ഇടിഞ്ഞുവീണ മതിലിനടിയില്‍ വളര്‍ത്തുനായ: കാറിന്റെ ജാക്കിവച്ച് രക്ഷിച്ച് യാത്രക്കാര്‍

dog-rescue
മതിലിനടിയില്‍ കുടുങ്ങിയ നായ
SHARE

ഏതൊരു ജീവിയുടെയും ജീവന് വില കല്‍പ്പിക്കുന്ന നല്ല മനുഷ്യര്‍ ഒട്ടേറെ പേര്‍ ചുറ്റുമുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രയ്ക്കിടയില്‍ അത്തരത്തിലൊരു സാധു ജീവിയെ രക്ഷിച്ചവരാണ് ഫോട്ടോഗ്രാഫര്‍മാരായ വി.എസ്. പ്രശാന്തും തോമസ് വര്‍ഗീസും. മതിലിടിഞ്ഞ് റോഡിലേക്കു വീണപ്പോള്‍ അതിനിടിയില്‍ കുടുങ്ങിയ നായയെ രക്ഷിച്ചവാണ് ഇവര്‍. മതിലിനോടു ചേര്‍ത്തു നിര്‍മിച്ചിരുന്ന കൂടിനുള്ളിലായിരുന്ന നായ കൂട് സഹിതം റോഡിലേക്കു പതിക്കുകയായിരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലെ പബ്ലിക് റിലേഷന്‍സ് കറസ്‌പോണ്ടന്റ് ആയ ടി.സി. രാജേഷാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ,

dog-rescue-1
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍

രാവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രക്കിടയിലാണ് മരുതന്‍കുഴിക്കും വേട്ടമുക്കിനും ഇടയില്‍ വച്ച് ഫോട്ടോഗ്രാഫര്‍മാരായ പ്രശാന്തും (VS Prasanth) അപ്പുവും (Thomas Varghese) സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്ക് ഒരു മതില്‍ ഇടിഞ്ഞുവീണത്. റോഡിന് മുകള്‍ ഭാഗത്തുള്ള വീടിന്റേതായിരുന്നു ആ വലിയ മതില്‍. ഇരുവരും വാഹനം നിറുത്തി ചാടിയിറങ്ങുമ്പോള്‍ വീട്ടുടമയും മകളും മുറ്റത്തുനിന്ന് അലറിക്കരയുന്നു. ആരോ മതിലിനടിയില്‍ പെട്ടുപോയിട്ടുണ്ടെന്ന ഉറപ്പില്‍ ഇരുവരും പാഞ്ഞുചെന്നു നോക്കുമ്പോള്‍ കാണുന്നത് ഇടിഞ്ഞുവീണ വന്‍ മതിലിന്റെ സ്ലാബിനടിയില്‍ കുടുങ്ങിക്കിടക്കുന്ന വളര്‍ത്തുനായയെയാണ്. മതിലിനോടു ചേര്‍ത്തു പണിതിരുന്ന കൂടുസഹിതമാണ് റോഡിലേക്ക് ഇടിഞ്ഞുവീണിരിക്കുന്നത്. 

അപ്പുവിന് ഒന്നിലേറെ വളര്‍ത്തു നായ്ക്കളുണ്ട്. കോര്‍പ്പറേഷന്‍ അങ്കണത്തില്‍ താര എന്നു പേരിട്ട് ഒരു തെരുവുനായയെ ഓമനിച്ചു വളര്‍ത്തുന്നതും ഗ്രീന്‍ ആര്‍മി വോളണ്ടിയറായ അപ്പുവിന്റെ നേതൃത്വത്തിലാണ്. അങ്ങനെയുള്ളയാള്‍ക്ക് ആ നായയെ അവിടെ ഉപേക്ഷിക്കാനാകില്ലല്ലോ. പ്രശാന്തും അപ്പുവും പരിസരത്തുണ്ടായിരുന്ന ചിലരും ചേര്‍ന്ന് സ്ലാബ് ഉയര്‍ത്തി നായയെ പുറത്തെടുക്കാനായി ശ്രമം. പക്ഷേ, കോണ്‍ക്രീറ്റ് സ്ലാബ് ഉയരുന്ന ലക്ഷണമൊന്നുമില്ല. ഫയര്‍ഫോഴ്സിനെ വിളിച്ചാല്‍ അവരെത്തിയേക്കും. പക്ഷേ, അതുവരെ നോക്കിനില്‍ക്കാന്‍ പറ്റാത്ത സ്ഥിതി. നായയുടെ ഉടമ വി. ശിവന്‍കുട്ടിയും മകളും കരച്ചിലടക്കുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചു നില്‍ക്കുമ്പോഴാണ് അപ്പു മറ്റൊരു പരീക്ഷണത്തിനു മുതിര്‍ന്നത്. ഇന്നോവയ്ക്കുള്ളില്‍നിന്ന് ജാക്കി പുറത്തെടുത്ത് സ്ലാബിനടയില്‍ വച്ച് ലിവറുപയോഗിച്ച് ഉയര്‍ത്തി. സ്ലാബ് മെല്ലെ ഉയര്‍ന്നു. നായയെ മറ്റുള്ളവരെല്ലാം ചേര്‍ന്ന് പുറത്തെടുത്തു. 

dog-rescue-3
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍

സാധാരണ ഏതു നായയെ കിട്ടിയാലും തൊട്ടു തലോടി ഉമ്മവച്ചേ അപ്പു വിടാറുള്ളു. ഇത്തവണ അതിനു സമയം കിട്ടിയില്ല. ഒരു നന്ദി പോലും പറയാതെ പേടിച്ചരണ്ട, ഡ്രാവോ എന്ന ആ വളര്‍ത്തുനായ വീടിനകത്തേക്ക് ഓടി രക്ഷപ്പെട്ടു. നനഞ്ഞു കുതിര്‍ന്ന് അപ്പുവും പ്രശാന്തും മറ്റുള്ളവരും അവരവരുടെ ദൗത്യങ്ങളിലേക്കും...

(കൂട്ടിച്ചേര്‍ക്കുന്നത്: അപ്പുവിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത ആ ഫുഡ് ഡെലിവറി ബോയ്സ് ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിക്കാതെ പോയതില്‍ ക്ഷമ ചോദിക്കുന്നു. അവരെ പരിചയമില്ലാത്തതിനാല്‍ വിട്ടുപോയതാണ്. അവര്‍ക്കും ഈ സാഹചര്യത്തില്‍ അഭിവാദ്യങ്ങള്‍ നേരാതിരിക്കാനാകില്ല.)

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA