പെരുമഴയ്ക്ക് പിന്നാലെ പാര്‍വോയെത്തും, അരുമനായ്ക്കളെ കരുതാം

HIGHLIGHTS
  • വാക്‌സിന്‍ നല്‍കിയാല്‍ നൂറ് ശതമാനം സുരക്ഷ
  • വാക്സിന്‍ എടുത്തിട്ടും രോഗമോ?
dog
SHARE

ഏത് കാലാവസ്ഥയിലും നായ്ക്കളില്‍ പാര്‍വോ രോഗം (പാര്‍വോ വൈറല്‍ എന്ററൈറ്റിസ്) പടര്‍ത്താന്‍ ശേഷിയുള്ളവരാണ് കനൈന്‍ പാര്‍വോ വൈറസുകളെങ്കിലും വേനല്‍മഴ കഴിഞ്ഞുള്ള കാലാവസ്ഥയില്‍ രോഗനിരക്ക് പൊതുവെ കൂടുതലായി കണ്ടുവരുന്നു. ആറ് ആഴ്ച മുതല്‍ ആറ് മാസംവരെ പ്രായമുള്ള നായകുഞ്ഞുങ്ങളാണ് പാര്‍വോ വൈറസിന്റെ  പ്രധാന ഇരകള്‍. എങ്കിലും പ്രതിരോധശേഷി കുറഞ്ഞ ഏത് പ്രായത്തിലുള്ള നായ്ക്കളിലും രോഗമുണ്ടാക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. റോട്ട് വീലര്‍, പിറ്റ്ബുള്‍, ലാബ്രഡോര്‍ റിട്രീവര്‍, ഡോബര്‍മാന്‍, ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ ഇനങ്ങള്‍ക്ക് പാര്‍വോ പിടിപെടാനുള്ള സാധ്യത പൊതുവെ ഉയര്‍ന്നതാണ്. പാര്‍വോ രോഗത്തില്‍നിന്നും രക്ഷപ്പെടുന്ന നായ്ക്കുഞ്ഞുങ്ങളില്‍ പിന്നീട് വളര്‍ച്ചാമുരടിപ്പ് പൊതുവെ കണ്ടുവരുന്നു. പാര്‍വോ രോഗം പിടിപെട്ട് ഓമന നായ്ക്കള്‍ അകാലത്തില്‍ നഷ്ടപെടുന്ന വേദനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ചില മുന്‍കരുതലുകള്‍ വേണ്ടതുണ്ട്.

ലക്ഷണങ്ങള്‍ കണ്ടാല്‍ സംശയിച്ച് നില്‍ക്കരുത്  

പാര്‍വോ വൈറസുകള്‍ ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം നായ്ക്കള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, ക്ഷീണം, ശരീരതളര്‍ച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയില്‍ കിടയ്ക്കല്‍ എന്നിവയെല്ലാമാണ് പ്രാരംഭലക്ഷണങ്ങള്‍. കുടല്‍ഭിത്തിയിലെ കോശങ്ങളെ നശിപ്പിച്ച് പെരുകുന്ന വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തില്‍ രക്തസ്രാവത്തിന് വഴിയൊരുക്കും. തുടര്‍ച്ചയായി ദുര്‍ഗന്ധമുള്ള ഛര്‍ദ്ദി, രക്തം കലര്‍ന്ന മലത്തോട് തുടര്‍ച്ചയായ വയറിളക്കം, ദഹിച്ച രക്തം കലര്‍ന്ന് കറുത്ത നിറത്തില്‍ ദുര്‍ഗന്ധത്തോട് കൂടിയ മലം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്ന് ഒന്നുരണ്ട് ദിവസത്തിനകം പ്രകടമാവും. 

രോഗാരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്താത്ത പക്ഷം ചെറുകുടലിലെ രക്തസ്രാവവും നിര്‍ജ്ജലീകരണവും പാര്‍ശ്വാണുബാധകളും  മൂര്‍ച്ഛിച്ച് നായ്ക്കള്‍ രണ്ട്-മൂന്ന് ദിവസത്തിനകം മരണപ്പെടുന്നതിന് ഇടയാക്കും. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സംശയിച്ച് നില്‍ക്കുകയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയോ സ്വയം ചികിത്സയ്ക്ക് മുതിരുകയോ ചെയ്യാതെ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. രോഗാരംഭത്തില്‍ തന്നെ വിദഗ്ധചികിത്സ ഉറപ്പുവരുത്തിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലാണ്. രോഗത്തെ അതിജീവിക്കാനുള്ള ശേഷി ചികിത്സയ്‌ക്കൊപ്പം തന്നെ നായ്ക്കളുടെ പ്രായത്തെയും ആരോഗ്യത്തെയും പ്രതിരോധശേഷിയെയും ആശ്രയിച്ചിരിക്കും. തീരെ ചെറിയ നായ്ക്കുട്ടികളില്‍ പാര്‍വോ രോഗാണു ആദ്യഘട്ടത്തില്‍ തന്നെ ഹൃദയകോശങ്ങളെ അതിഗുരുതരമായി ബാധിക്കുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പുതന്നെ മരണം സംഭവിക്കാം.

വേണം പ്രത്യേക പരിചരണം

രോഗം ബാധിച്ച നായ്ക്കളെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് പരിചരിക്കണം. പാര്‍വോവൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന കൃത്യമായ മരുന്നുകള്‍ ലഭ്യമല്ല. മറിച്ച് രോഗലക്ഷണങ്ങള്‍ക്കെതിരെയും കുടലില്‍ അനുബന്ധ അണുബാധകള്‍ തടയാനുമാണ് ചികിത്സ. നിര്‍ജ്ജലീകരണവും പോഷകങ്ങളുടെ നഷ്ടവും പരിഹരിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ ഫ്‌ളൂയിഡ് തെറാപ്പി, അനുബന്ധഅണുബാധകള്‍ തടയാന്‍ ആന്റിബയോട്ടിക് കുത്തിവയ്പ്പുകള്‍, വൈറസുകള്‍ കേടുപാടുകള്‍ തീര്‍ത്ത ദഹനവ്യൂഹത്തെ സംരക്ഷിക്കുന്നതിനായും, ഛര്‍ദ്ദിയും വയറിളക്കവും തടയുന്നതിനായുള്ള അനുബന്ധ മരുന്നുകളും ഉള്‍പ്പെടെ ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചികിത്സ തന്നെ വൈറസുകളെ കീഴടക്കാന്‍ വേണ്ടി വരും. രോഗം ബാധിച്ച നായ്ക്കള്‍ക്ക് ബിസ്‌ക്കറ്റ്, ഡോഗ് ഫുഡ് ഉള്‍പ്പെടെയുള്ള സ്ഥിരമായി നല്‍കുന്ന കട്ടിയുള്ള ആഹാരങ്ങള്‍ നല്‍കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. തണുപ്പിച്ച പാല്‍, തണുപ്പിച്ച ഇളനീര്‍ വെള്ളം, ഒആര്‍എസ് ലായനി, തേന്‍, കുറുകിയ കൂവപ്പൊടി എന്നിവയൊക്കെ അല്‍പാല്‍പ്പമായി ഇടവിട്ട സമയങ്ങളില്‍ നല്‍കാം.

വാക്‌സിന്‍ നല്‍കിയാല്‍ നൂറ് ശതമാനം സുരക്ഷ

വാക്‌സിനേഷന്‍ വഴി തടയാന്‍ കഴിയുന്ന രോഗമാണ് പാര്‍വോ വൈറല്‍ എന്ററൈറ്റിസ്. പാര്‍വോ രോഗത്തിനെതിരെ നൂറ് ശതമാനവും സുരക്ഷ നല്‍കാന്‍ സഹായിക്കുന്ന നിരവധി വാക്‌സിനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതിലേറെ വാക്‌സിനുകളും പാര്‍വോ വൈറസിനൊപ്പം കനൈന്‍ ഡിസ്റ്റംപര്‍, എലിപ്പനി, കരള്‍ വീക്കം (ഹെപ്പറ്റൈറ്റിസ്) തുടങ്ങി നായ്ക്കളെ ബാധിക്കുന്ന മറ്റ് പ്രധാന സാംക്രമികരോഗങ്ങളെ കൂടി പ്രതിരോധിക്കാന്‍ തക്ക ശേഷി നല്‍കുന്ന ഘടകങ്ങള്‍ തുടങ്ങിയ ബഹുഘടക (മള്‍ട്ടി കംപോണന്റ്) കുത്തിവയ്പ്പുകളാണ്. 

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ രോഗം വ്യാപകമായി കാണുന്ന സാഹചര്യത്തില്‍ നായ്ക്കുഞ്ഞിന് ആറാഴ്ച പ്രായമാവുമ്പോള്‍ തന്നെ പാര്‍വോ, ഡിസ്റ്റംബര്‍ എന്നീ രണ്ട് രോഗങ്ങള്‍ തടയാന്‍ മാത്രമുള്ള പ്രത്യേക വാക്സിന്‍ നല്‍കുന്നത് അഭികാമ്യമാണ്. പ്രതിരോധ കുത്തിവയ്പുകള്‍ ഒന്നും യഥാവിധി നല്‍കാത്തതോ കുത്തിവയ്പുകള്‍ നല്‍കിയതായി ഉറപ്പില്ലാത്തതോ ആയ നായ്ക്കള്‍ക്ക് ഉണ്ടാവുന്ന കുഞ്ഞുങ്ങളോ ഏതെങ്കിലും കാരണത്താല്‍ പ്രസവാനന്തരം മതിയായ അളവില്‍ കന്നിപ്പാല്‍ ഉള്‍പ്പെടെ ലഭിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളോ ആണെങ്കില്‍ തീര്‍ച്ചയായും ആറ് ആഴ്ച പ്രായത്തില്‍ വാക്സിന്‍ നല്‍കണം. നായ്ക്കുഞ്ഞിന് 8 ആഴ്ച പ്രായമെത്തുമ്പോള്‍ പാര്‍വോ രോഗമുള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ ആദ്യ മള്‍ട്ടി കംപോണന്റ് വാക്‌സിന്‍ നല്‍കണം. തുടര്‍ന്ന് 12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യത്തേതിന്റെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണം. പിന്നീട് ബൂസ്റ്റര്‍ കുത്തിവയ്പ് ഒരു വര്‍ഷത്തിന് ശേഷം നല്‍കിയാല്‍ മതി. വാക്‌സിന്‍ നല്‍കുന്നതിന് ഒരാഴ്ചമുന്‍പ് നായ്ക്കളെ വിരയിളക്കേണ്ടതും പ്രധാനം.

വാക്സിന്‍ എടുത്തിട്ടും രോഗമോ?

നായയ്ക്ക് വാക്സിന്‍ നല്‍കിയിട്ടും രോഗം ബാധിച്ചെന്ന് ചിലര്‍ സംശയമുന്നയിക്കാറുണ്ട്. നിര്‍മാണസമയം മുതല്‍ കുത്തിവയ്ക്കുന്നതിന് തൊട്ടുമുന്‍പ് വരെ വരെ വാക്‌സിന്‍ നിര്‍ബന്ധമായും തണുപ്പ് മാറാതെ റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഈ കോള്‍ഡ് ചെയിന്‍ കൃത്യമായി പാലിക്കാതെ സൂക്ഷിച്ചതിനാല്‍ ഫലപ്രാപ്തി നഷ്ടമായ വാക്‌സിനുകള്‍ വാങ്ങി കുത്തിവയ്ക്കുന്നതും ശരിയായ വാക്‌സിനേഷന്‍ ക്രമം പാലിക്കാത്തതുമാണ് വാക്സിന്‍ എടുത്തിട്ടും രോഗം വന്നെങ്കില്‍ അതിന്റെ കാരണം. ഈയൊരു സാഹചര്യം ഒഴിവാക്കാന്‍ ശരിയായി ശീതികരിച്ച് സൂക്ഷിച്ച വാക്സിന്‍ വിശ്വാസയോഗ്യമായ സ്രോതസ്സില്‍നിന്ന് മാത്രം വാങ്ങി ഉപയോഗിക്കണം. വാക്‌സിന്‍ ഉപയോഗരീതിയെക്കുറിച്ച് മതിയായ പരിജ്ഞാനമില്ലാത്ത ആളുകളെയും വില്‍പനക്കാരെയും വ്യാജചികിത്സകരെയും വാക്‌സിന്‍ എടുക്കാന്‍  ആശ്രയിക്കുന്നത് ഒഴിവാക്കണം. വ്യാജചികിത്സകര്‍ക്കും ചില കച്ചവടക്കാര്‍ക്കും അരുമകളുടെ വാക്സിന്‍ എന്നത് ലാഭം നേടാനുള്ള  ഒരു ബിസിനസ്സ് മാത്രമാണെന്ന് മനസിലാക്കുക. നമ്മുടെ അരുമകളുടെ സുരക്ഷിതത്വത്തെ പറ്റി അവര്‍ക്ക് ആകുലതകള്‍ ഉണ്ടാവില്ല. പെറ്റ് ഷോപ്പില്‍നിന്നും മറ്റും ചെറിയ പ്രായത്തിലുള്ള നായ്ക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ വാക്‌സിനേഷനെ പറ്റി പ്രത്യേകം ചോദിക്കണം. വാക്സിന്‍ നല്‍കിയതാണോയെന്ന്  കൃത്യമായി ഉറപ്പില്ലെങ്കില്‍ നിര്‍ബന്ധമായും പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം.

ഇക്കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കാം 

എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് ദീര്‍ഘനാള്‍ രോഗാണുമലിനമായ പരിസരങ്ങളില്‍ നിലനില്‍ക്കാന്‍ ശേഷിയുള്ളവയാണ് പാര്‍വോ വൈറസുകള്‍. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കില്‍  പൊതുകെന്നലുകളില്‍നിന്നും പെറ്റ് സ്റ്റോറുകളിലുംനിന്നും മൃഗാശുപത്രിപരിസരങ്ങളില്‍നിന്നും തെരുവുനായ്ക്കള്‍ ഉള്ള സ്ഥലങ്ങളില്‍ നിന്നുമെല്ലാം വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്. നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, തീറ്റപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍, ആശുപത്രി ടേബിളുകള്‍ തുടങ്ങിയവയെല്ലാം രോഗാണുമലിനമായാല്‍ വൈറസിന്റെ സ്രോതസ്സുകള്‍ ആയി മാറും. കണ്‍മുന്നില്‍പെടുന്നതെന്തും രുചിച്ച് നോക്കാനും, മണത്തുനോക്കാനുമുള്ള നായ്ക്കളുടെ പ്രവണത രോഗപ്പകര്‍ച്ച എളുപ്പമാകും. ഈയൊരു സാഹചര്യം ഒഴിവാക്കാന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ണ്ണമാവുന്നത് വരെ നായ്ക്കുഞ്ഞുങ്ങളെ പൊതു കെന്നലുകളിലും ഡേ കെയര്‍ ഹോമുകളിലും പാര്‍പ്പിക്കുന്നതും, മറ്റ് നായ്ക്കള്‍ക്കൊപ്പം ട്രെയിനിംഗിന് വിടുന്നതും പെറ്റ് സ്റ്റോറുകളിലും മറ്റും കൊണ്ടുപോവുന്നതും മഴവെള്ളത്തിലും ചെളിയിലും കളിയ്ക്കാന്‍ വിടുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. മൃഗാശുപത്രിയില്‍ കൊണ്ടുപോവുമ്പോള്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിയാനും ടേബിളിലും തറയിലുമെല്ലാം നക്കാനും മണം പിടിക്കാനും വാക്‌സിന്‍ പൂര്‍ണമായും എടുത്തിട്ടില്ലാത്ത നായ്ക്കുഞ്ഞുങ്ങളെ ഒരു കാരണവശാലും അനുവദിക്കരുത്.  

നമ്മള്‍ സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡര്‍ പാര്‍വോ വൈറസിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലതും ചെലവുകുറഞ്ഞതുമായ അണുനാശിനിയാണ്. പാര്‍വോ രോഗം ബാധിച്ച നായയെ പാര്‍പ്പിച്ചിരുന്ന കൂട്ടിലേക്ക് പുതിയ നായ്ക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുന്‍പായി 5 ശതമാനം ബ്ലീച്ചിങ് പൗഡര്‍ ലായനിയില്‍ കൂടും പരിസരവും കഴുകി വൃത്തിയാക്കി സൂര്യപ്രകാശമേല്‍പ്പിക്കണം. ബ്ലീച്ച് ലായനി ഒഴിച്ചതിന് ശേഷം ഉടന്‍ കഴുകകളയാതെ 15 മിനിറ്റ് സമയം നല്‍കണം. നായ്ക്കളുടെ കളിപ്പാട്ടങ്ങള്‍, കഴുത്തിലണിയുന്ന ബെല്‍റ്റുകള്‍, ലീഷുകള്‍, കോളറുകള്‍, ബെഡ്, തീറ്റപ്പാത്രങ്ങള്‍, വെള്ളപ്പാത്രങ്ങള്‍, ഗ്രൂമിങ്ങ് ബ്രഷുകള്‍ തുടങ്ങിയവയെല്ലാം ബ്ലീച്ചിങ് പൗഡര്‍ ലായനിയില്‍ കഴുകി വൃത്തിയാക്കണം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA