സൂര്യശോഭയെ കൂട്ടിലാക്കാം: ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ

HIGHLIGHTS
  • വിരസത അകറ്റാന്‍ ഉതകുന്ന വിധത്തില്‍ കളിപ്പാട്ടങ്ങളോ കയറുകളോ നല്‍കുന്നത് നല്ലതാണ്
  • വര്‍ഷത്തില്‍ മൂന്നു തവണയാണ് കൊന്യൂറുകളുടെ പ്രജനന കാലം
sun-conure
SHARE

ഓറഞ്ച്, മഞ്ഞ, പച്ച നിറങ്ങളാല്‍ സൂര്യശോഭ ശരീരത്തില്‍ ആവാഹിച്ചിരിക്കുന്ന തത്തയിനമാണ് സണ്‍ കോന്യൂറുകള്‍. കോന്യൂര്‍ ഇനത്തിലെ ഏറ്റവും സൗന്ദര്യമുള്ളതും ഇക്കൂട്ടര്‍ക്കുതന്നെ. 

കറുത്ത ചുണ്ട്, കണ്ണിനു ചുറ്റും വെള്ള വളയം, നീളമേറിയ വാല്‍ എന്നിവയുള്ള സണ്‍കോന്യൂറുകളുടെ സൗന്ദര്യം വ്യക്തമായി കാണപ്പെടണമെങ്കില്‍ രണ്ടു വയസെത്തണം. പ്രായപൂര്‍ത്തിയാകുന്നതും ഈ പ്രായത്തില്‍ത്തന്നെ. അതുവരെ പച്ചനിറമായിരിക്കും ശരീരത്തില്‍ കൂടുതലായി കാണപ്പെടുക.

തത്തകളില്‍ ആണ്‍ പെണ്‍ ലിംഗനിര്‍ണയം പ്രത്യക്ഷത്തില്‍ അറിയാന്‍ കഴിയുന്നത് ഏതാനും ഇനങ്ങള്‍ക്കു മാത്രമേയുള്ളൂ. സണ്‍ കോന്യൂറുകളില്‍ തലയുടെ ആകൃതിയും വലുപ്പവും നോക്കി ലിംഗനിര്‍ണയം നടത്താമെങ്കിലും 100 ശതമാനം കൃത്യതയോടെ തിരിച്ചറിയണമെങ്കില്‍ ഡിഎന്‍എ പരിശോധനയാണ് നല്ലത്. 

കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരായതിനാല്‍ കൂടുകളില്‍ വിരസത അകറ്റാന്‍ ഉതകുന്ന വിധത്തില്‍ കളിപ്പാട്ടങ്ങളോ കയറുകളോ നല്‍കുന്നത് നല്ലതാണ്. എന്നാല്‍, പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പറക്കാന്‍ കൂടുതല്‍ സൗകര്യം നല്‍കുന്നതിനായി വീതി കുറച്ച് നീളത്തിലുള്ള കൂടുകളാണ് അഭികാമ്യം. 6 അടി നീളവും 3 അടി വീതിയും 4 അടി ഉയരവുമുള്ള കൂടെങ്കിലും നല്‍കിയിരിക്കണം. പറക്കലിനെ തടസപ്പെടുത്താതിരിക്കാന്‍ ഇരിപ്പിടം രണ്ടു വശങ്ങളിലായി ക്രമീകരിക്കാം.

പയര്‍വര്‍ഗങ്ങള്‍, പഴം പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാണ് കോന്യൂറുകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇവ മൂന്നു നേരമായി നല്‍കാം. പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചു നല്‍കുന്നതാണ് ഉചിതം. പഴങ്ങള്‍ കൂടുതല്‍ നല്‍കുന്നതിനു പകരം പച്ചക്കറികള്‍ നല്‍കിയാല്‍ ആവശ്യമായ പോഷകങ്ങള്‍ അവയിലൂടെ ലഭ്യമായിക്കൊള്ളും. ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പഴവര്‍ഗങ്ങള്‍ കുറയ്ക്കാം. എന്നാല്‍, അധികം പഴുപ്പില്ലാത്തവ നല്‍കുകയുമാവാം. ഒട്ടേറെ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തിയ ധാന്യക്കൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

വര്‍ഷത്തില്‍ മൂന്നു തവണയാണ് കൊന്യൂറുകളുടെ പ്രജനന കാലം. ഒരു ശീലില്‍ 4-6 മുട്ടകളിടും. 22-28 ദിവസംകൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 8-10 ആഴ്ചകൊണ്ട് തൂവലുകള്‍ വന്ന് തനിയെ ഭക്ഷണം കഴിച്ചുതുടങ്ങും. മാതാപിതാക്കള്‍ ഭക്ഷണം നല്‍കുന്നില്ലായെന്ന് ബോധ്യപ്പെട്ടാല്‍ കുഞ്ഞുങ്ങളെ പുറത്തെടുത്ത് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല നല്‍കാം. കോന്യൂറുകള്‍ക്കുള്ള ഹാന്‍ഡ്ഫീഡിങ് ഫോര്‍മുല വിപണിയില്‍ ലഭ്യമാണ്.

ചുറുചുറുക്കും ആരോഗ്യവുമുള്ള പക്ഷികളെയാവണം വാങ്ങി വളര്‍ത്തേണ്ടത്. അതുകൊണ്ടുതന്നെ തൂങ്ങിയിരിക്കുന്നതോ മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളമൊലിക്കുന്നതോ പിന്‍ഭാഗത്ത് കാഷ്ഠം പറ്റിപ്പിടിച്ചിരിക്കുന്നതോ ആയ പക്ഷിക്കുഞ്ഞുങ്ങളെ വളര്‍ത്താനായി തിരഞ്ഞെടുക്കാത്തതാണ് ഉത്തമം.

English summary: Sun Conure Bird Care

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA