരോഗ്യ സംരക്ഷണത്തിലുപരി നായ സൗന്ദര്യത്തിന്റെ ഒരു അളവായി ഡോക്കിങ് പ്രചുരപ്രചാരം നേടി. ഡോക്കിങ് അംഗീകരിക്കപ്പെടുന്നത് പോലെ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. വിമര്‍ശകര്‍ തങ്ങളുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായിത്തന്നെ എതിര്‍ത്തു. അവയെല്ലാം ഡോക്കിങ്ങിനെ നിരോധിക്കാന്‍ പ്രാപ്തമുള്ള കാരണങ്ങളുമായിരുന്നു. അതില്‍ ആദ്യം തന്നെ പറഞ്ഞ കാരണം നായ്ക്കളുടെ ആശയ വിനിമയത്തിന് ഏറ്റവും പ്രാധാന്യം വാലിനാണ്. വാല്‍ പോകുന്നത്തോടുകൂടി പേടി, സന്തോഷം, അപകടം അങ്ങനെ എന്ത് വികാരങ്ങളുണ്ടായാലും പ്രകടിപ്പിക്കാനുള്ള ശേഷി കുറയുന്നു എന്നതായിരുന്നു. അതുപോലെ വാലുള്ള നായ്ക്കളെ അപേക്ഷിച്ച് സാമൂഹത്തോട് എങ്ങനെ പെരുമാറണമെന്ന ശേഷി കുറയുന്നതിനാല്‍ ചില സമയങ്ങളില്‍ അകാരണമായ അക്രമണ സ്വഭാവം ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ പഠിപ്പിക്കുകയുണ്ടായി. എന്തായാലും വിമര്‍ശകരുടെ അധ്വാനത്തിന് ഫലം കണ്ടു. 2006ല്‍ ആനിമല്‍ വെല്‍ഫയര്‍ ആക്ട് പ്രകാരം മെഡിക്കല്‍ കാരണങ്ങള്‍ അല്ലാതെയൊ, ഡോക്കിങ്ങില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള ചില വര്‍ക്കിങ് നായജനുസ്സുകളെ അല്ലാതെയോ ബാക്കി എല്ലാ നായ ജനുസ്സുകളുടെ ഡോക്കിങ്ങും ഇംഗ്ലണ്ടിലും വെയില്‍സിലും നിരോധിച്ചു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ മുന്നെ തന്നെ നോര്‍വേ 1987ല്‍ തന്നെ ഡോക്കിങ്ങ് നിരോധിച്ചിരുന്നു. നിലവില്‍ 36 രാജ്യങ്ങള്‍ ഡോക്കിങ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും അതിനെക്കുറിച്ച് ഒരു വ്യക്തത ഇപ്പോഴും വന്നിട്ടില്ല.

English summary: Tail Docking in dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com